Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീകളെ സംസാരിച്ചുവശത്താക്കാൻ അസാമാന്യ വിരുത്; അത്ഭുതസിദ്ധിയുള്ള തങ്ങളെന്ന് നാട്ടുകാരെ പറഞ്ഞുപാട്ടിലാക്കി; തട്ടിപ്പിനിരയായത് കുട്ടികളില്ലാത്തവരും ബിസിനസ് തകർന്നവരും മക്കളുടെ വിദ്യാഭ്യാസം നന്നാക്കാൻ വഴി തേടിയവരും; 12 പവൻ സ്വർണം മുതൽ 20 ലക്ഷം രൂപ നഷ്ടപ്പെട്ടവരുമടക്കം പരാതിക്കാരുടെ വൻനിര; കോഴിക്കോട് പുള്ളന്നൂരിൽ കൊട്ടാരസമാനമായ വീട്ടിൽ നിന്ന് വ്യാജ സിദ്ധൻ പിടിയിൽ

സ്ത്രീകളെ സംസാരിച്ചുവശത്താക്കാൻ അസാമാന്യ വിരുത്; അത്ഭുതസിദ്ധിയുള്ള തങ്ങളെന്ന് നാട്ടുകാരെ പറഞ്ഞുപാട്ടിലാക്കി; തട്ടിപ്പിനിരയായത് കുട്ടികളില്ലാത്തവരും ബിസിനസ് തകർന്നവരും മക്കളുടെ വിദ്യാഭ്യാസം നന്നാക്കാൻ വഴി തേടിയവരും;  12 പവൻ സ്വർണം മുതൽ 20 ലക്ഷം രൂപ നഷ്ടപ്പെട്ടവരുമടക്കം പരാതിക്കാരുടെ വൻനിര; കോഴിക്കോട് പുള്ളന്നൂരിൽ കൊട്ടാരസമാനമായ വീട്ടിൽ നിന്ന് വ്യാജ സിദ്ധൻ പിടിയിൽ

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: കോഴിക്കോട് മലയമ്മ പുള്ളന്നൂരിൽ അത്ഭുത സിദ്ധിയുള്ള തങ്ങളാണെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ച് മുങ്ങിയ പ്രതി പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി അബ്ദുൽ ഹഖീം ആണ് പിടിയിലായത്. പുള്ളന്നൂർ വടക്കും വീട്ടിൽ മുഹമ്മദിന്റെ ഭാര്യ സാബിറ കുന്ദമംഗലം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ വീടിന് സമീപമുള്ള കല്ലുംപുറം കുഴിമണ്ണിൽ ജുമാമസ്ജിദിന്റെ കീഴിലുള്ള വാടക ക്വാട്ടേഴ്സിൽ താമസിച്ചിരുന്ന അബ്ദുൽ ഹഖീം യുവതിയുടെ മകന്റെ അസുഖം മാറ്റി തരാമെന്ന് പറഞ്ഞ് 9 പവനും 12000 രൂപയും കവർന്നതായാണ് പരാതി. പരാതിക്കാരിയുടെ ഭർത്താവ് വിദേശത്ത് നിന്ന് വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

സംഭവം അറിഞ്ഞ ഭർത്താവ് അന്വേഷിച്ച് ചെന്നപ്പോൾ താമസ സ്ഥലത്ത് കാണാത്തതിനെ തുടർന്ന് യുവതി കുന്ദമംഗലം പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഇന്ന് കൂടുതലാളുകളാണ് പരാതിയുമായി എത്തിയിട്ടുള്ളത്. പരാതിക്കാരിൽ 20 ലക്ഷം രൂപ നഷ്ടമായ റിയൽ എസ്റ്റേറ്റ്കാരൻ മുതൽ 10 പവൻ നൽകിയ 12 വർഷമായി കുട്ടികളില്ലാത്ത യുവതി വരെയുണ്ട്. ഇന്ന് പുതുതായി 10 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലെ പ്രതിയുടെ കൊട്ടാര സമാനമായ വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മലയമ്മയിലെ താമസ്ഥലത്ത് നിന്ന് മുങ്ങിയതോടെയാണ് നാട്ടുകാർക്ക് സംശയം രൂപപ്പെട്ടത്. ഇന്നലെ വരെ ഒരുപരാതിയാണ് ഔദ്യോഗികമായി പൊലീസിന് ലഭിച്ചിരുന്നത്. ആരും മാനഹാനി ഭയന്ന് ഇതുവരെയും കാര്യങ്ങൾ പുറത്ത് പറഞ്ഞിരുന്നില്ല. കുട്ടികളില്ലാത്തവർ, ബിസിനസ് തകർന്നവർ, മക്കളുടെ വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയൊക്കെയാണ്് ആളുകൾ ഇയാളെ സമീപിച്ചിരുന്നത്. പലരിൽ നിന്നായും സ്വർണ്ണമായും പണമായും ഇയാൾ ലക്ഷങ്ങൾ കൈക്കലാക്കുകയും ചെയ്തിരുന്നു. പണവും സ്വർണ്ണവും വാങ്ങുന്നവരോട് ഇത് നൽകുന്നത് വീട്ടിലോ നാട്ടിലോ മറ്റാരും അറിയരുതെന്ന് ഇയാൾ നിർദ്ദേശം നൽകിയിരുന്നു. ഇങ്ങനെ ചെയ്യുന്ന കർമ്മങ്ങൾക്ക് ഫലം ലഭിക്കില്ലെന്നും ഇയാൾ വിശ്വസിപ്പിച്ചിരുന്നു. ഇതു വിശ്വസിച്ചവർ തങ്ങൾ നൽകിയ പണത്തിന്റെയും സ്വർണ്ണത്തിന്റെയും വിവരങ്ങൾ മറ്റാരെയും അറിയിച്ചിരുന്നുമില്ല. ഇപ്പോൾ ഇയാൾ അറസ്റ്റിലായപ്പോൾ മാനഹാനി ഭയന്നും പലരും പരാതി പറയാൻ തയ്യാറായിട്ടില്ല.

മലയമ്മയിലെ താമസ് സ്ഥലത്ത് നിന്ന് മുങ്ങിയ ഇയാളെ തേടി വളാഞ്ചേരിയിലെത്തിയപ്പോഴാണ് നാട്ടുകാർക്ക് ഇയാൾ നടത്തിയിരുന്ന തട്ടിപ്പുകളുടെ ഗൗരവം മനസ്സിലായത്. പലയിടങ്ങളിൽ നിന്നായി അഞ്ച് വിവാഹം കഴിച്ചയാളാണ് ഈ വ്യജസിദ്ധൻ. ആദ്യ ഭാര്യയെ ചവിട്ടി കൊന്ന ഇയാൾ ഈ ബന്ധത്തിലെ മൂന്നു പെൺകുട്ടികൾക്കും രണ്ടാം ഭാര്യയിലുണ്ടായ മൂന്നു പെൺകുട്ടികൾക്കുമൊപ്പം കൊട്ടാരം പോലുള്ള വീട്ടിലാണ് താമസം. മലയമ്മ പുള്ളാവൂരിൽ ഇയാളോടൊപ്പം താമസിച്ചിരുന്നത് ഒരു ഗൾഫുകാരന്റെ ഭാര്യയും ഈ സ്ത്രീയുടെ വിവാഹിതയായ മകളും ഇവരുടെ ആറു വയസ്സുള്ള മകനുമാണ്. ഇപ്പോൾ ഇയാളോടൊപ്പം താമസിച്ചുവന്നിരുന്ന ആറ് വയസ്സുള്ള കുട്ടിയുടെ പിതാവ് നേരത്തെ കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയിൽ പോയിരുന്നു. എന്നാൽ കുട്ടിയെ കോടതി മാതാവിനൊപ്പം വിടുകയായിരുന്നു. ഈ കുട്ടിയെ ഇയാൾ ക്രൂരമായി ഉപദ്രവിച്ചിരുന്നതായും പറയുന്നു.

ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇയാൾക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ മാതാവടക്കമുള്ള സ്ത്രീകൾ രക്ഷപ്പെടുകയായിരുന്നു. ഇവരെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. സ്ത്രീകളെ സംസാരിച്ച് വശത്താക്കാൻ അസാമാന്യമായ കഴിവുള്ള ഇയാൾ പല സ്ഥലങ്ങളിൽ നിന്നായി ഗൾഫുകാരുടെ ഭാര്യമാരെ പറ്റിച്ച് പണം തട്ടിയെടുത്തതായി സൂചനയുണ്ട്. മൂന്നു മാസം മുമ്പാണ് ഇയാൾ പുള്ളാവൂരിൽ താമസം തുടങ്ങിയത്. ഇതിന് മുമ്പ് കോഴിക്കോട് ജില്ലയിൽ പല സ്ഥലത്തും ഇയാൾ താമസിച്ച് തട്ടിപ്പ് നടത്തിയ വിവരം പുറത്ത് വരുന്നുണ്ട്. പലർക്കും പണം നഷ്ടപ്പെട്ട വിവരം പുറത്തുവന്നതോടെ നാട്ടുകാർ ഇയാളുടെ നാട്ടിലെത്തി പരിശോധന നടത്തി ഇയാളെ കണ്ടെത്തിയതിന് ശേഷം പൊലീസിന് വിവരം നൽകുകയായിരുന്നു.കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് കോടതയിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP