Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അയ്യപ്പഭക്തരുടെ മാല പൊട്ടിച്ചതിന് ഫാസിലിനെ കൊന്ന് പ്രതികാരം വീട്ടി; ചേട്ടന്റെ ജീവനെടുത്തവരെ ഇല്ലായ്മ ചെയ്യാൻ പാർട്ടിയോട് കെഞ്ചിയിട്ടും ആരും കുലുങ്ങിയില്ല; പ്രശ്‌നങ്ങൾക്ക് പോകരുതെന്ന് സിഐ ഉപദേശിച്ചിട്ടും ബിടെക്കുകാരൻ പിന്മാറിയില്ല; സ്വന്തം കാറിൽ കൂട്ടുകാരുമായെത്തി തലയറുത്ത് മാറ്റി സഹോദരനെ കൊന്നതിന് പക തീർത്തു; ഗുരൂവായൂർ ആനന്ദൻ കൊലയിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്; കുറ്റസമ്മതം നടത്തി പ്രതികളും

അയ്യപ്പഭക്തരുടെ മാല പൊട്ടിച്ചതിന് ഫാസിലിനെ കൊന്ന് പ്രതികാരം വീട്ടി; ചേട്ടന്റെ ജീവനെടുത്തവരെ ഇല്ലായ്മ ചെയ്യാൻ പാർട്ടിയോട് കെഞ്ചിയിട്ടും ആരും കുലുങ്ങിയില്ല; പ്രശ്‌നങ്ങൾക്ക് പോകരുതെന്ന് സിഐ ഉപദേശിച്ചിട്ടും ബിടെക്കുകാരൻ പിന്മാറിയില്ല; സ്വന്തം കാറിൽ കൂട്ടുകാരുമായെത്തി തലയറുത്ത് മാറ്റി സഹോദരനെ കൊന്നതിന് പക തീർത്തു; ഗുരൂവായൂർ ആനന്ദൻ കൊലയിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്; കുറ്റസമ്മതം നടത്തി പ്രതികളും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: നെന്മിനിയിൽ ആർഎസ്എസ് പ്രവർത്തകൻ ആനന്ദനെ വെട്ടിക്കൊന്നതിന് പിന്നിൽ ചേട്ടനെ കൊന്നതിനുള്ള പക തന്നെ. സിപിഎമ്മുകാരനായ ഫാസിലിന്റെ കൊലയ്ക്കുള്ള പ്രതികാരം അനുജൻ തീർത്ത് ആനന്ദന്റെ തലവെട്ടിമാറ്റിയും. സി.പി.എം നേതൃത്വത്തോട് തന്റെ ചേട്ടനെ കൊന്നവരോട് പക വീട്ടണമെന്ന് ഫായിസ് പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടി ഇതിന് വേണ്ട മുൻകൈയെടുത്തില്ല. ഇതോടെ ബിടെക്കുകാരനായ ഫായിസ് സ്വയം എല്ലാം ഏറ്റെടുക്കുകയായിരുന്നു. ആനന്ദിന്റെ കൊലയുമായി ബന്ധപ്പെട്ട് ഫായിസ് ഉൾപ്പെടെ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫായിസ്, ജിതേഷ്, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്.

ഫായിസിന് രാഷ്ട്രീയ ആഭിമുഖ്യമൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ജിതേഷും കാർത്തിക്കും സി.പി.എം അനുഭാവികളാണ്. ചേട്ടന്റെ കൊലയ്ക്ക് പ്രതികാരം തീർക്കാൻ ചേട്ടന്റെ സുഹൃത്തുക്കളെ രാഷ്ട്രീയം പറഞ്ഞ് ഒപ്പം നിർത്തുകയായിരുന്നു ഫായിസ്. ഫാസിൽ കൊലക്കേസിൽ കേസിൽ പ്രതിയായിരുന്നു ആനന്ദ്. ഇതിന്റെ പ്രതികാരമാണ് തീർത്തതെന്ന് ഫായിസ് പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സി.പി.എം നേതൃത്വത്തിന് ഇതിൽ പങ്കില്ലെന്നാണ് മൊഴി. താൻ പലവട്ടം നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും അവർ ചെയ്തില്ല. അതിനാൽ സ്വയം ഏറ്റെടുത്തുവെന്നാണ് കുറ്റസമ്മത മൊഴി.

ഫായിസിന് എൻഡിഎഫ് ബന്ധങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. സിപിഎമ്മുകാരനായിരുന്നുവെങ്കിലും ഫാസിലും എൻഡിഎഫുമായി അടുപ്പം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. ഇതാണ് 2014ലെ കൊലയിലെത്തിച്ചതെന്നും പൊലീസ് പറയുന്നു. 2014ലെ കൊലയിലും രാഷ്ട്രീമയില്ലായിരുന്നു. ഫാസിലിനെതിരെ ഗുരൂവായൂരിലെത്തിയ അയ്യപ്പ ഭക്തരുടെ മാല പൊട്ടിച്ചെന്ന പരാതി ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികാരം തീർക്കലിനായിരുന്നു ഫാസിലിനെ കൊന്നത്. സിപിഎമ്മിന് അപ്പുറമുള്ള ഫാസിലിന്റെ എൻഡിഎഫ് ബന്ധമായിരുന്നു ഇതിന് കാരണം. അതുകൊണ്ട് തന്നെ രാഷ്ട്രീയ തർക്കങ്ങൾക്കപ്പുറമുള്ള വർഗ്ഗീയ കൊലയുടെ പ്രതികാരമാണ് ആനന്ദനെ വകവരുത്തിയതിലൂടെ ഫായിസ് ചെയ്തതെന്ന് പൊലീസ് പറയുന്നു.

ചേട്ടന്റെ കൊലപാതകികളോട് ഫായിസിനുള്ള പ്രതികാരം സി.പി.എം നേതാക്കളിൽ ചിലർ പൊലീസിനേയും അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ പല വട്ടം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ഫായിസിനെ താക്കീത് ചെയ്യുകയും പ്രശ്‌നങ്ങൾക്ക് നിൽക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനൊന്നും ഫായിസ് വഴങ്ങിയില്ല. ഇതിന് മുമ്പ് പലവട്ടം ആനന്ദനെ കൊല്ലാൻ ഫായിസ് ശ്രമിച്ചതായും പൊലീസിന് സംശയമുണ്ട്. ഇതിനപ്പുറമുള്ള ഗൂഢാലോചനയൊന്നും സംഭവത്തിലില്ലെന്ന് പൊലീസ് നൽകുന്ന വിശദീകരണം. എന്നാൽ സി.പി.എം നേതൃത്വത്തെ രക്ഷിക്കാനുള്ള നീക്കമാണിതെന്നും സി.പി.എം പ്രാദേശിക നേതാക്കൾക്കും കൊലയയിൽ പങ്കുണ്ടെന്നും ബിജെപിയും ആരോപിക്കുന്നു.

അതിക്രൂരമായാണ് അനന്ദിനെ വെട്ടിക്കൊന്നത്. ആനന്ദന്റെ ശരീരത്തിൽ പത്ത് വെട്ടുകളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. തലയ്ക്കും കഴുത്തിനു പിന്നിലുമായി ആറ് വെട്ടുകളും പുറത്ത് ഒന്നും കാൽമുട്ടിനു താഴെ രണ്ടും വെട്ടുകളുണ്ട്. തല ഏതാണ്ട് അറത്തു മാറ്റുന്ന തരത്തിലെ ക്രൂരമായ വെട്ടാണ് കൊലയ്ക്ക് കാരണമായത്. മരിച്ച ആനന്ദൻ ഫാസിൽ വധക്കേസിലെ രണ്ടാംപ്രതിയായിരുന്നു. ഫയാസിന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് അക്രമികൾ വന്നത്. കാർ പൊലീസ് കസ്റ്റഡിയിലാണ്. കാറിൽനിന്ന് ലഭിച്ച മൊബൈൽ ഫോണിലേക്ക് സംഭവദിവസം വിളികൾ വന്നിട്ടുള്ള നമ്പറുകൾ പൊലീസ് പിന്തുടർന്നു. അതിൽ പല നമ്പറുകളും സ്വിച്ച് ഓഫ് ആയിരുന്നു. ഈ അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സഹായകമായത്.

നെന്മിനി കടവള്ളി ലക്ഷംവീട് കോളനിയിൽ വടക്കേ തരകത്ത് അംബികയുടെ മകനായ ആനന്ദൻ(28) ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് വെട്ടേറ്റ് മരിച്ചത്. ആനന്ദന്റെ മൃതദേഹം പോസ്റ്റ്മോർട്ടം കഴിഞ്ഞ് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നെന്മിനിയിലെ വീട്ടിൽ കൊണ്ടുവന്നു. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ നേതാക്കളടക്കം വൻ ജനാവലി അന്ത്യോപചാരമർപ്പിക്കാനെത്തി. ഒന്നരമണിക്കൂർ പൊതുദർശനത്തിനു വെച്ചശേഷം ചെറുതുരുത്തി പുണ്യതീരത്ത് മൃതദേഹം സംസ്‌കരിച്ചു. സി.പി.എം ഗൂഢാലോചനയാണ് കൊലയ്ക്ക് പിന്നിലെന്ന് ബിജെപി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ പൊലീസിനെതിരെ ആരോപണവുമുയർന്നു. അതുകൊണ്ട് തന്നെ പ്രതികളെ പിടിക്കാൻ അതിവേഗ നടപടികളും എടുത്തു.

നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. പ്രതികൾ സഞ്ചരിച്ച കാർ ഫായിസിന്റേതായിരുന്നു. നാട്ടുകാർ ഓടിക്കൂടിയതോടെ കാർ ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞിരുന്നു. ഫാഹിസിന്റെ വിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെയും സുഹൃത്തിനെയും കാറിൽ എത്തിയ സംഘം തട്ടിവീഴ്‌ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇനിയും രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.

പോപ്പുലർ ഫ്രണ്ടിലേക്കാണ് ബിജെപി ആരോപണം ഉന്നയിക്കുന്നത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഫേസ്‌ബുക്കിലും വാട്സാപ്പിലും കൊലയെ ന്യായീകരിച്ച് നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ഇസ്ലാമിക തീവ്രവാദ സ്വഭാവമുള്ള ചില ഗ്രൂപ്പുകളിലാണ് ഈ പോസ്റ്റുകൾ ആദ്യം പ്രത്യക്ഷപ്പെട്ടത്. കൊലക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ പരിശീലനം സിദ്ധിച്ച കൊലയാളികളുണ്ടെന്നാണ് കരുതുന്നത്. പ്രദേശത്ത് പകൽ സമയം സിപിഎമ്മും രാത്രി പോപ്പുലർ ഫ്രണ്ടുമായി മാറുന്ന ഒട്ടേറെ യുവാക്കളുണ്ട്. തീവ്രമത വർഗീയത വച്ചു പുലർത്തുന്ന ഇവരെ സി.പി.എം നേതൃത്വമാണ് സംരക്ഷിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു. 2012ൽ പാവറട്ടിയിൽ ആർഎസ്എസ് കാര്യവാഹ് ഷാരോൺ വെട്ടേറ്റ് മരിച്ച സംഭവത്തിലെ പ്രധാന സാക്ഷികളിലൊരാളായിരുന്നു ആനന്ദൻ. ഇതേത്തുടർന്ന് ഈ കേസിലെ സാക്ഷിമൊഴി ദുർബലമാക്കാനാണ് ഫാസിൽ വധക്കേസിൽ സി.പി.എം നേതൃത്വം ആനന്ദനെ കുടുക്കിയതെന്നാണ് സംഘപരിവാർ പറയുന്നത്.

പ്രതികളെ പിടികൂടിയെങ്കിലും സംഘർഷ സാദ്ധ്യത നിലനിൽക്കുന്ന ഗുരുവായൂരിലെ വിവിധയിടങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. ഗുരുവായൂർ ക്ഷേത്രം, പാവറട്ടി എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന ഗുരുവായൂർ നഗരസഭ, ചാവക്കാട് നഗരസഭയുടെ ഏട്ടാം വാർഡ്, കണ്ടാണശ്ശേരി, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, എളവള്ളി ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. അഞ്ചോ, അഞ്ചിലധികമോ ആളുകൾ കൂട്ടംകൂടി നിൽക്കാനോ, ജാഥ, പ്രകടനം, പൊതുയോഗം എന്നിവ നടത്തുവാനോ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. വിവാഹം, മറ്റു പരമ്പരാഗത മതാനുഷ്ഠാനങ്ങൾ തുടങ്ങിയ പൊലീസിന്റെ അനുമതിയോടെ മാത്രമെ നടത്താവൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP