Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എറണാകുളം സെൻട്രൽ സിഐയുടെ തിരോധാനം പൊലീസിന് വൻ നാണക്കേടുണ്ടാക്കിയതെന്ന് ആഭ്യന്തര വിലയിരുത്തൽ; സംഭവത്തിൽ കടുത്ത അതൃപ്തിയുമായി ഉന്നത ഉദ്യോഗസ്ഥരും; അന്വേഷണം നടക്കുന്നത് കായംകുളത്ത് നിന്നുള്ള യാത്രയെക്കുറിച്ച്; ഏതുവിധേനയും നവാസിനെ കണ്ടുപിടിക്കാൻ അന്വേഷണം ഊർജ്ജിതം; തേവരയിലെ എടിഎമ്മിലെത്തി പണമെടുക്കുന്ന സിഐ നവാസിന്റെ ദൃശ്യങ്ങളും പുറത്ത്

എറണാകുളം സെൻട്രൽ സിഐയുടെ തിരോധാനം പൊലീസിന് വൻ നാണക്കേടുണ്ടാക്കിയതെന്ന് ആഭ്യന്തര വിലയിരുത്തൽ; സംഭവത്തിൽ കടുത്ത അതൃപ്തിയുമായി ഉന്നത ഉദ്യോഗസ്ഥരും; അന്വേഷണം നടക്കുന്നത് കായംകുളത്ത് നിന്നുള്ള യാത്രയെക്കുറിച്ച്; ഏതുവിധേനയും നവാസിനെ കണ്ടുപിടിക്കാൻ അന്വേഷണം ഊർജ്ജിതം; തേവരയിലെ എടിഎമ്മിലെത്തി പണമെടുക്കുന്ന സിഐ നവാസിന്റെ ദൃശ്യങ്ങളും പുറത്ത്

എം മനോജ് കുമാർ

തിരുവനന്തപുരം: കൊച്ചി സെൻട്രൽ സിഐയുടെ തിരോധാനം പൊലീസിൽ പുകയുന്നു. കൊച്ചി പോലുള്ള ഒരു പ്രധാന സിറ്റിയിൽ നിന്ന് സെൻട്രൽ സ്റ്റേഷന്റെ ചുമതലയുള്ള സിഐ ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമായത് കേരള പൊലീസിന് നാണക്കേടായ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ഈഗോ ക്ലാഷ് ആണ് ഇതിന്റെ പിന്നിലുള്ളത് എന്നത് പൊലീസിന് ക്ഷീണമാവുകയും ചെയ്തു. കേരളാ പൊലീസിന് നാണക്കേടായ സംഭവം എന്നാണ് കൊച്ചി സംഭവം പൊലീസിൽ വിലയിരുത്തപ്പെടുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഏതുവിധേനയും സെൻട്രൽ സിഐ നവാസിനെ കണ്ടുപിടിക്കാനാണ് ഇപ്പോൾ കൊച്ചി പൊലീസ് നെട്ടോട്ടം ഓടുന്നത്. ഡ്യൂട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു മേലുദ്യോഗസ്ഥൻ പരസ്യമായി ഇടയുകയും വയർലെസ് സെറ്റിലൂടെ ശകാരം ചൊരിയുകയും ചെയ്യുന്നത് ചെറിയ സംഭവമായല്ല വിലയിരുത്തപ്പെടുന്നത്. സിഐ വയർലെസ് സെറ്റും സിമ്മും നൽകി സ്റ്റേഷന്റെ പടിയിറങ്ങുകകൂടി ചെയ്തതോടെ സംഭവങ്ങൾ കൈവിട്ടു പോകുകയും ചെയ്തു.

എസിപിയും സിഐയും തമ്മിലുള്ള സംഭാഷണം വയർലെസ് പരിധിയിലുള്ള കൊച്ചിയിലെ ഉദ്യോഗസ്ഥർ ശ്രവിച്ചുവെന്നാണ് കൊച്ചിയിൽ നിന്നും വരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. ഇതെല്ലാം തന്നെ കൂടുതൽ നാണക്കേട് ആവുകയും ചെയ്തു. പൊലീസിൽ ഉന്നത ഉദ്യോഗസ്ഥർക്ക് വരെ നീതിയില്ലാ എന്നത് ചെറിയ സംഭവമായല്ല പൊലീസ് ഉന്നതർ തന്നെ വീക്ഷിക്കുന്നത്. എസിപി ക്ഷുഭിതനായപ്പോൾ മറ്റു വഴികൾ അടഞ്ഞ രീതിയിലാണ് സിഐയുടെ ഇറങ്ങിപ്പോക്ക് നടന്നതും. എഡിജിപി സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ച പ്രശ്‌നമാണ് ഇതിനു മുൻപ് പൊലീസിൽ കത്തിക്കയറിയത്. ഇതേ സംഭവവും പൊലീസ് ഡ്രൈവർക്ക് പൊലീസിൽ നീതി ലഭിക്കാത്ത സംഭവമായി വ്യാഖാനിക്കപ്പെട്ടിരുന്നു. പൊലീസുകാർക്ക് പൊലീസിൽ നീതിലഭിക്കുന്നില്ല എന്ന ആരോപണം നിലനിൽക്കെ തന്നെയാണ് സിഐയ്ക്ക് നീതി നിഷേധിക്കപ്പെടുകയും സിഐ സ്റ്റേഷനിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്ത സംഭവവും വെളിയിൽ വരുന്നത്.

ഇന്നലെ കായംകുളത്ത് വന്ന ശേഷം അപ്രത്യക്ഷനായ കൊച്ചി സെൻട്രൽ സിഐ നവാസിന് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. നവാസ് എന്തായാലും തിരിച്ചെത്തും എന്ന് തന്നെയാണ് പൊലീസ് വൃത്തങ്ങളിലുള്ള പ്രതീക്ഷ. ഒന്നോ രണ്ടോ ദിവസം മാറി നിന്നശേഷം സിഐ തിരിച്ചുവരും എന്നാണ് പൊലീസ് വൃത്തങ്ങൾ അനുമാനിക്കുന്നത്. പക്ഷെ ഇവരെ ആശങ്കയിൽ ആഴ്‌ത്തുന്നത് മാറി നിൽക്കുന്നു എന്ന് ഭാര്യക്ക് സന്ദേശം നൽകിയശേഷം അപ്രത്യക്ഷമായ സിഐ പിന്നീട് ഇതുവരെ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല എന്ന കാര്യമാണ്. ഇത് അന്വേഷണ ഉദ്യോഗസ്ഥർ തിരക്കുകയും ചെയ്യുന്നുണ്ട്.

കൊച്ചി സെൻട്രൽ പൊലീസിൽ സിം കാർഡും, വയർലെസ് സെറ്റും ഏൽപ്പിച്ച ശേഷമാണ് നവാസ് കായംകുളത്തിനു തിരിക്കുന്നത്. കായംകുളത്ത് ഒരു വിജിലൻസ് എസ്‌ഐയെ കണ്ടശേഷം ലിഫ്റ്റ് ചോദിച്ച് സിഐ വിജിലൻസ് എസ്‌ഐയുടെ വാഹനത്തിൽ കയറിയിരുന്നു. പക്ഷെ കൊച്ചി എസിപിയുമായുള്ള തർക്കത്തിന് ശേഷം സെൻട്രൽ സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷനായാണ് കായംകുളത്ത് എത്തിയത് എന്ന് ഈ ഉദ്യോഗസ്ഥന് അറിയുമായിരുന്നില്ല. ഈ കാര്യം ഒന്നും നവാസ് പറഞ്ഞുമില്ല എന്നാണ് കായംകുളത്ത് നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ പൊലീസിന്റെ ശ്രമങ്ങൾ ഇനിയും വിജയിച്ചില്ല. കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്നാണ് നവാസ് നാടുവിട്ടത് എന്നാണ് ലഭിക്കുന്ന സൂചന. സത്യസന്ധനായ ഉദ്യോഗസ്ഥന് മേൽ ഉന്നത ഉദ്യോഗസ്ഥരിൽ ചിലർ അനാവശ്യമായ സമ്മർദ്ദം ചെലുത്തുകയും പ്രതികാര മനോഭാവത്തോടെ പെരുമാറുകയും ചെയ്തു എന്നതാണ് സംഭവങ്ങളെ ഗൗരവകരമാക്കി മാറ്റുന്നത്.

കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള നവാസും ഉന്നത ഉദ്യോഗസ്ഥനും നവാസും തമ്മിൽ വയർലെസിൽ രൂക്ഷമായ വാക്കുതർക്കം നടന്നതായി വ്യക്തമായിട്ടുണ്ട്. വയർലെസിൽ കൃത്യമായ മറുപടി നൽകുന്നില്ലെന്നു പറഞ്ഞ് ഈ ഉദ്യോഗസ്ഥൻ ബുധനാഴ്ച രാത്രി നവാസിനോടു വിശദീകരണം ചോദിച്ചിരുന്നു. കൂടാതെ ജോലിക്ക് എത്തിയിട്ടും പ്രതികാര മനോഭാവത്തോടെ പെരുമാറി ഡ്യൂട്ടി ആബ്സന്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇതാണ് സിഐയെ വിഷമിപ്പിച്ചത്. ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തതിന്റെ വിശദാംശങ്ങൾ തന്നെ അറിയിക്കാതിരുന്നതിനെപ്പറ്റിയും ഉദ്യോഗസ്ഥൻ നവാസിനോടു വിശദീകരണം ചോദിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഇരുവരും പരിധിവിട്ട്, പരുഷമായ വാക്കുകളാണു പരസ്പരം പ്രയോഗിച്ചതെന്നു സൂചനയുണ്ട്. സിറ്റി പരിധിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇതു കേട്ടിട്ടുണ്ട്. ഇതെല്ലാം കൂടിയായപ്പോൾ നവാസ് കടുത്ത സമ്മർദ്ദത്തിലായിരുന്നു. അതേസമയം പണമിടപാടു സംബന്ധിച്ച പരാതിയിൽ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശത്തെ തുടർന്ന് നഗരത്തിലെ ഒരു ജൂവലറി ഉടമയെ നവാസിന് അറസ്റ്റ് ചെയ്യേണ്ടി വന്നിരുന്നു. കേസ് എടുത്തില്ലെങ്കിൽ സസ്പെൻഡ് ചെയ്യിക്കുമെന്നു വരെ ഈ ഉന്നത ഉദ്യോഗസ്ഥൻ നവാസിനെ ഭീഷണിപ്പെടുത്തിയതായാണു സൂചന. ഈ ജുവല്ലറി ഉടമയെ അറസ്റ്റു ചെയ്തതോടെ കടുത്ത സമ്മർദ്ദമാണ് നവാസിന് നേരിടേണ്ടി വന്നത് എന്ന സൂചനയുണ്ട്.

ജൂവലറി ഉടമകളുടെ സംഘടന ധനമന്ത്രി തോമസ് ഐസക്കിനു പരാതി നൽകി. പ്രതിയുടെ ജാമ്യാപേക്ഷയെ എതിർക്കരുതെന്ന് ഉന്നതങ്ങളിൽ നിന്നു സിറ്റി പൊലീസിനു നിർദ്ദേശം ലഭിച്ചതോടെ കേസെടുക്കാൻ നിർദേശിച്ച ഉന്നത ഉദ്യോഗസ്ഥൻ നവാസിനെ കൈയൊഴിഞ്ഞു. ഇതോടെ ചതിക്കപ്പെട്ടു എന്ന വികാരമായിരുന്നു നവാസിനുണ്ടായിരുന്നത് എന്നാണ് അറിയുന്നത്. ഇതെല്ലാം കൂടി ആയതോടെ നവാസ് കടുത്ത മാനസിക സംഘർഷത്തിലായി. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കാണാതാകുന്നതും 'ഞാനൊരു യാത്ര പോവുകയാണ്, വിഷമിക്കരുത്' എന്ന വാട്സാപ് സന്ദേശം നവാസിന്റെ സ്വകാര്യ മൊബൈലിൽ നിന്ന് രാവിലെ ആറോടെ ഭാര്യ ആരിഫയ്ക്കു ലഭിച്ചു. സന്ദേശം വായിച്ച, ആരിഫ തുടർച്ചയായി വിളിച്ചു നോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണെന്നു കണ്ടതിനെ തുടർന്നു 10 മണിയോടെ സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.

കേസ് അന്വേഷണത്തിനായി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു. തൃക്കാക്കര അസി. കമ്മിഷണർ സ്റ്റുവർട് കീലർ, ഇൻസ്പെക്ടർ പി.എസ്. ശ്രീജേഷ്, എസ്ഐ രാജൻ ബാബു എന്നിവരും സംഘത്തിലുണ്ട്. പൊലീസുകാരുടെ സംഘങ്ങളെ ചില സ്ഥലങ്ങളിൽ തിരച്ചിലനായി നിയോഗിച്ചതായി കമ്മിഷണർ വിജയ് എസ്. സാഖറെ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണു നവാസ് സെൻട്രൽ സ്റ്റേഷനിൽ ചുമതലയേൽക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP