Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെഹർ തരാർ പാക്കിസ്ഥാൻ ഏജന്റോ? സുനന്ദയുടെ വെളിപ്പെടുത്തലിനെ അധികരിച്ചു വിവരം ശേഖരിക്കാൻ പൊലീസ്; വമ്പൻ മാഫിയ ഇടപാടുകളുടെ ദുരൂഹ കഥകൾ പുറംലോകം അറിയുമോ?

മെഹർ തരാർ പാക്കിസ്ഥാൻ ഏജന്റോ? സുനന്ദയുടെ വെളിപ്പെടുത്തലിനെ അധികരിച്ചു വിവരം ശേഖരിക്കാൻ പൊലീസ്; വമ്പൻ മാഫിയ ഇടപാടുകളുടെ ദുരൂഹ കഥകൾ പുറംലോകം അറിയുമോ?

ന്യൂഡൽഹി: സുനന്ദ പുഷ്‌കർ മരിക്കുന്നതിനു മുമ്പു നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണത്തിന് പൊലീസ് തയ്യാറെടുക്കുന്നു. മെഹർ തരാർ എന്ന പാക്കിസ്ഥാൻ മാദ്ധ്യമപ്രവർത്തകയെ കേന്ദ്രീകരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

മെഹർ തരാർ പാക്കിസ്ഥാൻ ചാരസംഘടനയുടെ ഏജന്റാണെന്ന തരത്തിൽ പ്രചരിച്ച ആരോപണങ്ങളെക്കുറിച്ചും പൊലീസ് വിവരങ്ങൾ ശേഖരിക്കും. വമ്പൻ മാഫിയ ഇടപാടുകളുടെ ദുരൂഹകഥകളുടെ ചുരുളഴിക്കാനുള്ള നടപടികളിലേക്കും അന്വേഷണസംഘം കടക്കും.

മെഹർ തരാർ അടക്കമുള്ളവരെ ഡൽഹി പൊലീസിന്റെ പ്രത്യേകാന്വേഷണ സംഘം ചോദ്യംചെയ്യും. പാക്കിസ്ഥാനിലുള്ള ഇവരിൽ നിന്ന് ഇ-മെയിൽ മുഖേനയായിരിക്കും ആദ്യഘട്ടത്തിൽ വിവരം ശേഖരിക്കുക. ഏതുതരം ചോദ്യങ്ങളോടും താൻ പ്രതികരിക്കാമെന്ന് അവർ വ്യക്തമാക്കിയിരുന്നു. തരൂരുമായി അടുപ്പമുള്ള മെഹർ തരാർ ഐഎസ്‌ഐ ഏജന്റാണെന്നാണ് മരണത്തിനുമുമ്പ് സുനന്ദ ആരോപിച്ചത്.

ശശി തരൂരിന്റെയും സുനന്ദയുടെയും സഹായിയായിരുന്ന നാരായൺ സിങ്ങിന്റെ മൊഴിയെ ആധാരമാക്കിയാണ് ഇപ്പോൾ ഡൽഹി പൊലീസ് ചോദ്യംചെയ്യൽപട്ടിക തയ്യാറാക്കിയിട്ടുള്ളത്. സുനന്ദ മരിച്ചു കിടന്ന മുറിയിൽനിന്നും വിഷാദരോഗത്തിനുള്ള ആൽപ്രാക്‌സ് ഗുളികയുടെ ഒഴിഞ്ഞ രണ്ടു പാക്കറ്റുകൾ ലഭിച്ചിരുന്നു. തരൂരിന്റെ സഹായി രാകേഷ് കുമാർ ശർമയാണ് ആൽപ്രാക്‌സ് ഗുളിക എത്തിച്ചുകൊടുത്തതെന്ന് നാരായൺ സിങ് മൊഴിനൽകിയിട്ടുണ്ട്. സുനന്ദ മരിച്ച സമയത്ത് ശർമയും ഹോട്ടലിലുണ്ടായിരുന്നു.

മെഹർ തരാറുമായുള്ള ബന്ധത്തിന്റെ പേരിൽ ദമ്പതിമാർ വഴക്കുകൂടിയെന്ന് നേരത്തേ നാരായൺസിങ് മൊഴിനൽകിയിരുന്നു. എന്നാൽ, കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലിൽ തന്റെ രോഗത്തെച്ചൊല്ലി സുനന്ദ അസ്വസ്ഥയായിരുന്നുവെന്നും അതിന് തരൂരിനെ കുറ്റപ്പെടുത്തിയിരുന്നതായും നാരായൺ സിങ് പറഞ്ഞു. തരൂർ ദമ്പതിമാരുടെ കുടുംബസുഹൃത്തായ സുനിൽ ട്രാക്ക്‌റു ഇരുവരെയും ഹോട്ടലിൽ സന്ദർശിച്ചിരുന്നതായും നാരായൺ സിങ് മൊഴി നൽകിയിട്ടുണ്ട്.

സുനന്ദ മരിച്ച ദിവസം ലീല ഹോട്ടലിലുണ്ടായിരുന്ന സഞ്ജയ് ദെവാനെയും ചോദ്യം ചെയ്യും. ഇയാൾ തരൂരിന്റെയും സുനന്ദയുടെയും സുഹൃത്താണ്. തരൂരിന്റെ ഡ്രൈവർ ബൈജ്‌റംഗി, മരണത്തിനുമുമ്പ് സുനന്ദ സംസാരിച്ച മുതിർന്ന വനിതാമാദ്ധ്യമപ്രവർത്തക നളിനി സിങ്, തരൂരിന്റെ പ്രൈവറ്റ് സെക്രട്ടറി അഭിനവ് കുമാർ എന്നിവരെയും ചോദ്യം ചെയ്യും. മരണവിവരം സരോജിനിനഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ അതുൽ സൂദിനെ മൊബൈലിൽ വിളിച്ചറിയിച്ചത് അഭിനവ് കുമാറാണ്.

ദുബായിലുള്ള കാറ്റി എന്ന വനിതയെയും ചോദ്യംചെയ്യും. നാരായൺ സിങ്ങിന്റെ മൊഴിയിലാണ് ഇവരെക്കുറിച്ചു സൂചനയുള്ളത്. സുനന്ദയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഐപിഎൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട ചില ഇടപാടുകളുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഐപിഎല്ലിലെ കേരള ടീമിന് വേണ്ടി ശശി തരൂർ ഇടപെട്ടപ്പോഴാണ് സുനന്ദയുമായുള്ള അടുപ്പം പരസ്യമായത്. അതുമായി ബന്ധപ്പെട്ട ചില ഇടപാടുകൾ ദാമ്പത്യത്തിൽ കരടായെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്.

മകൻ ശിവ് മേനോനിൽനിന്നും പൊലീസ് വീണ്ടും മൊഴിയെടുക്കും. ഇതുവരെ വ്യക്തമായി ആരെയും സംശയിക്കാൻ പാകത്തിലുള്ള തെളിവുകൾ പൊലീസിനു ലഭിച്ചിട്ടില്ല. കൊലപാതകമാണെങ്കിൽത്തന്നെ അതിനു പിന്നിലുള്ള ലക്ഷ്യത്തെക്കുറിച്ച് സൂചനകളൊന്നുമില്ല. ആരെയെങ്കിലും പ്രതിയാക്കി കേസെടുത്താൽ ഉദ്ദേശ്യം വ്യക്തമായില്ലെങ്കിൽ കേസ് കോടതിയിൽ നിലനിൽക്കില്ല. അസ്വാഭാവിക മരണമാണെങ്കിലും ഏതു തരത്തിലാണ് അത് സംഭവിച്ചതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സുനന്ദയുടെ ശരീരത്തിലെ പത്താമത്തെ മുറിവ് സിറിഞ്ചു കൊണ്ടുള്ളതായിരുന്നു. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടെങ്കിൽ അതു വായിൽക്കൂടെയാണോയെന്നും സംശയിക്കുന്നു. എങ്കിൽ, മറ്റു 14 മുറിവുകൾ എങ്ങനെയെന്ന് ചോദ്യമുയരുന്നു. സാഹചര്യത്തെളിവുകളല്ലാതെ മറ്റൊന്നും ഇതുവരെ ലഭിച്ചിട്ടില്ല

സുനന്ദയുടെ മരണത്തിന് പ്രാഥമിക സാക്ഷികളെ ആരെയും കണ്ടെത്താനായിട്ടില്ല എന്നതും പൊലീസിനെ വലയ്ക്കുന്നുണ്ട്. തരൂരിന്റെ സഹായികളുടെ മൊഴികളിൽ എന്തെങ്കിലും വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സുനന്ദ പുഷ്‌കർ കൊല്ലപ്പെട്ട കേസിൽ മരണകാരണമായ വിഷം ഏതെന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ അവരുടെ ആന്തരികാവയവങ്ങളുടെ സാമ്പിൾ ലണ്ടനിലെ ലാബിൽ പരിശോധിക്കും. ഇതിനുള്ള അനുമതി പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സുനന്ദ കൊല്ലപ്പെട്ടത് വിഷം ഉള്ളിൽച്ചെന്നാണെന്നു മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഏത് തരം വിഷമാണെന്ന് തിരിച്ചറിയാനായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP