Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോട്ടയം കിംസ്-ബെൽറോസ് ആശുപത്രിയിൽ നടന്നത് നാല് കോടിയുടെ സംശയകരമായ സാമ്പത്തിക ഇടപാട്; ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്; സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 43 കോടി രൂപ വായ്പയെടുത്ത് കിംസിന്റെ ഉപകമ്പനികളിലേക്കു വഴിതിരിച്ചുവിട്ടെന്ന പ്രവാസി ദമ്പതികളുടെ ഹർജി സുപ്രീംകോടതിയിലേക്കും; ഗ്രൂപ്പ് ചെയർമാൻ സഹദുള്ളക്കെതിരെ വിശദ അന്വേഷണം വരുന്നു

കോട്ടയം കിംസ്-ബെൽറോസ് ആശുപത്രിയിൽ നടന്നത് നാല് കോടിയുടെ സംശയകരമായ സാമ്പത്തിക ഇടപാട്; ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്; സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 43 കോടി രൂപ വായ്പയെടുത്ത് കിംസിന്റെ ഉപകമ്പനികളിലേക്കു വഴിതിരിച്ചുവിട്ടെന്ന പ്രവാസി ദമ്പതികളുടെ ഹർജി സുപ്രീംകോടതിയിലേക്കും; ഗ്രൂപ്പ് ചെയർമാൻ സഹദുള്ളക്കെതിരെ വിശദ അന്വേഷണം വരുന്നു

ആർ പീയൂഷ്

കോട്ടയം: കിംസ്-ബെൽറോസ് ആശുപത്രിയുമായി ബന്ധപ്പെട്ട് നാലു കോടി രൂപയുടെ സംശയകരമായ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തി. കോട്ടയം കുടമാളൂരിൽ ബെൽറോസ് ആശുപത്രിക്കു തുടക്കമിട്ട ജൂബി ദേവസ്യ, പത്‌നി ബെവിസ് തോമസ് ദമ്പതികൾ നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയ കോട്ടയം ക്രൈംബ്രാഞ്ച് പൊലീസിന്റേതാണു റിപ്പോർട്ട്. കിംസ് ആശുപത്രി ഗ്രൂപ്പ് ചെയർമാൻ ഡോ. എം.ഐ. സഹദുള്ള, മാനേജിങ് ഡയറക്ടർ ഇ.എം. നജീബ് അടക്കമുള്ളവരെ എതിർകക്ഷികളാക്കി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും നൽകിയ പരാതിയിലാണ് അന്വേഷണം.

ആരോപണങ്ങളിൽ കഴമ്പുണ്ടെന്നു പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. പരാതിയുടെ വ്യാപ്തിയും സങ്കീർണതയും കണക്കിലെടുത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതാകും ഉചിതമെന്നു കോട്ടയം ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ബെൽറോസ് ആശുപത്രി 2013-ലാണ് കിംസ് ആശുപത്രി ഗ്രൂപ്പുമായി സംയുക്ത സംരംഭത്തിൽ ഏർപ്പെട്ടത്. കടുത്ത വഞ്ചനയ്ക്ക് ഇരയായെന്നും തങ്ങളറിയാതെ കിംസ്-ബെൽറോസ് ആശുപത്രിയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്ന് 43 കോടി രൂപ വായ്പയെടുത്ത് കിംസിന്റെ ഉപകമ്പനികളിലേക്കു വഴിതിരിച്ചുവിട്ടെന്നുമാണു ജൂബി-ബെവിസ് ദമ്പതികളുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനു പരാതി നൽകിയിരുന്നത്.

28 വർഷത്തെ പ്രവാസജീവിതത്തിലെ സർവ സമ്പാദ്യവും ഉപയോഗിച്ച് നാട്ടിൽ ബെൽറോസ് ആശുപത്രിക്കു തുടക്കമിട്ട ദമ്പതികളെ കിംസ് ആശുപത്രി ഗ്രൂപ്പ് ആസൂത്രിതമായി വഞ്ചിച്ചെന്ന പരാതിയെപ്പറ്റി മറുനാടൻ മലയാളി കഴിഞ്ഞ വർഷം ജൂലൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ദ്വീർഘകാലം അമേരിക്കയിലായിരുന്ന ജൂബി ദേവസ്യയും പത്‌നി ബേവിസ് തോമസും 2010-ലാണ് ബെൽറോസ് ആശുപത്രിക്കു തുടക്കമിട്ടത്. രണ്ടര ഏക്കർ സ്ഥലത്ത് അര ലക്ഷത്തോളം ചതുരശ്ര അടി കെട്ടിടം നിർമ്മിച്ചാണ് ആശുപത്രി തുടങ്ങിയത്. ആശുപത്രി വികസനവും മികച്ച നടത്തിപ്പും ലക്ഷ്യമിട്ടാണു ബിസിനസ് പങ്കാളിയെ തേടിയത്.

സ്ഥാപക ദമ്പതികൾക്ക് 45 ശതമാനവും കിംസ് ഗ്രൂപ്പിന് 55 ശതമാനവും ഓഹരി പങ്കാളിത്തമായിരുന്നു തുടക്കത്തിലെ കരാർ. ഡയറക്ടർ ബോർഡിലെ മേൽക്കെ ഉപയോഗിച്ച് ചെയർമാൻ അടക്കമുള്ളവർ ഓഹരി പങ്കാളിത്ത ക്രമം മാറ്റിമറിച്ചെന്നും വൻ നിക്ഷേപം നടത്തിയെന്ന വ്യാജേന തങ്ങളുടെ ഓഹരി പങ്കാളിത്തം നാമമാത്രമായി വെട്ടിക്കുറച്ചെന്നും സ്ഥാപക ദമ്പതികൾ പരാതിപ്പെടുന്നു. ഇതിനു പുറമേയാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്നു 43 കോടി രൂപ വായ്പയെടുത്ത് കിംസ് ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലേക്കു വഴിതിരിച്ചുവിട്ടെന്ന പരാതി. ആശുപത്രിക്കു പുതിയ കെട്ടിടം നിർമ്മിക്കുന്നത് അടക്കമുള്ള പദ്ധതികൾക്കെന്ന പേരിലാണ് വായ്പയെടുത്തത്.

വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിർമ്മിച്ചിട്ടില്ലെന്നത് പണം തിരിമറിയുടെ ഉദാഹരണമായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പണം ചെലവാക്കിയെന്നു സ്ഥാപിക്കാനായി കോട്ടയത്തെ ആശുപത്രിയിലേക്ക് ഉപകരണങ്ങൾ വാങ്ങിയെന്നു വ്യാജ രേഖകൾ ചമച്ചെന്നും കോട്ടയത്തെത്തിച്ചത് കിംസിന്റെ വിവിധ ആശുപത്രികളിൽനിന്നുള്ള പഴയ ഉപകരണങ്ങളാണെന്നും പരാതിയിലുണ്ട്. വായ്പത്തുക ചെലവിട്ടതിന്റെ കണക്കുകൾ പലവട്ടം ആവശ്യപ്പെട്ടെങ്കിലും നിരാകരിക്കപ്പെട്ടു. വായ്‌പ്പാത്തുക ഗഡുക്കളായി നൽകുന്നതിനു പകരം മൊത്തമായി കൈമാറിയത് ഒത്തുകളിയാണെന്നാരോപിച്ച് ബാങ്ക് ചെയർമാനെയും മാനേജിങ് ഡയറക്ടറെയും പരാതിയിൽ എതിർകക്ഷിയാക്കിയിട്ടുണ്ട്.

ആശുപത്രി വികസനത്തിനെന്ന പേരിൽ വായ്പയെടുത്ത പണം വകമാറ്റിയെന്നു ബാങ്കിലേക്കുള്ള തിരിച്ചടവ് തന്റെ ഓഹരിയിൽനിന്നു കുറയ്ക്കുന്നെന്നും ജൂബി ദേവസ്യ നൽകിയ പരാതി നേരത്തേ ചെന്നൈയിലെ കമ്പനി നിയമ ട്രിബ്യൂണൽ തള്ളിയിരുന്നു. ഇതിനെതിരേ ഡൽഹിയിലെ അപ്പലേറ്റ് ട്രിബ്യൂണലിൽ അപ്പീൽ നൽകിയപ്പോൾ സുപ്രീം കോടതിയെ സമീപിക്കാൻ നിർദേശിച്ചു. തൽസ്ഥിതി തുടരാൻ കഴിഞ്ഞ മാസം ഇടക്കാല ഉത്തരവിൽ സുപ്രീം കോടതി നിർദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP