Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിഎൻപിസി ഗ്രൂപ്പ് തുടങ്ങിയ ദമ്പതികളെ തേടി എക്‌സൈസ് സംഘം ഇന്ന് വീട്ടിലെത്തി; ഇരുവരും ഒളിവിലായതിനാൽ വെറും കയ്യോടെ മടക്കം; മദ്യം വിൽക്കാൻ കൂപ്പൺ അടിച്ച് കൊടുത്തെന്ന് ആരാപിച്ച് ചാർജ് ചെയ്തിരിക്കുന്നത് ജാമ്യം ഇല്ലാ വകുപ്പ്; സൈബർ നിയമം കൂടി ചേർത്ത് അജിത്തിനേയും വിനീതയേയും പൂട്ടാൻ ഉറച്ച് സിങ്കം; സോഷ്യൽ മീഡിയയിൽ രോഷം പതഞ്ഞ് പൊന്തിയതോടെ ഗ്രൂപ്പിലെ അംഗത്വം ഉയരുന്നു

ജിഎൻപിസി ഗ്രൂപ്പ് തുടങ്ങിയ ദമ്പതികളെ തേടി എക്‌സൈസ് സംഘം ഇന്ന് വീട്ടിലെത്തി; ഇരുവരും ഒളിവിലായതിനാൽ വെറും കയ്യോടെ മടക്കം; മദ്യം വിൽക്കാൻ കൂപ്പൺ അടിച്ച് കൊടുത്തെന്ന് ആരാപിച്ച് ചാർജ് ചെയ്തിരിക്കുന്നത് ജാമ്യം ഇല്ലാ വകുപ്പ്; സൈബർ നിയമം കൂടി ചേർത്ത് അജിത്തിനേയും വിനീതയേയും പൂട്ടാൻ ഉറച്ച് സിങ്കം; സോഷ്യൽ മീഡിയയിൽ രോഷം പതഞ്ഞ് പൊന്തിയതോടെ ഗ്രൂപ്പിലെ അംഗത്വം ഉയരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ചുരുക്കി പറഞ്ഞാൽ ജിഎൻപിസി, ഇവർ ചെയ്ത കുറ്റം മദ്യപാനം പ്രോത്സാപിച്ചുവെന്നതാണ് എന്നാണ് എക്‌സൈസ് ഉന്നയിക്കുന്ന വാദം. മദ്യ വിൽപ്പന നടത്താൻ കൂപ്പൺ അടിച്ച് വിതരണം ചെയ്‌തെന്ന് ഉൾപ്പടെ ജാമ്യമില്ലാ വുപ്പുകൾ ഉൾപ്പെടുത്തിയാണ് ജിഎൻപിസി സ്ഥാപകൻ അജിത് കുമാറിനും ഭാര്യ വിനീതയ്ക്കും എതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് എക്‌സൈസ്. ഇതിനായി ഇവരുടെ വീട്ടിൽ ഇന്ന് സംഘം എത്തിയെങ്കിലും അജിത് കുമാറും ഭാര്യയും ഇല്ലായിരുന്നു. ഇവർ ഒളിവിലാണെന്നാണ് എക്‌സൈസ് നൽകുന്ന വിശദീകരണം. ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പിൽ 18 ലക്ഷം അംഗങ്ങളാണ് നിലവിൽ ഉള്ളത്. സീക്രട്ട് ഗ്രൂപ്പ് ആയതിനാൽ തന്നെ അംഗങ്ങൾക്ക് മാത്രമാണ് ഗ്രൂപ്പിലെ പോസ്റ്റുകൾ കാണാൻ കഴിയുന്നത്.ഗ്രൂപ്പിൽ അംഗങ്ങൾ മദ്യപിക്കുന്ന ചിത്രങ്ങളും വീഡിയോകളും വ്യാപകമായി ഷെയർ ചെയ്തുവെന്നും ഇത് മദ്യപാനത്തിന് പ്രോത്സാഹനം നൽകുന്ന സംഭവമാണെന്നുമാണ് എക്‌സൈസ് പറയുന്നത്.

ഇതിന് പുറമെ ഉന്നയിക്കുന്ന ഏറ്റവും ഗുരുതരമായ ആരോപണം മദ്യം വിൽക്കാൻ കൂപ്പൺ അടിച്ച് വിതരണം ചെയ്തു എന്നതാണ്. അഡ്‌മിനായ അജിത് കുമാർ കൂപ്പണുകൾ അടിച്ച ശേഷം അത് പലർക്കും വിതരണം ചെയ്തു. ഈ കൂപ്പൺ ബാറുകളിൽ കാണിച്ചാൽ ഡിസ്‌കൗണ്ട് ലഭിക്കുമെന്നും നിർദ്ദേശിച്ചതായിട്ടാണ് എക്‌സൈസ് പറയുന്നത്. ഇത്തരത്തിൽ മദ്യത്തിന്റെ വിൽപ്പനയുടെ അളവ് കൂട്ടാൻ സഹായിച്ച് ധനം സമ്പാദിച്ചതിലൂടെ മദ്യവിൽപ്പന അനതികൃതമായി നടത്തി എന്ന കേസിൽ ഉൾപ്പെടുത്തിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്. അജിത് കുമാറിനേയും മറ്റൊരു അഡമിനായ ഭാര്യ വിനീതയേയും അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ഇന്നലെ വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്തിയില്ലെന്നും ഒളിവിലാണെന്നുമാണ് എക്‌സൈസ് പറയുന്നത്. എക്‌സൈസ് ആക്റ്റിൽ ഉൾപ്പെടുത്തിയാണ് കേസുകൾ എടുത്തിട്ടുള്ളത്.

2017 മെയ്ദിനത്തിൽ ആരംഭിച്ച ഗ്രൂപ്പിന്റെ വളർച്ച പെട്ടന്നായിരുന്നു ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗ്രൂപ്പായി മാറിയപ്പോൾ മദ്യപാനത്തിന് പ്രോത്സാഹനം നൽകുന്ന ചിത്രങ്ങൾ അംഗങ്ങളെ കൊണ്ട് പോസ്റ്റ് ചെയ്യിപ്പിച്ചുവെന്നാണ് വിശദീകരണം. ഗ്രൂപ്പിൽ 23 വയസ്സിന് താഴെയുള്ളവർ അംഗങ്ങളല്ലെങ്കിലും മദ്യപിക്കുന്ന ചിത്രങ്ങൾ അംഗങ്ങൾ തന്നെ പോസ്റ്റ് ചെയ്തതിൽ നിരവധി ചിത്രങ്ങളിലും കുട്ടികൾ കൂടി ഉൾപ്പെട്ടതോടെ ജുവനൈൽ ആക്റ്റ് പ്രകാരമുള്ള കേസും എടുത്തിട്ടുണ്ട്. അഡ്‌മിന്മാർക്ക് പുറമെ ഗ്രൂപ്പ് മോഡറേറ്റർമാർക്കെതിരെയും കേസെടുക്കാൻ ഒരുങ്ങുകയാണ് എക്‌സൈസ് ഇപ്പോൾ.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാൻ ശീലിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നുമാണ് കൂട്ടായ്മയുടെ അവകാശവാദം.അത് പോലെ തന്നെ മദ്യം മാത്രമല്ല ഏതൊരും പാനീയത്തെക്കുറിച്ചും പോസ്റ്റുകൾ ഇടാമെന്നും മദ്യപാനം മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നത് എന്ന് പറയുന്നത് തെറ്റാണെന്നും അവർ വാദിക്കുന്നുണ്ട്. എന്നാൽ ഈ വാദം മദ്യവിരുദ്ധ സംഘടനകൾ തള്ളുകയാണ്. ജിഎൻപിസി എന്ന കൂട്ടായ്മയിൽ മദ്യപാനം വ്യാപകമായി പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ഇവരുടെ പരാതി. മദ്യകച്ചവടക്കാരുടെ വ്യാപകമായ പിന്തുണയും ഗ്രൂപ്പിനുണ്ടെന്ന് അവർ ആരോപിക്കുന്നു. ഫേസ്‌ബുക്ക് പേജിനെതിരേ നിയമനടപടികൾക്കും മദ്യനിരോധന സംഘടനകൾ നീക്കം തുടങ്ങി. ഇതാണ് ഋഷിരാജ് സിങ് ഏറ്റെടുത്തത്. സംസ്ഥാനത്ത് ലഹരിക്കെതിരേ വ്യാപകമായ ബോധവത്കരണം നടന്നു വരുന്നതിനിടയാണ് എങ്ങനെ മദ്യപിക്കണം, മദ്യത്തിന്റെ കൂടെ വേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം, പുതിയ ബ്രാൻഡുകൾ തുടങ്ങിയ കാര്യങ്ങൾ കൂട്ടായ്മ വഴി പ്രചരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് ഋഷിരാജ് സിങ് പറയുന്നത്.


ജിഎൻപിസി ഗ്രൂപ്പിൽ കൊച്ചു കുട്ടികളെ വരെ മദ്യത്തിന്റെ കൂടെ നിർത്തിയുള്ള ഫോട്ടോകൾ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് എക്സൈസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള ഫോട്ടോകൾ പ്രിന്റ് എടുത്ത് തെളിവിനായി സ്വീകരിച്ചു. പൊതുസമൂഹത്തിനു തെറ്റായ സന്ദേശവും മദ്യാസക്തിയുണ്ടാക്കുന്നതുമായ പ്രചാരണമാണ് ഗ്രൂപ്പ് നടത്തുന്നതെന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള വ്യാപകമായ ബോധവത്കരണം നടന്നുവരുന്നതിനിടെയായിരുന്നു ഇത്. ജി എൻ പി സി അംഗങ്ങൾക്ക് സംസ്ഥാനത്തെ ബാറുകളിൽ ഡിസ്‌കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിച്ചിരുന്നുവെന്നാണ് എക്സൈസ് ആരോപിക്കുന്നത്.

ജി എൻ പി സി മദ്യപാനത്തിനും മദ്യപിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്നതായും എക്‌സൈസ് കുറ്റപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് നിർദ്ദേശം നൽകിയതായി കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെ മദ്യപാനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകൾ ഗ്രൂപ്പിൽ അനുവദിക്കുന്നതല്ലെന്ന് അഡ്‌മിന്റേതായി കുറിപ്പും ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നിട്ടും ഈ ഗ്രൂപ്പിനെതിരെ നടപടിയെടുക്കുകയായിരുന്നു എക്സൈസ് ഗ്രൂപ്പ്. വിഷമദ്യം വിളമ്പുന്നവരെ പോലും രക്ഷിക്കാൻ ശ്രമിക്കുന്ന എക്സൈസ് നല്ല മദ്യത്തെ കുറിച്ചും ഭക്ഷണത്തെ കുറിച്ച് രസകരമായ കുറിപ്പെഴുതിയതിന് ചിലരെ കുടുക്കുന്നുവെന്ന വികാരമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

സംഭവം വിവാദമായതോടെ ഗ്രൂപ്പിലെ അംഗങ്ങളും സോഷ്യൽ മീഡിയയും അജിത് കുമാറിനും ഭാര്യ വിനീതയക്കും പിന്തുണയുമായി രംഗത്ത വന്നിട്ടുണ്ട്.അതേസമയം ജിഎൻപിസി എന്ന പേരിൽ വേറെയും ഗ്രൂപ്പുകൾ ഫേസ്‌ബുക്കിൽ സജീവമാണ്, അത്തരത്തിലുള്ള പല ഗ്രൂപ്പുകളിലും മദ്യപാനത്തിന് പ്രോത്സാഹനം നൽകുന്നുമുണ്. അത്തരക്കാരെ പിടികകൂടുന്നതിന് പകരം യാത്ര, ഭക്ഷണം, നല്ല ഭക്ഷണം കിട്ടുന്ന സ്ഥലം റെസ്‌പോൺസിബിൾ ഡ്രിങ്കിങ് എന്നിവ മാത്രം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരെ ബലിയാടാക്കുകയും ചെയ്യുന്ന നയത്തിനെതിരെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രതിഷേധം പതഞ്ഞ് പൊങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP