Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞങ്ങളെ ആക്രമിക്കുന്നു... സഹായിക്കണമെന്ന് പെൺകുട്ടി രണ്ടുവട്ടം വിളിച്ചപേക്ഷിച്ചിട്ടും ഒരു പൊലീസുകാരനും തിരിഞ്ഞുനോക്കിയില്ല; തെളിവുസഹിതം സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ 'പ്രതികൾ വെള്ളമടിച്ച് കിടക്കുകയാണ്... നാളെ സ്‌റ്റേഷനിൽ എത്തും' എന്ന് മറുപടി; പെണ്ണിന്റെ മാനത്തിന് നിലമ്പൂർ പൊലീസ് വിലയിട്ടത് ഇങ്ങനെ

ഞങ്ങളെ ആക്രമിക്കുന്നു... സഹായിക്കണമെന്ന് പെൺകുട്ടി രണ്ടുവട്ടം വിളിച്ചപേക്ഷിച്ചിട്ടും ഒരു പൊലീസുകാരനും തിരിഞ്ഞുനോക്കിയില്ല; തെളിവുസഹിതം സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ 'പ്രതികൾ വെള്ളമടിച്ച് കിടക്കുകയാണ്... നാളെ സ്‌റ്റേഷനിൽ എത്തും' എന്ന് മറുപടി; പെണ്ണിന്റെ മാനത്തിന് നിലമ്പൂർ പൊലീസ് വിലയിട്ടത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

നിലമ്പൂർ: ക്രിസ്മസ് ദിനത്തിൽ സഹോദരനൊപ്പം പോയ മാദ്ധ്യമപ്രവർത്തകയെ തടഞ്ഞുനിർത്തി സദാചാര പൊലീസ് കളിച്ചവരെ ഇനിയും പിടികൂടാതെ പൊലീസ്. പെൺകുട്ടിയേയും സഹോദരിയേയും വളഞ്ഞുവച്ച് കയ്യേറ്റത്തിനൊരുങ്ങുകയും അസഭ്യവർഷം നടത്തുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു ഒരുകൂട്ടം സാമൂഹ്യവിരുദ്ധർ. സംഭവം നടക്കുമ്പോൾ തന്നെ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ച് രണ്ടുവട്ടം സഹായം അഭ്യർത്ഥിച്ചെങ്കിലും ഒരു പൊലീസുകാരൻപോലും തിരിഞ്ഞുനോക്കിയതുമില്ലെന്നതുതന്നെ പ്രശ്‌നത്തിന്റെ ഗൗരവം വെളിപ്പെടുത്തുന്നു.

ഒരു സ്ത്രീക്കെതിരെ അതിക്രമം നടക്കുന്നതായി വിവരം ലഭിച്ചിട്ടും പൊലീസ് എത്താതിരുന്നതും ദുരൂഹമായിട്ടും വിഷയത്തിൽ ഒരു ഇടപെടലും സർക്കാർ തലത്തിലും ഉണ്ടായില്ലെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. സ്ത്രീസുരക്ഷയ്ക്ക് വലിയ മുൻഗണന നൽകുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ഇത്തരത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുതന്നെ അലംഭാവമുണ്ടായത് വലിയ വിമർശനം നേരിടുകയാണിപ്പോൾ്.

യുവതിയുടെ പരാതി ശ്രദ്ധയിൽപ്പെട്ടശേഷം ഫലപ്രദമായ അന്വേഷണത്തിന് ഡിവൈ.എസ്‌പിയെ ചുമതലപ്പെടുത്തുമെന്ന് ഡി.ജി.പി. അറിയിച്ചിരുന്നു. പക്ഷേ, എസ്‌ഐ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇടിവണ്ണ അടയ്ക്കാച്ചിറ വീട്ടിൽ ജെയ്‌സൺ !(ചാക്കോ45), ഇടിവണ്ണ വലിയകളത്തിൽ ബൈജു ആൻഡ്രൂസ് (42), അകമ്പാടം ആനപ്പാറ പുളിക്കൽ റഹ്മത്തുള്ള (31) എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന എട്ടുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കേസെടുത്ത അന്നുതന്നെ സ്റ്റേഷനിൽവച്ച് ഇവർക്ക് ജാമ്യംനൽകുകയും ചെയ്തു.

ഒരു സ്ത്രീക്കെതിരെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാൽ സാധാരണയായി ജാമ്യമില്ലാ വകുപ്പിലാണ് അറസ്റ്റ് ചെയ്യേണ്ടതെന്നിരിക്കെ ഇക്കാര്യം ഒഴിവാക്കി പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. അവശേഷിക്കുന്നവർക്കെതിരെയുള്ള നടപടികൾ പൊലീസ് ഊർജിതമാക്കിയില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. മുഴുവൻ പ്രതികളെയും ഇനിയും പിടികൂടാത്ത സാഹചര്യത്തിൽ അന്വേഷണത്തിൽ അട്ടിമറിനടക്കുമെന്ന പരാതിയും ഉയരുന്നുണ്ട്. അതേസമയം ബലാത്സംഗം നടന്നു എന്ന് എഴുതിക്കൊടുത്താൽ കേസെടുക്കാമെന്ന നിലപാടാണ് എസ്‌ഐ സ്വീകരിച്ചതെന്നും ആക്ഷേപം ഉയരുന്നു.

നിലമ്പൂരിലെ എന്റെ കറുത്ത ക്രിസ്മസ് എന്ന ശീർഷകത്തിൽ തനിക്കും സഹോദരനുമെതിരെ ചിലർ നടത്തിയ അതിക്രമങ്ങൾ യുവതി അനുഭവക്കുറിപ്പിൽ വിവരിക്കുന്നു. മാദ്ധ്യമപ്രവർത്തകയും സഹോദരനും കുടുംബസുഹൃത്തായ മറ്റൊരു യുവതിയും നേരിട്ടത് ക്രൂരമായ സദാചാര ഗുണ്ടായിസമായിരുന്നുവെന്നും പൊലീസും ഇതിന് കൂട്ടുനിന്നുവെന്നും ഇതിൽ നിന്ന് വ്യക്തമാണ്.

ക്രിസ്മസിന് ഭക്ഷണംകഴിഞ്ഞ് ഉച്ചയ്ക്കാണ് ഞങ്ങൾ കക്കാടംപൊയിൽ കാണാൻ പോയത്. ഞാനും നിലമ്പൂർ കാണാൻ വീട്ടിൽ വിരുന്നുവന്ന കുടുംബസുഹൃത്തായ ഒരു ചേച്ചിയും എന്റെ അനിയനും. കക്കാടംപൊയിൽ എത്തുന്നതിന് തൊട്ടുമുമ്പ് ബൈക്ക് നിർത്തിയ ഞങ്ങൾക്കരികിലേക്ക് ഒരാൾ വന്നു. നിലമ്പൂർ സ്റ്റേഷനിലെ കോൺസ്റ്റബിൾ ജെയ്‌സൺ ആണെന്നായിരുന്നു പരിചയപ്പെടുത്തിയത്.

സംസാരം ക്രമേണ ചോദ്യംചെയ്യലായി. പേര്, വിലാസം, ചെയ്യുന്ന ജോലി... മാദ്ധ്യമപ്രവർത്തകയാണെന്ന് പറഞ്ഞപ്പോൾ ഐ.ഡി. കാർഡ് കാണിക്കണമെന്നായി. തിരിച്ച് ഐ.ഡി. കാർഡ് ചോദിച്ചപ്പോൾ അയാളുടെ മട്ടുമാറി. സംശയം തോന്നിയ ഞങ്ങൾ നിലമ്പൂർ സ്റ്റേഷനിൽ വിളിച്ചപ്പോൾ അങ്ങനെയൊരു കോൺസ്റ്റബിൾ ഇല്ലെന്ന് അറിഞ്ഞു. അഞ്ചെട്ടുപേരുണ്ടായിരുന്നു ജെയ്‌സനൊപ്പം. പന്തിയല്ലെന്ന് കണ്ടപ്പോൾ ഞങ്ങൾ പൊലീസിന്റെ സഹായംതേടി. വരാമെന്നേറ്റെങ്കിലും ആരും വന്നില്ല. ഇതോടെ അവർക്ക് ധൈര്യമായി.

അവർ ഞങ്ങളെ വളഞ്ഞുവച്ചു. അസഭ്യവർഷമായിരുന്നു പിന്നെ. ഞങ്ങൾ സഹോദരങ്ങളല്ലെന്നും മറ്റെന്തോ ഉദ്ദേശ്യത്തോടെയാണ് വന്നതെന്നും സ്ഥലംവിടണമെന്നുമായിരുന്നു ഭീഷണി. ഇതിനിടയിൽ ഒരാൾ ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു. ഞങ്ങളുടെ ചിത്രങ്ങളെടുത്തു. തടയാൻ ശ്രമിച്ച അനിയനെ കോളറിൽ പിടിച്ചുവലിച്ചു. തല്ലാനോങ്ങി. നടുറോഡിൽ ഞങ്ങൾ നേരിട്ടത് തനി ഗുണ്ടായിസം. ഒടുവിൽ ഭീഷണി ഭയന്ന് ഞങ്ങൾ തിരികെ പോന്നു.

പ്രശ്‌നങ്ങൾ അവിടംകൊണ്ട് തീർന്നില്ല. ഇരുട്ടുവീണുതുടങ്ങിയ വഴിയിൽ കാറിൽ അവർ ഞങ്ങളെ പിന്തുടർന്നു. ബൈക്കിനെ മറികടന്ന് അവർ ഞങ്ങളെ തടഞ്ഞു. ഞങ്ങൾ നിലമ്പൂർ പൊലീസിനെ വീണ്ടും വിളിച്ചു. വരാമെന്ന പഴയ പല്ലവിതന്നെ. ആരും വന്നില്ല. പിറകെവന്ന അപരിചിതരായ ബൈക്കുകാരാണ് ഞങ്ങളെ തുണയ്ക്കാനുണ്ടായിരുന്നത്. നാട്ടുകാരായ അവർ കാറിലുണ്ടായിരുന്നവരുമായി വാക്കുതർക്കമായി.

ഇതിൽ പ്രകോപിതരായ അക്രമികളിലൊരാൾ വീണ്ടും ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു. അനിയനെ മർദിക്കാൻ തുനിഞ്ഞു. എന്റെ മൊബൈൽഫോൺ വാങ്ങി വലിച്ചെറിഞ്ഞു. ഇതോടെ ബഹളമായി. അമ്പതിനടുത്ത് ആളുകൾ അപ്പോൾ അവിടെ തടിച്ചുകൂടിയിരുന്നു. ആരും കാര്യമായി ഇടപെട്ടില്ല. അക്രമിസംഘത്തിന് കൂസലുണ്ടായിരുന്നുമില്ല. ഇതിനിടയിൽ റോഡരികിലെ കാട്ടിൽനിന്ന് ഫോൺ തപ്പിയെടുത്തുവരികയായിരുന്ന എന്റെ കൈയിൽ ഒരാൾ കയറിപ്പിടിച്ചു. ഞാൻ കൈ തട്ടിമാറ്റിയിട്ടും അയാൾ വിട്ടില്ല. കൈപിടിച്ച് ഞെരിച്ചു. കവിളിലും ഞെരിച്ചു. എന്റെ അനിയന്റെ ജീവനെക്കുറിച്ചായിരുന്നു എനിക്ക് ആധി. ചുറ്റും കൂടിയവർക്ക് അവരെ നിയന്ത്രിക്കാനായില്ല. വന്നവരിൽ പലരും വെറും കാഴ്ചക്കാരായി നിന്നു.

ഞാൻ വീണ്ടും പൊലീസിനെ വിളിച്ചു. പുറപ്പെട്ടിട്ടുണ്ടെന്ന ലാഘവത്തോടെയുള്ള മറുപടി. എനിക്ക് അല്പം പരുഷമായിത്തന്നെ സംസാരിക്കേണ്ടിവന്നു. ഇതിനിടെ നാട്ടുകാർ ഇടപെട്ട് ബൈക്കിന്റെ താക്കോൽ വാങ്ങിത്തന്നു. രണ്ട് പെൺകുട്ടികളാണ്, ഇവരെ കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നത് കാണണോ എന്നായി പിന്നെ അവരുടെ ഭീഷണി. ഇതൊക്കെ നിസ്സഹായനായി, ചങ്കിടിപ്പോടെ കേട്ടുനിൽക്കുകയായിരുന്നു ഇരുപത്തിരണ്ടുകാരനായ എന്റെ അനിയൻ. പിന്നെയങ്ങോട്ട് കേട്ടാൽ അറയ്ക്കുന്ന തെറിവിളി. ഇതിനിടെ അസമയത്ത് വീട്ടിൽ അടങ്ങിയിരുന്നാൽ പോരേ, തെണ്ടാൻ ഇറങ്ങണോ എന്നായി കാഴ്ചക്കാരിൽ ചിലരുടെ ചോദ്യം. പേടിച്ചരണ്ട ഞങ്ങൾ ചില സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ഇവരുടെയൊപ്പം ഞങ്ങൾ തിരിച്ചുപോരാനൊരുങ്ങുമ്പോഴാണ് നിലമ്പൂരിൽനിന്ന് പൊലീസെത്തിയത്. അപ്പോഴേക്കും സമയം ഏതാണ്ട് വൈകീട്ട് ആറരയായി.

നേരേ നിലമ്പൂർ പൊലീസ് സ്റ്റേഷനിലേക്കാണ് പോയത്. അവിടെ വണ്ടിയുടെ നമ്പർ വ്യക്തമായി കാണുന്ന വീഡിയോ സഹിതം പരാതി നൽകി. എന്നാൽ, പ്രതികൾ വെള്ളമടിച്ച് കിടക്കുകയാണ്, നാളെ ഒമ്പതുമണിക്ക് സ്റ്റേഷനിലെത്താമെന്ന് പറഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. അവരുടെ കാർ അപ്പോഴും കക്കാടംപൊയിലിൽത്തന്നെ ഉണ്ടായിരുന്നു. ഞാൻ കാര്യങ്ങൾ കൂട്ടിപ്പറയുകയല്ലേയെന്നായിരുന്നു എസ്.ഐ.യുടെ ചോദ്യം. രാത്രി സ്റ്റേഷനിലേക്ക് വിളിച്ച സുഹൃത്തായ വക്കീലിനോട് സംഭവം ഒത്തുതീർപ്പാക്കുന്നതല്ലേ നല്ലതെന്നായി ഒരു പൊലീസുകാരൻ. എന്നാൽ, ഞാൻ പറഞ്ഞതിൽ ഉറച്ചുനിന്നു.

പിറ്റേന്ന് രാവിലെ ഒമ്പതുമണിക്ക് സ്റ്റേഷനിലെത്തി. പ്രതികൾ ഓരോരുത്തരായി തോന്നിയ സമയത്താണ് ഹാജരായത്. എല്ലാവരും എത്തിക്കഴിയുമ്പോഴേക്കും സമയം വൈകീട്ട് മൂന്നുമണി. ഈസമയമത്രയും ഒന്നും കഴിക്കാതെ ഞാൻ സ്റ്റേഷനിലിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ഏഴുപേരെ ഞാൻ തിരിച്ചറിഞ്ഞിട്ടും മൂന്നുപേർക്കെതിരെ മാത്രമാണ് കേസെടുത്തത്. അന്നുതന്നെ അവരെ ജാമ്യത്തിൽ വിട്ടു. അപ്പോഴാണ് മനസ്സിലായത് അവർക്കെതിരെ ദുർബലമായ വകുപ്പുകളാണ് ചാർത്തിയതെന്ന്. ''കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് മൊഴിനൽകൂ, എന്നാൽ, ജാമ്യം ലഭിക്കാത്ത വകുപ്പുകൾപ്രകാരം കേസെടുക്കാം'' എന്നായിരുന്നു എസ്.ഐ.യിൽനിന്ന് ലഭിച്ച മറുപടി.
ഇവരിൽനിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഞാൻ മലപ്പുറം എസ്‌പി.യെയും ഡി.ജി.പി.യെയും സംസ്ഥാന വനിതാ കമ്മിഷനെയുമെല്ലാം സമീപിക്കുന്നത്. അതിനുശേഷം വേണമെങ്കിൽ എഫ്.ഐ.ആർ. തിരുത്താമെന്നായി നിലമ്പൂർ എസ്.ഐ.

ഇവർ ശിക്ഷിക്കപ്പെടുമോയെന്ന് ഇപ്പോഴും എനിക്കുറപ്പില്ല. ഏതോ ഒരു ആഭാസൻ തൊട്ട എന്റെ കൈ മാത്രമല്ല, നടുറോഡിൽ ജനമധ്യത്തിലും പൊലീസ് സ്റ്റേഷനിലും അപമാനിക്കപ്പെട്ട മനസ്സും പൊള്ളുകയാണ്. ഒരു മാദ്ധ്യമപ്രവർത്തകയായ എനിക്ക് വിനോദസഞ്ചാരകേന്ദ്രത്തിൽനിന്ന് മാത്രമല്ല, നീതി കിട്ടേണ്ട പൊലീസ് സ്റ്റേഷനിൽനിന്നും ഇതാണ് അനുഭവമെങ്കിൽ ഒരു സാധാരണക്കാരിയായ പെൺകുട്ടിയുടെയും വീട്ടമ്മയുടെയും അനുഭവം എന്തായിരിക്കും.

ഞാനിപ്പോൾ ആധികൊള്ളുന്നത് എന്നെക്കുറിച്ചോർത്തല്ല, എന്നെപ്പോലുള്ള അനവധി പെൺകുട്ടികളെക്കുറിച്ചോർത്താണ്. ഇത്തരം സാഹചര്യങ്ങളിലുള്ള അവരുടെ നിസ്സഹായാവസ്ഥയെക്കുറിച്ചോർത്താണ്. പണത്തിനും സ്വാധീനത്തിനും മുന്നിൽ കണ്ണുമഞ്ഞളിച്ചുപോകുന്ന നിയമവ്യവസ്ഥ ഇവർക്കുമുന്നിൽ കൈമലർത്തുന്നതിനെക്കുറിച്ചോർത്താണ്. - പെൺകുട്ടി പറഞ്ഞുനിർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP