Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുരുവായൂർ മുനിസിപ്പൽ മുൻ സെക്രട്ടറി പീഡിപ്പിച്ച വിദ്യാർത്ഥിനി വിവാഹത്തിനു വിസമ്മതിച്ചു; വിവരമറിഞ്ഞ സിദ്ധൻ പീഡനവിവരം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ പിടുങ്ങി; മാതാപിതാക്കൾ പരാതി നൽകിയതോടെ പീഡനത്തിന് മുൻ സെക്രട്ടറിയും ബ്ലാക് മെയിലിംഗിനു സിദ്ധനും ജയിലിൽ

ഗുരുവായൂർ മുനിസിപ്പൽ മുൻ സെക്രട്ടറി പീഡിപ്പിച്ച വിദ്യാർത്ഥിനി വിവാഹത്തിനു വിസമ്മതിച്ചു; വിവരമറിഞ്ഞ സിദ്ധൻ പീഡനവിവരം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ പിടുങ്ങി; മാതാപിതാക്കൾ പരാതി നൽകിയതോടെ പീഡനത്തിന് മുൻ സെക്രട്ടറിയും ബ്ലാക് മെയിലിംഗിനു സിദ്ധനും ജയിലിൽ

തൃശൂർ: ക്ഷേത്രനഗരമായ ഗുരുവായൂരിലെ ഒരു കോളേജിലെ ബിരുദവിദ്യാർത്ഥിനി പീഡനത്തിന് ഇരയായതായി പൊലീസിൽ പരാതി നൽകി. സംഭവമുണ്ടായത് 2015 ഏപ്രിൽ മാസത്തിലാണ്. പെൺകുട്ടിയുടെ സോഷ്യൽവർക്ക് ബുക്കിൽ ഒപ്പു വച്ചു നൽകേണ്ട ഗുരുവായൂർ മുനിസിപ്പലിറ്റി സെക്രട്ടറിയായ രഘുരാമൻ അതു ഉടനെ നൽകിയില്ല. കുട്ടിയുടെ ഫോൺ നമ്പർ വാങ്ങുകയും വിളിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. കൂടെ വന്ന മറ്റു രണ്ടുപേർക്കും സോഷ്യൽ വർക്ക് ബുക്ക് തിരിച്ചു നൽകുകയും ചെയ്തു.

ഫോൺ വിളിച്ച പെൺകുട്ടിയോട് ബുക്ക് ക്വാർട്ടേഴ്സിലാണെന്നും അവിടെ അമ്മയുണ്ടെന്നും അവിടെ പോയി വാങ്ങാനുമാണ് ഇയാൾ നിർദ്ദേശിച്ചത്. അതുപ്രകാരം പുസ്തകം തിരിച്ചു വാങ്ങാനെത്തിയ കുട്ടി ഇയാളെ കണ്ടപ്പോൾ അമ്മ എവിടെയെന്ന് ചോദിച്ചു. പുറത്തു പോയിരിക്കുകയാണെന്നും ഇപ്പോൾ വരുമെന്നുമാണ് ഇയാൾ പറഞ്ഞത്. തുടർന്ന് ക്ഷണിച്ചിരുത്തിയ ഇയാൾ പിന്നീട് കിടപ്പറയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പിന്നീട് ഇയാൾ പെൺകുട്ടിക്ക് ഫോൺ വിളിക്കുകയും സന്ദേശങ്ങളയയ്ക്കുകയും ചെയ്തിരുന്നുവെന്ന് പറയുന്നു.

ഇരുപത്തൊന്നുകാരിയായ പെൺകുട്ടിയുടെ വിവാഹാലോചനകളെല്ലാം മുടങ്ങിപ്പോകുകയും പെൺകുട്ടി വിവാഹത്തിന് വിസ്സമ്മതം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. മാതാപിതാക്കൾ ഗുരുവായൂരിൽ മുത്തപ്പൻ പൂജ നടത്തുന്ന വിനോദിനെ സമീപിച്ച് കാര്യങ്ങൾ ബോധിപ്പിച്ചു. സിദ്ധൻ പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. പെൺകുട്ടിയുമായി ഇയാൾ സംസാരിച്ചപ്പോൾ കാര്യങ്ങൾ പിടികിട്ടി. ഗുരുവായൂർ മുനിസിപ്പാലിറ്റി സെക്രട്ടറിയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ പെൺകുട്ടി തനിക്ക് മറ്റൊരാളെ വിവാഹം ചെയ്തു വഞ്ചിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. തുടർന്ന് ഇവരെല്ലാവരും സെക്രട്ടറിയുടെ അടുത്തെത്തി. കാര്യങ്ങളെല്ലാം സമ്മതിക്കേണ്ടി വന്ന ഇയാൾ മാപ്പ് പറയുകയും പ്രശ്നം ഉണ്ടാക്കരുതെന്നും മുനിസിപ്പാലിറ്റിയിൽ ഉടൻ ഒഴിവുവരുമെന്നും അപ്പോൾ പെൺകുട്ടിക്ക് ജോലി നൽകാമെന്നും വാഗ്ദാനം ചെയ്തു. പ്രശ്നങ്ങൾ പുറത്തറിഞ്ഞാലുള്ള മാനഹാനി ഭയന്നാണ് സാധാരണക്കാരായ പെൺകുട്ടിയുടെ വീട്ടുകാർ മിണ്ടാതിരുന്നത്. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതം തകർക്കുമെന്നുള്ളതിനാലാണ് പ്രശ്നങ്ങളുണ്ടാക്കാതെ മനസ്സില്ലാ മനസ്സോടെ ഇവർ തിരിച്ചുപോന്നത്.

സിദ്ധൻ വിനോദ് ഇതിനുശേഷം ആരോരുമറിയാതെ സെക്രട്ടറിയെ കണ്ട് ഭീഷണിപ്പെടുത്തി 3,90.000രൂപ തട്ടിയെടുത്തു. വീണ്ടും പല സമയങ്ങളിലും പണത്തിനായി രഘുരാമനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. പത്രക്കാരെയും പൊലീസിനെയും അറിയിക്കുമെന്ന് പറഞ്ഞാണ് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നത്. ഒടുവിൽ 30 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയെ സമീപിച്ചപ്പോഴാണ് രഘുരാമൻ പൊലീസിൽ പരാതി നൽകിയത്. സിദ്ധൻ ഭീഷണിപ്പെടുത്തി പണംതട്ടുന്ന കാര്യം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞിരുന്നില്ല. വീട്ടുകാർക്ക് ഇതറിയില്ലെന്ന കാര്യം സെക്രട്ടറിക്കും അറിയില്ലായിരുന്നു. ഇതാണ് സിദ്ധന് തുണയായത്. ഗുരുവായൂരിൽ നിന്നും കോട്ടയത്തേക്ക് ട്രാൻസ്ഫറായ രഘുരാമൻ നംവബർ 23ന് തൃശൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലാണ് സിദ്ധൻ വിനോദിനെതിരെ പരാതി നൽകിയത്. പരാതി അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയപ്പോൾ ഇയാൾ ഉടനെ പെൺകുട്ടിയുടെ വീട്ടിലെത്തി. പ്രശനം വഷളായെന്നും ഉടനെ പരാതി നൽകണമെന്നും പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിച്ച്, പരാതി നൽകിപ്പിക്കുകയായിരുന്നു. കണ്ടാണശ്ശേരി പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയും പീഡനത്തിന് സെക്രട്ടറിക്കെതിരെ കേസ്സ് എടുക്കുകയും ചെയ്തു.

മുൻ ഗുരുവായൂർ മുൻസിപ്പാലിറ്റി സെക്രട്ടറി രഘുരാമനെതിരായി 2016 നവംബർ 26ന് രജിസ്റ്റർ ചെയ്ത പീഡനക്കേസ്സിൽ, പ്രതിയെ പൊലീസിനും പിടികിട്ടിയിരുന്നില്ല. ഇയാൾ കോട്ടയത്ത് ചാർജെടുത്തില്ലെന്നു മാത്രമല്ല, മൊബൈൽഫോൺ സ്വിച്ച് ഓഫുമായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് തൃശ്ശൂർ ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും അറസ്റ്റു ചെയ്തത്. ആലുവ ഏലൂർ സ്വദേശിയായ രഘുരാമനെ ചാവക്കാട് കോടതി കഴിഞ്ഞ ദിവസം റിമാന്റ് ചെയ്തു. ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ഹർജി നൽകിയിരുന്നു. വിവാഹിതനാണെങ്കിലും രഘുരാമൻ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തി കഴിയുകയാണെന്നു പറയുന്നു. സെക്രട്ടറിയുടെ കൈയിൽനിന്നും പണം തട്ടിയെടുത്ത താമരയൂരിലെ കക്കാട് കരിപ്പോട്ടിൽ വിനോദിനെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP