Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുക്കുപണ്ടം വച്ചു തട്ടിപ്പ് വ്യാപകം; കാസർകോടു മുട്ടത്തൊടി ബാങ്കിൽ നാലുകോടിയുടെ തട്ടിപ്പ് തെളിഞ്ഞതോടെ സഹകരണമേഖലയിൽ ആശങ്ക; അപ്രൈസർമാരും മാനേജർമാരും ഒത്തുകളിക്കുന്നതു ഭൂമി- ബ്ലെയ്ഡ് മാഫിയകൾക്കായി

മുക്കുപണ്ടം വച്ചു തട്ടിപ്പ് വ്യാപകം; കാസർകോടു മുട്ടത്തൊടി ബാങ്കിൽ നാലുകോടിയുടെ തട്ടിപ്പ് തെളിഞ്ഞതോടെ സഹകരണമേഖലയിൽ ആശങ്ക; അപ്രൈസർമാരും മാനേജർമാരും ഒത്തുകളിക്കുന്നതു ഭൂമി- ബ്ലെയ്ഡ് മാഫിയകൾക്കായി

രഞ്ജിത് ബാബു

കാസർഗോഡ്: സഹകരണബാങ്കിൽ മുക്കുപണ്ടംവച്ചു തട്ടിപ്പ് നടത്തുമ്പോഴും സഹകരണ വകുപ്പും സർക്കാരും നോക്കുകുത്തിയായി നിലകൊള്ളുന്നു. പാവപ്പെട്ടവനും സാധാരണക്കാരനും അത്യാവശ്യഘട്ടത്തിൽ ധനസഹായം ലഭിക്കുന്ന ഈ രംഗം ഇന്നു കോടികളുടെ തട്ടിപ്പ് നടത്തുന്നവരുടെ വിഹാരകേന്ദ്രമായി മാറുന്ന തെളിവുകൾ ഒട്ടേറെ.

മുക്കുപണ്ടം പണയം വച്ച് കാസർഗോഡ് മുട്ടത്തൊടി സർവ്വീസ് സഹകരണബാങ്കിൽനിന്നും തട്ടിപ്പുസംഘം നേടിയത് നാലുകോടി രൂപയാണെന്നു തെളിഞ്ഞതോടെ കെടുകാര്യസ്ഥത സഹകരണമേഖലയെ വരിഞ്ഞുമുറുക്കുകയാണ്. ബാങ്കിലെ അപ്രൈസർമാരും മാനേജർമാരും നടത്തുന്ന ഒത്തുകളിയിലൂടെയാണ് വൻകിട മാഫിയാ സംഘങ്ങൾ വ്യാജസ്വർണം വച്ച് ലക്ഷങ്ങളും കോടികളും വായ്പയെടുക്കുന്നത്. കാർഷികാവശ്യത്തിനെന്ന മറവിൽ കുറഞ്ഞ പലിശക്ക് ലഭിക്കുന്ന വായ്പ ബ്ലേഡ് മാഫിയക്കാരുടേയും ലാൻഡ് മാഫിയക്കാരുടേയും കയ്യിലാണ് എത്തുന്നത്.

ഈ മാസം ഒന്നാം തീയതി മുട്ടത്തൊടി സർവ്വീസ് സഹകരണ ബാങ്കിൽനിന്നും തൈവളപ്പ് സ്വദേശി കെ.എ. അബ്ദുൾ മജീദ് മുക്കുപണ്ടം വച്ച് ഏഴു ലക്ഷം രൂപ വായ്പയെടുത്തതോടെയാണ് തട്ടിപ്പുകഥ പുറത്തറിഞ്ഞത്. ആദ്യം അമ്പതുലക്ഷം രൂപയുടെ തട്ടിപ്പാണെന്നാണ് പുറത്തുവന്നത്. എന്നാൽ പിന്നീട് പൊലീസും സഹകരണ വകുപ്പും ചേർന്നു നടത്തിയ അന്വേഷണത്തിൽ തട്ടിപ്പുസംഖ്യ നാലു കോടിയായി ഉയർന്നു. മുക്കുപണ്ടം പണയപ്പെടുത്തി 137 ഇടപാടുകളിലൂടെ 3,70,62,766 രൂപയാണ് നായന്മാർ മൂലയിലെ ബാങ്കുശാഖയിൽനിന്നും തട്ടിയെടുത്തത്. ഇതേ ബാങ്കിന്റെ വിദ്യാനഗർ ശാഖയിൽനിന്നും 22,25,000 രൂപയും തട്ടിയെടുത്തിട്ടുണ്ട്. പല വ്യക്തികളുടേയും വ്യാജരേഖയുണ്ടാക്കിയാണ് മുക്കുപണ്ടം പണയപ്പെടുത്തിയത്. ബാങ്കിനകത്തുനിന്നു തന്നെ ഇതിന് വ്യക്തമായ ഒത്താശ നൽകിയിട്ടുണ്ടെന്ന് ഇതിലൂടെ വ്യക്തമാകുന്നു.

ഇടപാടുകാർ കൊണ്ടു വരുന്ന സ്വർണം അപ്രൈസർമാരാണ് സാധാരണ പരിശോധിക്കാറുള്ളത്. സ്വർണ്ണമാണെന്ന് അപ്രൈസർമാർ ഉറപ്പിച്ചാൽ എണ്ണം കണക്കാക്കി തൂക്കി കവറിലാക്കി ബാങ്ക് മാനേജർക്ക് നൽകും. ഇടപാടുകാരുടെ മുന്നിൽ വച്ച് കവർ ഒന്നു കൂടി തുറന്ന് എണ്ണിയശേഷം മാനേജർ പണം നൽകാനുള്ള നിർദ്ദേശം നൽകാറാണ് സഹകരണ ബാങ്കുകളിലെ പതിവ്. ഇങ്ങനെ പരിശോധിച്ചാൽ പോലും സ്വർണം പൂശിയതാണെങ്കിൽ കണ്ടുപിടിക്കാമെന്നല്ലാതെ കട്ടിയായി കവർ ചെയ്ത സ്വർണ്ണത്തിന്റെ അകത്ത് മറ്റ് ലോഹങ്ങൾ ഉണ്ടെങ്കിൽ തിരിച്ചറിയാനാകില്ലെന്ന് അപ്രൈസർമാർ പറയുന്നു. കാരറ്റ് മീറ്ററാണ് വ്യാജ സ്വർണം കണ്ടെത്താനുള്ള പോംവഴി. എന്നാൽ ഗുണമേന്മയുള്ള മീറ്റർ വാങ്ങാൻ ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്നതിനാൽ അത് നടപ്പാവില്ല.

നേരത്തെതന്നെ സംശയത്തിന്റെ മുൾമുനയിലുള്ള ആളായിരുന്നു മുട്ടത്തൊടി ബാങ്കിന്റെ വിദ്യാനഗർ ശാഖയിലെ മാനേജർ ടി.ആർ സന്തോഷ് കുമാർ. പണയ സ്വർണ്ണത്തിന് പരിധിയിലധികം തുക വായ്പ നൽകിയതിന്റെ പേരിൽ അച്ചടക്ക നടപടിക്ക് ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇയാളുടെ ഭാര്യയുടെ പേരിൽ 56,00,000 രൂപയുടെ ഇടപാടുകളുമുണ്ട്. എന്നാൽ പൊലീസ് ഭാര്യയെ ചോദ്യം ചെയ്തപ്പോൾ അങ്ങനെ ഒരു അക്കൗണ്ട് ഉള്ളതായി തനിക്ക് അറിയില്ലെന്നാണ് അവരുടെ മൊഴി. ഒട്ടേറെ ബാങ്കുകളിൽ സന്തോഷ് കുമാറിന്റെ പേരിൽ അക്കൗണ്ട് ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സന്തോഷ് കുമാർ ഇപ്പോൾ ഒളിവിലാണ്. ബാങ്കിന്റെ സായാഹ്ന ശാഖയിൽ നിന്നും 13,00,000 രൂപയുടെ സ്വർണം കാണാതായിട്ടുണ്ട്. ഇത് പണയം വെക്കാതെ വായ്പ നൽകിയതാണെന്ന വിവരവുമുണ്ട്. പണയപ്പെടുത്തിയ ചില രേഖകളും സന്തോഷ് കുമാറിന്റെ വീട്ടിൽനിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മുക്കുപണ്ടം പണയം വച്ച് വായ്പ എടുക്കുന്ന സംഘത്തിന് നിർദ്ദേശം നൽകുന്നത് സന്തോഷ് കുമാറാണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ജില്ലയിലെ മറ്റുസഹകരണ ബാങ്കുകളിലും സമാന തട്ടിപ്പ് അരങ്ങേറിയിട്ടുണ്ടാവണം. ഇതേക്കുറിച്ചും സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മുക്കുപണ്ടകേസിൽ നേരത്തെ അറസ്റ്റ് ചെയ്ത അപ്രൈസർ ടി.വി. സത്യപാലൻ, മുക്കുപണ്ടം പണയം വച്ച അബ്ദുൾ മജീദ്, ഭീമനടിയിലെ ജയരാജ് എന്നിവരെ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP