Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീ എന്റെ കൂടെ ബാ മുത്തേ...: അൽഫറിന്റെ പഞ്ചാര വാക്കിൽ മയങ്ങി രാത്രിയുടെ മറവിൽ രേഷ്മ വീടുവിട്ടിറങ്ങി; ഫേസ്‌ബുക്കിലൂടെ മനസ്സിൽ കയറിയ കാമുകനൊപ്പം വിവാഹം കഴിക്കാതെ വീടെടുത്ത് താമസിക്കുമ്പോൾ വന്നുകയറിയത് അൽഫറിന്റെ ഭാര്യയും ബന്ധുക്കളും; സോഷ്യൽമീഡിയയിലെ ചതിക്കുഴി ജീവിതംകവർന്ന പെൺകുട്ടി വീട്ടുകാർക്കുപോലും വെറുക്കപ്പെട്ടവളായത് ഇങ്ങനെ

നീ എന്റെ കൂടെ ബാ മുത്തേ...: അൽഫറിന്റെ പഞ്ചാര വാക്കിൽ മയങ്ങി രാത്രിയുടെ മറവിൽ രേഷ്മ വീടുവിട്ടിറങ്ങി; ഫേസ്‌ബുക്കിലൂടെ മനസ്സിൽ കയറിയ കാമുകനൊപ്പം വിവാഹം കഴിക്കാതെ വീടെടുത്ത് താമസിക്കുമ്പോൾ വന്നുകയറിയത് അൽഫറിന്റെ ഭാര്യയും ബന്ധുക്കളും; സോഷ്യൽമീഡിയയിലെ ചതിക്കുഴി ജീവിതംകവർന്ന പെൺകുട്ടി വീട്ടുകാർക്കുപോലും വെറുക്കപ്പെട്ടവളായത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ ചതിക്കുഴികളിൽപെട്ട് ജീവിതത്തിൽ കയ്പുനീർ കുടിച്ചവർ ഏറെയാണ്. അതിനൊപ്പം ചേർത്തുവായിക്കാവുന്ന, എല്ലാവർക്കും പാഠമാകേണ്ട അനുഭവമാണ് രേഷ്മയ്ക്കും ഉണ്ടായത്. ഫേസ്‌ബുക്കിൽ രണ്ടുവർഷത്തോളം ചാറ്റുചെയ്തും നല്ലസുഹൃത്തെന്ന് നടിച്ചും നിന്നയാൾക്കൊപ്പം ഇറങ്ങിപ്പുറപ്പെട്ട യുവതിക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവിതമാണ്. ഫെയ്‌സ് ബുക്ക് സൗഹൃദം പടിപടിയായി വളർന്ന് പിന്നെ പൊന്നുപോലെ നോക്കിവളർത്തിയ അച്ഛനേയും അമ്മയേയും ഉപേക്ഷിച്ച് അയാൾക്കൊപ്പം ഇറങ്ങിത്തിരിക്കുന്ന സ്ഥിതിയിലേക്ക് വരെ എത്തിയതിനെ പറ്റി അവളുടെ അനുഭവകഥ ഫ്ളാഷ് വിവരിക്കുന്നു.

ഫേസ് ബുക്കിലെ പ്രൊഫൈൽ പിക്ചറിൽ കണ്ടയാൾ ഇതല്ല. ഇതിലും ചെറുപ്പം. ഇതിലും മെലിഞ്ഞിട്ട് . കണ്ണും മൂക്കും പക്ഷെ, ഏതാണ്ട് അതുപോലെ.. എന്റെ കൂടെ ബാ മുത്തേ.. അന്നെ കൂട്ടിക്കൊണ്ടു പോഗാനാണ് ഞമ്മ കോഴിക്കോട്ടൂന്ന് ബന്നിരിക്കണേ.'' അയാളുടെ സ്വരം രേഷ്മ ശ്രദ്ധിച്ചു. ശബ്ദം ഒക്കെ ഫോണിൽ കേട്ടിട്ടുള്ളതുപോലെ.. എന്നാലും എന്തോ ഒരു പൊരുത്തക്കേട്.

താൻ ഫോട്ടോയിൽ കണ്ട ആളല്ല ഇതെന്ന് സംശയം തോന്നിയതോടെ ഓട്ടോയിൽ കയറാൻ രേഷ്മ തയാറായില്ല. എന്റെ പെങ്കൊച്ചേ നമ്മ തടിച്ചുപോയതാണ്. നീ മനുഷ്യനെ മക്കാറാക്കാതെ വണ്ടി കേറ്.. ആരേലും കണ്ടാൽ പണി കിട്ടും. അയാൾ ആവർത്തിച്ചുകൊണ്ടിരുന്നു. മടിച്ചുനിന്ന രേഷ്മ രണ്ടുചുവട് മുന്നോട്ടുവച്ചു.. ഒന്ന് നിന്ന് വീണ്ടും ചിന്തിച്ചു.. ഓട്ടോയിൽ കയറണോ..? നേരം പുലരുമ്പോൾ, തന്നെ വീട്ടിൽ കാണാതാകുമ്പോൾ അച്ഛനും അമ്മയും എത്രമാത്രം സങ്കടപ്പെടും. വീട്ടിലാകെ പുകിലാകും. എന്നെ തിരഞ്ഞ് ഉടൻ ഇറങ്ങുകയും ചെയ്യും. തിരികെ പോയാലോ? അല്ലേ.. വേണ്ട.. താൻ രണ്ടുവർഷമായി മനസുകൊടുത്തു പ്രേമിച്ചയാൾ ഇയാൾ തന്നെ. ഇയാൾക്കൊപ്പം പോകാനാണ് വീടും ഉറ്റവരെയും ഉപേക്ഷിച്ചു താൻ ഇറങ്ങിയത്. ചിന്തകൾക്ക് പിന്നെ അവൾ ഇടംകൊടുത്തില്ല... ഓട്ടോയിലേക്ക് അവൾ കാലെടുത്തുവച്ചു.

സമയം പുലർച്ചെ രണ്ടുമണിയോടടുത്തു. തന്നെ കൂട്ടിക്കൊണ്ടുപോയി കല്യാണം കഴിക്കുന്നതിനാണ് കോഴിക്കോട്ടുനിന്നും അൽഫർ ഇവിടെ എത്തിയത്. ഡിഗ്രി പഠനത്തിനായി സാംസ്‌കാരിക നഗരത്തിലെ ഒരു കോളേജിൽ ചേർന്നിട്ടേയുള്ളൂ രേഷ്മ. അച്ഛനും അമ്മയും ചേട്ടനും കൂലിപ്പണിയാണ്. രണ്ടുവർഷമായി അൽഫർ തന്റെ ഫേസ്‌ബുക്ക് ഫ്രണ്ടാണ്. അദ്ദേഹം ഗൾഫിലെ ഒരു കമ്പനിയിൽ ജോലിക്കാരനാണെന്നാണ് പറഞ്ഞിരിക്കുന്നത്. ഒരിക്കൽ പോലും തന്നോട് മര്യാദകെട്ടൊരു ചാറ്റ് ഉണ്ടായിട്ടില്ല.

അറിഞ്ഞിടത്തോളം സ്‌നേഹമയൻ. ഇനി അൽഫറിനെ കാണാതെ ജീവിക്കാനാവില്ലെന്ന തിരിച്ചറിവാണ് രണ്ടുവർഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിൽ അയാളുടെ ജീവിതത്തിലേക്ക് കടക്കാൻ രേഷ്മയെ പ്രേരിപ്പിച്ചത്. തന്നെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയി കല്യാണം കഴിച്ചില്ലെങ്കിൽ താൻ ജീവിച്ചിരിക്കില്ലെന്നും ഇനി തന്റെ വക മെസേജൊന്നും ഉണ്ടാവില്ലെന്നുമുള്ള രേഷ്മയുടെ വാശിപ്പുറത്താണ് നാല്പതുകാരൻ അൽഫർ അവളെ തേടിയെത്തിയത്. സ്വന്തം ഓട്ടോയിലാണ് അൽഫറിന്റെ വരവ്. ജോലിക്കാര്യത്തിൽ അയാൾ പറഞ്ഞത് കള്ളമാണെന്ന് രേഷ്മയ്ക്ക് ബോധ്യപ്പെട്ടു. പക്ഷെ, അവൾക്ക് പിന്നോട്ട് പോകാനായില്ല. അത്രയ്ക്ക് അയാൾ അവളുടെ മനസ്സിനെ കീഴടക്കിക്കഴിഞ്ഞിരുന്നു.

അന്നത്തെ പകൽ മുഴുവൻ അൽഫറും രേഷ്മയും നഗരത്തിന്റെ പല ഭാഗങ്ങളിലായി ഉല്ലസിച്ചു നടന്നു. അപ്പോഴെല്ലാം തലേദിവസം രാത്രി ഉറങ്ങാൻ കിടന്ന മകളെ കാണാതായതിന്റെ ആധിയിൽ നാടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കുകയായിരുന്നു രേഷ്മയുടെ അച്ഛനും ബന്ധുക്കളും. ആദ്യം തോന്നിയ പേടിയും സങ്കോചവുമൊക്കെ അവളിൽ നിന്ന് പാറിപ്പറന്നു. പകൽ മുഴുവൻ കറങ്ങി നടന്നതല്ലേ.. ഇനി അൽപ്പം വിശ്രമമാകാം.. ഇതുപറഞ്ഞപ്പോൾ അവൾക്ക് എതിർക്കാനായില്ല. അയാൾ അവളെ നയിച്ചത് നഗരത്തിലെതന്നെ ഒരു ടൂറിസ്റ്റ് ഹോമിലേക്ക്.. കുളിർമ്മയുള്ള മുറിയിൽ അയാൾ അവളെ പുകഴ്‌ത്തി, അവളുടെ കഥകേട്ടു. സങ്കടങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ചു. ഉറങ്ങാൻ കിടന്നപ്പോൾ അയാളുടെ കൈകൾ അവളെ വരിഞ്ഞുമുറുക്കി.. ആദ്യമായി ഒരു പുരുഷൻ.. എന്താണ് ഇങ്ങനെയൊക്കെ..? അവൾ ചോദിച്ചു.. ഇരുട്ടിൽ അയാളുടെ ചിരി ഉത്തരമായി.. ഒടുവിൽ അവളുടെ വിലപ്പെട്ടതെല്ലാം അയാൾ കവർന്നെടുത്തു.

പിന്ന അൽഫറും രേഷ്മയും കോഴിക്കോട്ടെത്തി. അൽഫറിന്റെ നാട്ടിൽ തന്നെ വീടിനടുത്തായി ഒരു വീട് വാടകയ്‌ക്കെടുത്ത് രേഷ്മയെ താമസിപ്പിച്ചു. നമുക്ക് കല്യാണം കഴിക്കാമെന്ന് പല പ്രാവശ്യം അൽഫറിനോട് രേഷ്മ ആവശ്യപ്പെട്ടു. പക്ഷെ, അപ്പോഴൊക്കെ പഞ്ചാര വാക്കുകൾ പറഞ്ഞ് അവളെ മയക്കി. വിവാഹത്തിന് ചില നിയമ പ്രശ്‌നങ്ങളുണ്ടെന്നും കുറച്ചു കൂടി ക്ഷമിക്കണമെന്നും അൽഫർ പറഞ്ഞപ്പോൾ അവൾ വിശ്വസിച്ചു.

അടുത്തദിവസം ഉച്ചയോടെ ആ വീട്ടിലേക്ക് രണ്ടു സ്ത്രീകളും മുന്നു പുരുഷന്മാരും രണ്ടു കുട്ടികളും വന്നു. അൽഫറിന്റെ ബന്ധുക്കൾ. അൽഫർ ആ സമയം വീട്ടിലുണ്ടായിരുന്നില്ല. നീ ആരാ? ആർക്കൊപ്പം ഇവിടെയെത്തി? നിന്നെ ഇവിടെ ആരാ താമസിപ്പിച്ചത്? നിനക്ക് എന്താണിവിടെ കാര്യം... നൂറുകൂട്ടം ചോദ്യങ്ങളിൽ അവൾ കുഴങ്ങി. പ്രണയ ബന്ധം കല്യാണത്തിലേക്ക് നീങ്ങുമ്പോൾ മാതാപിതാക്കൾ ഇത്തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്ന് അവൾ വിചാരിച്ചു. പിന്നീട് യാതൊരു ഭാവഭേദവുമില്ലാതെ താൻ അൽഫറിന്റെ ഭാര്യയാണെന്ന് പറഞ്ഞു. അടുത്ത നിമിഷം.. രേഷ്മയുടെ കവിളിൽ അടി വീണു. ഒപ്പമുണ്ടായിരുന്ന ഒരു സ്ത്രീയായിരുന്നു അത്. അപ്പോ ഞാൻ ആരാടി ? നീ ഈ പറഞ്ഞ അൽഫറിനെ നാട്ടാരും വീട്ടാരും അറിഞ്ഞ് കല്യാണം കഴിച്ച് അയാളുടെ ഈ രണ്ടു കുട്ടികളുടെ ഉമ്മയുമായ ഞാൻ ആരാണെന്ന് നീ ഒന്ന് പറഞ്ഞു താ'. അതൊരു അലർച്ചയായിരുന്നു.

സ്തംഭിച്ചുപോയി രേഷ്മ. ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ. ഇനി എന്ത് പറയും? ഇവർ പറയുന്നത് സത്യമാണെങ്കിൽ.. രേഷ്മയ്ക്ക് തലചുറ്റുന്നതുപോലെ തോന്നി.. താൻ പ്രണയിച്ച് വിശ്വസിച്ച് കൂടെയിറങ്ങി വന്നയാൾ വിവാഹിതനായിരുന്നോ? കുട്ടികളുണ്ടായിരുന്നോ? താൻ ചതിക്കപ്പെട്ടുവോ? മരവിച്ചുനിന്ന രേഷ്മയ്ക്ക് മേൽ കുത്തുവാക്കുകളും ശാപവാക്കുകളും അവർ ചൊരിഞ്ഞുകൊണ്ടേയിരുന്നു. അൽഫറിന്റെ ബന്ധുക്കളെ എങ്ങനെ കുറ്റം പറയാനാകും. തനിക്ക് പറ്റിയ അബദ്ധം. തന്റെ എടുത്തു ചാട്ടം. ഫേസ് ബുക്കിൽ കണ്ട ഒരാളുടെ വാക്ക് വിശ്വസിച്ച് അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചവൾ. ഇത്തരം ചിന്തകളിൽ കൂടി രേഷ്മയുടെ മനസ് സഞ്ചരിക്കുമ്പോൾ വീട്ടിനകത്തുണ്ടായിരുന്ന രേഷ്മയുടെ തുണിയും മറ്റ് സാധനങ്ങളും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു അൽഫറിന്റെ ബന്ധുക്കൾ. ദേഷ്യം സഹിക്കാനാകാതെ വരാന്തയിൽ കിടന്ന കസേര എടുത്ത് അൽഫറിന്റെ ഭാര്യ രേഷ്മയുടെ പുറത്തേക്കെറിഞ്ഞു. തടിക്കസേരയുടെ വക്ക് തലയിലിടിച്ച് രേഷ്മയുടെ ബോധം നശിച്ചു.

പിന്നെ കണ്ണുതുറക്കുന്നത് ആശുപത്രിയിലാണ്. ചുറ്റും പൊലീസുണ്ട്. നിന്റെ വീട്ടിലറിയിച്ചിരുന്നു. കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയ നിന്നെ അവർക്ക് വേണ്ടാന്ന് പറഞ്ഞുവെന്ന് തികഞ്ഞ പുച്ഛത്തിൽ വീട്ടുകാർ തന്നെ ഉപേക്ഷിച്ച കാര്യം പൊലീസുകാരൻ അവളെ അറിയിച്ചു. അല്ലെങ്കിലും വീട്ടിലേക്ക് പോകാൻ തയാറായിരുന്നില്ല രേഷ്മ. അതിനായി മനസിനെ പാകപ്പെടുത്തി വരികയായിരുന്നു അവൾ. വീട്ടുകാരും കൂട്ടുകാരുമൊക്കെ അറിഞ്ഞിട്ടുണ്ടാകും തന്റെ വീരസാഹസ കഥകൾ. അവർക്ക് മുന്നിൽ ചെന്ന് നിൽക്കാനുള്ള കെൽപ്പില്ല. രേഷ്മയുടെ അഭ്യർത്ഥനപ്രകാരം പൊലീസുകാർ തന്നെയാണ് അവളെ തെക്കൻ ജില്ലയിലുള്ള ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്. ഇന്ന് അവിടെ തന്നെയുള്ള ഒരു കോളേജിലെ വിദ്യാർത്ഥിനിയാണ് രേഷ്മ. സ്വയംകുഴിച്ച കുഴിയിൽ വീണ് താൻതന്നെ തകർത്തു കളഞ്ഞ ജീവിതം പഴയതെല്ലാം മറക്കാൻ ശ്രമിച്ചുകൊണ്ട് വീണ്ടും കരുപ്പിടിപ്പിക്കാൻ ശ്രമിക്കുകയാണവൾ. സാമൂഹിക മാദ്ധ്യമങ്ങളിൽ കാണുന്ന വിസ്മയ ചതിക്കുഴികളിൽ തന്റെ അനുഭവം മനസ്സിലാക്കിയെങ്കിലും ഇനിയാരും പെട്ടുപോകരുതെന്ന് പ്രാർത്ഥിക്കുകയാണ് രേഷ്മ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP