Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആഭരണങ്ങൾക്കു തിളക്കം കൂട്ടാമെന്നു പറഞ്ഞു സ്വർണം ഉരുക്കി തട്ടിപ്പ് നടത്തുന്ന വൻസംഘം മലബാറിൽ വിലസുന്നു; തട്ടിപ്പു സംഘത്തിന്റെ തലവന് ബീഹാറിയായ പപ്പു; സ്ത്രീകളെ വരുതിയിലാക്കി കബളിപ്പിക്കാൻ ശമ്പളത്തിനു വച്ചതും നിരവധി പേരെ

ആഭരണങ്ങൾക്കു തിളക്കം കൂട്ടാമെന്നു പറഞ്ഞു സ്വർണം ഉരുക്കി തട്ടിപ്പ് നടത്തുന്ന വൻസംഘം മലബാറിൽ വിലസുന്നു; തട്ടിപ്പു സംഘത്തിന്റെ തലവന് ബീഹാറിയായ പപ്പു; സ്ത്രീകളെ വരുതിയിലാക്കി കബളിപ്പിക്കാൻ ശമ്പളത്തിനു വച്ചതും നിരവധി പേരെ

രഞ്ജിത് ബാബു

കണ്ണൂർ: സ്വർണ്ണാഭരണങ്ങൾക്കു തിളക്കം കൂട്ടാനെന്ന പേരിൽ സ്വർണം ഉരുക്കിയെടുത്ത് തട്ടിപ്പ് നടത്തുന്ന വൻ സംഘം മലബാർ മേഖലയിൽ പ്രവർത്തിക്കുന്നതായി തെളിഞ്ഞു. സ്വർണ്ണത്തിന് ആകർഷകമായ പുതുനിറം നൽകി തട്ടിപ്പ് നടത്തുന്ന ബീഹാർ സ്വദേശികളാണ് വീടുകൾ തോറും കയറി പകൽ നേരങ്ങളിൽ സ്ത്രീകളുടെ സൗന്ദര്യ ബോധത്തെ ചൂഷണം ചെയ്ത് തട്ടിപ്പ് നടത്തുന്നത്. മലബാർ പ്രദേശത്തെ എല്ലാ ജില്ലകളിലും ഇത്തരം സംഘങ്ങൾ താവളമുറപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.

തട്ടിപ്പ് അരങ്ങേറുന്നതിന്റെ രീതി ഇങ്ങനെ. രണ്ടുപേർ അടങ്ങുന്ന സംഘം വീടുകളിലെത്തി കയ്യിലുള്ള തിളങ്ങുന്ന മാല ഉയർത്തിക്കാട്ടി അവരെ ആകർഷിക്കുന്നു. ആദ്യം വീട്ടിലെ സ്റ്റീൽ പാത്രം കൊണ്ടു വരാൻ പറയുന്നു. അടുത്തുള്ള വീട്ടുകാരേയും ഇതിന്റെ തിളക്കം കാണാൻ വിളിച്ചു വരുത്തും. സ്റ്റീൽ പാത്രം ആളുകളുടെ മുന്നിൽ വച്ച് കയ്യിലുള്ള ലായനി കൊണ്ട് കഴുകി തിളക്കം തെളിയിക്കുന്നു. ഇതോടെ വീട്ടമ്മമാർ തട്ടിപ്പുകാരുടെ വരുതിയിലാകും.

അടുത്ത നമ്പർ വെള്ളി പാദസരത്തിന് നിറം കൂട്ടാമെന്നാണ്. അതോടെ ദൃക്‌സാക്ഷികളാകുന്ന അയൽ വീട്ടുകാർ സ്വന്തം വീടുകളിലെത്തി വെള്ളി ആഭരണങ്ങളുമെടുത്ത് ബീഹാറികളെത്തിയ വീട്ടു വരാന്തയിലെത്തും. ആസിഡ് അടങ്ങിയ ലായനിയിൽ മുക്കിയ വെള്ളി ആഭരണങ്ങൾ പുറത്തെടുക്കുമ്പോഴുള്ള തിളക്കത്തിൽ കൂടി നിന്ന സ്ത്രീകൾ ഭ്രമിച്ചിര്രിക്കും. അതോടെ തങ്ങളുടെ സ്വർണ്ണാഭരണം ഇങ്ങനെ തിളക്കമാക്കാമെന്ന മോഹം മനസ്സിലുദിക്കും. ഈ അവസരം മുതലെടുത്ത് ഓരോരുത്തരിൽ നിന്നും സ്വർണ്ണാഭരണം വാങ്ങി ആസിഡ് ലായനിയിൽ മുക്കി വെക്കും. ആസിഡ് തന്ത്രത്തിൽ മാറ്റി വച്ച് സ്വർണ്ണാഭരണം മറ്റൊരു പാത്രത്തിൽ സൂക്ഷിക്കും പത്തു മിനുട്ട് കഴിഞ്ഞേ എടുക്കാവൂ എന്ന് പറഞ്ഞ് ബീഹാറി സംഘം സ്ഥലം വിടും. പിന്നീട് സ്വർണം എടുക്കുമ്പോഴാണ് തങ്ങൾ വഞ്ചിതരായതിന്റെ ഗൗരവം അവർ അറിയുന്നത്. അഞ്ച് പവൻ ആഭരണത്തിന് മുക്കാൽ പവന്റെ കുറവാണ് സാധാരണ ഗതിയിൽ വരാറ്.

കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തു നിന്നാണ് ഈ തട്ടിപ്പ് ആരംഭിച്ചത്. ഈ മേഖലയിലെ നിരവധി സ്ത്രീകൾ സ്വർണ്ണാഭരണ തട്ടിപ്പിനിരയായിട്ടും അഞ്ചുപേർ മാത്രമാണ് പൊലീസിന് പരാതി നൽകിയത്. കണ്ണൂർ താളിക്കാവിലെ ഒരു ലോഡ്ജിൽ താമസിച്ചാണ് സംഘം വിവിധ സ്ഥലങ്ങളിൽ തട്ടിപ്പിനായി ഇറങ്ങുന്നത്. ബീഹാർ സീപ്പോൾ ജില്ലയിലെ കാഞ്ചി ത്രിവേണി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന പപ്പു എന്ന അശോക് കുമാറാണ് സംഘത്തലവൻ. പപ്പുവാണ് ഇവരെ ഈ തൊഴിലിന് നിയോഗിച്ചിട്ടുള്ളത്. പ്രതിമാസം 10,000 രൂപ ശമ്പളവും അതിനു പുറമേ കമ്മീഷനും നൽകും. തട്ടിപ്പ് നടത്തിയ ഇനത്തിൽ ഈ മാസം അഞ്ചു ദിവസം കൊണ്ട് 20 പവൻ സ്വർണം വിറ്റതായി പൊലീസിന് അറിവായിട്ടുണ്ട്. 1,80,000 രൂപ ഇവർ നാട്ടിലേക്ക് അയച്ചിട്ടുണ്ട്.

ചെന്നൈയിൽ നിന്നും ഏജന്റ് വന്നാണ് ആസിഡ് ലായനിയിൽ ഉരുക്കിയെടുക്കുന്ന സ്വർണം ശേഖരിക്കുന്നത്. കണ്ണൂർ ടൗൺ പൊലീസിലും വളപട്ടണം പൊലീസ് സ്‌റ്റേഷനിലും നേരത്തെ തന്നെ സ്വർണം ഉരുക്കിയെടുക്കുന്ന സംഘത്തെക്കുറിച്ച് പരാതി ഉണ്ടായിരുന്നു. എന്നാൽ ആരേയും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഈ സീസണിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നാണ് സ്വർണം ഉരുക്കൽ തട്ടിപ്പ് ആരംഭിച്ചത്. സംശയത്തിന് ഇട നൽകാത്ത വണ്ണം അടുത്ത ജില്ലകളിലേക്ക് താവളം മാറ്റാൻ ശ്രമിക്കുമ്പോഴാണ് അഞ്ചംഗ സംഘം പിടിയിലായത്. കേരളത്തിലെ സ്ത്രീകളിലുള്ള സ്വർണ്ണാഭരണഭ്രമം മുതലാക്കാൻ ബീഹാർ സംഘത്തിൽപ്പെട്ടവർ ശുദ്ധമലയാളം സംസാരിക്കാനുള്ള കഴിവും നേടിയിട്ടുണ്ട്. ഇത്തരത്തിലുള്ള സമാനമായ കവർച്ചാ സംഘങ്ങൾ കേരളത്തിലെ മറ്റു ജില്ലകളിലും താവളം തേടിയിട്ടുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP