Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർത്തവ പരിശോധനക്ക് വിധേയരാകേണ്ടി വന്നത് പ്രാകൃത നിയമങ്ങളെ ചോദ്യം ചെയ്തതോടെ; അടിവസ്ത്രം പോലും അഴിച്ചു കാണിച്ച് അപമാനിതരായത് 68 പെൺകുട്ടികൾ; രാജ്യം നാണക്കേട് കൊണ്ട് തലകുനിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഗുജറാത്ത് പൊലീസ്

ആർത്തവ പരിശോധനക്ക് വിധേയരാകേണ്ടി വന്നത് പ്രാകൃത നിയമങ്ങളെ ചോദ്യം ചെയ്തതോടെ; അടിവസ്ത്രം പോലും അഴിച്ചു കാണിച്ച് അപമാനിതരായത് 68 പെൺകുട്ടികൾ; രാജ്യം നാണക്കേട് കൊണ്ട് തലകുനിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഗുജറാത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ആർത്തവമുണ്ടോ എന്നറിയാൻ 68 പെൺകുട്ടികളെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഗുജറാത്തിലെ ഭുജിലുള്ള സഹജാനന്ദ് വനിതാ കോളേജിൽ വിദ്യാർത്ഥിനികൾ അപമാനിതരായെന്ന വാർത്തകളെ തുടർന്നാണ് ഗുജറാത്ത് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംഭവം വാർത്തയായ ഉടൻ തന്നെ ആരും പരാതിപ്പെട്ടില്ലെങ്കിലും കച്ച് സർവകലാശാലയുടെ വൈസ് ചാൻസലർ ക്രാന്തിഗുരു ശ്യാംജി കൃഷ്ണ വർമ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. സംഭവത്തെ ശക്തമായി അപലപിച്ച് ദേശീയ വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു.

ഭുജിലെ ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സംഭവം അപലപനീയമാണെന്ന് ദേശീയ വനിതാ കമ്മീഷൻ പ്രതികരിച്ചു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ വനിതകൾ ആർത്തവത്തെ കുറിച്ചുള്ള തെറ്റായ ധാരണകൾ നീക്കാൻ പോരാടുമ്പോഴാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത് എന്നും ദേശീയ വനിത കമ്മീഷൻ ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു.

ആർത്തവ സമയത്തുള്ള ഹോസ്റ്റലിന്റെ മതപരമായ ചട്ടങ്ങൾ ലംഘിച്ചുവെന്ന ഹോസ്റ്റൽ മേലധികാരിയുടെ പരാതിയെതുടർന്നാണ് പരിശോധന നടന്നത്. ആർത്തവ സമയത്ത് പെൺകുട്ടികൾ അടുക്കളയിലും അമ്പലത്തിലും പ്രവേശിക്കാൻ പാടില്ലെന്നാണ് ഇവിടുത്തെ നിയമം. ഈ സമയത്ത് മറ്റു കുട്ടികളെ സ്പർശിക്കാനും പാടില്ല എന്നുമാണ് നിയമം. എന്നാൽ, ചില പെൺകുട്ടികൾ ആർത്തവ സമയത്ത് അടുക്കളയിൽ കയറി എന്ന സംശയമാണ് പ്രശ്നങ്ങളുടെ തുടക്കം. അടുക്കളയിൽ കയറിയവരിൽ ആർക്കൊക്കെയാണ് ആർത്തവസമയം എന്നറിയാനാണ് പെൺകുട്ടികളെ അടിവസ്ത്രം അഴിച്ച പരിശോധിച്ചത്. ഹോസ്റ്റൽ വാർഡന്റെ പരാതിയെ തുടർന്ന് പ്രിൻസിപ്പൽ റിത റാണിൻഗയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയതെന്നാണ് വിവരം.

സംഭവത്തെ കുറിച്ച് കോളജിലെ വിദ്യാർത്ഥിയായ ദുർഗയുടെ വാക്കുകൾ ഇങ്ങനെ: 'ഹോസ്റ്റലിലെ ദുരാചാരത്തെ ചോദ്യം ചെയ്ത ഞങ്ങളെ പ്രിൻസിപ്പൽ വിളിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു. ഞങ്ങളിൽ ആർക്കെല്ലാം ആർത്തവമുണ്ടെന്ന് അദ്ദേഹം ചോദിച്ചു. ആ സമയത്ത് ഞങ്ങളിൽ രണ്ടുപേർക്ക് ആർത്തവമായിരുന്നു. അവരെ മാറ്റി നിർത്തി. മൂന്നു വനിത അദ്ധ്യാപകർക്കൊപ്പം ഞങ്ങളെ വാഷ്റൂമിലേക്ക് നിർബന്ധിച്ച് പറഞ്ഞയച്ചു. ഉൾവസ്ത്രം അഴിച്ച് ആർത്തവമില്ലെന്ന് തെളിയിക്കാനും ആവശ്യപ്പെട്ടു.'

നിയമം ലംഘിച്ചെന്ന സംശയമുള്ള പെൺകുട്ടികളെ അധികൃതർ ശുചിമുറിയിലേക്ക് വിളിച്ചു വരുത്തി പരിശോധിക്കുകയായിരുന്നു. അടിവസ്ത്രം വരെ ഊരിമാറ്റിയാണ് പെൺകുട്ടികളെ പരിശോധന നടത്തിയത്. സംഭവത്തെ കുറിച്ച് പുറംലോകം അറിഞ്ഞതോടെ അന്വേഷണത്തിന് സർവകലാശാല അധികൃതർ ഉത്തരവിട്ടിരിക്കുകയാണ്. അതേസമയം സംഭവത്തിൽ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കച്ച് യുണിവഴ്സിറ്റി വൈസ് ചാൻസലർ ക്രാന്തിഗുരു ശ്യാംജി കൃഷ്ണവർമ ഉത്തരവിട്ടു. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബുജ്ജിലെ സ്വാമിനാരയൺ മന്ദിർ അനുഭാവികൾ 2012ൽ ആരംഭിച്ചതാണ് ഈ കോളേജ്. കച്ച് യൂണിവേഴ്സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന കോളേജാണ് ശ്രീ സഹജാനന്ദ് ഗേൾസ് ഇന്സ്ടിട്യൂട്ട്. വിവിധ ബിരുദ കോഴ്സുകളിലായി 1500ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP