Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാജപരാതിയിൽ യുവാവിനെ കുടുക്കാൻ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി; ഒളിവിൽ പോയപ്പോൾ എരുമേലി സിഐ അർദ്ധരാത്രിയിൽ എത്തി പൊക്കിയത് വൃദ്ധനായ ഭാര്യപിതാവിനെ; ഗർഭിണിയായ ഭാര്യയെ കോളേജ് ഹോസ്റ്റലിൽ എത്തി കസ്റ്റഡിയിൽ എടുത്തതും രാത്രിയിൽ; വേട്ടയാടലിനെതിരെ യുവാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോൾ എരുമേലി സിഐ ദിലീപ്ഖാന് സസ്പെൻഷൻ; വകുപ്പുതല അന്വേഷണവും; നിരപരാധിയായ തേജസ് മോനെ പീഡിപ്പിച്ച എരുമേലി സിഐ കുടുങ്ങിയ കഥ ഇങ്ങനെ

വ്യാജപരാതിയിൽ യുവാവിനെ കുടുക്കാൻ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി; ഒളിവിൽ പോയപ്പോൾ എരുമേലി സിഐ അർദ്ധരാത്രിയിൽ എത്തി പൊക്കിയത് വൃദ്ധനായ ഭാര്യപിതാവിനെ; ഗർഭിണിയായ ഭാര്യയെ കോളേജ് ഹോസ്റ്റലിൽ എത്തി കസ്റ്റഡിയിൽ എടുത്തതും രാത്രിയിൽ; വേട്ടയാടലിനെതിരെ യുവാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോൾ എരുമേലി സിഐ ദിലീപ്ഖാന് സസ്പെൻഷൻ; വകുപ്പുതല അന്വേഷണവും; നിരപരാധിയായ തേജസ് മോനെ പീഡിപ്പിച്ച എരുമേലി സിഐ കുടുങ്ങിയ കഥ ഇങ്ങനെ

എം മനോജ് കുമാർ

എരുമേലി: കുറ്റവാളികളോട് കാർക്കശ്യവും ജനങ്ങളോട് മൃദുസമീപനവുമുള്ള ജനപക്ഷ പൊലീസ് എന്ന നിലപാടാണ് തന്റെത് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം ആവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി ഇങ്ങിനെ പറയുമെങ്കിലും നിയമപരമായി കേരളാ പൊലീസ് ജോലി ചെയ്യില്ല. ഇതിനു ഉത്തമ ഉദാഹരണമാണ് എരുമേലി സിഐ ദിലീപ് ഖാന് വന്ന സസ്‌പെൻഷൻ. മുഖ്യമന്ത്രിക്ക് നേരിട്ട് വന്ന പരാതിയിൽ ഐജി തല അന്വേഷണ വന്നപ്പോഴാണ് സിഐ പെട്ടത് എന്ന് വിസ്മരിക്കാനും സാധ്യമല്ല. കേസ് അന്വേഷണത്തിലും തുടർ നടപടികളിലും വന്ന വീഴ്ചയുടെ പേരിലാണ് എരുമേലി സിഐയ്ക്ക് കഴിഞ്ഞ ദിവസം സസ്‌പെൻഷൻ വന്നത്. കള്ളക്കേസ് ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് വന്നപ്പോഴാണ് എരുമേലി മണിപ്പുഴ തേജസ് മോന് കേസിലുള്ള അപകടം മനസിലായത്. കള്ളക്കേസിൽ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പൊലീസ് മുന്നോട്ടു പോയപ്പോൾ ഒളിവിൽ പോകേണ്ടിയും വന്നു. പൊലീസിന്റെ അതിക്രമങ്ങൾ സഹിക്കാൻ കഴിയാതെ വന്നപ്പോൾ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി. ഈ പരാതിയിലാണ് എരുമേലി സിഐയ്ക്ക് സസ്‌പെൻഷൻ വന്നത്.

തേജസ് മോന്റെ ജീവനക്കാരൻ അലക്‌സ് നൽകിയ പരാതിയാണ് തൊഴിലുടമയായ തേജസിനും എരുമേലി സിഐയ്ക്കും ഒരു പോലെ വിനയായത്. തന്നെ മർദ്ദിച്ചു എന്നാണു തേജസിന്റെ തൊഴിലാളി എരുമേലി സ്റ്റേഷനിൽ പരാതി നൽകിയത്. തേജസിനോടു വിരോധമുണ്ടായിരുന്ന ചില രാഷ്ട്രീയ നേതാക്കൾ ഈ അവസരം വിനിയോഗിക്കുകയായിരുന്നു. തുടർന്ന് വധശ്രമത്തിന്നായാണ് തേജ്‌സിന്റെ പേരിൽ കേസ് വന്നത്. കേസ് വന്നപ്പോൾ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമം തുടങ്ങി. ഇതോടെ തേജസ് ഒളിവിൽ പോയി. തുടർന്ന് എരുമേലി പൊലീസ് തേജസിനെ തേജോവധം ചെയ്യാൻ തുടങ്ങി. കസ്റ്റഡിയിൽ ലഭിക്കാതെ വന്നപ്പോൾ ബന്ധുവീടുകളിൽ തിരഞ്ഞുപോയി. തേജസ് കുഴപ്പക്കാരനും ഗുണ്ടയുമാണ് എന്ന് സ്ഥാപിക്കാൻ ശ്രമം തുടങ്ങി. തേജസിനെ ലഭിക്കാതെ വന്നപ്പോൾ തേജ്‌സിന്റെ ഭാര്യാവീട്ടിൽ അർദ്ധരാത്രിയിൽ പൊലീസ് കടന്നുകയറി. കൊടുംകുറ്റവാളിയെ തിരയുന്നതുപോലെ പൊലീസ് അതിക്രമം കാട്ടി. വൃദ്ധനായ ഭാര്യാ പിതാവിനെ അർദ്ധരാത്രി എരുമേലി സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് വിട്ടയച്ചത് പിറ്റേന്ന് വൈകുന്നേരവും. വേറൊരു സ്റ്റേഷൻ പരിധിയിലുള്ള തേജസിന്റെ ഗർഭിണിയായ ഭാര്യയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. അവിടുത്തെ സിഐ എതിർത്തപ്പോൾ പൊലീസ് ഭാര്യയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എല്ലാം തേജസിന്റെ ജീവനക്കാരൻ നൽകിയ വ്യാജ പരാതിയുടെ പേരിൽ.

കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് മനസിലാക്കിയ തേജസ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി. തുടർന്ന് ഐജി തല അന്വേഷണത്തിൽ ജീവനക്കാരന്റെ പരാതി വാസ്തവവിരുദ്ധമെന്നു തെളിയുകയായിരുന്നു. പത്തനംതിട്ട ജില്ലയിൽ നടന്ന സംഭവം തിരുവനന്തപുരം അസിസ്റ്റന്റ്‌റ് കമ്മിഷണർ ആണ് അന്വേഷിച്ചത്. ഈ അന്വേഷണത്തിലാണ് ജീവനക്കാരന്റെ പരാതി വ്യാജമെന്ന് തെളിയുന്നത്. ഇതോടെ സിഐയ്ക്ക് എതിരെ വകുപ്പുതല നടപടി വരുകയായിരുന്നു. മർദ്ദിച്ചു എന്ന് തൊഴിലാളി പറഞ്ഞ സമയത്തിനു ശേഷം ഇവരുടെ ജീപ്പിൽ തേജസും തൊഴിലാളിയും ഒരുമിച്ച് സഞ്ചരിക്കുന്നത് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു. ഈ സമയം ജീപ്പ് ഓടിച്ചത് തേജസിന്റെ തൊഴിലാളി തന്നെയായിരുന്നു. തുടർന്ന് പരാതിയിൽ കാമ്പില്ലെന്നും പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്നും അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് എരുമേലി സിഐയ്ക്ക് സസ്‌പെൻഷൻ വന്നത്.

എരുമേലി സിഐ പിന്തുടർന്ന് വേട്ടയാടിയെന്ന് തേജസ്:

എനിക്ക് എരുമേലിയിൽ മര വ്യാപാരമാണ്. ആറു മാസം മുൻപാണ് അലക്‌സ് എന്ന ജീവനക്കാരൻ എന്റെ വീട്ടിൽ ജോലി തേടി എത്തിയത്. ഇവന്റെ കുടുംബ പശ്ചാത്തലം അന്വേഷിക്കാതെയാണ് അലക്‌സിനെ ജോലിക്ക് എടുത്തത്. അലക്‌സ് കൊടുത്ത വ്യാജ പരാതിയാണ് എനിക്ക് കയ്‌പേറിയ അനുഭവമായി മാറിയത്. അലക്‌സിന്റെ വ്യാജ പരാതി വെച്ച് എരുമേലി സിഐ എന്നോടു വ്യക്തിവിദ്വേഷം തീർക്കുകയായിരുന്നു. എന്റെ ജീവനക്കാരൻ ഞാൻ മർദ്ദിച്ചു എന്ന് പറഞ്ഞു പരാതി നൽകിയപ്പോൾ ആ അവസരം എരുമേലി സിഐ ദിലീപ് ഖാനും ചില രാഷ്ട്രീയ നേതാക്കളും ഉപയോഗിക്കുകയായിരുന്നു. ജീവനക്കാരൻ നൽകിയത് വ്യാജ പരാതിയായിരുന്നു. എന്റെ ടാബ് ഈ ജീവനക്കാരൻ കൊണ്ടുപോയി. തിരികെ നൽകിയില്ല. അതിനു ഞാൻ വഴക്ക് പറഞ്ഞു. അത് വീട്ടിലുണ്ട് എന്ന് പറഞ്ഞു. വീട്ടിൽ പോയപ്പോൾ ടാബ് തന്നു. പക്ഷെ അത് പൊട്ടിയിരിക്കുകയാണ്. ഞാൻ വഴക്ക് പറഞ്ഞു. എന്റെ ഡ്രൈവർ കൂടിയാണ് ഈ പയ്യൻ.

പതിനൊന്നു മണിക്കാണ് ഞാൻ ജോലിക്കാരനെ വഴക്ക് പറയുന്നത്. അതിനു ശേഷവും എന്റെ കൂടി ഇവൻ ഡ്രൈവർ ആയി വന്നിട്ടുണ്ട്. ഇതേ ദിവസം അവൻ അമ്മയുടെ എടിഎം കാർഡ് വാങ്ങി കാശ് എടുത്തു കൊണ്ടുപോയി. കാശ് അവൻ സ്വന്തം കയ്യിലാണ് വെച്ചത്. എടിഎം കാർഡ് കമ്പനിയിൽ നൽകിയിരുന്നു. അതിന്റെയും സിസിടിവി ദൃശ്യങ്ങൾ എന്റെ കൈവശമുണ്ട്. അതേ ദിവസം ചില രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിന് തുടർന്ന് ഇവൻ കോട്ടയം മെഡിക്കൽ കോളേജിൽ അഡ്‌മിറ്റാക്കി. ഞാൻ കമ്പി വടിക്ക് അടിച്ച് എന്നാണ് പരാതി നൽകിയത്. അവന്റെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ ഒരു പരുക്കും രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടും എരുമേലി സിഐ ദിലീപ് ഖാൻ പ്രതികാര നടപടിപോലെ അലക്‌സിന്റെ പരാതി കാണുകയായിരുന്നു. ഇതിനെ തുടർന്നാണ് എന്റെ നേർക്കുള്ള ദിലീപ് ഖാന്റെ വേട്ടയാടൽ വന്നത്. അലക്‌സിന്റെ പരാതിയിൽ ജാമ്യം ലഭിക്കാത്ത 308 വകുപ്പ് കൂടി അലക്‌സ്ഖാൻ എഴുതി ചേർത്തു. ഇതോടെ ജാമ്യമില്ലാ കേസിൽ ഞാൻ അകപ്പെട്ടു.

അലക്‌സിന്റെ പരാതി ലഭിച്ചിട്ട് മൂന്നു ദിവസത്തിനു ശേഷം അലക്‌സിന്റെ അമ്മ വേറൊരു പരാതി കൂടി എനിക്ക് എതിരെ പൊലീസ് സ്റ്റേഷനിൽ നല്കി. അന്നേ ദിവസം അവന്റെ അമ്മ എന്റെ വീട്ടിൽ വന്നു ഊണ് കഴിച്ചതാണ്. ഈ അമ്മ തന്നെയാണ് ഞാൻ അവരെ മർദ്ദിച്ചു എന്ന് പറഞ്ഞു എനിക്കെതിരെ പരാതി നൽകിയത്. ഇതും കേസായി. ഞാൻ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു നല്കാൻ ഓർഡർ ഇട്ടു. ഇതേ സമയം തന്നെയാണ് എന്റെ ഭാര്യവീട്ടിൽ കടന്നു കയറി ദിലീപ് ഖാൻ അതിക്രമം കാണിക്കുന്നത്. രാത്രി രണ്ടു മണിക്കാണ് വീട്ടിൽ കയറിയത്. ഭാര്യാ മാതാവിനെ തള്ളിയിട്ടശേഷമാണ് ഭാര്യാ പിതാവിനെ സ്റ്റേഷനിൽ എത്തിച്ചത്. ഇതെല്ലാം അന്വേഷണത്തിൽ തെളിഞ്ഞ വസ്തുതയാണ്. വീട്ടിൽ നിന്നും ഭാര്യാ പിതാവിനെ കൊണ്ടുപോയത് 22 കിലോമീറ്റർ അകലെയുള്ള അദ്ദേഹത്തിന്റെ തോട്ടത്തിലാണ്. പിന്നെ ഭാര്യാ പിതാവിന്റെ ബന്ധുവീടുകളിൽ വെറുതെ അദ്ദേഹത്തെയും കൊണ്ട് ചെന്നു. എല്ലാം എന്നെ നാറ്റിക്കാൻ. അവിടെ നിന്നും പിന്നെ 40 കിലോമീറ്റർ അകലെയുള്ള ആനവിലാസത്തുള്ള എന്റെ പെങ്ങളുടെ വീട്ടിൽ പോയി. അവിടെ പോയി അവരുടെ വീട്ടിൽ ചെന്നും എന്നെ നാറ്റിച്ചു. പിന്നെ ഭാര്യാപിതാവിനെ സ്റ്റേഷനിൽ എത്തിച്ചത് പിറ്റേന്ന് രാവിലെ ഒമ്പതുമണിക്കാണ്. ഹൈ ഷുഗർ പെഷ്യന്റാണ് 71 വയസുള്ള ഭാര്യാ പിതാവ് അതും ഓർക്കണം. വൈകീട്ടാണ് അദ്ദേഹത്തെ വിട്ടത്. നാല് ദിവസം അദ്ദേഹത്തിനു ആശുപത്രിയിൽ കിടക്കേണ്ടിയും വന്നു. അദ്ദേഹം എന്ത് തെറ്റാണ് ചെയ്തത്.

എന്റെ ഭാര്യ ഗർഭിണിയാണ്. അവൾ മാവേലിക്കര ഒരു കോളെജിൽ പഠിച്ചു കൊണ്ടിരിക്കുകയാണ്. കോളെജ് ഹോസ്റ്റലിലാണ് തങ്ങുന്നത്. എരുമേലിയിൽ നിന്നും ഒരു വണ്ടി പൊലീസ് പോയാണ് രാത്രി രണ്ടു മണിയോടെയാണ്. അവളെ ചോദ്യം ചെയ്ത ശേഷം രാവിലെ ആറു മണിക്ക് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. അവിടുത്തെ സിഐ അവിടുന്ന് ചോദ്യം ചെയ്യാൻ കഴിയില്ലാ എന്ന് തീർത്ത് പറഞ്ഞു. എന്ത് കരണത്താലാണ് ഇവിടെ കൊണ്ട് വന്നത് എന്ന് ചോദിക്കുകയും ചെയ്തു. അവൾ പൊലീസ് സ്റ്റേഷനിൽ തലകറങ്ങി വീണതോടെ ചെങ്ങന്നൂർ സഞ്ജീവനി ആശുപത്രിയിൽ അവളെയും അഡ്‌മിറ്റാക്കേണ്ടി വന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോൾ വന്ന ഐജി തല അന്വേഷണത്തിലാണ് സത്യം തെളിഞ്ഞത്. വ്യാജ പരാതിയുടെ പേരിൽ എന്റെ ഭാര്യാ പിതാവിനും ഗർഭിണിയായ ഭാര്യയ്ക്ക് നേരെയും കൈക്കൊണ്ട നടപടി കാരണമാണ് ദിലീപ് ഖാന് സസ്പൻഷൻ വന്നത്-തേജസ് പറയുന്നു.

ഇപ്പോൾ നിയമപോരാട്ടം വഴി തനിക്ക് നീതി ലഭിച്ചു എന്നാണ് തേജസ് പറയുന്നത്. പക്ഷെ അതിനുവേണ്ടി കോടതി വഴിയും മുഖ്യമന്ത്രി വഴിയും പോരാടേണ്ടി വന്നു. വ്യാജ പരാതിയുടെ പേരിൽ പൊലീസ് പ്രതികാര നടപടിയുമായി നീങ്ങിയാൽ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണ് എനിക്ക് നേരിടേണ്ടി വരുന്ന സംഭവങ്ങൾ. പക്ഷെ ഇപ്പോൾ നീതി ലഭിച്ചിരിക്കുന്നു. പക്ഷെ പൊലീസ് യഥാവിധി നടപടി സ്വീകരിച്ചില്ലെങ്കിൽ പരാതിക്കാർ കുഴയും. എത്ര പേർക്ക് നീതി തേടി പോരാടാൻ കഴിയും-തേജസ് ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP