Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കെടിഡിസിയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ജയസൂര്യ ഫേസ്‌ബുക്കിലെ മിന്നും താരം; എംഎൽഎമാരും മന്ത്രിമാരും അടുപ്പക്കാർ; തട്ടിയെടുത്ത കാശു കൊടുത്ത് വീടുവച്ചെന്ന് മൊഴി; 14 ലക്ഷത്തിന്റെ കാർ ബുക്ക് ചെയ്തതിന് കൊടുത്ത ചെക്ക് മടങ്ങി; പിടിയിലാകുമ്പോൾ കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേർ ആര്? വമ്പന്മാരെ തേടി പൊലീസ്

കെടിഡിസിയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ജയസൂര്യ ഫേസ്‌ബുക്കിലെ മിന്നും താരം; എംഎൽഎമാരും മന്ത്രിമാരും അടുപ്പക്കാർ; തട്ടിയെടുത്ത കാശു കൊടുത്ത് വീടുവച്ചെന്ന് മൊഴി; 14 ലക്ഷത്തിന്റെ കാർ ബുക്ക് ചെയ്തതിന് കൊടുത്ത ചെക്ക് മടങ്ങി; പിടിയിലാകുമ്പോൾ കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേർ ആര്? വമ്പന്മാരെ തേടി പൊലീസ്

ആർ കനകൻ

കൊല്ലം: കെടിഡിസിയിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ജയസൂര്യ ഫേസ് ബുക്കിലെ മിന്നും താരം. എംഎൽഎമാരും മന്ത്രിമാരും സിപിഎം നേതാക്കളും സൈബറിടത്തിലെ ബുദ്ധിജീവികളും ഇവരുടെ അടുത്ത സുഹൃത്തുക്കളാണെന്ന് പൊലീസിന് വിവരം കിട്ടി. തട്ടിയെടുത്ത പണം കൊണ്ട് ആഡംബര ജീവിതമാണ് ഇവർ നയിച്ചിരുന്നതെന്നും പിന്നിൽ വൻതോക്കുകൾ തന്നെയുണ്ടെന്നുമാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഫേസ്‌ബുക്കിൽ സൽഗുണ സമ്പന്നയായിട്ടാണ് ജയസൂര്യ പ്രത്യക്ഷപ്പെട്ടിരുന്നത്.

സാമൂഹിക വിഷയങ്ങളിൽ ഇടപെടുകയും പോസ്റ്റിടുകയും ചെയ്ത് ജയസൂര്യയെ ആയിരങ്ങളാണ് ഫോളോ ചെയ്തിരുന്നത്. ഇവർ അറസ്റ്റിലായെന്ന് പത്രങ്ങളിൽ നിന്നുമറിഞ്ഞ പലരും നൈസായിട്ട് ഫ്രണ്ട് ലിസ്റ്റിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. എന്തിനുമേതിനും പോസ്റ്റിടുന്ന ചില ആക്ടിവിസ്റ്റുകളാകട്ടെ തങ്ങൾക്കൊപ്പം ചായ കുടിച്ചും സൊറ പറഞ്ഞും നടന്നിരുന്ന ജയസൂര്യയെ കുറിച്ച് വായ തുറക്കുന്നുമില്ല. മന്ത്രിമാർക്കും എംഎൽഎമാർക്കുമൊപ്പം ജയസൂര്യ നിൽക്കുന്ന ചിത്രവും പുറത്തു വന്നിട്ടുണ്ട്. മുൻപ് പല ഫോട്ടോകളിലും ഇങ്ങനെ കുടുങ്ങിയിട്ടുള്ള മന്ത്രിമാരും എംഎൽഎമാരും പറഞ്ഞിട്ടുള്ള പതിവു പല്ലവി ഇവിടെ ചെലവാകാൻ സാധ്യതയില്ല. കാരണം, നേതാക്കളുമായി അടുത്ത ബന്ധം തന്നെയാണ് പുലർത്തിയത്.

കൈയിൽ കിട്ടിയ ഒരു മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തെങ്കിലും ഒന്നും വിട്ടു പറയാൻ ഇവർ കൂട്ടാക്കിയില്ല. പഠിച്ച കള്ളിയാണ് ജയസൂര്യ എന്നാണ് പൊലീസ് പറഞ്ഞത്. തട്ടിച്ചെടുത്ത കാശു കൊണ്ട് ആഡംബരവീട് നിർമ്മിച്ചുവെന്നും വസ്തു വാങ്ങിയെന്നും ഇവർ സമ്മതിച്ചിട്ടുണ്ട്. വാങ്ങിയ വസ്തുവിൽ മൂന്നു സെന്റ് പാർട്ടിക്ക് കൈമാറി. അമ്മയുടെ പേരിലാണ് കടമ്പനാടിന് സമീപം ഇവർ വസ്തു വാങ്ങിയത്.

അഞ്ചൽ ഉള്ള മാരുതിയുടെ ഷോറൂമിൽ പുതുപുത്തൻ സിയാസ് കാർ ബുക്ക് ചെയ്തിരുന്നു. ഏഴുലക്ഷം രൊക്കമായി നൽകാമെന്ന് അറിയിച്ച ജയസൂര്യ അതിനുള്ള ചെക്കും നൽകിയിരുന്നു. ശേഷിച്ച തുക മഹീന്ദ്ര ഫിനാൻസിൽ നിന്നും ലോൺ എടുത്തു. വാഹനം ഡെലിവറി ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ ചെക്ക് മടങ്ങി. അതിന്റെ പിറ്റേന്നാണ് ജയസൂര്യ അറസ്റ്റിലായ വാർത്ത പത്രങ്ങളിൽ വന്നത്.

പന്തളത്ത് നിന്ന് ഇവർ പിടിയിലാകുമ്പോൾ ഒപ്പം മറ്റു രണ്ടുപേരുണ്ടായിരുന്നു. അതിലൊന്ന് വാഹനത്തിന്റെ ഡ്രൈവറും മറ്റൊന്ന് യുവാവുമായിരുന്നു. ഈ യുവാവ് മുഖേനെയാണ് ജയസൂര്യ കാർ ബുക്ക് ചെയ്തത്. ഇവരുടെ തട്ടിപ്പുകളെ കുറിച്ച് ഈ യുവാവിന് കൂടുതൽ കാര്യങ്ങൾ അറിയാമായിരുന്നു. പൊലീസ് ഇയാളെ വിട്ടയയ്ക്കുകയാണ് ചെയ്തത്.

ഈ കേസിലെ രണ്ടാം പ്രതിയും സിനിമാനടനും സംവിധായകനുമായ ഗോവിന്ദൻ കുട്ടി അടൂരിന്റെ മൂത്തസഹോദരനും നെല്ലിമുകൾ സ്വദേശിയും സിപിഎം തുവയൂർ ലോക്കൽ കമ്മറ്റിയംഗവുമായ പ്രശാന്ത് പ്ലാന്തോട്ടമാണ്. എന്നാൽ, ഓപ്പറേഷനുകൾ എല്ലാം നടത്തിയിരുന്നത് ജയസൂര്യയായിരുന്നു. പാർട്ടിയിലും സർക്കാരിലും തനിക്കുള്ള സകല സ്വാധീനവും തട്ടിപ്പിനായി ജയസൂര്യ ഉപയോഗിച്ചുവെന്നാണ് വിവരം. ഇവർ തട്ടിപ്പു നടത്തുന്ന വിവരം പല സിപിഎം നേതാക്കൾക്കും അറിയാമായിരുന്നുവത്രേ. ഇവർ ഉപയോഗിച്ചിരുന്ന കെടിഡിസി ചെയർമാന്റെ അടക്കമുള്ള ലെറ്റർ പാഡുകൾ ഒറിജിനൽ ആണെന്ന സംശയവും പൊലീസ് പ്രകടിപ്പിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അത് ജയസൂര്യയ്ക്ക് എങ്ങനെ കിട്ടിയെന്ന കാര്യവും അന്വേഷണത്തിന്റെ പരിധിയിൽ വരും. ഈ ലെറ്റർ പാഡിൽ നിയമന ഉത്തരവുമായി കെടിഡിസി ചെയർമാനെ ഉദ്യോഗാർഥികൾ സമീപിച്ചപ്പോഴാണ് തട്ടിപ്പു നടന്ന വിവരം പുറത്തായത്. ഇവർ ഡിജിപിക്ക് പരാതി നൽകുകയും രഹസ്യമായി അന്വേഷണം തുടങ്ങുകയുമായിരുന്നു.

കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർബി കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല. ഇതു കാരണം കേസ് അട്ടിമറിക്കാനുള്ള സാധ്യതയും മങ്ങിയിരിക്കുകയാണ്. എന്തായാലും, പത്തനംതിട്ട ജില്ലയിലെ സിപിഎമ്മിന്റെ മൂന്നു ഉന്നത നേതാക്കൾ നെട്ടോട്ടത്തിലാണ്. ഇതേപ്പറ്റി പ്രതികരിക്കാൻ ജില്ലാ സെക്രട്ടറി അടക്കമുള്ളവർ തയാറായിട്ടുമില്ല. മറ്റൊരു സോളാർ കേസിന്റെ പാതയിലാണ് ഈ തട്ടിപ്പും നീങ്ങുന്നത്. അതുണ്ടാകാതിരിക്കാൻ സിപിഎം ശ്രമം തുടങ്ങി. കൂടുതൽ പേർ പരാതികളുമായി പോകാതിരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. പരാതിക്കാരെ സ്വാധീനിച്ച് നഷ്ടമായ പണം തിരികെ വാങ്ങി നൽകാമെന്ന് ഉറപ്പു കൊടുക്കുകയാണ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP