Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാട്ടിൽ പോകാതെ കേസിന്റെ കുറ്റപത്രം തയാറാക്കിയെന്നും മാദ്ധ്യമങ്ങൾക്കു മുമ്പിൽ ഷൈൻ ചെയ്തതെന്നും ആക്ഷേപം; ആനവേട്ടക്കേസ് അന്വേഷണ സംഘത്തിലെ ചുമതലക്കാരനെ ആസൂത്രിതനീക്കത്തിലൂടെ സ്ഥലം മാറ്റി

കാട്ടിൽ പോകാതെ കേസിന്റെ കുറ്റപത്രം തയാറാക്കിയെന്നും മാദ്ധ്യമങ്ങൾക്കു മുമ്പിൽ ഷൈൻ ചെയ്തതെന്നും ആക്ഷേപം; ആനവേട്ടക്കേസ് അന്വേഷണ സംഘത്തിലെ ചുമതലക്കാരനെ ആസൂത്രിതനീക്കത്തിലൂടെ സ്ഥലം മാറ്റി

പ്രകാശ് ചന്ദ്രശേഖരൻ

കോതമംഗലം: ഇടമലയാർ ആനവേട്ടക്കേസ് അന്വേഷക സംഘത്തിലെ മുഖ്യ ചുമതലക്കാരനായ തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസർ അഖിൽ ബാലകൃഷ്ണന്റെ സ്ഥലംമാറ്റത്തിനു പിന്നിൽ ഉദ്യോഗസ്ഥതലത്തിലെ ആസൂത്രിത നീക്കമെന്നു സൂചന. കേസ് നടത്തിപ്പിൽ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാതിരുന്നതാണ് അഖിൽ ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടാവാൻ കാരണം.

ഇക്കൂട്ടരുടെ ചേരിതിരിഞ്ഞുള്ള പ്രവർത്തനം മൂലം രാജ്യം കണ്ട ഏറ്റവും വലിയ ആനവേട്ട കേസിന്റെ ഭാവി നടപടികൾ അവതാളത്തിലാകുമോയെന്ന ആശങ്കയും വ്യാപകമായിട്ടുണ്ട്.

അനാവശ്യമായി മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഷൈൻ ചെയ്തുവെന്നും കേസ് നടപടികളിൽ വീഴ്ചവരുത്തിയെന്നുമാണ് ഇക്കൂട്ടർ അഖിലിനെതിരെ ഉന്നയിച്ചിട്ടുള്ള പ്രധാന ആരോപണം. കഴിഞ്ഞ ദിവസം മലയാറ്റൂർ ഡി എഫ് ഒ വിളിച്ചുചേർത്ത ആനവേട്ട കേസ് സംബന്ധിച്ച റിവ്യൂ മീറ്റിംഗിൽ അഖിലിന്റെ വെളിപ്പെടുത്തലുകളിൽ അതൃപ്തി രേഖപ്പെടുത്തിയ ഉന്നതരുൾപ്പെട്ട ഉദ്യോഗസ്ഥസംഘമാണ് പ്രധാനമായും സ്ഥലംമാറ്റത്തിന് ചരടുവലികൾ നടത്തിയതെന്നാണ് പുറത്തായവിവരം.

കേസ് സംബന്ധിച്ചുള്ള അന്വേഷണത്തിനും തെളിവെടുപ്പിനുമായി എത്ര തവണ കാട്ടിൽ പോയെന്ന ഡി എഫ് ഒ യുടെ ചോദ്യത്തിന് താൻ കാട്ടിൽ പോയില്ലെന്നും സ്റ്റാഫുകൾ നൽകിയ വിവരങ്ങളാണ് കുറ്റപത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെന്നുമായിരുന്നു അഖിലിന്റെ പ്രതികരണം. വനസന്ദർശത്തിൽ വീഴ്ചവരുത്തിയതായുള്ള അഖിലിന്റെ വെളിപ്പെടുത്തൽ പ്രായോഗീക പരിജ്ഞാനത്തിന്റെ കുറവായി ഈ സംഘം ചൂണ്ടിക്കാണിക്കുന്നു. ഏറെ പ്രധാന്യമർഹിക്കുന്ന ഈ കേസിൽ ഇത്തരത്തിലൊരു ഉദ്യോഗസ്ഥനെ ഉൾക്കൊള്ളിച്ച് കേസ് മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് ഇക്കൂട്ടർ അഭിപ്രായപ്പെടുകയും ഇത് മുഖവിലയ്ക്കെടുത്ത് തലസ്ഥാനത്തു നിന്നും അഖിലിനെതിരെ നടപടിയെടുക്കുകയായിരുന്നെന്നാണു പറയുന്നത്.

ഉന്നതരുൾപ്പെട്ട ഉദ്യോഗസ്ഥസംഘം സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി ഏറെ കഷ്ടപ്പെട്ട് പിടികൂടിയ പ്രതികളെ ഏറ്റുവാങ്ങി മൊഴിയെടുക്കലും തെളിവെടുപ്പും മാത്രമേ അഖിൽ നടത്തിയിട്ടുള്ളുവെന്നും ഈ സാഹചര്യത്തിൽ അഖിൽ മാദ്ധ്യമങ്ങൾക്ക് അഭിമുഖങ്ങളും മറ്റും നൽകരുതായിരുന്നെന്നും ഇത്തരത്തിൽ ഇയാൾ പ്രവർത്തിച്ചത് രാവും പകലും കേസിനുവേണ്ടി കഷ്ടപ്പെട്ട തങ്ങൾക്ക് വിഷമമുണ്ടാക്കിയെന്നും മറ്റും അന്വേഷകസംഘത്തിലെ മറ്റംഗങ്ങളിൽ ചിലർ ഉന്നത അധികൃതരെ ധരിപ്പിച്ചിരുന്നു. അതീവരഹസ്യമായി നടന്നുവന്നിരുന്ന കേസിന്റെ അന്വേഷണം മാദ്ധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്നായിരുന്നു അഖിലിനെതിരെ യോഗത്തിലുണ്ടായ പ്രധാന വിമർശനം. കേസിലുണ്ടായ അറസ്റ്റുകളും മറ്റും മാദ്ധ്യമങ്ങൾ വഴി സ്വന്തം ക്രെഡിറ്റിലാണെന്ന് വരുത്തിത്തീർക്കാൻ അഖിൽ ബോധപൂർവ്വമായ ശ്രമം നടത്തിയെന്ന് ഒരു വിഭാഗം സഹപ്രവർത്തകരുടെ ആരോപണവും സ്ഥലം മാറ്റത്തിനുള്ള നടപടികൾക്ക് വേഗത പകർന്നെന്നാണ് ലഭ്യമായ വിവരം. കഴിഞ്ഞ ദിവസം തലസ്ഥാനത്തുനിന്നെത്തിയ ഉത്തരവ് മലയാറ്റൂർ ഡി എഫ് ഒ അഖിലിന് കൈമാറി. ഇടുക്കി സോഷ്യൽ ഫോറസ്റ്റ്രി യൂണിറ്റിലേക്കാണ് അഖിലിനെ സ്ഥലം മാറ്റിയിട്ടുള്ളത്.

അഖിൽ ബാലകൃഷ്ണനെ സ്ഥലം മാറ്റിയതിലൂടെ കേസിന്റെ നിലനിൽപ്പിന് തന്നെയാണ് തിരിച്ചടിയായിരിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും വേരുകളുള്ള ആനവേട്ടസംഘത്തിലെയും ആനക്കൊമ്പ് വ്യാപാരത്തിലേയും കണ്ണികളെ വെളിച്ചത്തുകൊണ്ടുവരികയും അറസ്റ്റ് ചെയ്യുകയും ചെയ്തത് അഖിലിന്റെ നേതൃത്വത്തിലാണ്.കേസ് അന്വേഷണം ഏറെക്കുറെ പൂർത്തിയാകുകയും കുറ്റപത്രം തയ്യാറാക്കുകയും ചെയ്തശേഷമാണ് അഖിലിനെ സ്ഥലം മാറ്റിയിരിക്കുന്നത്. നാല്പതിലേറെ പ്രതികളെ അറസ്റ്റ് ചെയ്യുകയും അഞ്ഞൂറു കിലോയോളം ആനക്കൊമ്പ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

കോതമംഗലം, കുറുപ്പംപടി കോടതികളുടെ പരിഗണനയിലെത്തുന്ന കേസുകളുടെ കുറ്റപത്രം തയ്യാറാക്കുന്ന ജോലികളും അവസാനഘട്ടത്തിലാണ്. ഓരോ കേസിലും നൂറുകണക്കിന് പേജുകൾ വരുന്ന ബ്രഹ്മാണ്ഡൻ കുറ്റപത്രങ്ങളാണ് തയ്യാറാകുന്നത്. പ്രിന്റ് എടുക്കുന്ന ജോലികൾ വരെ പൂർത്തിയാക്കിവരുന്ന കുറ്റപത്രങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പ് രേഖപ്പെടുത്തിയാൽ കോടതിയിൽ സമർപ്പിക്കാവുന്ന അവസ്ഥയിലാണ്. ഇതുവരെ കേസ് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് പകരമായെത്തുന്ന പുതിയ ഉദ്യോഗസ്ഥൻ ഇപ്പോൾ തയ്യാറാക്കിയിട്ടുള്ള കുറ്റപത്രം അതേപടി അംഗീകരിക്കണമെന്നില്ല. കേസിനേക്കുറിച്ച് ആദ്യംമുതൽ പഠിക്കാൻ അദ്ദേഹം തയ്യാറാകും. അല്ലാത്തപക്ഷം വിചാരണഘട്ടത്തിൽ കോടതിയിൽ വിയർക്കേണ്ട അവസ്ഥയിലാകും ഉദ്യോഗസ്ഥൻ.ഈ സാഹചര്യത്തിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഏറെ വൈകാൻ കാരണമാകുമെന്ന് ഉറപ്പാണ്. ചിലപ്പോൾ കുറ്റപത്രം മാറ്റിയെഴുതേണ്ടിയും വന്നേക്കാം

കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ആസുത്രിത നീക്കമാണോ അഖിലിന്റെ സ്ഥലംമാറ്റത്തിന് പിന്നിലെന്ന സംശയം വനംവകുപ്പ് ജീവനക്കാർക്കിടയിൽ തന്നെ ശക്തമാണ്. വലിയ സ്വാധീനം ചെലുത്താൻ കഴിവുള്ളവർ പ്രതികളായ കേസിൽ ആദ്യംമുതൽതന്നെ അട്ടിമറിസാധ്യത ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.ഒട്ടേറെ പ്രതിസന്ധികളും തടസ്സങ്ങളും അതിജീവിച്ചാണ് കേസന്വേഷണം ഇത്രവരെ പുരോഗമിച്ചത്.പലർക്കും അപ്രതീക്ഷിതമായിരുന്നു അന്വേഷണത്തിന്റെ പുരോഗതി. മുഖ്യപ്രതിസഥാനത്തുണ്ടായിരുന്ന ഐക്കരമറ്റം വാസുവിന്റെ മരണത്തോടെ കേസ് ദുർബലപ്പെടുമെന്ന വാദം ഉയർന്നതാണ്. എന്നാൽ മറ്റു പ്രതികളിൽ നിന്നും തെളിവുകൾ ശേഖരിച്ച് കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ അന്വേഷണസംഘത്തിന് കഴിഞ്ഞു.

കേന്ദ്രസർക്കാരിൽ നിന്നുപോലും അന്വേഷണസംഘത്തിന് അഭിനന്ദനം ലഭിച്ചിരുന്നു.കേസ് സിബി.ഐക്ക് കൈമാറണമെന്ന ആവശ്യംപോലും അപ്രസക്തമാക്കുന്നതായിരുന്നു കേസിന്റെ പുരോഗതി.അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം ആസുത്രിതമാണെങ്കിലും അല്ലെങ്കിലും കേസിന്റെ വിചാരണയെ ബാധിക്കുമെന്ന കാര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പോലും എതിരഭിപ്രായമില്ല.അന്വേഷണവുമായി സഹകരിച്ചിരുന്നവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണ് ഉന്നതരിൽ നിന്നുണ്ടായിരിക്കുന്നത്.നടപിടിയിൽ വകുപ്പ് ജീവനക്കാർക്കിടയിൽ അതൃപ്തിയുണ്ട്. കേസ് അന്വേഷണം തുടങ്ങിവച്ച റെയിഞ്ചോഫീസർ പി.കെ.രാജേഷിനെ സസ്‌പെന്റ് ചെയ്ത ശേഷമാണ് അഖിൽ തുണ്ടം റെയിഞ്ചോഫീസറായി ചുമതലയേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP