Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നോട്ടുനിരോധനം കള്ളപ്പണക്കാരെയും ഹവാല ലോബിയെയും ഇല്ലാതാക്കാണെന്നത് വെറും ബഡായി മാത്രം; ദിവസവും കോടികൾ കൈമറിഞ്ഞിട്ടും ഒറ്റ ഹവാല രാജാവിനെപ്പോലും തൊടാൻ ധൈര്യമില്ലാതെ അധികൃതർ; പുതിയനോട്ട് നൽകലെന്ന ഒരു തൊഴിൽ മേഖല കൂടി തുറന്ന് കുഴൽപ്പണ ലോബി; മലബാറിന്റെ കുഴൽപ്പണ തലസ്ഥാനമായ കൊടുവള്ളിയുടെ അനുഭവ സാക്ഷ്യം ഇങ്ങനെ

നോട്ടുനിരോധനം കള്ളപ്പണക്കാരെയും ഹവാല ലോബിയെയും ഇല്ലാതാക്കാണെന്നത് വെറും ബഡായി മാത്രം; ദിവസവും കോടികൾ കൈമറിഞ്ഞിട്ടും ഒറ്റ ഹവാല രാജാവിനെപ്പോലും തൊടാൻ ധൈര്യമില്ലാതെ അധികൃതർ; പുതിയനോട്ട് നൽകലെന്ന ഒരു തൊഴിൽ മേഖല കൂടി തുറന്ന് കുഴൽപ്പണ ലോബി; മലബാറിന്റെ കുഴൽപ്പണ തലസ്ഥാനമായ കൊടുവള്ളിയുടെ അനുഭവ സാക്ഷ്യം ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: 'പുത്തൻപണം' എന്ന സിനിമയിലൂടെ രഞ്ജിത്ത് കാണിച്ചുതന്നതൊന്നും ഒന്നുമല്ല. നാട്ടുനിരോധനം കള്ളപ്പണക്കാരെയും ഹവാലലോബിയെയും ഇല്ലാതാക്കാണെന്നത് വെറും ബഡായി മാത്രമാണെന്നതിന് മലബാറിലെ ഹവാലസംഘങ്ങളുടെ പ്രതാപത്തിൽനിന്ന് തന്നെ വ്യക്താമണ്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിക്കുമുന്നിൽനിന്ന് 1.2കോടിയോളം രൂപയുടെ അസാധുനോട്ടാണ് പടികൂടിയത്. ഒരു കോടിയുടെ പഴയനോട്ടിന് 70 ലക്ഷം രൂപയുടെ പുത്തൻനോട്ടുനൽകുന്ന സംഘത്തെ കോഴിക്കോട് കൊടുവള്ളിയിൽവെച്ച് പൊലീസ് പിടകൂടിയത് ഒരു വർഷം മുമ്പാണെന്ന് ഓർക്കണം.

മലബാറിന്റെ കുഴൽപ്പണ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി. ഒരുകാലത്ത് ജൂവലറികളുടെ നഗരമെന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ നാട് പിന്നീട് സ്വർണബിസിനിസിൽ അത്ര ശോഭിക്കാതെ കുഴൽപ്പണത്തിലേക്ക് കുടിൽവ്യവസായംപോലെ തിരയുകയായിരുന്നു. ഇവിടുത്തെ അറിയപ്പെടുന്ന മുസ്ലിംലീഗ് നേതാക്കൾ തൊട്ട്, ലീഗിൽനിന്ന് തെറ്റിപ്പിരിഞ്ഞ് സ്വതന്ത്രനായി എൽ.ഡി.എഫ് പിന്തുണയോടെ മൽസരിച്ച് ജയിച്ച കാരാട്ട് റസാഖ് അടക്കമുള്ളവർ കുഴൽപ്പണലോബിയുടെ ആളുകളാണെന്നത് പരസ്യമായ രഹസ്യമാണ്.എതാണ്ട് ഒരു കുടിൽ വ്യവസായംപോലെ പ്രവർത്തിക്കുന്ന ഈ ശൃഖലയിൽ നാലായിരത്തോളം ചെറുപ്പക്കാർ പണിയെടുക്കുന്നു ഈ മേഖല നോട്ടുനിരോധനത്തോടെ തകരുമെന്നാണ് കരുതിയത്.പക്ഷേ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. ഒരുമാസം കുഴൽപ്പണ ലോബി വീണ്ടും തലപൊക്കി.മാത്രമല്ല പഴയനോട്ട് മാറിക്കൊടുക്കൽ എന്ന പുതിയ ബിസിനനസും അവർ തുടങ്ങി! ഇത് ഇപ്പോഴം നിർബാധം തുടരുകയാണ്.

തന്റെ അറിവിൽ ദിനം പ്രതി രണ്ടുകോടിയുടെയെങ്കിലും കുഴൽപ്പണം കൊടുവള്ളിയിലേക്ക് എത്തുന്നുണ്ടെന്ന് ഇത്തരമൊരു സംഘത്തിൽപ്പെട്ട യുവാവ് 'മറുനാടൻ മലയാളിയോട്' വെളിപ്പെടുത്തി.'നോട്ടുനിരോധനത്തിന്റെ ആദ്യത്തെ കുറച്ചു ദിവസങ്ങൾ അൽപ്പം പ്രശ്‌നമായിരുന്നു. അന്ന് ഒറ്റ ദിവസങ്ങൾ കൊണ്ട് ലക്ഷങ്ങൾ പോയവരെ എനിക്കറിയാം. ഇതേതുടർന്ന് ഞങ്ങൾക്കൊക്കെ കുറച്ചുദിവസം പണിയില്ലാതെയും ഇരുന്നു.പക്ഷേ വൈകാതെ തന്നെ പുതിയ പണം വരാൻ തുടങ്ങി. ജനം നോട്ടിനായി ബാങ്കിനുമുന്നിൽ ക്യൂ നിൽക്കുന്ന സമയത്തും ഇത്രയും പണം എങ്ങനെ ഇവിടെയത്തെുന്നുവെന്ന് എനിക്കറിയില്ല'- കുഴൽപ്പന വിതരണക്കാരനായ ആ ചെറുപ്പക്കാരൻ പറഞ്ഞു.

'ഇത് വിതരണം ചെയ്യുന്നവർക്ക് പ്രതിദിനം രണ്ടായിരം രൂപയും ചെലവും കിട്ടും. വലിയ അധ്വാനമുള്ള പണിയൊന്നുമല്ല. ബൈക്കോ കാറോ എന്താണെന്നുവച്ചാൽ അവർ തരും. നമ്മൾ ഒരു ഉച്ചക്ക് ശേഷം ഇറങ്ങി പറഞ്ഞ് അഡ്രസിൽ എത്തിച്ചാൽ മതി. മുമ്പൊക്കെ രാത്രിയിലാണ് ജോലിയെങ്കിൽ ഇപ്പോഴത് പകലാക്കിയിരക്കയാണ്.അതാണ് സുരക്ഷിതവും, സൗകര്യവും. പ്രവാസികൾ ഗൾഫിൽനിന്ന് അയക്കുന്ന പണം തന്നെയാണ് ഇങ്ങനെ വിതരണം ചെയ്യുന്നതിൽ ഭൂരിഭാഗവും. ഇതിലും ലാഭവും റിസ്‌ക്കുമുള്ള പണിയാണ് പഴയനോട്ട് മാറിക്കൊടുക്കൽ. പഴയ കറൻസി ബോംബെക്കാണ് പോകുന്നത് എന്ന് മാത്രമേ എനിക്കറിയൂ'- അയാൾ പറഞ്ഞു.

ഒരു ലക്ഷം രൂപയുടെ പഴയനോട്ട് നൽകിയ 55,000 രൂപയുടെ പുതിയ കറൻസി നൽകുയാണ് ഇത്തരം സംഘങ്ങളുടെ ഇപ്പോഴത്തെ പുതിയ തൊഴിൽ.ഒരു കോടി രൂപക്ക് 70 ലക്ഷവും. എത്ര പഴയ കറൻസിയുണ്ടെങ്കിലും കുഴപ്പമില്ല. അതൊക്കെ ഈ സംഘം വെളുപ്പിച്ചുതരും. പ്രവാസികൾക്ക് പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അനുമതിയുടെ മറവിിലാണ് കോടികളുടെ വെളുപ്പിക്കൽ നടക്കുന്നതെന്നും റിസർവ്ബാങ്ക് തൊട്ട് ന്യൂജന ബാങ്കുകളിലെവരെ ചില ജീവനക്കാർക്ക് ഈ റാക്കറുമായി അടുത്ത ബന്ധമുണ്ടെന്നും വിവരം കിട്ടിയിട്ടുണ്ട്. പക്ഷേ അധികൃതർ നടപടിയൊന്നും എടുത്തിട്ടില്ല.പണം വരുന്നത് ഗൾഫിൽനിന്നാണ്.

ഒരു ഒറ്റ ദിവസംകൊണ്ട് അഞ്ചര തൊട്ട് എഴുകോടി രൂപയുടെവരെ കുഴൽപ്പണ ഇടപാടാണ് കൊടുവള്ളി സംഘങ്ങൾ നടത്തുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർക്കും അറയാത്തകാര്യമല്ല. അഞ്ചൂറിന്റെയും ആയിരത്തിന്റെയും കറൻസികൾ നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്നതോടെ എല്ലാവരും കരുതിയത് കുഴൽപ്പണക്കാരുടെ അടപ്പിളകിയെന്നാണ്. എന്നാൽ സംഭവിച്ചത് മറിച്ചാണ്.പാവപ്പെട്ടവരും സാധാരണക്കാരും ബാങ്കുകൾക്ക് മുന്നിൽ ക്യൂനിന്ന് തളർന്നുവീഴുമ്പോൾ കുഴൽപ്പണക്കാർ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഒറ്റ കുഴൽപ്പണക്കാരനുപോലും നയാപ്പൈസയുടെ നഷ്ടം ഇതുമൂലം ഉണ്ടായിട്ടില്‌ളെന്നാണ് കൊടുവള്ളിക്കാരുടെ അനുഭവസാക്ഷ്യം. കൊടുവള്ളിയിലെ ഹവാലസംഘങ്ങളും തങ്ങളുടെ ലാഭം കറൻസിയായിട്ടല്ല ശേഖരിച്ചത് എന്നാണ് ഇതിന്റെ പ്രധാനകാരണം. റിയൽഎസ്റ്റേറ്റ ബിസിനസുകൾ, വൻകിട ആശുപത്രികൾ,സി.ബി.എസ്.ഇ സ്‌കൂളുകൾ ജൂവലറികൾ, അനാഥശാലകൾ അടങ്ങുന്ന ജീവകാരുണ്യ ട്രസ്റ്റുകൾ എന്നിങ്ങനെയുള്ള വിവിധ നിക്ഷേപങ്ങളിലായിട്ടാണ് അവരുടെ പണം ഇരിക്കുന്നത്.ഇതാവട്ടെ താരതമ്യേന സുരക്ഷിതമാണുതാനും.

നോട്ട് അസാധുവാക്കുന്നതിന്റെ തലേന്നും കൊടുവള്ളിയിലേക്ക് ഏതാണ്ട് അഞ്ചരകോടിയുടെ കറൻസി വിതരണത്തിനായി എത്തിയാതായാണ് പറയുന്നത്. പക്ഷേ ഇതുമുഴുവൻ 25,0000രൂപ തൊട്ട് രണ്ടുലക്ഷംവരെയുള്ള ഗൾഫിൽ ജോലിചെയ്യുന്നവർ അയച്ച പണമായിരുന്നു. അതുകൊണ്ടുതന്നെ കേരളമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഈ പണം കൃത്യമായി കൈമാറിയെന്നും അവർ ഇത് അക്കൗണ്ടിലിട്ടും നോട്ട്മാറിയും നിയമാനുസൃതമാക്കിയെന്നുമാണ് വിവരം.

ഗൾഫിൽ ജോലിചെയ്യുന്ന സാധാരക്കാരാണ് കൂഴൽപ്പണലോബിയുടെ വലയിൽ വീഴുന്നതെന്നാണ് എറ്റവും വിചിത്രം. നികുതിയൊന്നുമില്ലാതെ ഞൊടിയിടയിൽ പണം നേരിട്ട് വീട്ടിലത്തെിക്കുന്ന സമാന്തര സംവിധാനമാണിത്.പത്തിരുപത് വർഷം മുമ്പ് ചെറിയതോതിൽ തുടങ്ങിയ കുഴൽപ്പണ ശൃഖല ഇന്ന് മലബാറിലെ സമാന്തര സാമ്പത്തിക ശക്തിയായിരിക്കുന്നു. എത്ര ലക്ഷം രൂപവേണമെങ്കിലും ഞൊടിയിടയിൽ നാട്ടിലത്തെിക്കുന്ന സംഘങ്ങൾ ഇവിടെയുണ്ട്. കുഴൽപ്പണത്തെ നിയമവിരുദ്ധമായ ഒന്നായി ഇവിടുത്തുകാർ കാണുന്നില്ല എന്നതാണ് ഏറ്റവും വിചിത്രം. ഈ പണം സാധാരണക്കാരുടെ അധ്വാനമാണെന്നും ആദായനികുതി കൊടുക്കുന്നില്ല എന്ന ഒറ്റക്കാരണംകൊണ്ട് ഇത് കള്ളപ്പണമാവുന്നില്‌ളെന്നുമാണ് ഇവരുടെ വാദം.ഇതേ പണം കൊണ്ട് എന്തുവാങ്ങിച്ചാലും സെയിൽടാക്‌സും എക്‌സൈസ് ഡ്യൂട്ടിയും അടക്കമുള്ളവ വരുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ കുഴലിനും ഡോളറിനുമൊപ്പം പിന്നെ മയക്കമരുന്നും പ്രവഹിക്കാൻ തുടങ്ങിയതോടെയാണ് ജനം ഇതിൻെ വിപത്തുകൾ തിരിച്ചറിയുന്നത്. രേഖയില്ലാത്ത പണമായതിനാൽ ഇവ തട്ടിയെടുക്കുന്ന സംഘങ്ങളും വന്നതോടെ പ്രദേശത്തെ് ക്രമസമാധാന പ്രശ്‌നങ്ങളും വർധിച്ചിരുന്നു.എട്ട് വർഷംമുമ്പ് കൊടുവള്ളിയിലുള്ള സഫ്വാൻ എന്ന ചെറുപ്പക്കാരനെ കുഴൽപ്പണ വിതരണത്തിനിടെ എതിർ സംഘങ്ങൾ കുത്തിക്കൊന്നിരുന്നു. അന്ന് കുഴൽപ്പണമാഫിയക്കെതിരെ ചില മതസംഘടകൾ ഈ മേഖലയിൽ കാമ്പയിൻ നടത്തിയെങ്കിലും പിന്നീട്  ഇതൊന്നും എവിടെയും എത്തിയില്ല. ഇപ്പോഴും പൂർവാധികം ശക്തയോടെ ഹവാലാലോബി പ്രവർത്തിക്കുമ്പോൾ നോട്ടുനിരോധനംപോലുള്ള ഗിമ്മിക്കുകൾകൊണ്ട് കള്ളപ്പണലോബിയെ നേരിടാനാവില്‌ളെന്ന എന്നതിന്റെ സൂചനയാണ്.കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ മുഖംനോക്കാതെയുള്ള നടപടികളാണ് ഇക്കാര്യത്തിൽ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP