Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിയൽ എസ്‌റ്റേറ്റിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നവരൊക്കെ കരുതൽ എടുക്കണമെന്ന് ഓർമ്മിപ്പിച്ച് കൊണ്ട് ഹീരയിലെ പ്രതിസന്ധിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; പഞ്ചാബ് നാഷണൽ ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചതിന്റെ പിന്നാലെ കുടിശ്ശിക വരുത്തിയ 15 കോടി പിടിക്കാൻ കേരള ഫിനാൻഷ്യൽ കോർപ്പറേഷനും; ഹീരയുടെ രണ്ട് അക്കൗണ്ടുകൾ സംശയാസ്പദ ഇടപാടുകളാക്കി മാറ്റി കെഎഫ്‌സി

റിയൽ എസ്‌റ്റേറ്റിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നവരൊക്കെ കരുതൽ എടുക്കണമെന്ന് ഓർമ്മിപ്പിച്ച് കൊണ്ട് ഹീരയിലെ പ്രതിസന്ധിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; പഞ്ചാബ് നാഷണൽ ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചതിന്റെ പിന്നാലെ കുടിശ്ശിക വരുത്തിയ 15 കോടി പിടിക്കാൻ കേരള ഫിനാൻഷ്യൽ കോർപ്പറേഷനും; ഹീരയുടെ രണ്ട് അക്കൗണ്ടുകൾ സംശയാസ്പദ ഇടപാടുകളാക്കി മാറ്റി കെഎഫ്‌സി

എം എസ് സനൽകുമാർ

തിരുവനന്തപുരം: കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണി വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് എന്ന വ്യക്തമായ സൂചനകൾ നൽകി കൊണ്ടാണ് തലസ്ഥാനത്തിന്റെ രണ്ടാമത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയും വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉള്ള ഹീര കൺസ്ട്രക്ഷൻ കമ്പനിയാണ് ഇപ്പോൾ വൻ പ്രതിസന്ധി നേരിടുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എന്ന കെഎഫ്‌സിയാണ് ഹീരയിൽ നിന്നും തിരിച്ചു കിട്ടാനുള്ള 15 കോടിയോട് അടുത്തു വരുന്ന തുകയ്ക്കായി നിയമനടപടികൾക്ക് ശ്രമം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഹീരയുടെ രണ്ട് അക്കൗണ്ടുകളും സംശയാസ്പദ അക്കൗണ്ടുകളാക്കി മാറ്റിയിരിക്കയാണ് കെഎഫ്‌സി. പഞ്ചാബ് നാഷണൽ ബാങ്ക് ഹീരയിൽ നിന്നും 30 കോടി ഈടാക്കാനായി രണ്ട് പ്രോപ്പർട്ടികൾ ജപ്തി ചെയ്യാനുള്ള നടപടികൾ തുടങ്ങി എന്ന് നേരത്തെ മറുനാടൻ മലയാളഇ റിപ്പോർട്ട് ചെയ്തിരുന്നു.

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ( കെ എഫ് സി) നിന്നുമെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഹീരയുടെ 2 ലോൺ അക്കൗണ്ടുകളാണ് കെ എഫ് സി സംശയാസ്പദ അകൗണ്ടുകളാക്കി മാറ്റിയത്. ലോൺ നമ്പർ 120390910, 120394610 എന്നീ അക്കൗണ്ടുകളാണ് സംശയാസ്പദ അക്കൗണ്ടുകളാക്കി മാറ്റിയത്. ഹീരാ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിന്റെ പേരിലാണ് എടുത്ത ലോണാണ് തിരിച്ചടവ് മുടങ്ങി റിക്കവറി നടപടികളുടെ വക്കിലെത്തിയത്. 20 കോടി രൂപയായിരുന്നു ലോൺ തുക. ഇതിൽ 5 .83 കോടി രൂപ കുടിശ്ശിക വരുത്തി. പലിശ 60 .25 ലക്ഷം. ഹീരാ ലൈഫ് സ്‌റ്റൈലിന്റെ പേരിൽ എടുത്ത രണ്ടാമത്തെ ലോണിന് കുടിശ്ശിക 4 .54 കോടി രൂപ. ഇതിനു പലിശ 3.89 കോടി രൂപ വരും. രണ്ടാമത്തെ ലോണിന്റെ തിരിച്ചടവ് മുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. രണ്ടു ലോണിനുമായി തിരിച്ചടയ്‌ക്കേണ്ട തുക 14 കോടി 86 ലക്ഷം രൂപ വരും.

തിരിച്ചടവ് മുടങ്ങിയതോടെയാണ് കെ എഫ് സി ലോൺ അക്കൊണ്ടുകൾ സംശയാസ്പദ (doubtful) അക്കൊണ്ടുകളാക്കി മാറ്റിയത്. സംശയാസ്പദ അക്കൗണ്ടുകളാക്കി മാറ്റിയതോടെ അധികം താമസിയാത്ത റിക്കവറി നടപടികളിലേക്ക് കെഎഫ്‌സി നീങ്ങിയേക്കും. ഇതോടെ മറ്റു ബാങ്കുകളും ഹീരയെ കരിമ്പട്ടികയിൽ പെടുത്തുമോ എന്ന സംശയവും ശക്തമാണ്. ഇപ്പോഴത്തെ പ്രതിസന്ധി മറി കടക്കാൻ മറ്റ് ബാങ്കുകളിൽ നിന്നും ലോണെുക്കാൻ തുനിഞ്ഞാലും നടക്കാത്ത സാഹചര്യമാണ് ഇപ്പോഴത്തെ നടപടിയോടെ ഉണ്ടാക്കിയിരിക്കുന്നത്.

നോട്ട് നിരോധവും ബിനാമി ഇടപാടുകളെ നിയന്ത്രിക്കാനും കേന്ദ്ര സർക്കാർ കർശന നടപടി കൈക്കൊണ്ടതോടെ സംസ്ഥാനത്തെ മിക്ക ബിൽഡേഴ്‌സും പ്രതിസന്ധി നേരിടുന്നത്. ഇപ്പോഴത്തെ കേന്ദ്ര നീക്കം ഹീരയെയും കൂടുതൽ ക്ഷീണിതരാക്കിയിട്ടുണ്ട്. ഇതിനിടെ നേരത്തെ ഹീരയുടെ 4 സ്ഥലങ്ങൾ പഞ്ചാബ് നാഷണൽ ബാങ്ക് കൈവശപ്പെടുത്തിയിരുന്നു. ലോൺ തിരിച്ചടവ് മുടങ്ങിയത് കാരണമാണ് കൈവശപ്പെടുത്തൽ. നേരത്തെ തിരുവനന്തപുരത്തെ മറ്റൊരു പ്രമുഖ ബിൽഡറായ സാംസൺ ആൻഡ് സണ്ണും വിവാദത്തിൽ കുടുങ്ങിയിരുന്നു. ഇടപാടുകാരെ വഞ്ചിച്ച കേസിൽ ഇതിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹീരയുടെ സ്വത്തുക്കൾ വായ്പ മുടങ്ങിയതിന്റെ പേരിൽ ബാങ്ക് സ്വന്തമാക്കുന്നത് അക്കൊണ്ടുകൾ സംശയാസ്പദമാകുന്നതും.

ഹീരയിലെ ബാങ്കിന്റെ ഏറ്റെടുക്കൽ വ്യക്തമാക്കി ബാങ്ക് പത്രപ്പരസ്യവും നൽകി. മാതൃഭൂമി ദിനപത്രത്തിൽ ഒക്ടോബർ 26 നാണു പരസ്യം നൽകിയത്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ പാൽക്കളങ്ങര ശാഖയിൽ നിന്നാണ് ഹീര ലോൺ എടുത്തത്. 2 ലോണുകളിലായി 30 കോടി രൂപയാണ് എടുത്തത്. ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ഹീരയ്ക്ക് നോട്ടീസ് അയച്ചു. ലോൺ തുക 60 ദിവസത്തിനകം തിരിച്ചടയ്ക്കണമെന്നായിരുന്നു ഡിമാന്റ് നോട്ടീസിലെ ആവശ്യം. എന്നാൽ ഹീര തുക തിരിച്ചടച്ചില്ല. ഇതോടെയാണ് ബാങ്ക് വസ്തുക്കൾ കൈവശപ്പെടുത്തിയത്.

ഹീരാ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് താലൂക്കിലെ 2 സ്ഥലങ്ങൾ, ഹീരാ ഗ്രൂപ്പിന്റെ ഉടമ ഹീരാ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 2 സ്ഥലങ്ങൾ എന്നിവ കൈവശപ്പെടുത്തിയവയിൽപ്പെടുന്നു. നെടുമങ്ങാട് താലൂക്കിലെ പനവൂർ വില്ലേജിലാണ് സ്ഥലങ്ങൾ. ഹീര ലൈഫ് സ്‌റ്റൈൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ കവടിയാറിലുള്ള സ്ഥലവും ബാങ്ക് കൈവശപ്പെടുത്തി. 14 കോടി 11 ലക്ഷം രൂപയുടെ ഒരു ലോണും 16 കോടി 2 ലക്ഷം രൂപയുടെ മറ്റൊരു ലോണുമാണ് ഹീരാ ബാങ്കിൽ നിന്ന് എടുത്തിരിക്കുന്നത്.

കേരളത്തിലെ മാദ്ധ്യമങ്ങളുടെ ഏറ്റവും വലിയ പരസ്യക്കാരിൽ ഒരാളും ഇടത് വലത് ബിജെപി രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരനുമാണ് ഹീരാ ബാബു.കേരളത്തിന് അകത്തും പുറത്തുമായി അനേകം സ്ഥലങ്ങളിൽ ഒട്ടേറെ ഫ്ളാറ്റുകളും വില്ലകളും പണിപൂർത്തിയാക്കുകയും അനേകം പ്രോജക്ടുകൾ ഒരേസമയം നടപ്പിലാക്കുകയും ചെയ്യുന്ന വൻകിട ബിൽഡേഴ്‌സാണ് ഹീര ഗ്രൂപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ട്. ഹീരാ ബാബു എന്ന പേരിൽ അറിയപ്പെടുന്ന അബ്ദുൾ റഷീദ് എന്ന ബിസിനസുകാരന്റെ വളർച്ച അതിവേഗമായിരുന്നു. എന്നാൽ കുറച്ചു നാളായി അദ്ദേഹത്തിന്റെ പല പദ്ധതികളും പാളി. ജേക്കബ് തോമസ് ഫയർ ഫോഴ്‌സ് തലവനായിരുന്നപ്പോൾ പല പദ്ധതികൾക്കും എൻ ഒ സി നൽകിയില്ല. ഇതാണ് പ്രതിസന്ധിയിലേക്ക് തള്ളിവട്ടത്.

കവടിയാറിൽ നിയമം ലംഘിച്ച് പണിതുയർത്തിയ 13 നില കെട്ടിടത്തിന് അനുമതി നൽകാൻ അനധികൃതമായി ഇടപെട്ടതിന് അന്നത്തെ സിപിഐ(എം) മേയർ ആയിരുന്ന കെ ചന്ദ്ര അടക്കമുള്ളവരെ പ്രതികളാക്കി വിജിലൻസ് കേസ് എടുത്ത വാർത്ത മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. വൈദ്യുതി മോഷണം, പൈപ്പ് ലൈനിന് മുകളിലൂടെ വീട് നിർമ്മാണം, കിള്ളിയാറിനു മുകളിലൂടെ പാലം നിർമ്മാണം തുടങ്ങിയ പല വിധ ആരോപണം ബാബുവിനെതിരെയുണ്ട്. ഇവയൊക്കെ മറുനാടൻ മലയാളി മാത്രമാണ് പ്രസിദ്ധീകരിക്കാൻ ധൈര്യം കാണിച്ചത്. എന്നാൽ ഉന്നത സ്വാധീനത്തിന്റെ ഫലമായി ഈ പരാതികളിലൊന്നും അന്വേഷണം എങ്ങുമെത്തിയില്ല. ഇതിനിടെയാണ് ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കി ബാങ്ക് സ്വത്തുക്കൾ ഏറ്റെടുക്കുന്നത്.

കഴിഞ്ഞ കുറേ നാളുകളായി റിയൽ എസ്റ്റേറ്റ് രംഗത്തേക്കുള്ള വിദേശ ഫണ്ടിന്റെ ഒഴുക്ക് എൻഫോഴ്‌സ്‌മെന്റ് നിയന്ത്രിച്ചിരുന്നു. ഇത് പല വമ്പൻ കമ്പനികളേയും പ്രതിസന്ധിയിലാക്കിയിരുന്നു. നോട്ട് അസാധുവാക്കൽ പോലും റിയൽ എസ്‌റ്റേറ്റ് മേഖലയെ ലക്ഷ്യമിട്ടുള്ള മോദിയുടെ സർജിക്കൽ അറ്റാക്കാണെന്ന വിലയിരുത്തലുണ്ട്. ഇതിനിടെയാണ് ഹീരാ ഗ്രൂപ്പ് പോലൊരു സ്ഥാപനം പ്രതിസന്ധിയിലേക്ക് വീഴുന്നത്.

നോട്ട് അസാധുവാക്കൽ നടപടിയോടെ കനത്ത തിരിച്ചടിയാണ് കേരളത്തെ റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഉണ്ടായത്. കള്ളപ്പണം ഉപയോഗിക്കാനാവില്ലെന്ന് ഉറപ്പായതോടെ, റിയൽ എസ്‌റ്റേറ്റ് മാഫിയ പിൻവലിഞ്ഞിരിക്കുകാണിപ്പോൾ. ഈ നില തുടർന്നാൽ ആറുമാസം മുതൽ ഒരുവർഷത്തിനിടെ ഇന്ത്യയിലെ 42 പ്രധാന നഗരങ്ങളിൽ ഭൂമി വില 30 ശതമാനത്തോളം കുറയുമെന്നാണ് കണക്കാക്കുന്നത്. റിയൽ എസ്‌റ്റേറ്റിൽ പണം നിക്ഷേപിക്കാനുദ്ദേശിക്കുന്നവർ ആറുമാസമെങ്കിലും കാത്തിരിക്കാനാണ് ഈ രംഗത്തുള്ളവർ ഉപദേശിക്കുന്നത്. ഇന്ത്യയിലെ മൊത്തം വീടുവിലയിൽ എട്ടുലക്ഷം കോടി രൂപയുടെയെങ്കിലും ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യയിലെ 42 നഗരങ്ങളിലെ 86,650 പ്രോജക്ടുകളിലായുള്ള വീടുകളുടെ ആകെ വില 39.5 ലക്ഷം കോടിയായാണ് കണക്കാക്കുന്നത്. നോട്ട് അസാധുവാക്കലിനെത്തുടർന്ന് കള്ളപപ്പണത്തിന്റെ വരവ് കുറയുന്നതോടെ, ഇത് 31.5 കോടി രൂപയായി ഇടിയുമെന്ന് റിയൽ എസ്‌റ്റേറ്റ് രംഗത്തെ റിസർച്ച് ഏജൻസിയായ പ്രോപ്ഇക്വിറ്റി കണക്കാക്കുന്നു. നിർമ്മാണം പൂർത്തിയായതും നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതും പ്രഖ്യാപിച്ചതുമായ 49.5 ലക്ഷം വീടുകളുടെ വിലയാണ് പ്രോപ്ഇക്വിറ്റി കണക്കാക്കിയിട്ടുള്ളത്.

കറൻസി നിരോധനത്തിന് പിന്നാലെ കള്ളപ്പണം കണ്ടെത്താനും നിയന്ത്രിക്കാനും നരേന്ദ്ര മോദി സർക്കാർ ഭൂമി രജിസ്‌ട്രേഷനും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് അടുത്തവർഷം ഏപ്രിൽ മുതൽ ഇപ്രോപ്പർട്ടി പാസ്ബുക്ക് കൊണ്ടുവരുമെന്നും ഓരോ വ്യക്തിയുടെയും കൈവശമുള്ള വസ്തുവിന്റെ വിവരം ഇതിൽ രേഖപ്പെടുത്തുമെന്നും ഇതിനുശേഷം മാത്രമേ വസ്തുവിൽപന മേലിൽ സാധ്യമാകൂ എന്നുമാണ് സൂചന. പ്രതിവർഷം രണ്ടര ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർ രജിസ്‌ട്രേഷൻ സമയത്ത് പാൻ നമ്പർ ആധാരത്തിൽ രേഖപ്പെടുത്തണമെന്നത് നിർബന്ധമാക്കിയാണ് ആദായനികുതി വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഈ നീക്കങ്ങളെല്ലാം കേരളത്തിലെ റിയൽ എസ്‌റ്റേറ്റ് വമ്പന്മാരെയും കടുത്ത ആശങ്കയിലാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP