Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജൂവലറി ബ്രാഞ്ചുകളുടെ ഉദ്ഘാടനത്തിന് എത്തിയിരുന്നത് ശില്പ ഷെട്ടിയും പങ്കജ് ഉധാസും അടക്കമുള്ള ബോളിവുഡ് താരങ്ങളും മലയാളി സെലിബ്രിറ്റികളും; മലയാളികൾ ഏറെയും വീണത് സ്ഥിര നിക്ഷേപത്തിന് 17 ശതമാനം പലിശ എന്ന മോഹന വാഗ്ദാനത്തിൽ; വർഷാവസാനം നിക്ഷേപം പലിശസഹിതം സ്വർണാഭരണമായോ പണമായോ മടക്കികിട്ടും; കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം തൃശൂർ സ്വദേശികളായ കുമാർ സഹോദരന്മാർ മുങ്ങി; മഹാരാഷ്ട്രയിലെ ഗുഡ് വിൻ ജൂവലറി ഷോറൂമുകൾ പൂട്ടിയതോടെ നിക്ഷേപകർ വെള്ളത്തിൽ

ജൂവലറി ബ്രാഞ്ചുകളുടെ ഉദ്ഘാടനത്തിന് എത്തിയിരുന്നത് ശില്പ ഷെട്ടിയും പങ്കജ് ഉധാസും അടക്കമുള്ള ബോളിവുഡ് താരങ്ങളും മലയാളി സെലിബ്രിറ്റികളും; മലയാളികൾ ഏറെയും വീണത് സ്ഥിര നിക്ഷേപത്തിന് 17 ശതമാനം പലിശ എന്ന മോഹന വാഗ്ദാനത്തിൽ; വർഷാവസാനം നിക്ഷേപം പലിശസഹിതം സ്വർണാഭരണമായോ പണമായോ മടക്കികിട്ടും; കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം തൃശൂർ സ്വദേശികളായ കുമാർ സഹോദരന്മാർ മുങ്ങി; മഹാരാഷ്ട്രയിലെ ഗുഡ് വിൻ ജൂവലറി ഷോറൂമുകൾ പൂട്ടിയതോടെ നിക്ഷേപകർ വെള്ളത്തിൽ

മറുനാടൻ ഡെസ്‌ക്‌

കല്യാൺ: തൃശൂർ സ്വദേശികളായ സഹോദരന്മാർ ഉടമസ്ഥരായ മഹാരാഷ്ട്രയിലെ ഗുഡ് വിൻ ജൂവലേഴ്‌സ് അപ്രതീക്ഷിതമായി അടച്ചുപൂട്ടിയതോടെ, ആയിരക്കണക്കിന് നിക്ഷേപകർ വെള്ളത്തിലായി. നാലുദിവസം മുമ്പ് ഉടമകളായ സുനിൽ കുമാറും, സുധീഷ് കുമാറും കട അടച്ച് പൂട്ടി മുങ്ങി. ദോംബിവ്‌ലിയിലെ ഇവരുടെ വസതികളിൽ ഇന്നലെ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ പൂട്ടിക്കിടക്കുകയായിരുന്നു. ഇവരുടെ ഷോറൂമുകൾ പൊലീസ് പൂട്ടി സീൽ വച്ചു.

മുബൈയിലും പൂണെയിലുമായി തൃശൂർ സ്വദേശികളായ സഹോദരന്മാർക്ക് 13 ഷോറൂമുകളുണ്ട്. ഗുഡ് വിൻ ജൂവലേഴ്‌സിന്റെ സ്വർണ നിക്ഷേപ പദ്ധതികളിൽ നിക്ഷേപിച്ച മുംബൈയിൽ, സ്ഥിരമാസക്കാരാക്കിയ മലയാളികളാണ് ഇവരുടെ ചതിയിൽ പെട്ടത്. ജൂവലറി ഗ്രൂപ്പിന്റെ വെബ്‌സൈറ്റിൽ പറയുന്നത് അനുസരിച്ച് സുനിൽ കുമാർ ഗ്രൂപ്പിന്റെ ചെയർമാനും സുധീഷ് കുമാർ മാനേജിങ് ഡയറക്ടറുമാണ്.

2000 മുതൽ 50 ലക്ഷം വരെയാണ് പല മലയാളികളും നിക്ഷേപിച്ചിരുന്നത്. എന്നാൽ, നിക്ഷേപതുകകൾ കോടികൾ വരുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. ഉടമകൾക്കും, ഏരിയ മാനേജർ മനീഷ് കുണ്ഡക്കുമെതിരെ വഞ്ചനാ കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് രാംനഗർ പൊലീസ് സ്‌റ്റേഷനിലെ എസ്‌പി അഹേർ പറഞ്ഞു. ദോംബിവ്‌ലിയിൽ നിന്നു മാത്രം 250 പേർ പരാതി നൽകിക്കഴിഞ്ഞു. എത്ര തുകയുടെ തട്ടിപ്പാണ് നടത്തിയതെന്ന് ഇവരുടെ വിശദമായ മൊഴിയെടുത്താൽ മാത്രമേ അറിയാൻ കഴിയൂ.

ചെയർമാൻ സുനിൽ കുമാറിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. എന്നാൽ, നിക്ഷേപകർക്കായി ഉടമയുടെ വക ഒരു വോയ്‌സ് മെസേജുണ്ട്. എല്ലാവരുടെയും ഫണ്ടുകൾ സുരക്ഷിതമാണെന്ന്. എന്നാൽ, ഇത് പാടേ വിശ്വസിക്കാൻ ആരും തയ്യാറല്ല. ഫണ്ടുകൾ സുരക്ഷിതമാണെങ്കിൽ, ഉടമകൾ എന്തിന് മുങ്ങണം? അവർ ചോദിക്കുന്നു. ദോംബിവ്‌ലിയിലെ ഷോറൂം പൂട്ടിയതിന് പിന്നാലെ ആയിരക്കണക്കിന് നിക്ഷേപകരാണ് പൊലീസിൽ പരാതി നൽകാനെത്തുന്നത്. ദീപാവലി ആഘോഷങ്ങൾ കഴിയുന്നതോടെ, കൂടുതൽ പരാതികൾ എത്തുമെന്ന് പൊലീസ് കരുതുന്നത്.

22 വർഷമായി ജൂവലറി വ്യവസായ രംഗത്തുള്ളവരാണ് കുമാർ സഹോദരന്മാർ. ചെയർമാൻ സുനിൽ കുമാറിന്റെ ശബ്ദസന്ദേശത്തിൽ ഇങ്ങനെ പറയുന്നു: 'മൂന്നുവർഷം മുമ്പ എന്റെ കുടുംബം ചില പ്രശ്‌നങ്ങളിൽ പെട്ടപ്പോൾ തുടങ്ങിയ ദുഷ്പ്രചാരണത്തിന്റെ പരിണതഫലമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. സ്വാഭാവികമായി ബിസിനസിനെ അത് ബാധിച്ചു. എന്നാൽ, പുതിയ ആശയങ്ങൾ നടപ്പാക്കി പ്രതിസന്ധി തരണം ചെയ്യാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ'.

ഒക്ടോബർ 21 നാണ് ഗുഡ് വിൻ ജൂവലേഴ്‌സിന്റെ ദോംബിവ്‌ലിയിലെ ഓഫീസ് പൂട്ടിയത്. ഫോണിൽ അന്വേഷിച്ചപ്പോൾ ഓഫീസ് രണ്ടുദിവസത്തേക്ക് തുറക്കില്ലെന്ന മറുപടിയാണ് ജീവനക്കാർ നൽകിയത്. എന്നാൽ, ദീപാവലിക്കും ഷോറൂം അടഞ്ഞ് കിടന്നതോടെ നിക്ഷേപകർക്ക് ആശയക്കുഴപ്പവും, പരിഭ്രാന്തിയുമായി. കഴിഞ്ഞ ദിവസം പുണെയിലെ ചിഞ്ചുവാഡ ഷോറൂമിൽ ജീവനക്കാർക്ക് നേരെ നടന്ന ആക്രമണത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ കടകളും അടച്ചിടേണ്ടി വന്നുവെന്നാണ് ചെയർമാൻ സുനിൽ കുമാർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അടച്ചിട്ട ഷോറൂമുകൾ രണ്ടു ദിവസത്തിനകം തുറക്കുമെന്നും നിക്ഷേപരുടെ പണം സുരക്ഷിതമാണെന്നും തിരിച്ചു നൽകാൻ സാവകാശം വേണമെന്നും അപേക്ഷിച്ചുള്ള സുനിൽ കുമാറിന്റെ വാട്ട്‌സപ്പ് വോയിസ് സന്ദേശം മാത്രമാണ് നിക്ഷേപകർക്ക് കുറച്ചെങ്കിലും പ്രത്യാശ നൽകിയത്.എന്നാൽ തുടർന്നുള്ള ദിവസങ്ങളിലൊന്നും ജൂവലറിയുടെ ഷോറൂമുകളൊന്നും തന്നെ തുറന്ന് പ്രവർത്തിക്കാതിരുന്നതും ഉത്തരവാദിത്തപ്പെട്ടവരെ ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാതെ വന്നതുമാണ് പ്രശ്‌നത്തെ കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നത്.

ബോളിവുഡ് താരങ്ങളെ അണിനിർത്തി ക്യാൻവാസിങ്

ബോളിവുഡിൽ നിന്നും മലയാള സിനിമാ രംഗത്ത് നിന്നുമുള്ള സെലിബ്രിറ്റികളെ ക്ഷണിച്ചുവരുത്തിയാണ് കുമാർ സഹോദരന്മാർ സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് മലയാളികൾ അടക്കമുള്ള നിക്ഷേപകരെ ആകർഷിച്ചത്. നിക്ഷേപങ്ങൾ ക്യാൻവാസ് ചെയ്യാൻ കമ്മീഷൻ അടിസ്ഥാനത്തിൽ ഏജന്റുമാരെ നിയോഗിച്ചിരുന്നു. ചില നിക്ഷേപകർ തങ്ങളുടെ മാതാപിതാക്കൾ തുടങ്ങി വച്ച നിക്ഷേപ പദ്ധതി പൂർത്തിയാക്കാൻ ചെറുകിട നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ഏജന്റുമാർക്ക് കമ്മീഷൻ കിട്ടിക്കോട്ടെ എന്നുകരുതി മാനുഷിക പരിഗണനയോടെ ചില നിക്ഷേപങ്ങളും.

സുനിലും സുധീഷും പടർന്ന് പന്തലിച്ചത് ഇങ്ങനെ

തൃശൂരിൽ നിന്ന് മുംബൈയിലെത്തി കുമാർ സഹോദരന്മാർ ആദ്യമേ കണ്ണ് വച്ചത് ജൂവലറി ബിസിനസിലായിരുന്നു. മുംബൈയിലെ ഒരു പ്രമുഖ ജൂവലറി ഷോപ്പിന് വേണ്ടിയുള്ള സ്വർണ വിതരണക്കാരായി ആയിരുന്നു ആദ്യ രംഗപ്രവേശം. 1998 ൽ തുടങ്ങിയ ആ ബിസിനസ് 2002 ൽ അവസാനിച്ചതായി ജൂവലറി ഉടമ പറഞ്ഞു. 1992 ലാണ് ഇവർ തൃശൂരിൽ സ്വർണാഭരണ നിർമ്മാണം തുടങ്ങിയത്. അടുത്ത മൂന്നുവർഷത്തിനുള്ളിൽ പൂർണതോതിൽ ജൂവലറി ബിസിനസിൽ തിളങ്ങി തുടങ്ങി. 2004 ലാണ് മുംബൈ മാർക്കറ്റിലേക്ക് ഇറങ്ങിയത്.

നിക്ഷേപകരെ ആകർഷിക്കാൻ രണ്ടുപദ്ധതികൾ

സ്വർണത്തിന്മേലുളേള സ്ഥിര നിക്ഷേപത്തിന് 17 ശതമാനം പലിശയാണ് ഇവർ വാഗ്ദാനം ചെയ്തത്. രണ്ടാമത്തെ പദ്ധതി പ്രകാരം നിക്ഷേപത്തിന്റെ തോതനുസരിച്ച് വർഷാവസാനം സ്വർണാഭരണമോ, കാഷോ വിഹിതമായി നൽകും. നിക്ഷേപകർക്ക് എത്ര തുക വേണമെങ്കിലും ഒരുവർഷത്തേക്ക് നിക്ഷേപിക്കാം. കമ്പനി ഈ പദ്ധതിയിൽ തങ്ങളുടെ ഒരുമാസത്തെ വിഹിതമാണ് നിക്ഷേപിക്കുക. വർഷാവസാനം മൊത്തം തുകയുടെ അടിസ്ഥാനത്തിൽ സ്വർണാഭരണമായി മടങ്ങി വാങ്ങാം. പണമായി തന്നെ വേണമെങ്കിൽ 14 മാസത്തോളം കാത്തിരിക്കേണ്ടി വരികയും ചെയ്യും.

ജൂവലറി ഗ്രൂപ്പിന്റെ ബ്രാഞ്ചുകൾ

വാഷി, താനെ, എന്നിവിടങ്ങളിൽ ഓരോന്നും, ദോംബിവ്‌ലിയും ചെമ്പൂരിലും വസായിയിലും അംബർനാഥിലും രണ്ടുവീതവും, പൂണെയിലും, കേരളത്തിലൂം മൂന്നുവീതവും ബ്രാഞ്ചുകൾ തുറന്നിരുന്നു. വിദേശത്ത് പുതിയ ഷോറൂമുകൾ തുടങ്ങാനിരിക്കെയാണ് കടം വന്ന് കയറി സ്ഥാപനം പൂട്ടുന്നത്.

ഗാർഹിക പീഡനത്തിന് സുധീഷ് കുമാർ നേരത്തെ അറസ്റ്റിൽ

2016 ൽ സുധീഷ് കുമാറിനെ ഭാര്യയെ ആക്രമിച്ചെന്ന ഗാർഹിക പീഡന പരാതിയിൽ നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക ശ്രമത്തിനാണ് അന്ന് കേസെടുത്തിരുന്നത്.

ആദ്യപരാതിക്കാരൻ

ഗുഡ് വിൻ ജൂവലേഴ്‌സിന്റെ നിക്ഷേപ പദ്ധതിയിൽ നിക്ഷേപിച്ച് 9.81 ലക്ഷം നഷ്ടമായ സഞ്ജയ് ബിശ്വാസാണ് ആദ്യപരാതിക്കാരൻ. ചെറിയ സ്ഥിരനിക്ഷേപങ്ങളാണ് ഇയാൾ ജൂവലറിയുടെ പദ്ധതിയിൽ അടച്ചിരുന്നത്. ഒരുലക്ഷം ഇട്ടാൽ വർഷാവസാനം 1.17 ലക്ഷം രൂപ മടക്കി നൽകുമെന്ന വാഗ്ദാനത്തിലാണ് വീണത്. ശനിയാഴ്ച രാത്രി സുനിൽ കുമാർ തന്നെ വാട്‌സാപ്പിൽ വിളിച്ചിരുന്നതായി സഞ്ജയ് പറഞ്ഞു. ഷോറൂമിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ, നിക്ഷേപകർ തന്നെ കയ്യേറ്റം ചെയ്യുമെന്നാണ് ഭയമെന്നും സ്‌ന്ദേശത്തിൽ പറയുന്നു. പണം എങ്ങനെയെങ്കിലും സംഭരിച്ചിട്ട് താൻ മടങ്ങി വരുമെന്നാണ് സുനിൽ കുമാറിന്റെ വാഗ്ദാനം.

ലക്ഷങ്ങൾ നിക്ഷേപിച്ച മറ്റൊരാൾ ജോബി തോമസാണ്. മിക്ക ഉപഭോക്താക്കളും കേരളത്തിൽ നിന്നുള്ളവരാണ്. സ്ഥിര നിക്ഷേപത്തിൽ 17 ശതമാനം പലിശ എന്ന വാഗ്ദാനത്തിലാണ് പലരും വീണത്. പൊലീസിനെ പലവട്ടം സമീപിച്ചെങ്കിലും അവർ കേസെടുത്തില്ലെന്ന് ജോബി പറഞ്ഞു.
ചെയർമാനും എംഡിയും മാനേജരുമൊക്കെ കസ്റ്റമേഴ്‌സിനെ മോഹന വാഗ്ദാനങ്ങളിൽ മയക്കാൻ പല തന്ത്രങ്ങളും പ്രയോഗിച്ചു. വിവിധ ബ്രാഞ്ചുകളുടെ ഉദ്ഘാടനത്തിന് സെലിബ്രിറ്റികളായ ശിൽപ ഷെട്ടി, പങ്കജ് ഉധാസ്, അഫ്തബ് ശിവദാസാനി എന്നിവരെ ക്ഷണിച്ചുവരുത്തിയാണ് വിശ്വാസ്യത ഉണ്ടാക്കിയെടുത്തത്.

സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കും

പൊലീസ് ഇതുവരെ 29 ഓളം നിക്ഷേപകരുടെ മൊഴിയെടുത്തുകഴിഞ്ഞു. 1.8 കോടിയോളം ഇവരിൽ നിന്ന് തട്ടിയെടുത്തിട്ടുണ്ട്. ഏകദേശം 800 ഓളം നിക്ഷേപകർ കബളിപ്പിക്കപ്പെട്ടതായാണ് കണക്കാക്കുന്നത്. ദോംബിവ്‌ലിയിൽ മാത്രം 10 കോടിയോളം ഇങ്ങനെ തട്ടിയെടുത്തതായി കണക്കാക്കുന്നു. താനെ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP