Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'അതിരൂപതക്ക് സംഭവിച്ചിരിക്കുന്നത് ഒരു സാമ്പത്തിക പ്രതിസന്ധി മാത്രമല്ല സുതാര്യതയില്ലായ്മയും കാനോനിക നിയമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നതും ഗൗരവമായ ധാർമ്മിക പ്രശ്‌നങ്ങളാണ്; ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വികാരി ജനറൽ, ഫിനാൻസ് ഓഫിസർ എന്നിവരുടെ അധികാരങ്ങൾ നിയന്ത്രിച്ചു': വിവാദഭൂമി ഇടപാടിൽ നിയമങ്ങൾ ലംഘിച്ചെന്ന് വ്യക്തമാക്കി വൈദികർക്ക് സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ സർക്കുലർ

'അതിരൂപതക്ക് സംഭവിച്ചിരിക്കുന്നത് ഒരു സാമ്പത്തിക പ്രതിസന്ധി മാത്രമല്ല സുതാര്യതയില്ലായ്മയും കാനോനിക നിയമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നതും ഗൗരവമായ ധാർമ്മിക പ്രശ്‌നങ്ങളാണ്; ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വികാരി ജനറൽ, ഫിനാൻസ് ഓഫിസർ എന്നിവരുടെ അധികാരങ്ങൾ നിയന്ത്രിച്ചു': വിവാദഭൂമി ഇടപാടിൽ നിയമങ്ങൾ ലംഘിച്ചെന്ന് വ്യക്തമാക്കി വൈദികർക്ക് സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ സർക്കുലർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദഭൂമി ഇടപാട് സുതാര്യത ഇല്ലാതെ ആയിരുന്നുവെന്നും കാനോനിക നിയമങ്ങൾ ലംഘിച്ചെന്നും വ്യക്തമാക്കി വൈദികർക്ക് സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് സർക്കുലർ അയച്ചു. കാലടി മറ്റൂരിൽ മെഡിക്കൽ കോളജ് നിർമ്മിക്കുന്നതിനായി വാങ്ങിയ ഭൂമിയുടെ 60 കോടി രൂപ തീർക്കാനാണ് സ്ഥലങ്ങൾ വിൽക്കാൻ തീരുമാനിച്ചതെന്ന് സർക്കുലർ വ്യക്തമാക്കുന്നു.

ഇടപാടുകൾ കഴിഞ്ഞപ്പോൾ ബാധ്യത 84 കോടിയായി. ഇനിയും 18 കോടി രൂപ സഭയ്ക്കു കിട്ടാനുമുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങൾ തീർന്നാലും ഇടപാട് മൂലമുണ്ടായ ധാർമികപ്രശ്‌നങ്ങൾ നിലനിൽക്കുമെന്നും സർക്കുലർ തുറന്നുപറയുന്നു. ഇടനിലക്കാരൻ 36 പേർക്ക് മുറിച്ചുവിറ്റത് ധാരണകൾ ലംഘിച്ചും അതിരൂപതയുടെ അനുവാദമില്ലാതെയുമാണ്. ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വികാരി ജനറൾ മോൺസിഞ്ഞോർ സെബാസ്റ്റ്യൻ വടക്കുമ്പാടൻ, ഫിനാൻസ് ഓഫിസർ ഫാദർ ജോഷി പുതുവ എന്നിവരുടെ അധികാരങ്ങൾ കർദിനാൾ നിയന്ത്രിച്ചിട്ടുള്ളതായും സർക്കുലറിലുണ്ട്.

മൂന്നേക്കർ വിറ്റപ്പോൾ ആധാരത്തിൽ കാണിച്ചത് സെന്റിന് 3 ലക്ഷം രൂപ. ഇരുകൂട്ടരും തമ്മിൽ കരാർ ഉറപ്പിച്ചത് സെന്റിന് 30 ലക്ഷം രൂപയെന്നും. 9 കോടി രൂപ ബാങ്ക് അക്കൗണ്ടിൽ എത്തി. അവശേഷിച്ച 90 കോടിയിൽപ്പരം രൂപ കണക്കിലില്ല. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പ്രതിക്കൂട്ടിലായ ഭൂമിയിടപാടിനെക്കുറിച്ച് സീറോ മലബാർ സഭ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഇതാണ്. എന്നാൽ ഇത് കർദ്ദിനാൾ അറിഞ്ഞു കൊണ്ട് സംഭവിച്ചതുമല്ല. ഇടനില നിന്നവരാണ് കുറ്റക്കാരെന്നാണ് അന്വേഷണ റിപ്പോർട്ട്.

ഭൂമിയിടപാട് പരിശോധിക്കാൻ നിയോഗിച്ച സമിതി കഴിഞ്ഞ ദിവസം ചേർന്ന വൈദികസമിതിക്ക് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഞായറാഴ്ച പൂർണ റിപ്പോർട്ട് നൽകാനിരിക്കെ അതുവരെ സംയമനം പാലിക്കണമെന്നു ജസ്റ്റിസ് സിറിയക് ജോസഫ് മുൻകൈയെടുത്തു നടത്തിയ ചർച്ചയിൽ ധാരണയായെങ്കിലും ലംഘിക്കപ്പെട്ടു. ആധാരമെഴുതിയിട്ടും പറഞ്ഞുറപ്പിച്ച പണം നൽകാതെ ഇടപാടുകാർ സഭയെ വഞ്ചിച്ചെന്ന ആരോപണമാണ് ഉയരുന്നത്. ഫിനാൻസ് കൗൺസിലിനെ കബളിപ്പിച്ച് ചിലർ ഒരുക്കിയ കെണിയിൽ കർദിനാൾ വീണെന്നാണ് വിലയിരുത്തൽ. സിറോ മലബാർ സഭയിൽ കൽദായ രീതിക്കു മുൻതൂക്കമുള്ള ആരാധനാക്രമം ഉടൻ നടപ്പാകാനിരിക്കെയാണ് എങ്ങനെയും അതിനു തടയിടാൻ ലക്ഷ്യമിട്ട് മാർ ആലഞ്ചേരിയെ ആരോപണങ്ങളിൽ കുടുക്കിയതെന്ന് ഒരു വിഭാഗം വാദിക്കുന്നു.

സഭയിൽ പൊതുവായ ആരാധനാക്രമം ലക്ഷ്യമിട്ടാണ് ലിറ്റർജിക്കൽ കമ്മിഷൻ പുതിയ ക്രമം തയാറാക്കിയത്. കൽദായവാദത്തെ അനുകൂലിക്കുന്ന ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളും കേരളത്തിനു പുറത്തുള്ള രൂപതകളും അതു നടപ്പാക്കിക്കഴിഞ്ഞു. എന്നാൽ, ലത്തീൻ സ്വാധീനമുള്ള ആരാധനാക്രമം പിന്തുടരുന്ന എറണാകുളം-അങ്കമാലി, തൃശൂർ തുടങ്ങിയ വടക്കൻ രൂപതകൾ പുതിയ ആരാധനക്രമത്തെ എതിർക്കുകയാണ്. സഭയുടെ പൗരസ്ത്യ കൽദായ പാരമ്പര്യത്തെ അംഗീകരിക്കുന്ന മാർ ആലഞ്ചേരി മുൻകൈയെടുത്ത് ഈ രൂപതകളിലും പുതിയ ആരാധനാക്രമം നടപ്പാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭൂമിയിടപാടു വിവാദം കത്തിപ്പിടിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP