Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മക്കൊപ്പം താമസിക്കുന്ന ആൾ കുട്ടിയുടെ അച്ഛൻ ആണോയെന്ന് ഉറപ്പില്ല; കുട്ടിയും അമ്മയും ഝാർഖണ്ഡിൽ നിന്ന് കേരളത്തിൽ എത്തിയത് രണ്ടാഴ്ച മുമ്പും; ഒപ്പം താമസിക്കുന്ന ബംഗാൾകാരൻ സ്വകാര്യ കമ്പനിയിൽ ക്രയിൻ ഓപ്പറേറ്ററായി എത്തിയത് ഒരു വർഷം മുമ്പും; അനുസരണക്കേട് സഹിക്കാതെ അടിച്ചത് അബദ്ധത്തിൽ തലയിൽ കൊണ്ടുവെന്ന് മൊഴി നൽകി യുവതിയും; ദേഹമാകെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതിലും ദുരൂഹത; ഏലൂരിലെ മൂന്ന് വയസ്സുകാരന്റെ കൊലയിലും 'തൊടുപുഴ' മോഡലോ?

അമ്മക്കൊപ്പം താമസിക്കുന്ന ആൾ കുട്ടിയുടെ അച്ഛൻ ആണോയെന്ന് ഉറപ്പില്ല; കുട്ടിയും അമ്മയും ഝാർഖണ്ഡിൽ നിന്ന് കേരളത്തിൽ എത്തിയത് രണ്ടാഴ്ച മുമ്പും; ഒപ്പം താമസിക്കുന്ന ബംഗാൾകാരൻ സ്വകാര്യ കമ്പനിയിൽ ക്രയിൻ ഓപ്പറേറ്ററായി എത്തിയത് ഒരു വർഷം മുമ്പും; അനുസരണക്കേട് സഹിക്കാതെ അടിച്ചത് അബദ്ധത്തിൽ തലയിൽ കൊണ്ടുവെന്ന് മൊഴി നൽകി യുവതിയും; ദേഹമാകെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതിലും ദുരൂഹത; ഏലൂരിലെ മൂന്ന് വയസ്സുകാരന്റെ കൊലയിലും 'തൊടുപുഴ' മോഡലോ?

പ്രകാശ് ചന്ദ്രശേഖർ

ആലുവ: എന്തു പറഞ്ഞാലും അനുസരിക്കില്ല, സഹികെട്ടിരുന്നു, ഒരാഴ്ചമുമ്പും അവൻ അനുസരണക്കേട് കാട്ടി. ദേഷ്യം സഹിക്കാൻ പറ്റിയില്ല. കൈയിൽ കിട്ടിയ മരക്കഷണം കൊണ്ട് അടിച്ചു. അടികൊണ്ടത് തലയ്ക്കായിപ്പോയി. പിന്നെ ബോധം കെട്ടു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോൾ ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയ്ക്കൊള്ളാൻ പറഞ്ഞു. കൊല്ലണമെന്ന് കരുതിയിരുന്നില്ല. സംഭവിച്ചുപോയി- മൂന്നുവയസ്സുള്ള സ്വന്തം കുഞ്ഞിന്റെ തല അടിച്ചുപൊട്ടിക്കുകയും ദേഹമാകെ ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയും ചെയ്ത ജാർഖണ്ഡ് സ്വദേശി മാതാവ് ഏലൂർ പൊലീസിന് നൽകിയ മൊഴി ഇങ്ങനെയാണ്. അമ്മക്കൊപ്പം താമസിക്കുന്ന ആൾ കുട്ടിയുടെ അച്ഛൻ ആണോയെന്ന് പൊലീസിന് ഉറപ്പില്ല. കുട്ടിയും അമ്മയും ഝാർഖണ്ഡിൽ നിന്ന് കേരളത്തിൽ എത്തിയത് രണ്ടാഴ്ച മുൻപ് മാത്രമാണ്. ഒപ്പം താമസിക്കുന്ന ബംഗാൾകാരൻ സ്വകാര്യ കമ്പനിയിൽ ക്രയിൻ ഓപ്പറേറ്ററായി ഒരു വർഷമായി ഇവിടെയുണ്ട്. കുട്ടിയെ മർദിച്ചതിൽ പങ്കില്ല എന്നാണ് ഇയാളുടെ മൊഴി.

കുട്ടി ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ആശുപത്രിയിലെത്തിച്ച കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.തുടർന്നും ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന കുട്ടി ഇന്ന് രാവിലെ 9 കഴിഞ്ഞതോടെ മരിച്ചു. ഇതോടെ അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ബാലാവകാശ നിയമ പ്രകാരവും ഏലൂർ പൊലീസ് ചാർജ്ജ് ചെയ്ത കേസ്സിൽ പ്രതിയായ കുട്ടിയുടെ മാതാവ് ജാർഖണ്ഡ് കൊടർമ ജില്ലയിൽ ഈസ്റ്റ് ജെയ്നഗർ നാലാം വാർഡിൽ താമസിക്കുന്ന ഷഹജദ് ഭാര്യ ഹെന കാട്യൂൻ(23) റിമാന്റിലാണ്. ഹെനയുടെ മൊഴി പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. സംഭവത്തിൽ ഭർത്താവിന്റെ പങ്കും പരിശോധിക്കും. അതിന് ശേഷമേ തീരുമാനം എടുക്കൂ. ഷഹജദ് ബംഗാൾ സ്വദേശിയാണ്. ഇവിടേയും ഝാർഖണ്ഡിലും പൊലീസ് അന്വേഷണം നടത്തും. കുട്ടിയുടെ പിതൃത്വം ഉൾപ്പെടെ ഉറപ്പുവരുത്തിയാകും അന്വേഷണവുമായി മുന്നോട്ട് പോവുക. അടുത്തിടെ തൊടുപുഴയിൽ അമ്മയുടെ പങ്കാളിയുടെ ക്രൂരമർദനത്തിനിരയായി ബാലൻ മരിച്ച് ഏറെ താമസിയാതെയാണ് പുതിയ സംഭവം. ഇതിന് പിന്നിൽ ലഹരിയും വഴിവിട്ട ജീവിതവുമായിരുന്നു. ഇത്തരം ഘടകങ്ങൾ ഏലൂരിലും സംഭവിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കും.

ചൊവ്വാഴ്ച ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നതിനിടെയാണ് മരണംസംഭവിച്ചത്. കുസൃതി കാട്ടിയതിന് അടുക്കളയിൽവെച്ച് മർദിച്ചുവെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചതോടെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് അമ്മയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് മസ്തിഷ്‌കത്തിൽ രക്തസ്രാവവുമായി കുട്ടിയെ രാജഗിരി ആശുപത്രിയിലെത്തിച്ചത്. അടുക്കളയിൽ വീണെന്നാണ് അച്ഛൻ ബംഗാൾ സ്വദേശി ഷാജിത് ഖാനും സുഹൃത്തും പറഞ്ഞത്. എന്നാൽ, നിലത്തുവീണാൽ ഇത്ര വലിയ പരിക്ക് പറ്റില്ലെന്ന് ഡോക്ടർമാർക്ക് നിശ്ചയമായിരുന്നു. ഇതാണ് കള്ളം പുറത്തു കൊണ്ടു വന്നത്. കുട്ടിയെ കൊന്ന ഭാര്യയെ രക്ഷിക്കാൻ അച്ഛനും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇയാളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ദേഹമാസകലം ചതവ് കണ്ടെത്തിയതിനു പുറമേ പിൻഭാഗത്ത് പൊള്ളലേറ്റ പാടുകൂടി കണ്ടതോടെ പൊലീസിൽ അറിയിച്ചു.

ബുധനാഴ്ച രാത്രിതന്നെ, കുട്ടിയുടെ മസ്തിഷ്‌കത്തിൽ കെട്ടിക്കിടക്കുന്ന രക്തം നീക്കംചെയ്യാൻ അടിയന്തര ശസ്ത്രക്രിയ നടത്തി. ആശുപത്രിയിലെത്തിയ ഏലൂർ പൊലീസ് അച്ഛനെയും മറ്റൊരു സംഘം വീട്ടിലെത്തി കുട്ടിയുടെ അമ്മയെയും ചോദ്യംചെയ്തു. ചപ്പാത്തി പരത്തുന്നതിനിടെ വഴക്കുപറഞ്ഞപ്പോൾ കുട്ടി സ്ളാബിൽനിന്ന് വീണെന്നാണ് അമ്മ ആദ്യം പറഞ്ഞത്. എന്നാൽ, മറ്റ് പരിക്കുകൾ എങ്ങനെയെന്ന ചോദ്യം കുരുക്കിയതോടെ ഇവർ കുറ്റം സമ്മതിച്ചു. കുട്ടിയുടെ പിന്നിലേറ്റ പൊള്ളൽ ഇവർ ചട്ടുകം പഴുപ്പിച്ചു വെച്ചതാണെന്ന് സമ്മതിച്ചിട്ടുണ്ട്. തലയ്ക്കേറ്റ ഗുരുതര പരിക്ക് സംഭവിച്ചതെങ്ങനെയെന്ന് പൊലീസിന് ഇപ്പോഴും സംശയമുണ്ട്. കുട്ടി വീണതിനെക്കുറിച്ച് അമ്മ പറഞ്ഞ അറിവേ അച്ഛനുള്ളൂ. കുട്ടിയെ ആശുപത്രിയിലെത്തിക്കുക മാത്രമാണ് ഇയാൾ ചെയ്തത്.

ചോദ്യംചെയ്യലിൽ ഇയാൾ ഇതിൽ ഉറച്ചുനിന്നതോടെയാണ് അമ്മയിലേക്ക് അന്വേഷണം നീണ്ടത്. കുടുംബമായി താമസിക്കുന്നിടത്ത് മറ്റാരും വന്ന് ഉപദ്രവിക്കില്ലെന്നായിരുന്നു പൊലീസ് നിഗമനം. ഇതോടെ അമ്മയുടെ മൊഴി വിശ്വസിക്കേണ്ടിയും വന്നു. ജാർഖണ്ഡുകാരിയായ യുവതി റിമാൻഡിലാണ്. അച്ഛൻ നിരീക്ഷണത്തിലുള്ളതായും പൊലീസ് പറഞ്ഞു. അതിനിടെ കുട്ടികൾക്കെതിരായ പീഡനത്തിൽ കർശനനിയമങ്ങൾ പരിഗണനയിലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ നേരിടാൻ കർശനനിയമങ്ങളുണ്ടാക്കും. സമ്പത്തുള്ളവരാണെങ്കിൽ അത് കണ്ടുകെട്ടി ചികിൽസയ്ക്ക് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. അമ്മയുടെ പങ്കാളി മർദിച്ച് കൊന്ന തൊടുപുഴ സ്വദേശി ഏഴുവയസുകാരൻ വിങ്ങുന്ന ഓർമയായി നിൽക്കുമ്പോൾ തന്നെയാണ് രക്ഷിതാവിന്റെ തന്നെ മർദനത്തിൽ ആലുവയിലും കുരുന്ന് മരണത്തിന് കീഴടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP