Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വർണ വ്യാപാരിയുടെ കാർ ആക്രമിച്ച് 183.5 പവൻ സ്വർണം കവർന്നത് സ്വർണ്ണവും കള്ളപ്പണവും കവർച്ച ചെയ്യുന്ന തൃശ്ശൂർ സംഘമെന്ന് സംശയിച്ച് പൊലീസ്; ബിജു തൃശൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് സ്വർണം എത്തിക്കുന്നത് പതിവാക്കിയിട്ട് ഒരു വർഷം; ഇത് കൃത്യമായി മനസ്സിലാക്കിയ സംഘം കവർച്ചക്ക് പിന്നിലെന്ന് സൂചന; തിരുവനന്തപുരം സ്വദേശിയായ ആരും പ്രതിപട്ടികയിൽ ഇതുവരെ ഇല്ലെന്നു പൊലീസ്; പ്രതികൾ സഞ്ചരിച്ച കാർ തുമ്പാകുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം

സ്വർണ വ്യാപാരിയുടെ കാർ ആക്രമിച്ച് 183.5 പവൻ സ്വർണം കവർന്നത് സ്വർണ്ണവും കള്ളപ്പണവും കവർച്ച ചെയ്യുന്ന തൃശ്ശൂർ സംഘമെന്ന് സംശയിച്ച് പൊലീസ്; ബിജു തൃശൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് സ്വർണം എത്തിക്കുന്നത് പതിവാക്കിയിട്ട് ഒരു വർഷം; ഇത് കൃത്യമായി മനസ്സിലാക്കിയ സംഘം കവർച്ചക്ക് പിന്നിലെന്ന് സൂചന; തിരുവനന്തപുരം സ്വദേശിയായ ആരും പ്രതിപട്ടികയിൽ ഇതുവരെ ഇല്ലെന്നു പൊലീസ്; പ്രതികൾ സഞ്ചരിച്ച കാർ തുമ്പാകുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വർണ്ണ വ്യാപാരിയുടെ കാർ ആക്രമിച്ചു തകർത്തു 183.5 പവന്റെ സ്വർണാഭരണം കൊള്ളയടിച്ച കേസിൽ പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. അന്വേഷണം പുരോഗിക്കുമ്പോൾ തൃശ്ശൂർ സംഘമാകാം കവർച്ചക്ക് പിന്നിലെന്ന നിഗമനത്്തിലാണ് പൊലീസ്. അനധികൃതമായും അല്ലാതെയും കടത്തുന്ന സ്വർണവും കള്ളപ്പണവും കവർച്ച ചെയ്യുന്ന സംഘങ്ങൾ തൃശ്ശൂരിൽ കൂടുതലായുണ്ട്. ഈ സംഘമാണ് ആക്രമണം പ്ലാൻ ചെയ്തതെന്നാണ് പുറത്തുവരുന്ന സൂചന. പ്രതികൾ കേരളം വിട്ടു തമിഴ്‌നാട്ടിലേക്കു കടന്നതായി വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ ഇതു നിഷേധിച്ചു.

കവർച്ചയ്ക്കു സഹായിച്ച ചിലരെയും സംശയിക്കുന്ന സംഘങ്ങളെയും ചോദ്യം ചെയ്തതല്ലാതെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നു സ്‌പെഷൽ ബ്രാഞ്ച് വ്യക്തമാക്കി. സ്വർണവും കള്ളപ്പണവും കൊള്ളയടിക്കുന്ന സംഘങ്ങൾ തൃശൂരിലെ പുതുക്കാട്, പട്ടിക്കാട്, കോടാലി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഒരു സംഘമാകാം തലസ്ഥാനത്തെ കൊള്ളയ്ക്കു പിന്നിലെന്നാണു സംശയം. സ്വർണവ്യാപാരിയായ ബിജു തൃശൂരിൽ നിന്നു തലസ്ഥാനത്തേക്ക് വിവിധ ജൂവലറികൾക്കായി ഒരു വർഷമായി സ്വർണം എത്തിക്കുന്നുണ്ട്. ഇതു ശ്രദ്ധയിൽപെട്ടവരാകാം കവർച്ച ആസൂത്രണം ചെയ്തത്.

ശ്രീവരാഹം അന്നപൂർണേശ്വരി ക്ഷേത്രത്തിനു സമീപം പറമ്പിൽ ലൈനിൽ വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് അരുമന ഐശ്വര്യ ജൂവലറി ഉടമ ബിജു (50)വിന്റെ മുഖത്തു കുരുമുളകു പൊടി സ്‌പ്രേ ചെയ്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണു നാലംഗ സംഘം കവർച്ച നടത്തിയത്. ശനിയാഴ്ച പുലർച്ചെ 4.20 ന് ശ്രീവരാഹം പൊയ്യാണി മുക്കിനു സമീപം ലൈബ്രറി റോഡിലായിരുന്നു സംഭവം.

തൃശൂരിൽ നിന്നു സ്വർണമെടുത്ത് ട്രെയിനിൽ പുലർച്ചെ നാലിനു തിരുവനന്തപുരത്തെത്തിയ ബിജു തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിന്നു കാറെടുത്തു താമസ സ്ഥലത്തേക്കു പോകും വഴിയായിരുന്നു ആക്രമണം. തിരുവനന്തപുരം സ്വദേശിയായ ആരും പ്രതിപട്ടികയിൽ ഇതുവരെ ഇല്ലെന്നു പൊലീസ് വ്യക്തമാക്കി. കണ്ടെത്തിയ കാർ മിനിയാന്നു രാത്രി തന്നെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു രഹസ്യമായി ഒതുക്കിയിട്ടു. കാറിന്റെ ദൃശ്യം പകർത്തുന്നത് ഒഴിവാക്കാൻ ഇതു ടാർപോളിൻ ഉപയോഗിച്ചു മൂടിയിരിക്കുകയാണ്.

ശ്രീവരാഹം അന്നപൂർണേശ്വരി ക്ഷേത്രത്തിനു സമീപം പറമ്പിൽ ലെയ്‌നിൽ വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് അരുമന ഐശ്വര്യ ജൂവലറി ഉടമ ബിജു(50) മറ്റു ജൂവലറികൾക്കായി വാങ്ങിയ 45 ലക്ഷത്തിൽ പരം രൂപയുടെ സ്വർണമാണ് കൊള്ളയടിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്‌ച്ചയായിരുന്നു സംഭവം. റെയിൽവേ പാർക്കിങ് ഏരിയയിൽ നിന്നു കാറെടുത്തു പോകുംവഴിയായിരുന്നു ആക്രമണം. റസിഡന്റ്‌സ് അസോസിയേഷന്റെ സിസിടിവി ക്യാമറ ദൃശ്യത്തിൽ 4.12നു ശ്രീവരാഹം റോഡിൽ പ്രവേശിച്ചതായി കാണാം.

ഈ സമയം അക്രമി സംഘം സഞ്ചരിച്ച കാർ ബിജുവിനെ പിന്തുടർന്ന് എത്തി. ഇടവഴി പിന്നിട്ടതും കാർ കുറുകെയിട്ടു ബിജുവിന്റെ കാർ തടഞ്ഞു. പിന്നെ ചില്ലുകൾ സ്പാനർ കൊണ്ടു അടിച്ചു തകർത്തു. പകച്ചു പോയെങ്കിലും ബിജു രക്ഷപ്പെടാൻ ശ്രമം നടത്തി. പിന്നാലെ മുളകുപൊടി എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാക്കൾ സ്വർണം സൂക്ഷിച്ച ബാഗ് തട്ടിയെടുത്തു കടക്കുകയായിരുന്നു. പത്തു വർഷമായി ബിജു ഇപ്രകാരം സ്വർണം എത്തിച്ചു നൽകാറുണ്ട്. പനച്ചമൂട് ബെൻസി ജൂവലറിക്കായി 694 ഗ്രാം, തമിഴ്‌നാട് നിദ്രവിള ശങ്കർ ഗണേശ് ജൂവലറിയിലേക്കു 767 ഗ്രാം എന്ന രീതിയിൽ ബിജു സ്വർണം വാങ്ങിയിരുന്നു.

തലസ്ഥാനത്തെ നടുക്കിയ സ്വർണ കവർച്ചാക്കേസിൽ മോഷണ സംഘം സഞ്ചരിച്ച കാർ നെയ്യാറ്റിൻകരയിൽ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു. സ്വകാര്യ ആശുപത്രിയുടെ വാഹന പാർക്കിങ് ഏരിയയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കാർ. ഇന്നലെ വൈകിട്ട് ആറിനു കണ്ടെത്തിയ കാർ രാത്രിയോടെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കവർച്ചയ്ക്കു ശേഷം വെള്ളായണി വഴി വാഹനം കടന്നു പോയതായി വിവരമുണ്ടായിരുന്നു. കോട്ടയത്തുനിന്നു വാഹനം വാടകയ്‌ക്കെടുത്തതു ആലപ്പുഴ സ്വദേശിയാണെന്നു കണ്ടെത്തി. കാർ വാടകയ്‌ക്കെടുത്ത സ്ഥാപനത്തിൽ നൽകിയ ഫോൺ നമ്പറും വിലാസവുമാണു ആലപ്പുഴക്കാരനെ കുടുക്കിയത്. ഇയാൾ പൊലീസ് കസ്റ്റഡിയിലെന്നാണു സൂചന. അക്രമം നടക്കുന്നതിനിടെ കാറിന്റെ നമ്പർ ബിജു മനസിൽ കുറിച്ചിരുന്നു. ഇതു പൊലീസിന് ആദ്യ മണിക്കൂറിൽ തന്നെ കൈമാറി. പിന്നാലെ സംഭവ സ്ഥലത്തെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ ബിജു പറഞ്ഞതു ശരിയാണെന്നു ബോധ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP