Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാഫിറുകളും മുശ് രിക്കുകളും ഉള്ള നാട്ടിൽ ജീവിക്കാൻ താൽപര്യമില്ല: നാടുവിട്ടത് 'വിശുദ്ധയുദ്ധ'ത്തിന് തന്നെയെന്ന് ഉറപ്പിച്ച് അന്വേഷണ ഏജൻസികൾ; അത്തിക്കാട്ടെ സലഫി ഗ്രാമത്തിന്റെ ലങ്കൻ ബന്ധം പരിശോധനയിൽ; ഐസിസിന്റെ മലയാളി വേരുകൾ തേടി 'റോ' എത്തും

എംപി റാഫി

കോഴിക്കോട്: കാണാതായ മലയാളികൾക്ക് ഐസിസ് ബന്ധം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് കേന്ദ്ര സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങൾ ആവർത്തിക്കുമ്പോഴും മലയാളി സംഘം തീവ്രവാദ ക്യാമ്പുകളിലേക്ക് പോയതാകാമെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ ഏജൻസികൾ. പാലക്കാട്, കാസർകോട് എന്നിവിടങ്ങളിൽ നിന്നായി കാണാതായ മലയാളികൾ അവസാനമായി അയച്ച സന്ദേശങ്ങൾക്ക് പുറമെ കാണാതാകുന്നതിനു മുമ്പും ശേഷവുമായി വീട്ടുകാർക്കും ബന്ധുക്കൾക്കും വിളിച്ച ശബ്ദ സന്ദേശങ്ങളും മറ്റു സംഭാഷണങ്ങളുമെല്ലാം അന്വേഷണ ഏജൻസികൾക്കു ലഭിച്ചിട്ടുണ്ട്. ഈ ശബ്ദ സന്ദേശങ്ങളിലെല്ലാം ജിഹാദി മാർഗം തെരഞ്ഞെടുത്തതായും യഥാർത്ഥ ഇസ്ലാമിക ജീവിതം നയിക്കുകയാണ് ലക്ഷ്യമെന്നും പലതവണ ആവർത്തിക്കുന്നുണ്ടെന്നാണ് സൂചന. മലയാളി സംഘം വീട്ടുകാർക്കും അടുത്ത ചിലർക്കും അയച്ച ശബ്ദരേഖകളിൽ നിന്നും സന്ദേശങ്ങളിൽ നിന്നുമെല്ലാം ഐഎസ് മുന്നോട്ടു വെക്കുന്ന ആശയങ്ങളാണിതെന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇന്ത്യൻ മുജാഹിദീൻ, അൽഖൈ്വദ തുടങ്ങിയ തീവ്രവാദ സംഘടനകൾ മുന്നോട്ടു വെക്കുന്നതിനേക്കാളും അതി ഭീകരവും തീവ്രവുമായ ആശയങ്ങളാണ് ഇവരുടെ സംഭാഷണങ്ങളിൽ അടങ്ങിയിരിക്കുന്നതെന്നാണ് വിവരം.

കേരളത്തിൽ നിന്നും കാണാതായ കുട്ടികളും യുവതി യുവാക്കളുമടങ്ങുന്ന 23 ഓളം വരുന്ന സംഘം തീവ്ര സലഫി ആശയങ്ങൾ ഉള്ളവരോ സലിഫികളുമായി ബന്ധമുള്ളവരോ ആണെന്ന് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുകയുണ്ടായി. എന്നാൽ അതി തീവ്രമായ ആശയങ്ങളായിരുന്നു ഇവരുടെ സംഭാഷണങ്ങളിൽ ഉടനീളം നിലനിന്നിരുന്നതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കാഫിറുകളും (സത്യനിഷേധികൾ) മുശ് രിക്കുകളും (ബഹുദൈവാരാദകർ) ഉള്ള നാട്ടിൽ ജീവിക്കാൻ താൽപര്യമില്ലെന്നാണ് ഇവർ പലതവണ വീട്ടുകാരോടു തന്നെ പറഞ്ഞിരുന്നത്. കാഫിറുകളെയും മുശ് രിക്കുകളെയും കൊലപ്പെടുത്തണമെന്ന അതി തീവ്രമായ ഇബ്‌നു തൈമിയ്യ-വഹാബി ആശയങ്ങളാണ് ഇവിടെയും പ്രകടമായിരിക്കുന്നത്. തീവ്ര സലഫികളുടെ ആത്മീയാചാര്യന്മാരായ അബ്‌നു തൈമിയ്യയും അത് പ്രായോഗിക തലത്തിലേക്കു കൊണ്ടുവന്ന ഇബ്‌നു അബ്ദുൽ വഹാബിനെയും അതേപടി പിൻപറ്റുന്നവരാണ് കേരളത്തിലെ തീവ്ര സലഫികളും. ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥിതിയിൽ യോജിച്ചു പോകാൻ സാധിക്കാത്ത ആശയങ്ങളാണിത്. ഇക്കാരണങ്ങൾ കൊണ്ടു തന്നെയായിരുന്നു കേരളത്തിലെ സലഫി പ്രസ്ഥാനമായ മൂജാഹിദ് സംഘടനയിലും തീവ്ര സലഫിസം വേണോ ഇന്ത്യാ രാജ്യത്തിനനുസൃതമായി മോഡേൺ, മിതത്വ സലഫിസം വേണം എന്ന കാര്യത്തിൽ പിളർപ്പുകൾ സംഭവിച്ചത്.

പാലക്കാട് യാക്കരയിൽ നിന്നും മതം മാറിയ ശേഷം നാടുവിട്ട നാലു പേരെ കുറിച്ച് പ്രത്യേക അന്വേഷണം ഇതിനോടകം ആരംഭിച്ചു കഴ ിഞ്ഞു. ഇവർക്ക് കേരളത്തിൽ വിവിധ ശൃംഘകളുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ വിവരം ലഭിച്ചിട്ടുള്ളത്. ഇസ്ലാം മതം സ്വീകരിച്ച് ഈസയായി മാറിയ ബെക്‌സൺ, യഹിയ എന്ന പേരു സ്വീകരിച്ച അനുജൻ ബെറ്റ്‌സൺ, ഇവരുടെ ഭാര്യമാരായ എറണാകുളം സ്വദേശി മെറിൻ ആയിരുന്ന മറിയം, തിരുവനന്തപുരം സ്വദേശി നിമിഷ എന്ന ഫാത്തിമ ഇവരെ കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായി അന്വേഷണ ഏജൻസികൾ ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകളും പുസ്തകങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വഹാബി,സലഫിസവുമായി ബന്ധപ്പെട്ട ലഘുലേഖകളും നിരവധി പുസ്തകങ്ങളുമാണ് കണ്ടെത്തിയിട്ടുള്ളത്.

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതാവും പ്രഭാഷകനുമായ എംഎം അക്‌ബറിന്റെ ചില ഗ്രന്ഥങ്ങളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഏറെ നാൾ കേരള നദ് വത്തുൽ മുജാഹിദീ (കെ.എൻ.എം) ന്റെ നേതാവായിരുന്ന എ.പി അബ്ദുൽ ഖാദർ മൗലവി എം.എം അക്‌ബറിന്റെ ഭാര്യാ പിതാവു കൂടിയാണ്. എം.എം അക്‌ബർ നേതൃത്വം നൽകുന്ന കോഴിക്കോട്ടെ പീസ് ഇന്റർനാഷണൽ സ്‌കൂളിലെ അഡ്‌മിനിസ്‌ട്രേഷൻ ചുമതലയുള്ള അബ്ദുല്ല റാഷിദും അപ്രത്യക്ഷമായവരുടെ കൂട്ടത്തിലുണ്ട്. കൂടാതെ കാസർഗോട് നിന്നും കാണാതായവവർക്ക് പീസ് സ്‌കൂളിൽ വച്ച് രഹസ്യ ക്ലാസുകൾ ലഭിച്ചിരുന്നതായും നേരത്തെ വിവരം പുറത്തു വന്നിരുന്നു. എന്നാൽ എം.എം അക്‌ബറുമായും കേരളത്തിലെ സലഫി പ്രസ്ഥാനമായും കാണാതായവർക്കുള്ള ബന്ധം മുജാഹിദ് സംഘടനയെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

നിലമ്പൂർ അത്തിക്കാട്ടെ സലഫി ഗ്രാമം സ്ഥാപിച്ചതും മുജാഹിദ് നേതാവായിരുന്ന സുബൈർ മങ്കടയുടെ നേതൃത്വത്തിലാണ്. ആടിനെ മെയ്‌ച്ചും മറ്റു പ്രവാചക കാലത്തെ അനുകരിച്ചു ജീവിക്കുന്നതിനു വേണ്ട് അഞ്ചു വർഷം മുമ്പായിരുന്നു നിലമ്പൂരിനടുത്ത് അത്തിക്കാട് സലഫി ആശയമുള്ള 18 മുജാഹിദ് കുടുംബങ്ങളെ സുബൈർ മങ്കട കൊണ്ടു വന്ന് പാർപ്പിച്ചത്. ഇതിന്റെ ഭാഗമായി വിദ്യാ സമ്പന്നരായ എഞ്ചിനീയർമാരും ബിസിനസുകാരുമെല്ലാം ഇവിടെ ആടിനെ മെയ്‌ച്ച് താമസം തുടങ്ങി. എന്നാൽ മുജാഹിദ് സംഘടനയിലെ പിളർപ്പുകളും സലഫീ ജീവിതം ലക്ഷ്യമാകാതാവുകയും ചെയ്തതോടെ സുബൈർ മങ്കട ഇവരെ ഉപേക്ഷിച്ചു പോയി. ഇതിനിടയിൽ സലഫി ജീവിതം സ്വയം ജീവിതത്തിൽ പകർത്താതിരുന്ന വ്യക്തിയാണ് സുബൈർ മങ്കട എന്നതിനെ ചൊല്ലി ഇവർക്കിടയിൽ ഭിന്നതയും രൂപപ്പെട്ടിരുന്നു. ഇതോടെ ആറു കൂടുംബങ്ങൾ ഇവിടെ നിന്നും താമസം മാറിപ്പോവുകയായിരുന്നു.

നേരത്തെ പുറം ലോകവുമായി യാതൊരു ബന്ധവും സ്ഥാപിക്കാതിരുന്ന ഈ സലഫി കുടുംബങ്ങൾക്ക് ആരാധനക്കുള്ള പള്ളിയും കുട്ടികൾക്കുള്ള പള്ളിക്കൂടവും ഇതിനകത്തു തന്നെയായിരുന്നു. എന്നാൽ പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ ഹദീസ് പഠന കേന്ദ്രവുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നെന്നും ഇപ്പോൾ കാണാതായവരിൽ പലരും അത്തിക്കാട് താമസിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. അത്തിക്കാട്ടെ ഈ സലഫീ ഗ്രാമത്തിൽ നിന്നും പലതവണ ശ്രീലങ്കയിലേക്കും യമനിലേക്കും പോയിരുന്നതായും ശ്രീലങ്കയിൽ നിന്നും ഇങ്ങോട്ടും ചിലർ ക്ലാസെടുക്കാൻ വന്നിരുന്നതായും പൊലീസിൽ വിവരമുണ്ട്. ഇപ്പോൾ കാണാതായവരും ആദ്യം ശ്രീലങ്ക വഴിയാണ് കടന്നതെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭ്യമായ സൂചനകൾ. ഇതുമായി ബന്ധപ്പെടുത്തി അത്തിക്കാടെ സലഫി കുടുംബങ്ങളെ പറ്റിയും ശ്രീലങ്ക, യമൻ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റുകളും അന്വേഷണ ഏജൻസികൾ പരിശോധിച്ചു വരികയാണ്.

കാണാതായ മലയാളികൾക്ക് തീവ്ര സലഫിസവും തീവ്രവാദ ചിന്താഗതിയും ഉണ്ടെന്നുള്ളതിന് അന്വേഷണ വിഭാഗങ്ങൾക്കു തെളിവുകൾ എമ്പാടും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവർ പോയിരിക്കുന്നത് ഐസ്എസ് ക്യാമ്പുകളിലേക്കു തന്നെയാണോ അല്ലെങ്കിൽ നാടു കടക്കലിന്റെ ലക്ഷ്യം എന്ത് എന്നുള്ള സ്ഥിരീകരണം മാത്രമാണ് അന്വേഷണ ഏജൻസികളുടെ മുന്നിൽ ലഭിക്കാനുള്ളത്. ഐഎസ് ക്യാമ്പുകളിൽ നിന്നും പരിശീലനം സിദ്ധിച്ച ശേഷം ഇന്ത്യയിൽ ഐഎസ് വേരോട്ടം ശക്തമാക്കുകയെന്നതും ഐഎസിലേക്കുള്ള കടന്നു കയറ്റത്തിനു പിന്നിലുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ ഇത് ഏറെ അപകടകരമാണെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. ഇതു കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇന്നലെ ഡൽഹിയിൽ ചർന്ന ഉന്നത പൊലീസ് മേധാവികളുടെയും സുരക്ഷാ ഏജൻസികളുടെയും യോഗത്തിൽ തുടരന്വേഷണം റിസർച്ച് ആൻഡ് അനാലിസീസ് വിങി( റോ)നെ ഏൽപ്പിച്ചിട്ടുള്ളത്.

വിദേശ രാജ്യങ്ങളിൽ വ്യക്തമായ രഹസ്യാന്വേഷണ ശൃംഘലയുള്ള റോയുടെ അന്വേഷണത്തിലൂടെ നാടു വിട്ടവരെ കുറിച്ച് പൂർണ വിവരം ലഭിക്കുമെന്നാണ് സുരക്ഷാ ഏജൻസികൾ കരുതുന്നത്. കേരളത്തിൽ നിന്നും അപ്രത്യക്ഷമായവർ അഫ്ഗാനിസ്ഥാൻ, ഇറാൻ, യമൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലുണ്ടെന്ന വ്യക്തമായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി റോ വിദേശത്തേക്ക് പോകാനിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP