Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഷണ സമയത്ത് പൊലീസെത്തിയാൽ രക്ഷപെടേണ്ടത് വെടിവെച്ച് കൊന്നിട്ടായാലും; കൃത്യത്തിന് മുന്നേ സത്യദേവും സംഘവും നടത്തിയത് കൃത്യമായ മുന്നൊരുക്കങ്ങൾ; കൊടുംക്രിമിനലിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചത് കേരള പൊലീസിന്റെ മികവ്; ഡൽഹിയിൽ നിന്നും കേരളത്തിലെത്തിച്ചത് കൈകാലുകൾ ബന്ധിച്ച്

മോഷണ സമയത്ത് പൊലീസെത്തിയാൽ രക്ഷപെടേണ്ടത് വെടിവെച്ച് കൊന്നിട്ടായാലും; കൃത്യത്തിന് മുന്നേ സത്യദേവും സംഘവും നടത്തിയത് കൃത്യമായ മുന്നൊരുക്കങ്ങൾ; കൊടുംക്രിമിനലിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചത് കേരള പൊലീസിന്റെ മികവ്; ഡൽഹിയിൽ നിന്നും കേരളത്തിലെത്തിച്ചത് കൈകാലുകൾ ബന്ധിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലത്ത് നാല് മണിക്കൂറിനിടയിൽ ആറിടങ്ങളിൽ നിന്നും മാല പിടിച്ചുപറിച്ച കേസിലെ മുഖ്യപ്രതിയെ കേരളത്തിലെത്തിച്ചത് പഴുതടച്ച സുരക്ഷയൊരുക്കി. കൊടുംക്രിമിനലായ സത്യദേവിനായി ഡൽഹി ആംഡ് പൊലീസിന്റെ നൂറോളം അംഗങ്ങൾ ഉൾപ്പെട്ട സായുധ പൊലീസിനായിരുന്നു സുരക്ഷാ ചുമതല. ഡൽഹിയിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് വിമാന മാർഗം എത്തിച്ച സത്യദേവിനെ രക്ഷപ്പെടാതിരിക്കാൻ കൈവിലങ്ങിനു പുറമേ കാലുകളിലും വിലങ്ങ് അണിയിച്ചിരുന്നു.

കേരളത്തിലേക്കുള്ള രണ്ടര മണിക്കൂർ സമയത്തെ വിമാനയാത്രയ്ക്കായി ദിവസങ്ങൾ നീണ്ട യത്‌നമാണു പൊലീസ് നടത്തിയത്.കേരളത്തിലെത്തിയ ശേഷം ദ്രുതകർമ സേനയുടെ കാവലിലാണു കൊല്ലത്തെത്തിച്ചത്.അതേസമയം, കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലായി. അറസ്റ്റിലായ സത്യദേവിന്റെ ഡ്രൈവറാണു കസ്റ്റഡിയിലുള്ളത്. ഇയാൾക്കും കവർച്ചയിൽ പങ്കുണ്ടെന്നു പൊലീസ് കണ്ടെത്തി.

കൊടുംക്രിമിനലായ സത്യദേവിന്റെ വീടിന്റെ പരിസരത്താണു സീമാപുരി പൊലീസ് സ്റ്റേഷൻ. പൊലീസിനെ ആക്രമിച്ച് ഇയാളെ രക്ഷപ്പെടുത്താൻ സാധ്യതയുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു. ആയുധങ്ങളും ആൾബലവും സംഘത്തിനുണ്ടെന്നു സൂചനയുണ്ടായിരുന്നു. നേരത്തേ ഒരു തവണ പൊലീസിനെ ആക്രമിച്ച് ഇയാളെ രക്ഷപ്പെടുത്തിയിട്ടുമുണ്ട്. ഈ സാധ്യത മുന്നിൽക്കണ്ടാണു കൊല്ലം റൂറൽ എസ്‌പി ഹരിശങ്കറും ഡൽഹി പൊലീസും ചേർന്നു വിമാനത്തിൽ കേരളത്തിലെത്തിക്കാൻ തീരുമാനിച്ചത്. അവധി ദിവസമായിട്ടും സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ സേവനം ലഭ്യമാക്കാൻ പൊലീസിനു കഴിഞ്ഞു. നെടുമ്പാശേരിയിലേക്കുള്ള യാത്രാവിമാനത്തിന്റെ പിൻസീറ്റിൽ 2 പൊലീസുകാർക്കു നടുവിലായാണു സത്യദേവിനെ വിമാനത്തിൽ കയറ്റിയത്. കൊല്ലം റൂറൽ പൊലീസ് സ്‌ക്വാഡിലെ എഎസ്‌ഐ ബി.അജയകുമാറും വിദ്യാധിരാജനുമാണ് ഈ ദൗത്യം നിർവഹിച്ചത്.

അതേസമയം, കൃത്യമായ മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് കവർച്ച നടത്തിയതെന്ന് സത്യദേവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മോഷണശ്രമത്തിനു മുൻപു സ്ഥലപരിശോധന നടത്തിയിരുന്നുവെന്നും പറഞ്ഞു. കൊല്ലം ബീച്ചിൽ സംഘാംഗങ്ങൾ തലേന്നു തങ്ങിയിരുന്നു. രാത്രി കൊല്ലം മുതൽ കൊട്ടാരക്കര വരെയുള്ള ഭാഗങ്ങളിൽ കാറിൽ കറങ്ങി.മോഷണ സമയത്ത് പൊലീസ് പിടികൂടാൻ ശ്രമിച്ചാൽ വെടിവച്ചു കൊലപ്പെടുത്തിയെങ്കിലും രക്ഷപ്പെടാൻ കൂട്ടാളികൾക്കും നിർദ്ദേശം നൽകിയിരുന്നു.

സംഘത്തിൽ നൂറിലേറേ അംഗങ്ങളുണ്ട്. ബൈക്കിലെത്തി മാലപൊട്ടിച്ചവരുടെ പക്കൽ തോക്ക് ഉണ്ടായിരുന്നു. കാറിലും തോക്കും മറ്റു മാരകായുധങ്ങളും സൂക്ഷിച്ചിരുന്നു. കുണ്ടറയിൽ മാലപൊട്ടിച്ചു മടങ്ങവെ കുട്ടികൾ കല്ലെറിഞ്ഞതായും മൊഴിയിലുണ്ട്. സത്യദേവും സംഘവും മാലപൊട്ടിക്കൽ സംഘത്തെ നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. സംഭവത്തിനു ശേഷം തെലങ്കാനയിലും സമാനമായ തട്ടിപ്പ് നടത്തിയ ശേഷമാണു ഡൽഹിയിലേക്കു മടങ്ങിയത്. 2 കൊലപാതകക്കേസുകളിലും 50 ലേറെ കവർച്ചാകേസുകളിലും സത്യദേവ് പ്രതിയാണ്.

എസിപി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണു പ്രതികൾ ഡൽഹി സ്വദേശികളാണെന്നു തിരിച്ചറിഞ്ഞത്. റൂറൽ പൊലീസ് സ്‌ക്വാഡിലെ എസ്‌ഐ എ.സി.ഷാജഹാൻ, ബാബു കുറുപ്പ്, എഎസ്‌ഐമാരായ ആശിഷ് കോഹൂർ, കെ.കെ.രാധാകൃഷ്ണപിള്ള എന്നിവർ ഉൾപ്പെട്ട സംഘമാണു കേസ് അന്വേഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP