Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗജേന്ദ്രയുടെ ആത്മഹത്യ ആസൂത്രിതമോ? ഗൂഢാലോചന സൂചിപ്പിക്കുന്ന പുതിയ കണ്ടെത്തലുകളുമായി പൊലീസ്

ഗജേന്ദ്രയുടെ ആത്മഹത്യ ആസൂത്രിതമോ? ഗൂഢാലോചന സൂചിപ്പിക്കുന്ന പുതിയ കണ്ടെത്തലുകളുമായി പൊലീസ്

ന്യൂഡൽഹി: ആം ആദ്മി പാർട്ടി റാലിക്കിടെ ആത്മഹത്യ ചെയ്ത കർഷകൻ ഗജേന്ദ്ര സിങ്ങിന്റെ മരണം മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നുവെന്ന് സൂചന. ആത്മഹത്യ ചെയ്ത ദിവസമോ അതിന്റെ തലേന്നോ തന്റെ മൊബൈൽ ഫോണിലേക്ക് ഒരു കോളുപോലും ഗജേന്ദ്ര സ്വീകരിച്ചിരിക്കുന്നില്ല. ഈ ദിവസങ്ങളിൽ ഗുഡ്ഗാവിലും കുരുക്ഷേത്രയിലുമാണ് ഗജേന്ദ്ര ഉണ്ടായിരുന്നതെന്നും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

തന്റെ മൊബൈൽ ഫോണിലേക്ക് ആരുടെയും വിളി സ്വീകരിക്കേണ്ടെന്നത് മനപ്പൂർവം കൈക്കൊണ്ട തീരുമാനമായിരുന്നിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. കുരുക്ഷേത്രയിൽ ഗജേന്ദ്രയ്ക്ക് തലേന്ന് അഭയം നൽകിയ ജിൻഡാൽ കുടുംബത്തെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. രണ്ട് മൊബൈൽ നമ്പറുകൾ ഗജേന്ദ്രയ്ക്കുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഏപ്രിൽ 20ന് ഗജേന്ദ്ര സ്വന്തം നാടായ ദൗസയിലുണ്ടായിരുന്നു. അവിടെനിന്ന് ഏപ്രിൽ 21ന് ബസ്സിൽ പുറപ്പെട്ട ഗജേന്ദ്ര കർണാലിലെത്തുകയും അവിടെനിന്ന് ബസ് മാറിക്കയറി കുരുക്ഷേത്രയിലെത്തുകയും ചെയ്തതായും തെളിഞ്ഞിട്ടുണ്ട്.

കുടുംബത്തിലെ ഒരു കല്യാണച്ചടങ്ങിൽ ഗജേന്ദ്രയിൽനിന്ന് തലപ്പാവുകൾ ഒരുക്കുന്നതിനാണ് ജിൻഡാൽ കുടുംബം ഇയാളെ ബന്ധപ്പെട്ടത്. ഗജേന്ദ്രയുടെ വെബ്‌സൈറ്റിലൂടെയാണ് ബന്ധപ്പെട്ടത്. ഇതനുസരിച്ച് കുരുക്ഷേത്രയിലെ ജിൻഡാൽ കുടുംബത്തിലെത്തിയ ഗജേന്ദ്ര അന്നു രാത്രി മുഴുവൻ അവിടെ തങ്ങി. 21,000 രൂപയും വാങ്ങി ഡൽഹിയിലേക്ക് ഒരു ബസ്സിൽ പുറപ്പെടുകയായിരുന്നു.

രാവിലെ ആറരയോടെ തന്റെ ഒരു ബന്ധുവിനെ ഗജേന്ദ്ര വിളിച്ചിരുന്നു. മന്ദിർ മാർഗിനടുത്ത് താമസിക്കുന്ന ബന്ധുവിന്റെ അടുത്തേയ്ക്ക് കശ്മീർ ഗേറ്റിൽനിന്നും ഓട്ടോയിലെത്തിയതായും പൊലീസ് പറയുന്നു. പിന്നീട് ഏപ്രിൽ 22ന് തനിക്കുവന്ന ഫോൺ വിളികളെല്ലാം ഗജേന്ദ്ര കട്ട് ചെയ്യുകയായിരുന്നു. ഇതൊരു അസ്വാഭാവിക നീക്കമാണെന്നും മറ്റാരെങ്കിലും ഉപദേശിച്ചതനുസരിച്ചാകും ഗജേന്ദ്ര ഇങ്ങനെ ചെയ്തതെന്നും പൊലീസ് സംശയിക്കുന്നു.

അന്നുച്ചയ്ക്ക് ഒന്നേകാലോടെ സഹോദരിയെ ഗജേന്ദ്ര വിളിച്ചിരുന്നു. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷം തിരക്കുകയും ചെയ്തു. ഇതിനുശേഷമാണ് ആത്മഹത്യാ നാടകം അരങ്ങേറുന്നത്. രണ്ടാഴ്ചയായി ഗജേന്ദ്ര അധികസമയം ഫോണിൽ സംസാരിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. വല്ലപ്പോഴും മാത്രമാണ് രണ്ടാമത്തെ സിം കാർഡിൽനിന്ന് വിളിക്കാറുള്ളത്.ഏതാനും ചില നമ്പരുകളിൽനിന്നുള്ള വിളികൾ മാത്രമാണ് ഈ ഫോണിലേക്ക് വന്നിട്ടുള്ളത്. ഈ നമ്പരുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുണ്ട്.

രാജസ്ഥാനിലെ ദൗസ ജില്ലയിലെ ബസ്വയിൽനിന്നുള്ള ഗജേന്ദ്ര സിങ് എന്ന കർഷകൻ കഴിഞ്ഞ ുധനാഴ്ച ന്യൂഡൽഹിയിലെ ജന്തർമന്തറിലെ തെരുവോരത്തുള്ള വേപ്പു മരത്തിൽ കയറി തൂങ്ങിമരിച്ചത് വലിയ കോലാഹലങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. ആം ആദ്മി പാർട്ടി സംഘടിപ്പിച്ച കർഷക റാലിക്കിടെയാണ് ആത്മഹത്യ നടക്കുന്നത്. പതിവുപോലെ ഈ ആത്മഹത്യയും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ, പരസ്പര ആരോപണ പ്രത്യാരോപണങ്ങളുമായി പാർലമെന്റിന് അകത്തും പുറത്തും രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നുകഴിഞ്ഞു. എ.എ.പി പ്രവർത്തകർ ഗജേന്ദ്ര സിങ്ങിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുകയായിരുന്നെന്ന് ബിജെപി ആരോപിച്ചു കഴിഞ്ഞു. അതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ

ഡൽഹി പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിലും എ.എ.പി പ്രവർത്തകർ പ്രേരിപ്പിച്ചതായി പറയുന്നുണ്ട്. എന്നാൽ, ആത്മഹത്യയെ എ.എ.പിക്കെതിരായി തിരിച്ചുവിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബോധപൂർവം ശ്രമിക്കുന്നുവെന്നാണ് എ.എ.പിയുടെ ആരോപണം. ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ കർഷകരുടെ യഥാർഥ അവസ്ഥയാണ് ഗജേന്ദ്ര സിങ്ങിന്റെ ആത്മഹത്യ കാണിക്കുന്നതെന്ന് കോൺഗ്രസ് പറഞ്ഞുകഴിഞ്ഞു. മോദി ഭരണത്തിൽ കർഷകർക്ക് രക്ഷയില്ലെന്നും അവർ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP