Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവിച്ചിരിക്കുന്ന അഞ്ചംഗ സുഹൃത്തൃക്കൾ മരിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം; കഥയറിയാതെ യാത്രാമൊഴിയും, ആദരാഞ്ജലികളും കമന്റ് ചെയ്ത് നാട്ടുകാരും സുഹൃത്തുക്കളും; വ്യത്യസ്ത അപകടങ്ങളിൽ മരിച്ചുവെന്ന് പ്രചരണം കാര്യമായത് കഴിഞ്ഞ ദിവസം പാലക്കാട് നടന്ന എട്ടുപേരുടെ മരണത്തിനിടയാക്കിയ അപകട വാർത്ത കൂടി പുറത്തുവന്നതോടെ; യുവാക്കളുടെ പരാതിയിൽ നുണ പ്രചാരകരെ തേടി പൊലീസും സൈബർസെല്ലും അന്വേഷണം തുടങ്ങി

ജീവിച്ചിരിക്കുന്ന അഞ്ചംഗ സുഹൃത്തൃക്കൾ മരിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം; കഥയറിയാതെ യാത്രാമൊഴിയും, ആദരാഞ്ജലികളും കമന്റ് ചെയ്ത് നാട്ടുകാരും സുഹൃത്തുക്കളും; വ്യത്യസ്ത അപകടങ്ങളിൽ മരിച്ചുവെന്ന് പ്രചരണം കാര്യമായത് കഴിഞ്ഞ ദിവസം പാലക്കാട് നടന്ന എട്ടുപേരുടെ മരണത്തിനിടയാക്കിയ അപകട വാർത്ത കൂടി പുറത്തുവന്നതോടെ; യുവാക്കളുടെ പരാതിയിൽ നുണ പ്രചാരകരെ തേടി പൊലീസും സൈബർസെല്ലും അന്വേഷണം തുടങ്ങി

ജംഷാദ് മലപ്പുറം

മലപ്പുറം: ജീവിച്ചിരിക്കുന്ന അഞ്ചംഗ സുഹൃത്തൃക്കൾ മരിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക വ്യാജ പ്രചരണം നടത്തിയവർക്കെരിരെ നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്തകേസിൽ സൈബർസെൽ അന്വേഷണം ആരംഭിച്ചു. നിലമ്പൂർ മേഖലയിലെ അഞ്ചംഗ സുഹൃത്തുക്കളായ യുവാക്കൾ വാഹനാപകടത്തിൽ മരിച്ചുവെന്ന് ഇവുടെ ഫോട്ടോസഹിതം വ്യാജ പ്രചരണം നടത്തിയവർക്കെതിരെയാണ് യുവാക്കളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചത്. സുഹൃത്തുക്കളായ യുവാക്കൾ പെരുന്നാളിന് ഊട്ടിയിൽ വിനോദ യാത്രപോയപ്പോൾ എടുത്ത സെൽഫി ഫോട്ടോ ഉപയോഗിച്ചാണ് ഇവർ വാഹനാപകടത്തിൽ മരണപ്പെട്ടതായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരണം നടത്തിയത്.

നേരത്തെ ഇടുക്കി, എറണാകുളം, തൃശൂർ ഭാഗങ്ങളിൽനടന്ന വാഹനാപകടത്തിൽ മരിച്ചുവെന്ന് പറഞ്ഞ ഇവരുടെ ഫോട്ടോ ഉപയോഗിച്ച് പ്രചരണം നടത്തിയെങ്കിലും ഇതൊന്നും കാര്യമായ ആളുകളിലെത്തിയില്ല, പീന്നീട് കഴിഞ്ഞ ദിവസം പാലക്കാട് എട്ടുപേരുടെ മരണത്തിനിടയാക്കിയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചതായി പ്രചരിച്ചതോടെയാണ് പ്രചരണം വൈറലായത്. പാലക്കാട് വാഹനാപകത്തിൽ എട്ടുപേർ മരിച്ചതായി ടി.വി ചാനലുകളിലും സോഷ്യൽ മീഡിയയിലും പ്രചരണം നടക്കുന്നതിനിടയിലാണ് യുവാക്കളുടെ സെൽഫി ഫോട്ടോ സഹിതം മരണപ്പെട്ട യുവാക്കളെന്ന നിലയിൽ പ്രചരണം നടത്തിയത്.

ഇതോടെ യഥാർഥത്തിൽമരണപ്പെട്ടവരുടെ വിവരങ്ങൾ അറിയുന്നതിന് മുമ്പെ ഇവരുടെ ഫോട്ടോയും വിവരങ്ങളും വ്യാപകമായി പ്രചരിച്ചത്. ഇതോടെ യുവാക്കളുടെ ഫോണുകളിലേക്കും, ഇവരുടെ രക്ഷിതാക്കൾക്കുംവരെ നിരവധി ഫോൺകോളുകൾ വന്നത്. അയൽവാസികൾ വീട്ടിലെത്തി അന്വേഷിക്കുന്ന അവസ്ഥപോലുമുണ്ടായി. ഇതോടെയാണ് യുവാക്കൾ നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്. മമ്പാട് സ്വദേശികളായ അജ്നാസ് നടുവക്കാട്, ജംഷീർ തൃക്കൈക്കുത്ത്്, ജംഷീദ് കൂളിക്കൽ, ആസിഫ് ഓടായിക്കൽ, അഫ്ലു എടക്കര എന്നിവരാണ് പരാതി നൽകിയത്. ഇവരുടെ സെൽഫി ഫോട്ടോയാണ് മരണപ്പെട്ടതായി കാണിച്ച് പ്രചരണം നടന്നത്.

ഇതോടെ കഥയറിയാതെ പ്രപചരിച്ച യുവാക്കളുടെ ഫോട്ടോകൾക്ക് താഴെ നാട്ടുകാരും സുഹൃത്തുക്കളും വരെ യാത്രാമൊഴിയും, ആദരാഞ്ജലികളും കമന്റ് ചെയ്തു, യുവാക്കളുടെ മരണത്തിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി എന്ന തലക്കെട്ടോയാണ് ഇവരുടെ ഫോട്ടോ ഫേസ്ബക്കിലും, വാട്സ് ആപ്പ് വഴിയും പ്രചരിച്ചിരുന്നത്. സംഭവം യുവാക്കളുടെ ബന്ധുക്കൾക്കും, രക്ഷിതാക്കൾക്കും ഏറെ മാനസിക വിഷമമുണ്ടാക്കി. ഇവരുടെ കൂടി നിർദ്ദേശ പ്രകാരമാണ് യുവാക്കൾ പരാതിയുമായി നിലമ്പൂർ പൊലീസ് സ്റ്റേഷനിലെത്തിയത്. യുവാക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത നിലമ്പൂർ പൊലീസ് വ്യാജ പ്രചരണം നടത്തിയവരുടെ വിവരങ്ങൾക്കായി സൈബർസെല്ലിന് വിവരം കൈമാറി. നിലവിൽസൈബർസെല്ലാണ് ഇത്തരം പ്രചരണം നടത്തിയവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചത്. സൈബർ സെല്ലിൽനിന്നു വിവരം ലഭിക്കുന്ന മുറക്ക് അടുത്ത നടപടി സ്വീകരിക്കുമെന്നു നിലമ്പൂർ സിഐ: രൂപേഷ് പറഞ്ഞു.

പാലക്കാട് തണ്ണിശ്ശേരിയിലാണ് ആംബുലൻസും മീൻലോറിയും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചത്. ഈ അപകടത്തിലാണ് യുവാക്കൾ മരിച്ചുവെന്ന് പ്രചരണം നടത്തിയത്. ആംബുലൻസിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽ മരിച്ചത്. നെന്മാറയിൽ നിന്ന് പാലക്കാട് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്.വാടാനംകുറിശ്ശി സ്വദേശികളായ സുബൈർ, ഫവാസ്, നാസർ, ഷൊർണൂർ സ്വദേശികളായ ഉമ്മർ ഫറൂഖ്, ഷാഫി, നെന്മാറ സ്വദേശികളായ സുധീർ, വൈശാഖ്, നിഖിൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. അതേസമയം അപകടത്തിന് കാരണം ലോറിയുടെ വേഗമല്ലെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് കാരണം ആംബുലൻസ് ഡ്രൈവറുടെ അശ്രദ്ധയായിരിക്കാമെന്നും നിഗമനമുണ്ട്.

കഴിഞ്ഞ ഞായറാഴച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. നെല്ലിയാമ്പതിയിൽ വിനോദയാത്ര പോകവെ ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടിരുന്നു. തുടർന്ന് നെന്മാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ആംബുലൻസ് അപകടത്തിൽ പെട്ടത്. നെല്ലിയാമ്പതിയിലെ അപകടത്തിൽ ഇവർക്ക് ചെറിയ പരിക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അപകട വിവരം അറിഞ്ഞ് നാട്ടിൽ നിന്ന് ചില ബന്ധുക്കൾ നെന്മാറയിൽ എത്തിയിരുന്നു.ഇവിടെ നിന്ന് ബന്ധുക്കളിൽ രണ്ടുപേർ ഇവരോടൊപ്പം ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് കൂടെ വന്നിരുന്നുവെന്നാണ് വിവരം. അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നാണ് വിവരം. ആംബുലൻസ് വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുക്കാൻ സാധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP