Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ മകളുടേത് ആത്മഹത്യയോ അതോ കൊലപാതകമോ? തൂങ്ങി മരിച്ച കയർ എവിടെ എന്നതിനാൽ വ്യക്തതയില്ല; മരിക്കുന്നതിന് തൊട്ടുമുമ്പ് അദ്ധ്യാപകൻ സുദർശൻ പത്മനാഭൻ ഭീഷണിപ്പെടുത്തിയതായി സംശയമുണ്ട്; ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയില്ല; സി സി ടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും നൽകിയില്ല; മരണശേഷം അദ്ധ്യാപകർ തെളിവുകൾ നശിപ്പിപ്പിച്ചു; ഫാത്തിമയുടെ മരണത്തിൽ പൊലീസിനും മദ്രാസ് ഐഐടി അധികൃതർക്കുമെതിരെ ആരോപണവുമായി പിതാവ്

എന്റെ മകളുടേത് ആത്മഹത്യയോ അതോ കൊലപാതകമോ? തൂങ്ങി മരിച്ച കയർ എവിടെ എന്നതിനാൽ വ്യക്തതയില്ല; മരിക്കുന്നതിന് തൊട്ടുമുമ്പ് അദ്ധ്യാപകൻ സുദർശൻ പത്മനാഭൻ ഭീഷണിപ്പെടുത്തിയതായി സംശയമുണ്ട്; ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയില്ല; സി സി ടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും നൽകിയില്ല; മരണശേഷം അദ്ധ്യാപകർ തെളിവുകൾ നശിപ്പിപ്പിച്ചു; ഫാത്തിമയുടെ മരണത്തിൽ പൊലീസിനും മദ്രാസ് ഐഐടി അധികൃതർക്കുമെതിരെ ആരോപണവുമായി പിതാവ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഫാത്തിമയുടെ മരണത്തിൽ മദ്രാസ് ഐഐടിക്കം പൊലീസിനുമെതിരെ ഗുരുതര ആരോപണവുമായി ഫാത്തിമയുടെ പിതാവ് ലത്തീഫ് രംഗത്ത്. ചെന്നൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫാത്തിമയുടെ അച്ഛൻ മദ്രാസ് ഐഐടി അധികൃതർക്ക് എതിരെ ആരോപണം ഉന്നയിച്ചത്. ഫാത്തിമയുടെ മരണശേഷം മദ്രാസ് ഐഐടി അദ്ധ്യാപകർ തെളിവ് നശിപ്പിച്ചെന്ന് പിതാവ് ലത്തീഫ് പറഞ്ഞു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തമിഴ്‌നാട് ഡിജിപിക്ക് കത്ത് നൽകി. ആത്മഹത്യാക്കുറിപ്പ് എഫ് ഐ ആറിൽ ഉൾപ്പെടുത്താത്തത് ദുരൂഹമാണെന്നും ലത്തീഫ് പറഞ്ഞു.

അതീവഗുരുതരമായ നിരവധി ആരോപണങ്ങളാണ് ഫാത്തിമയുടെ പിതാവ് ലത്തീഫ് ചെന്നൈയിൽ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് അദ്ധ്യാപകൻ സുദർശൻ പത്മനാഭൻ ഭീഷണിപ്പെടുത്തിയതായി സംശയമുണ്ട്. ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയില്ല. മരണശേഷം അദ്ധ്യാപകർ തെളിവുകൾ നശിപ്പിച്ചെന്നും പിതാവ് ലത്തീഫ് ആരോപിച്ചു. മൃതദേഹം കൊണ്ടുവരാൻ ഒരു അദ്ധ്യാപകരിൽ നിന്നും സഹായം ലഭിച്ചില്ലെന്നും ലത്തീഫ് പറഞ്ഞു. തമിഴ്‌നാട് ഡിജിപിയെ കണ്ട ശേഷമായിരുന്നു ലത്തീഫിന്റെ പ്രതികരണം.

മകളുടെ മരണത്തിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഫാത്തിമയുടെ പിതാവ് ലത്തീഫ് ആരോപിച്ചു. ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പിൽ മരണത്തിനു കാരണക്കാരൻ അദ്ധ്യാപകനായ സുദർശൻ പത്മനാഭൻ ആണമെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ പൊലീസ് ഈ ആത്മഹത്യാക്കുറിപ്പ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ലത്തീഫ് പറഞ്ഞു. ഫാത്തിമയുടെ മുറി സീൽ ചെയ്യുന്നതിൽ പൊലീസ് വീഴ്ച വരുത്തി. ഇതെല്ലാം അന്വേഷണം അട്ടിമറിക്കാനാണോയെന്നു സംശയിക്കണം. പൊലീസും ഐഐടി അധികൃതരും ഒത്തുകളിക്കുകയാണ്. ഫാത്തിമയുടെ മരണ ശേഷം ഐഐടിയിൽനിന്ന് ഒരു ഉദ്യോഗസ്ഥൻ പോലും തന്നെ വിളിച്ചിട്ടില്ല. തന്റെ മകളെ കൊന്നതാണോ അവൾ ആത്മഹത്യ ചെയ്തതാണോയെന്ന് കണ്ടെത്തണമെന്ന് പിതാവ് ആവശ്യപ്പെട്ടു.

സുദർശൻ പത്മനാഭൻ മോശക്കാരനാണെന്ന് ഫാത്തിമ പറഞ്ഞിട്ടുണ്ട്. എസ്‌പി എന്നാണ് അവൾ ഉമ്മയോടു പറഞ്ഞിരുന്നത്. ഇപ്പോഴാണ് അത് സുദർശൻ പത്മനാഭൻ ആണെന്നു ബോധ്യമാവുന്നത്. എല്ലാ വിധത്തിലുള്ള മാനസിക പീഡനത്തിനും മകൾ ഇരയായിട്ടുണ്ടെന്ന് ലത്തീഫ് പറഞ്ഞു. അന്വേഷണത്തിൽ എല്ലാ സഹായവും മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയിട്ടുണ്ടെന്ന് ലത്തീഫ് പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യം തമിഴ്‌നാട് മുഖ്യമന്ത്രിയോടു സംസാരിച്ചിട്ടുണ്ട്. പൊലീസ് തലത്തിലും ബന്ധപ്പെട്ടിട്ടുണ്ട്. മുമ്പ് ഒരുപാടു ഫാത്തിമമാർ ചെന്നൈ ഐഐടിയിൽ ജീവനൊടുക്കിയിട്ടുണ്ടെന്നാണ് ഇപ്പോൾ അറിയുന്നത്. ഇനിയും ഫാത്തിമമാർ ഉണ്ടായിക്കൂടാ. അതിനായി ഏതറ്റം വരെയും നിയമ പോരാട്ടം നടത്തുമെന്ന് ലത്തീഫ് മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം തങ്ങളുടെ വിദ്യാർത്ഥി ആയിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കാമ്പസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അങ്ങേയറ്റം ദുഃഖിതരാണെന്ന് ഐഐടി മദ്രാസ് വാർത്താ കുറിപ്പിൽ അറിയിച്ചു. ഫാത്തിമയുടെ മരണത്തെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ പൊലീസിനെ ഇക്കാര്യം അറിയിച്ചെന്നും വാർത്താക്കുറിപ്പിൽ ഐ ഐ ടി മദ്രാസ് വ്യക്തമാക്കി. നിയമപ്രകാരം ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാൻ ഐഐടി മദ്രാസ് പ്രതിജ്ഞാബദ്ധമാണെന്നും വാർത്താക്കുറിപ്പിൽ ഐഐടി മദ്രാസ് മാനേജ്‌മെന്റ് വ്യക്തമാക്കി. എന്നാലും പൊലീസ് അന്വേഷണം അവസാനിക്കുന്നതിനു മുമ്പു തന്നെ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഫാക്കൽറ്റി അംഗങ്ങളുടെയും വിദ്യാർത്ഥികളുടെയും സോഷ്യൽമീഡിയ ട്രോളിംഗും മാധ്യമങ്ങളുടെ വിചാരണയും അവരുടെ കുടുംബങ്ങളെ പോലും നിരാശപ്പെടുത്തുന്നതാണ്. രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണ് മദ്രാസ് ഐ ഐ ടി. നിലവാരം, സമഗ്രത, ന്യായബോധം എന്നിവയ്ക്ക് പേരു കേട്ട ഫാക്കൽറ്റിയാണ് സ്ഥാപനത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥിയുടെ നഷ്ടത്തിൽ ഞങ്ങൾ ദുഃഖിതരാണ്. ഞങ്ങളുടെ വിദ്യാർത്ഥികളുടെയും ഫാക്കൽറ്റികളുടെയും സ്റ്റാഫുകളുടെയും ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണ്. പൊലീസ് അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്ന് ആവർത്തിക്കുന്നതായും ഐ ഐ ടി പ്രതിനിധികൾ വ്യക്തമാക്കി. അതേസമയം, ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ചും ബന്ധപ്പെട്ടവരെക്കുറിച്ചും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് തങ്ങളുടെ എളിയ അഭ്യർത്ഥനയെന്നും ഐഐടി മാനേജ്‌മെന്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

അതിനിടെ ഫാത്തിമയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ അദ്ധ്യാപകനെ ക്രൈം ബ്രാഞ്ച് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഒന്നര മണിക്കൂറിനുശേഷം വിട്ടയച്ചു.കോട്ടൂർപുരം ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് രക്ഷാകർത്താക്കൾ തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതിനെ തുടർന്നാണ് ബുധനാഴ്ച വൈകിട്ടോടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഫാത്തിമയുടെ ഹോസ്റ്റൽ മുറിയിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. എന്നാൽ, ആത്മഹത്യയുടെ കാരണത്തെക്കുറിച്ചുള്ള കുറിപ്പുകളടങ്ങിയ മൊബൈൽ ഫോൺ പരിശോധിച്ചിട്ടില്ല. തെളിവുകൾ നശിപ്പിക്കാനുള്ള സാദ്ധ്യതയുള്ളതിനാൽ തങ്ങളുടെ സാന്നിദ്ധ്യത്തിൽ മാത്രമേ ഫോൺ പരിശോധിക്കാവൂ എന്ന് ഫാത്തിമയുടെ രക്ഷാകർത്താക്കൾ തമിഴ്‌നാട് ഡി.ജി.പിക്ക് കത്ത് നൽകിയിട്ടുണ്ട്.

ഐ.ടി വിദഗ്ദ്ധന്റെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും കത്തിലുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയുടെ കാരണത്തെക്കുറിച്ച് മറ്റെന്തെങ്കിലും തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും രക്ഷാകർത്താക്കൾ ആലോചിക്കുന്നുണ്ട്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ മദ്രാസ് ഐ.ഐ.ടിയിൽ നടന്ന വിദ്യാർത്ഥി ആത്മഹത്യകളിൽ വിശദ അന്വേഷണവും തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെടും.മാനവിക വിഷയമായ ഹ്യുമാനിറ്റീസ് ആൻഡ് ഡവലപ്പ്മെന്റ് സ്റ്റഡീസിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമ അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് ചെന്നൈ ഐ.ഐ.ടിയിൽ പ്രവേശനം നേടിയത്. അടുത്തിടെ ഇന്റേണൽ പരീക്ഷയിൽ ആരോപണ വിധേയനായ അദ്ധ്യാപകൻ മാർക്ക് ബോധപൂർവ്വം കുറച്ചത് ഫാത്തിമ ഇ മെയിലിലൂടെ ചോദ്യം ചെയ്തിരുന്നു. ഈ അദ്ധ്യാപകനെക്കുറിച്ച് ഫോൺ വിളിക്കുമ്പോൾ അമ്മയോട് പലതവണ പരാതിപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP