Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണം കടത്താൻ ബിജു ഉപയോഗിച്ചത് 40ലേറെ സുന്ദരിമാരെ; കാരിയർമാരായത് വിവിഐപി ബന്ധമുള്ള സ്ത്രീകളെന്ന് തിരിച്ചറിഞ്ഞ് അന്വേഷണം; ഭാര്യ വിനീതയെ സ്വർണ്ണക്കടത്തിന് അഭിഭാഷകൻ ഉപയോഗിച്ചത് നാലു തവണ; വിനീതയുടെ മൊഴി ഭർത്താവിനെ കുടുക്കും; ബിജു മോഹനനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; ജിത്തുവിനായി വിദേശത്തേക്ക് അന്വേഷണം; ആളുകളെ സംഘത്തിലേക്ക് അടുപ്പിച്ചത് സെറീന തന്നെ; സ്വർണ്ണക്കടത്തിലെ വഴികൾ തേടി ഡിആർഐ മുന്നോട്ട്

സ്വർണം കടത്താൻ ബിജു ഉപയോഗിച്ചത് 40ലേറെ സുന്ദരിമാരെ; കാരിയർമാരായത് വിവിഐപി ബന്ധമുള്ള സ്ത്രീകളെന്ന് തിരിച്ചറിഞ്ഞ് അന്വേഷണം; ഭാര്യ വിനീതയെ സ്വർണ്ണക്കടത്തിന് അഭിഭാഷകൻ ഉപയോഗിച്ചത് നാലു തവണ; വിനീതയുടെ മൊഴി ഭർത്താവിനെ കുടുക്കും; ബിജു മോഹനനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; ജിത്തുവിനായി വിദേശത്തേക്ക് അന്വേഷണം; ആളുകളെ സംഘത്തിലേക്ക് അടുപ്പിച്ചത് സെറീന തന്നെ; സ്വർണ്ണക്കടത്തിലെ വഴികൾ തേടി ഡിആർഐ മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ എട്ടരക്കോടി വിലയുള്ള സ്വർണം കടത്തിയതിന്റെ മുഖ്യകണ്ണിയായ ഒളിവിൽപ്പോയ അഭിഭാഷകൻ കഴക്കൂട്ടം വെട്ടുറോഡ് കരിയിൽ സ്വദേശി ബിജുമോഹനെതിരെ (45) ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാളെ കിട്ടിയാൽ സ്വർണക്കടത്തിന്റെ ചുരുളഴിക്കാനാവും. അതിനാൽ ചില ജുവലറിക്കാർ ഇയാളെ ഒളിപ്പിച്ചിരിക്കുകയാണെന്ന് സൂചനയുണ്ട്. ബിജുവിനെ കണ്ടെത്താൻ തലസ്ഥാനത്തെ വിവിധയിടങ്ങളിലും ബന്ധുവീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തി. നെട്ടയം,കാച്ചാണി, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ ബിനാമികളെ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ വസ്തുക്കൾ ഇയാൾ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. നെട്ടയത്തുള്ള സുഹ്യത്തുക്കളാണ് ഇയാളെ ഒളിപ്പിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.

ഇയാൾ വിദേശത്തേക്ക് കടക്കുന്നത് തടയാൻ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാനിർദ്ദേശം നൽകി. ബിജുവിന്റെ ഭാര്യ വിനീതാ രത്‌നകുമാരിയെ (38) സ്വർണക്കടത്ത് കേസിൽ ഡി.ആർ.ഐ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഭാര്യയെ ജയിലിലടയ്ക്കുകയും കേസിൽ പ്രതിയാക്കുകയും ചെയ്തതിനെത്തുടർന്ന് ബിജു ചില അഭിഭാഷകർ മുഖേന കീഴടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചതായും സൂചനയുണ്ട്. വിനീതയും അഭിഭാഷകയാണ്. പിടിയിലായവർക്കെതിരെ കൊഫെപോസ (വിദേശനാണ്യ വിനിമയ സംരക്ഷണവും കള്ളക്കടത്തും സംബന്ധിച്ച ചട്ടം) ചുമത്തി. വിനീതയെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് തലസ്ഥാനത്തെ അഭിഭാഷകർ ഡി.ആർ.ഐ ഓഫീസ് വളഞ്ഞു. എന്നാൽ വിനീതയ്‌ക്കെതിരേ എടുത്തത് കള്ളക്കേസല്ലെന്നും സ്വർണക്കടത്ത് നടത്തിയതിന് വ്യക്തമായ തെളിവുണ്ടെന്നും ഡി.ആർ.ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ നീക്കത്തിന് പിന്നിൽ ബിജുവാണെന്നാണ് സൂചന.

അതിനിടെ തിരുവനന്തപുരത്തെ വിമാനത്താവളത്തിലെ സ്വർണക്കടത്തിനു പിന്നിൽ സ്ത്രീകളുടെ വലിയ സംഘം പ്രവർത്തിക്കുന്നതായി ഡിആർഐക്ക് വിവരം ലഭിച്ചു. 2018 നവംബർ മുതൽ വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ 40 സ്ത്രീകളുടെ വിവരങ്ങൾ ലഭിച്ചു കഴിഞ്ഞു. സ്ത്രീകളിൽ ചിലർക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ സ്വർണ കടത്തുകാരിൽനിന്നു ലഭിച്ച വിവരത്തെത്തുടർന്നു യാത്രാരേഖകൾ പരിശോധിച്ചാണു സ്ത്രീകളെ തിരിച്ചറിഞ്ഞത്. ചിലരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സ്വർണക്കടത്തിന്റെ വിവരങ്ങൾ ലഭിച്ചു. ഇവരിൽ പലരും ഒരു മാസത്തിനിടെ പലതവണ വിദേശത്തേക്ക് പോയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിആർഐ വ്യക്തമാക്കി.

വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ സെറീന സ്ഥിരമായി സ്വർണം കടത്തിയിരുന്നു. അഡ്വ.ബിജുവുമായി സെറീനയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. സെറീന ഇടയ്ക്കിടെ ദുബായിലേക്ക് പോയിരുന്നു. സെറീന വഴിയാണ് സ്വർണക്കടത്തിലേക്ക് ആളുകളെ ആകർഷിച്ചിരുന്നത്. ബിജുവിനു പിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നതായാണ് വിവരം. ബിജുവിന്റെ നിർബന്ധത്തെത്തുടർന്ന് ഭാര്യ വിനീത 4 തവണ സ്വർണം കടത്തിയതായി ഡിആർഐ പറയുന്നു. നിയമബിരുദധാരിയാണ് വിനീതയും. പഠനകാലത്തെ പ്രണയമായിരുന്നു ഇവരുടെ വിവാഹത്തിലേക്ക് എത്തിച്ചത്. നാലോ അഞ്ചോ പേരടങ്ങുന്ന സംഘമായാണ് ഈ സംഘം ദുബൈയിലേക്ക് പോയി സ്വർണം കേരളത്തിലേക്ക് കടത്തുന്നത്.

സ്വർണക്കടത്തിൽ അറസ്റ്റിലായ സുനിൽകുമാർ, സെറീന എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ബിജുവിനെക്കുറിച്ചും വിനീതയെക്കുറിച്ചും വിവരം ലഭിച്ചത്. ഇതിനിടെ ബിജുവിന്റെ കള്ളക്കടത്തിനു കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഭാര്യയെ സ്വർണക്കടത്തിന്റെ കാരിയറായി ഉപയോഗിച്ചു. ദുബായിൽ ഒളിവിൽ കഴിയുന്ന മുഖ്യകണ്ണിയായ ജിത്തുവിനെ പിടികൂടാൻ വിദേശ ഏജൻസികളുടെ സഹായം തേടാനും ഡിആർഐ തീരുമാനിച്ചു. പിടികൂടിയ 25 കിലോ സ്വർണക്കടത്തിന്റെ മുഖ്യകണ്ണികളിലൊരാൾ കഴക്കൂട്ടം സ്വദേശിയായ അഭിഭാഷകൻ ബിജു മോഹനനാണെന്നാണു ഡിആർഐയുടെ നിഗമനം. കാരിയേഴ്‌സിനെ ഉപയോഗിച്ചു പല തവണ സ്വർണം കടത്തിയെന്നും പറയുന്നു. ഇതിനു കൂടുതൽ തെളിവ് ലഭിക്കുന്ന മൊഴി ബിജുവിന്റെ ഭാര്യ വിനീത രത്മകുമാരിയിൽനിന്നു ലഭിച്ചെന്നാണു ഡിആർഐ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

ബിജുവിന്റെ നിർദ്ദേശ പ്രകാരം സ്വർണക്കടത്തിന്റെ കാരിയറായി പ്രവർത്തിച്ചെന്നാണ് വിനീതയുടെ മൊഴി. 20 കിലോ സ്വർണമാണ് ഇത്തരത്തിൽ കടത്തിയത്. ഇതു കൂടാതെ വിദേശ കറൻസികളുടെ കടത്തലിനും കാരിയറായെന്നും മൊഴിയിൽ പറയുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് വിനീതയെ റിമാൻഡ് ചെയ്തത്. ബിജുവും സ്വർണക്കടത്ത് സംഘത്തിലെ മറ്റ് മുഖ്യകണ്ണികളായ വിഷ്ണു, ജിത്തു എന്നിവരും ഒളിവിലാണ്. മലയാളിയെങ്കിലും പൂർണമായും ദുബായിൽ കേന്ദ്രീകരിച്ചിരിക്കുന്ന ജിത്തു അവിടെയാണ് ഒളിവിലുള്ളത്. ഇയാളെ കണ്ടെത്താൻ വിദേശ ഏജൻസികളുടെ സഹായം തേടിയേക്കും.

എട്ടു കോടി രൂപ വിലമതിക്കുന്ന 25 കിലോഗ്രാം സ്വർണവുമായി വിമാനത്താവളത്തിൽ പിടിയിലായ കെ.എസ്.ആർ.ടി.സി. കണ്ടക്ടർ തിരുമല സ്വദേശി സുനിൽകുമാർ, കഴക്കൂട്ടം സ്വദേശിനി സെറീന എന്നിവരിൽനിന്നാണ് ഇതിനു പിന്നിലുള്ള സംഘത്തെപ്പറ്റി വിവരം ലഭിച്ചത്. അഭിഭാഷകനായ ബിജുവാണു സംഘത്തിലെ പ്രധാനിയെന്നു തുടരന്വേഷണത്തിൽ വ്യക്തമായി. വിനീതയെ ഉപയോഗിച്ച് നാലു തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണു വിവരം. തിരുവനന്തപുരം മേയർ വി കെ പ്രശാന്തിന്റെ അടുത്ത സൂഹൃത്താണ് ബിജു മോഹനൻ. ഇരുവരും ഒരേ ഓഫീസിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. നഗരസഭാ തെരഞ്ഞെടുപ്പിൽ പ്രശാന്ത് മത്സരിച്ച വാർഡിൽ ബിജുവിനേയും സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു.

എന്നാൽ പ്രശാന്തിനാണ് മത്സരിക്കാൻ അവസരമുണ്ടായത്. അഡ്വ.ബിജുവിന്റെ നിർദ്ദേശപ്രകാരമാണെന്ന് അറസ്റ്റിലായ സുനിൽകുമാറും സെറീനയും മൊഴി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP