Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സായ് ശങ്കർ അറസ്റ്റിലായ ദിവസം വീട്ടിലെത്തിയ യുവതി ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി; മയൂഖിയെ പരിചയപ്പെടുത്തിയത് താൻ ആണെന്ന പത്രവാർത്ത സമനില തെറ്റിച്ചു; ജസ്‌നിയ ജീവനൊടുക്കാൻ തീരുമാനിച്ചത് സർവ്വ പ്രതീക്ഷകളും തെറ്റിയപ്പോൾ

സായ് ശങ്കർ അറസ്റ്റിലായ ദിവസം വീട്ടിലെത്തിയ യുവതി ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി; മയൂഖിയെ പരിചയപ്പെടുത്തിയത് താൻ ആണെന്ന പത്രവാർത്ത സമനില തെറ്റിച്ചു; ജസ്‌നിയ ജീവനൊടുക്കാൻ തീരുമാനിച്ചത് സർവ്വ പ്രതീക്ഷകളും തെറ്റിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃക്കാക്കര: ഐപിഎസ് ഉദ്യോഗസ്ഥർചമഞ്ഞ് തട്ടിപ്പുനടത്തിയ സംഘത്തിൽ അറസ്റ്റിലായ രണ്ടാം പ്രതി സായ് ശങ്കറിന്റെ അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. . തൃക്കാക്കര മലേപ്പള്ളിക്കു സമീപം ഗ്രീൻസ്‌കേപ്പ് ഫ്‌ളാറ്റിൽ താമസിച്ച ജസ്‌നിയ (22)യാണ് മരിച്ചത്. ആറാംനിലയിലെ ഫ്‌ളാറ്റിലെ അടുക്കളയോടുചേർന്നുള്ള മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കൈഞരമ്പുകൾ മുറിച്ചിരുന്നു.

വ്യാഴാഴ്ച രാത്രി ഫ്‌ളാറ്റിലെത്തിയ ഒരു യുവതി മറ്റു സ്ത്രീകളോടൊപ്പമുള്ള സായിയുടെ ഏതാനും ഫോട്ടോകൾ ജസ്‌നിയയെ കാണിച്ചിരുന്നുവെന്നും അതിൽ യുവതി ഏറെ ദുഃഖിതയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഫ്‌ളാറ്റിലെത്തിയ യുവതിയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് ജസ്‌നിയയെ കാണാൻ വന്നതെന്നും ഇവരുടെ ലക്ഷ്യം എന്തായിരുന്നുവെന്നുമാണ് പൊലീസ് പരിശോധിക്കുന്നത്. കേസിൽ അറസ്റ്റിലായ മയൂഖിയെ ജസ്‌നിയ വഴിയാണ് തട്ടിപ്പ് സംഘം പരിചയപ്പെട്ടത്. ഈ സാഹചര്യമുയർത്തിയുള്ള ഭീഷണിയുമായാണ് യുവതി ജസ്‌നിയയെ കണ്ടെതെന്നാണ് സൂചന. ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങൾക്കൊപ്പം താനും കുടുങ്ങുമെന്ന സാഹചര്യം വന്നതോടെ ജസ്‌നിയയുടെ സമനില തെറ്റി. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

അതുകൊണ്ട് കൂടിയാണ് വീട്ടിൽ വന്ന യുവതിയെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയത്. ഇവരെ പിടികൂടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. ഇന്നലെ രാവിലെ 7.30ന് ബഹളംകേട്ട് മുറിയിലേക്ക് ഓടിയെത്തിയ ജസ്‌നിയയുടെ അമ്മ റെഹിയാനത്ത് മകളുടെ കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്നുപോകുന്നതാണ് കണ്ടത്. റെഹിയാനത്ത് ബന്ധുക്കളെ വിളിക്കാൻപോയ തക്കംനോക്കി യുവതി അടുക്കളയോടുചേർന്നുള്ള മുറിയിലെത്തി ഫാനിൽ തൂങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളെത്തി തൂങ്ങിനിൽക്കുകയായിരുന്ന ജസ്‌നിയയെ കെട്ടഴിച്ച് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജസ്‌നിയ ഒന്നരവർഷം മുമ്പാണ് സായി ശങ്കറെ പ്രണയിച്ച് വിവാഹംകഴിച്ചത്.വിവാഹശേഷം കാക്കനാട്ടെ ഫ്‌ളാറ്റിലായിരുന്നു താമസം. യുവതിയുടെ അമ്മ റെഹിയാനത്തും ഇവരോടൊപ്പമാണ് താമസിച്ചിരുന്നത്.

കല്യാണശേഷം അവരുടെ ബന്ധുക്കളുമായിട്ടായിരുന്നു സായി ശങ്കറിന് കൂടുതൽ അടുപ്പമെന്നും തങ്ങളുടെ വീട്ടിലേക്ക് വല്ലപ്പോഴും മാത്രമെ വരാറുണ്ടായിരുന്നുള്ളൂവെന്നും യുവാവിന്റെ അമ്മ സുജാത പൊലീസിനോടു പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനുശേഷം യുവതിയുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അന്ധമായി ഭർത്താവിനെ സ്‌നേഹിച്ചിരുന്ന ജസ്‌നിയ, സായിശങ്കർ തട്ടിപ്പിനെ അറസ്റ്റിലായെന്ന വാർത്ത വിശ്വസിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. എറണാകുളത്തെ പ്രമുഖ തങ്ങൾ കുടുംബത്തിലെ അംഗമായ ജസ്‌നിയ രക്ഷിതാക്കളുടേയും ബന്ധുക്കളുടേയും എതിർപ്പ് വകവയ്ക്കാതെയാണ് സായി ശങ്കറിനെ വിവാഹം കഴിക്കുന്നത്. ഫാഷൻ ഡിസൈനറും മോഡലുമായി ജസ്‌നിയ സായി ശങ്കറിനെ പരിചയപ്പെടുന്നത് ഇവന്റ് മാനേജ്‌മെന്റുകളുടെ സംഘാടകൻ എന്ന നിലയിലാണ്. സായി ശങ്കർ ജോലി ചെയ്തിരുന്ന ഇവന്റ് മാനേജ്‌മെന്റ് സംഘടിപ്പിക്കുന്ന പരിപാടികളിൽ നിത്യസാന്നിധ്യമായിരുന്നു ജസ്‌നിയ. തുടക്കത്തിൽ നല്ല സുഹൃത്തുക്കളായിരുന്ന് ജസ്‌നിയയും സായിശങ്കറും. ്.

സായിശങ്കറിനെ വിശ്വസിച്ച് വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ ജസ്‌നിയ സായി ശങ്കറിനെ വിവാഹം കഴിച്ചു. ഒരു തരത്തിലും ജസ്‌നിയക്ക് തന്റെ മേൽ സംശയം തോന്നാതിരിക്കാൻ എപ്പോഴും സായി ശങ്കർ ശ്രദ്ധിച്ചിരുന്നു. ഐയിരാപുരം സി.ഇ.ടി കോളേജിൽ പഠിച്ചിരുന്ന ജസ്‌നിയയുടെ സുഹൃത്തായിരുന്നു സായി ശങ്കറിനൊപ്പം അറസ്റ്റിലായ മയൂഖി. പെരുമ്പാവൂർ സ്വദേശിയായ മയൂഖി ജസ്‌നിയ വഴിയാണ് സായി ശങ്കറിനെ പരിചയപ്പെടുത്തുന്നത്. സിനിമയിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ച മയൂഖിയെ കേസിലെ ഒന്നാം പ്രതി നാരായൺദാസിനെ പരിചയപ്പെടുത്തുന്നതും സായി ശങ്കറാണ്. എന്നാൽ മയൂഖിക്ക് സായി ശങ്കറുമായി ഇത്തരത്തിലുള്ള ബന്ധമുണ്ടായിരുന്നുവെന്ന് മനസിലാക്കുന്നത് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ മാത്രമാണ്. സായിശങ്കറിന്റെ പ്രണയവും വെറും നാട്യമായിരുന്നുവെന്നും മയൂഖിയും സായി ശങ്കറും ചേർന്ന് തന്നെ ചതിക്കുകയായിരുന്നവെന്നും മനസിലായതോടെ ജസ്‌നിയയ്ക്ക് ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല.

അതിനിടെ ഡിഐജി ചമഞ്ഞ് ബ്ലാക്ക്‌മെയിലിങ് തട്ടിപ്പു നടത്തിയ സംഭവത്തിൽ ഒരാളെക്കൂടി തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ്‌ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റ്‌ചെയ്ത നാരായണദാസിനും സംഘത്തിനും ഇരകളെ കണ്ടെത്തി നൽകിയിരുന്ന തൃപ്പൂണിത്തുറ വെള്ളാങ്ങിതോപ്പിൽ കുളങ്ങേത്ത് കെ വി സുധീറി (42)നെയാണ് സിഐ ബൈജു എം പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്.റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ സുധീർ തൃപ്പൂണിത്തുറയിലെ അറിയപ്പെടുന്ന ബിജെപി നേതാവിന്റെ സഹോദരനാണ്. ഒരുവർഷത്തോളമായി ചോറ്റാനിക്കരയിൽ താമസിക്കുന്ന ഇയാളാണ് തട്ടിപ്പുസംബന്ധിച്ച് പൊലീസിനു പരാതിനൽകിയ ചോറ്റാനിക്കരയിലെ വ്യവസായി അജയഘോഷിനെ സംബന്ധിച്ച വിവരങ്ങൾ നാരായണദാസിനും സംഘത്തിനും നൽകിയത്.

നേരത്തെതന്നെ നാരായണദാസിനെ പരിചയമുള്ള സുധീർ അയാൾക്കൊപ്പം ബാങ്കോക്ക്, തായ്വാൻ, ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ചിട്ടുള്ളതായും പണം ഇടപാടുകൾ നടത്തിയിട്ടുള്ളതായും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.എറണാകുളം ജില്ലയിൽത്തന്നെ നിരവധിപേരെ ബ്ലാക്ക്‌മെയിലിങ് തട്ടിപ്പിന് ഇരയാക്കിയിട്ടുള്ള നാരായണദാസിനും സംഘത്തിനും സാമ്പത്തികശേഷിയുള്ളവരെ സംബന്ധിച്ച വിവരങ്ങൾ നൽകാൻ ഏജന്റുമാർ ഉണ്ടായിരുന്നു. ഇവരെക്കുറിച്ച് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു. തട്ടിപ്പിന് ഇരയായ പലരും മാനക്കേട് ഭയന്ന് സംഭവം പുറത്തുപറയാറില്ല. ഈ കേസിൽ രണ്ടുകോടി രൂപ ആവശ്യപ്പെട്ടതാണ് സംഭവത്തിൽ വഴിത്തിരിവായതെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP