Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവിന്റെ ബന്ധുവായ പെൺകുട്ടിയുടെ വിവാഹപരസ്യത്തിന് മറുപടിയായി വന്ന ഫോൺകോളിൽ ആദ്യപരിചയം; ടിസനുമായി പ്രണയം ചൂടുപിടിച്ചപ്പോൾ ഭർത്താവിനെ ഇല്ലാതാക്കി മക്കളെയും കൂട്ടി ഒരുമിച്ച് ജീവിക്കാൻ പ്ലാൻ; പോൾ വർഗീസിന് ഉറക്കഗുളിക നൽകിയിട്ടും ഫലം കാണാതെ വന്നതോടെ തോർത്ത് കഴുത്തിൽ മുറുക്കി വകവരുത്തി; രാത്രിയിൽ ടിസണെ യാത്രയാക്കിയത് സ്വന്തം പറമ്പിൽ വിളഞ്ഞ കൈതച്ചക്ക നൽകി; സാഹചര്യതെളിവുകളുടെ അഭാവത്തിൽ ടിസനെ വെറുതെ വിട്ടപ്പോൾ സജിതയ്ക്ക് ജീവപര്യന്തം

ഭർത്താവിന്റെ ബന്ധുവായ പെൺകുട്ടിയുടെ വിവാഹപരസ്യത്തിന് മറുപടിയായി വന്ന ഫോൺകോളിൽ ആദ്യപരിചയം; ടിസനുമായി പ്രണയം ചൂടുപിടിച്ചപ്പോൾ ഭർത്താവിനെ ഇല്ലാതാക്കി മക്കളെയും കൂട്ടി ഒരുമിച്ച് ജീവിക്കാൻ പ്ലാൻ;  പോൾ വർഗീസിന് ഉറക്കഗുളിക നൽകിയിട്ടും ഫലം കാണാതെ വന്നതോടെ തോർത്ത് കഴുത്തിൽ മുറുക്കി വകവരുത്തി; രാത്രിയിൽ ടിസണെ യാത്രയാക്കിയത് സ്വന്തം പറമ്പിൽ വിളഞ്ഞ കൈതച്ചക്ക നൽകി; സാഹചര്യതെളിവുകളുടെ അഭാവത്തിൽ ടിസനെ വെറുതെ വിട്ടപ്പോൾ സജിതയ്ക്ക് ജീവപര്യന്തം

ആർ പീയൂഷ്

കൊച്ചി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊല ചെയ്ത സംഭവത്തിൽ യുവതിക്ക് ജീവപര്യന്തം ശിക്ഷ. കാക്കനാട് തെങ്ങോട്ട് മനയ്ക്കക്കടവ് കോച്ചേരിയിൽ സജിതയ്ക്കാണ് (39) കോടതി ശിക്ഷ വിധിച്ചത്. സജിതയുടെ ഭർത്താവ് പോൾ വർഗീസി (42) നെയാണ്് സജിതയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. സജിതയ്ക്കു കോട്ടയം പാമ്പാടി സ്വദേശി പാമ്പാടിക്കണ്ടത്തിൽ ടിസൻ കുരുവിളയുമായി അടുപ്പമുണ്ടായിരുന്നു. ഇയാൾക്കൊപ്പം ജീവിക്കാൻ വേണ്ടിയാണു ഭർത്താവിനെ കൊലപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയായി ടിസൻ കുരുവിള പ്രതിചേർക്കപ്പെട്ടിരുന്നെങ്കിലും സാഹചര്യത്തെളിവുകളുടെ അഭാവം മൂലം വിട്ടയച്ചു. ഫോണിലൂടെയാണ് ടിസൻ കുരുവിളയെ സജിത പരിചയപ്പെട്ടത്. സജിത കുറ്റക്കാരിയെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

2011 ഫെബ്രുവരി 22നാണു കേസിനാസ്പദമായ സംഭവം. ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി നൽകി പോളിനെ മയക്കിക്കിടത്തിയ ശേഷമാണു കൊലപ്പെടുത്തിയത്. ഭർത്താവിന്റെ കഴുത്തിൽ സജിത ചുറ്റിക്കൊടുത്ത തോർത്ത് ടിസൻ വരിഞ്ഞു മുറുക്കുകയായിരുന്നു എന്നാണ് കേസ്.

കൊലപാതകത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

പോളിന്റെ ബന്ധുവായ പെൺകുട്ടിയുടെ വിവാഹത്തിനായി പത്രത്തിൽ കൊടുത്ത പരസ്യമാണു സജിതയും ടിസനും പരിചയപ്പെടാൻ കാരണമായതെന്നും പൊലീസ് പറയുന്നു. പരസ്യംകണ്ടു പെൺകുട്ടിയുടെ ഫോണിലേക്കു വന്ന ടിസന്റെ കോളിനു മറുപടി പറയാൻ സജിതയെ ഫോൺ ഏൽപ്പിച്ചു. യുകെയിൽ നിന്ന് അവധിക്കെത്തിയ ടിസനും സജിതയുമായി പിന്നീട് നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു. ടിസൻ യുകെയിലേക്കു മടങ്ങിയ ശേഷവും ബന്ധം തുടർന്നു. പ്രണയം വളർന്നപ്പോൾ കുടുംബം ഉപേക്ഷിച്ചു തന്നോടൊപ്പം പോരാൻ സജിതയെ ടിസൻ നിർബന്ധിച്ചു.

മക്കളെ ഉപേക്ഷിക്കാനാവില്ലെന്ന നിലപാട് സജിത അറിയിച്ചപ്പോഴാണു ഭർത്താവിനെ ഇല്ലാതാക്കി മക്കളെയുംകൂട്ടി ഒരുമിച്ചു ജീവിക്കാമെന്നു ഇരുവരും തീരുമാനിച്ചത്. പിന്നീട് രണ്ടു മാസത്തെ അവധിക്കു നാട്ടിലെത്തിയ ടിസനും സജിതയും ബോൾഗാട്ടി പാലസിലും മറൈൻ ഡ്രൈവിലും മറ്റും പലപ്പേഴും കണ്ടുമുട്ടി. ഭർത്താവിന്റെ അമ്മയ്ക്കു മരുന്നു വാങ്ങാനെന്നു പറഞ്ഞാണു സജിത പലപ്പോഴും വീട്ടിൽ നിന്നു പോയിരുന്നത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പോൾ ജോലിക്കും കുട്ടികൾ സ്‌കൂളിലും പോകുന്ന ദിവസങ്ങളിൽ പലപ്പോഴും പകൽ തെങ്ങോടിലെ വീട്ടിൽ ടിസൻ എത്താറുണ്ടായിരുന്നു. പോളിന്റെ പ്രായമായ അമ്മയ്ക്കു ഉറക്ക ഗുളിക നൽകി മയക്കിയ ശേഷമാണ് ഇവർ വീട്ടിൽ സംഗമിച്ചിരുന്നത്.

നേരത്തെ തീരുമാനിച്ചതനുസരിച്ചു 2011ഫെബ്രുവരി 22നു രാത്രി എട്ടേമുക്കാലോടെയാണു ടിസൻ സജിതയുടെ വീട്ടിലെത്തുന്നത്. അതിനു മുമ്പ് അമ്മയെ പോളിന്റെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞയച്ചിരുന്നു. കുട്ടികൾക്ക് ഉറക്ക ഗുളിക നൽകി ഉറക്കണമെന്നു ടിസൻ നിർദ്ദേശിച്ചെങ്കിലും അതിനു മനസ്സു വന്നില്ലെന്നു സജിത പൊലീസിനോടു പറഞ്ഞു. പോൾ വർഗീസ് എത്തുംമുമ്പ് ഇരുവരും ശാരീരികബന്ധം പുലർത്തി. പത്തരയോടെ പോൾ ജോലി കഴിഞ്ഞെത്തിയപ്പോൾ ഒപ്പമിരുന്നു ഭക്ഷണം കഴിച്ച സജിത കയ്യിൽ കരുതിയ പൊടിച്ച ഉറക്ക ഗുളികകൾ ഭക്ഷണത്തിൽ കലർത്തി. ഈ സമയത്തു ടിസൻ വീട്ടിൽ പതുങ്ങിയിരുന്നു. ഭക്ഷണം കഴിഞ്ഞു കിടപ്പുമുറിയിലേക്കു പോയ പോൾ ഉറക്ക ഗുളിക കാരണം ഗാഢ നിദ്രയിലായി. ഈ സമയം ഇരുവരും വീണ്ടും ശാരീരിക ബന്ധം പുലർത്തി. അമിതമായി ഉറക്ക ഗുളിക നൽകിയിരുന്നതിനാൽ പോൾ തനിയെ മരിച്ചു കൊള്ളുമെന്നാണു കരുതിയതെങ്കിലും ഏറെ സമയം കാത്തിരുന്നിട്ടും ഉറക്കം തുടർന്നതിനാലാണു അലമാരയിൽ നിന്നു തോർത്തെടുത്തു കഴുത്തിൽ വരിഞ്ഞു മുറുക്കിയത്.

താൻ കഴുത്തിൽ തോർത്തു ചുറ്റിക്കൊടുത്താലേ വരിഞ്ഞു മുറുക്കുകയുള്ളൂവെന്നു ടിസൻ പറഞ്ഞതനുസരിച്ചാണു തോർത്ത് കഴുത്തിൽ ചുറ്റിക്കൊടുത്തതെന്നും സജിത പറഞ്ഞു. കൊലപാതകം നടത്തി മടങ്ങിയ കാമുകനു സ്വന്തം പുരയിടത്തിൽ നിന്നു പറിച്ചുവച്ചിരുന്ന പൈനാപ്പിൾ കൊടുത്തയയ്ക്കാനും സജിത മറന്നില്ല. ടിസൻ മടങ്ങിയ ശേഷമാണു സജിത ബന്ധുക്കളെ വിളിച്ചു പോൾ ഉറക്കത്തിൽ മരിച്ചതായി പറഞ്ഞത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ നടന്നതായി ഡോക്ടർ വ്യക്തമാക്കി. മരണം സംഭവിച്ചിട്ട് ഏറെ സമയമായെന്നതും കഴുത്തിൽ ചില പാടുകൾ കാണപ്പെട്ടതും സംശയത്തിനിടയാക്കിയതിനെ തുടർന്നു ആശുപത്രി അധികൃതർ മൃതദേഹം വിട്ടുകൊടുത്തില്ല. പൊലീസെത്തി ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റുമോർട്ടം നടത്തിയ ശേഷമാണു മൃതദേഹം സംസ്‌കരിച്ചത്.

ഭർത്താവിനെ കൊലപ്പെടുത്തിയ ദിവസം രാത്രിയിൽ കാമുകൻ ടിസണെ സജിത യാത്രയാക്കിയത് സ്വന്തം പറമ്പിൽ വിളഞ്ഞ കൈതച്ചക്ക കടലാസിൽ പൊതിഞ്ഞു നൽകിയാണ്. പൊലീസ് അന്വഷണത്തിനിടെ സജിത തന്നെയാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. ഇതെല്ലാം കാണിച്ചാണ് പൊലീസ് ടിസൻ കുരുവിളയെ കേസിൽ പ്രതി ചേർത്തത്. എന്നാൽ കോടതിയിൽ മതിയായ തെളിവില്ലാതിരിക്കുകയും സാഹചര്യത്തെളിവുകൾ കോടതിക്ക് ബോധ്യപ്പെടാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ടിസൻ കുറ്റവിമുക്തനായത്.

സജിതയുടെ മൊഴികളിൽ വൈരുധ്യം ഉണ്ടായതിനെ തുടർന്നു ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പോളിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു സംശയിക്കുന്ന രീതിയിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. ഭർത്താവ് തൂങ്ങി മരിച്ചതാണെന്നും ജീവനുണ്ടെന്നു സംശയിച്ചു ആശുപത്രിയിലെത്തിച്ചതാണെന്നും നാണക്കേട് ഭയന്നാണു പുറത്തു പറയാതിരുന്നതെന്നും ഇതിനിടെ സജിത മൊഴി മാറ്റി. സംഭവത്തിൽ കൂടുതൽ ദുരൂഹത തോന്നിയ പൊലീസ് വിശദമായ അന്വേഷണത്തിനൊടുവിലാണു സജിതയെയും ടിസനെയും കസ്റ്റഡിയിലെടുത്തത്.

കാമുകിക്കൊപ്പം ഒരുമിച്ചു ജീവിക്കാൻ അവരുടെ ഭർത്താവിനെ കൊന്നതുപോലെ തന്റെ ഭാര്യയെയും വകവരുത്താൻ തീരുമാനിച്ചിരുന്നതായി പ്രതിയും യു.കെ മലയാളിയുമായ ടിസൻ പൊലീസിനോടു പറഞ്ഞിരുന്നു. യുകെയിലുള്ള ഭാര്യ അവധിക്കു നാട്ടിലെത്തുമ്പോൾ മലമ്പുഴ ഡാം പരിസരത്തു കൊണ്ടുപോയി കൊല്ലാനായിരുന്നു പദ്ധതിയെന്നും ടിസൻ മൊഴി നൽകിയിരുന്നു. യുകെയിൽ നഴ്സായ ഭാര്യയുടെ കുടുംബ വീസയിലാണു യു.കെയിലെത്തിയത്. സൂപ്പർമാർക്കറ്റിൽ സെയിൽസ്മാനായ ഇയാൾ ഭാര്യക്കൊപ്പം ഒരുമിച്ചു നാട്ടിലേക്കു വരാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. സജിതയുമായുള്ള ബന്ധം കാരണമാണ് യാത്ര നേരത്തെയാക്കിയത്.

പോൾ വർഗീസിനെ വാഹനാപകടം സൃഷ്ടിച്ചു കൊലപ്പെടുത്താനും ആലോചിച്ചിരുന്നുവെന്നു ടിസനും സജിതയും മൊഴി നൽകിയിരുന്നു. പ്രഭാത ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി നൽകിയാൽ ബൈക്കിൽ പോകുമ്പോൾ അപകടം സംഭവിക്കുമെന്നായിരുന്നു കണക്കു കൂട്ടൽ.

എന്നാൽ അപകടത്തിൽ മരിക്കാതെ ഗുരുതരമായി പരുക്കേറ്റാൽ നീക്കം പാളുമെന്നു ടിസൻ തന്നെ കണ്ടെത്തിയതിനെത്തുടർന്നാണു കിടപ്പു മുറിയിൽവച്ചു കൊലപ്പെടുത്താൻ ഇവർ ഉറച്ചത്. ഒറ്റപ്പെട്ട പ്രദേശത്തെ ഇടവഴി അവസാനിക്കുന്ന സ്ഥലത്തെ വീട്ടിൽ ടിസൻ പതിവായി വന്നു പോയത് അധികമാരും ശ്രദ്ധിച്ചിരുന്നില്ല. പോളിന്റെ സംസ്‌കാര ദിവസം സ്ഥലത്തെത്തിയ ടിസൻ മൃതദേഹത്തിൽ റീത്തും വച്ചു.

കൊലപാതകം നടക്കുന്ന സമയത്ത് സജിതയുടെ എട്ടും നാലും വയസുള്ള കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നു. സജിതയും ടിസൻ കുരുവിളയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ഇവരുടെ പരസ്പരവിരുദ്ധമായ മൊഴികളും കേസിൽ നിർണായക തെളിവായി. തൃക്കാക്കര സിഐ ആയിരുന്ന ബൈജു പൗലോസ് ആണു കേസ് അന്വേഷണം നടത്തിയത്. ഡിവൈഎസ്‌പി വി.കെ.സനിൽകുമാർ കുറ്റപത്രം സമർപ്പിച്ചു. പറവൂർ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി അഹമ്മദ് കോയ ആണു സജിത കുറ്റക്കാരിയാണെന്നു കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP