Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗഹൃദം ഉപേക്ഷിക്കും മുമ്പ് ചിലത് പറയാനുണ്ടെന്നും വൈകിട്ടു തിരികെ കൊണ്ടുവിടാമെന്നും പറഞ്ഞ് കാറിൽ കയറി; കാമുകന്റെ കൈയിലെ ഫോട്ടോ തിരിച്ചു വാങ്ങാമെന്ന പ്രതീക്ഷയിൽ അതിരപ്പള്ളിയിലേക്കുള്ള യാത്ര; പ്രണയം നിരസിച്ചപ്പോൾ അരയിൽ കരുതിയ കത്തി കൊണ്ട് പ്ലസ് ടു വിദ്യാർത്ഥിനിയുടെ നെഞ്ചിൽ കുത്തിയത് നാല് തവണ; ദേഷ്യം തീർക്കാൻ ദേഹമാസകലം കുത്തി; ബോഡി ഉപേക്ഷിച്ചത് ഉൾക്കാട്ടിൽ; പ്രതി പിടിയിലായത് പൊള്ളാച്ചി യാത്രയ്ക്കിടെ; ഈവയെ സഫർ കൊന്നത് എല്ലാം മനസ്സിൽ ഉറപ്പിച്ച്

സൗഹൃദം ഉപേക്ഷിക്കും മുമ്പ് ചിലത് പറയാനുണ്ടെന്നും വൈകിട്ടു തിരികെ കൊണ്ടുവിടാമെന്നും പറഞ്ഞ് കാറിൽ കയറി; കാമുകന്റെ കൈയിലെ ഫോട്ടോ തിരിച്ചു വാങ്ങാമെന്ന പ്രതീക്ഷയിൽ അതിരപ്പള്ളിയിലേക്കുള്ള യാത്ര; പ്രണയം നിരസിച്ചപ്പോൾ അരയിൽ കരുതിയ കത്തി കൊണ്ട് പ്ലസ് ടു വിദ്യാർത്ഥിനിയുടെ നെഞ്ചിൽ കുത്തിയത് നാല് തവണ; ദേഷ്യം തീർക്കാൻ ദേഹമാസകലം കുത്തി; ബോഡി ഉപേക്ഷിച്ചത് ഉൾക്കാട്ടിൽ; പ്രതി പിടിയിലായത് പൊള്ളാച്ചി യാത്രയ്ക്കിടെ; ഈവയെ സഫർ കൊന്നത് എല്ലാം മനസ്സിൽ ഉറപ്പിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഈവയെ വകവരുത്തുകയെന്ന ഉദേശത്തോടെ തന്നെയാണ് സഫർ ഷാ കാറിൽ കയറ്റിയതെന്ന് നിഗമനത്തിലേക്ക് പൊലീസ്. കൊലയ്ക്ക് മറ്റൊരുടേയും സഹായം കിട്ടിയിട്ടില്ലെന്നാണ് വിലയിരുത്തൽ. സൗഹൃദം ഉപേക്ഷിക്കും മുമ്പ് ചില കാര്യങ്ങൾ പറയാനുണ്ടെന്നും വൈകിട്ടു തന്നെ തിരികെ കൊണ്ടുവിടാമെന്നും പറഞ്ഞ് അനുനയിപ്പിച്ചാണ് സഫർ കുട്ടിയെ വാഹനത്തിൽ കയറ്റിയത്. കൊല്ലാനുള്ള കത്തിയടക്കം വാങ്ങിയാണ് സഫർ കൊച്ചിയിൽ നിന്ന് പോയതെന്നും പൊലീസ് പറഞ്ഞു. അതിരപ്പിള്ളി വരെ പോയിവരാം എന്നു പറഞ്ഞാണ് ഈവയെ താൻ കാറിൽ കയറ്റിയതെന്നു സഫർ ഷാ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ഇവയുടെ നെഞ്ചിൽ ആഴത്തിലുള്ള 4 മുറിവുകളുണ്ട്. ദേഹത്തു ചെറുതും വലുതുമായി ഇരുപതിലധികം മുറിവുകളുണ്ടെന്നും പൊലീസ് അറിയിച്ചു.കാറിൽ വച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം കാട്ടിൽ തള്ളിയതായാണു പൊലീസ് നിഗമനം. കലൂർ-കതൃക്കടവ് റോഡിൽ ബിസ്മിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തുറവൂർ സ്വദേശി വിനോദിന്റെയും ജോബിതയുടെയും മകൾ ഈവ ആന്റണി (ഗോപിക-17) ആണ് കൊല്ലപ്പെട്ടത്.

സൗഹൃദം ഉപേക്ഷിക്കും മുമ്പ് ചില കാര്യങ്ങൾ പറയാനുണ്ടെന്നും വൈകിട്ടു തന്നെ തിരികെ കൊണ്ടു വിടാമെന്നും പറഞ്ഞ് അനുനയിപ്പിച്ചാകണം സഫർ ഈവയെ വാഹനത്തിൽ കയറ്റിയതെന്നും പൊലീസ് പറയുന്നു. സഫർഷായുടെ കാറിൽ ഈവ കയറിപ്പോകുന്നതു കണ്ടതായി ഈവയുടെ സഹപാഠികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. കൊച്ചിയിൽ നിന്നു തന്നെ കത്തിയടക്കം വാങ്ങി സൂക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു. അതിരപ്പള്ളി ചെക്പോസ്റ്റും കടന്ന് മലക്കപ്പാറയിലെ ഉൾവനത്തിലാണ് മൃതദേഹം ഉപേക്ഷിച്ചിരുന്നത്. മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവിലാണ് പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. കൊച്ചിയിലെ കാർ സർവീസ് സെന്ററിൽ ജോലി ചെയ്തിരുന്ന സഫറിന് ഈവയുമായി പരിചയമുണ്ട്. അടുപ്പം തുടരാൻ ഈവ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം. തുടർന്നാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതെന്ന് എറണാകുളം സെൻട്രൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ് വിജയശങ്കർ പറഞ്ഞു. സ്ഥാപനത്തിൽ സർവീസിന് വന്ന വാഹനമാണ് പ്രതി ഉപയോഗിച്ചത്. പ്രണയകാലത്തെ ചില ഫോട്ടോകൾ കാട്ടിയാണ് പ്രതി പെൺകുട്ടിയെ കാറിൽ കയറ്റിയതെന്നും സൂചനയുണ്ട്.

8 മാസമായി സഫർ ഷാ അവളുടെ പിറകെ നടന്നു ശല്യം ചെയ്യുന്നുണ്ട്. അവൾ പലപ്പോഴും പരാതി പറഞ്ഞിട്ടുണ്ട്. ഒരു തവണ സഫറിനെ നേരിൽ കണ്ട്, മകളെ ഇനി ശല്യപ്പെടുത്തരുത് എന്നു പറഞ്ഞിരുന്നു. ശല്യപ്പെടുത്തില്ല എന്ന് അവൻ ഉറപ്പു നൽകുകയും ചെയ്തു. വീണ്ടും ശല്യം തുടങ്ങിയ കാര്യം അറിഞ്ഞില്ല. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സാറ്, സഫറിനോടു സംസാരിച്ചപ്പോൾ, 'അവളെ കൊല്ലുമെന്ന്' ഭീഷണിപ്പെടുത്തിയിരുന്നു. കൊല്ലുമെന്നു മകളോടും പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവൾക്ക് സ്‌കൂളിൽ പോകുന്നതു പോലും പേടിയായിരുന്നു. കുറെ നാളായി ഞാനാണു മകളെ സ്‌കൂളിൽ കൊണ്ടാക്കുന്നത്. സ്‌കൂളിൽ കയറി എന്ന് ഉറപ്പാക്കിയ ശേഷമേ മടങ്ങാറുള്ളു. തിരിച്ച് കൂട്ടുകാർക്കൊപ്പം വരികയാണു പതിവ്. അവൾ പതിവായി കയറുന്ന സ്റ്റോപ്പിനടുത്തുള്ള സ്റ്റോപ്പിൽ നിന്നു ബസ് കയറും എന്നാണു ചൊവ്വാഴ്ച കൂട്ടുകാരോടു പറഞ്ഞത്. സ്‌കൂൾ കഴിഞ്ഞ്, കൂട്ടുകാരിയുടെ ബർത്ത് ഡേ പാർട്ടിയുണ്ടെന്ന് എന്നോടു പറഞ്ഞിരുന്നു. അതുകൊണ്ടാണു പതിവു സമയമായിട്ടും എത്താതിരുന്നപ്പോൾ അന്വേഷിക്കാതിരുന്നത്. കൂട്ടുകാരെ വിളിച്ചപ്പോഴാണ് അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോയ വിവരം പറയുന്നത്.'-മകളുടെ കൊലപാതകത്തെ കുറിച്ച് അച്ഛൻ ആന്റണി പറയുന്നത് ഇങ്ങനെയാണ്. കുറിയർ കമ്പനി ജീവനക്കാരനാണ് ഇവയുടെ അച്ഛൻ ആന്റണി. ഈവയുടെ അമ്മ യോഗിതയും സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. ഒരു സഹോദരിയുണ്ട്.

'ഗർഭസ്ഥ ശിശുവായിരിക്കെ, അവളെ ജീവനോടെ ലഭിക്കില്ലെന്നു ഡോക്ടർമാർ പറഞ്ഞിരുന്നു. ജീവനോടെ കിട്ടിയാൽ തന്നെ, കയ്യും കാലുമൊന്നും ഉണ്ടാകില്ലെന്നും. അവിടെ നിന്നാണു ഞാനവളെ 17 വയസ്സു വരെ വളർത്തിയത്. എല്ലാ ഇല്ലായ്മയിലും അവളും ചേച്ചിയും ഞങ്ങളും വളരെ സന്തോഷത്തോടെയാണു കഴിഞ്ഞത് ആന്റണി പറഞ്ഞു. 'പ്ലസ്ടു ആയതിനാൽ, സ്‌പെഷൽ ക്ലാസ് ഉണ്ടെന്നു പറഞ്ഞാണു സ്‌കൂളിലേക്കു പോയത്. കൊച്ചി സെന്റ് ആൽബർട്‌സ് കോളജ് ക്യാമ്പസിലെ ഈശോ ഭവനിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ സുഹൃത്തായ സഫർ സ്‌കൂൾ സമയം കഴിഞ്ഞാണ് കാറിൽ കൂട്ടിക്കൊണ്ടു പോയത്. മലക്കപ്പാറയിൽ നിന്ന് പൊള്ളാച്ചി റൂട്ടിലേക്ക് പോയ സഫർ അതിനിടെ കൊലനടത്തുകയും മൃതദേഹം തേയിലത്തോട്ടത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു. തുടർന്ന് പൊള്ളാച്ചിയിലേക്ക് കടക്കാനായിരുന്നു ശ്രമം. വാൽപ്പാറയ്ക്കു പോകുന്നതായി വാഴച്ചാലിലെ കേരള വനംവകുപ്പ് ചെക്‌പോസറ്റിൽ സഫർ ഷാ എഴുതിക്കൊടുത്തായി കണ്ടെത്തി. വൈകിട്ട് 4.30ന് ആണ് കാർ ചെക്‌പോസ്റ്റിൽ എത്തിയത്. 10 മീറ്ററോളം അകലെ കാർ നിർത്തി സഫർ വനം അധികൃതർക്ക് വിവരങ്ങൾ നൽകി. ഈവ പുറത്തിറങ്ങിയില്ല. കാർ 6.20ന് കേരള തമിഴ്‌നാട് അതിർത്തിയിൽ കേരളത്തിന്റെ ഭാഗത്തുള്ള മലക്കപ്പാറ വനം ചെക് പോസ്റ്റിൽ എത്തിയപ്പോൾ, സ്‌കൂൾ യൂണിഫോമിൽ പെൺകുട്ടിയെ കണ്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് അടുത്തെത്തിയെങ്കിലും വാഹനം നിർത്തി ഇറങ്ങിയതായി വിവരമില്ല.

വാട്ടർഫാൾ ചെക്‌പോസ്റ്റിൽ തമിഴ്‌നാട് പൊലീസ് നടത്തിയ പരിശോധനയിൽ കാറിൽ രക്തക്കറ കണ്ടതിനെ തുടർന്ന് സഫറിനെ കസ്റ്റിഡിയിലെടുക്കുകയായിരുന്നു. പ്രണയം നിരസിച്ചതിനെ തുടർന്നു കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നു തെളിവെടുപ്പിനിടെ ഇയാൾ പൊലീസിനോടു പറഞ്ഞു. സർവീസ് ചെയ്യാനെത്തിച്ച കാർ മോഷണം പോയതായി സഫർ ജോലി ചെയ്യുന്ന എറണാകുളം മരടിലെ സർവീസ് സ്റ്റേഷൻ അധികൃതർ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം മരട് പൊലീസിൽ പരാതി നൽകിയിരുന്നു. സഫറിനെയും കാണാനില്ലെന്നു പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയിലെ അന്വേഷണത്തിനിടെ, സഫറിന്റെ മൊബൈൽ ലൊക്കേഷൻ പൊലീസ് തിരഞ്ഞു. ഈവ തിരിച്ചെത്താതിരുന്നതിനെ തുടർന്നു ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് ആന്റണി സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയത്. പക്ഷേ, പരാതിയിൽ സഫറിന്റെ കാര്യം പരാമർശിച്ചിരുന്നില്ല. സെൻട്രൽ പൊലീസ് അപ്പോൾ തന്നെ കേസെടുക്കുകയും മറ്റു സ്റ്റേഷനുകളിലേക്കു വിവരം കൈമാറുകയും ചെയ്തു.

മരടിൽ നിന്നു മോഷണം പോയ കാർ മലക്കപ്പാറ ചെക്‌പോസ്റ്റ് കടന്നു തമിഴ്‌നാട്ടിലേക്കു പോയതായി മലക്കപ്പാറ പൊലീസിന് 7 മണിയോടെ വിവരം ലഭിച്ചു. സഫറിന്റെ മൊബൈൽ ലൊക്കേഷൻ വച്ചാണ് ഇതു മനസ്സിലാക്കിയത്. മലക്കപ്പാറ പൊലീസ് പിന്നാലെ പാഞ്ഞു. തമിഴ്‌നാടിന്റെ ഭാഗമായ വാൽപ്പാറ ചെക്‌പോസ്റ്റിലും പൊലീസിനും സന്ദേശം കൈമാറി. വാൽപ്പാറ ചെക് പോസ്റ്റെത്തുന്നതിനു മുൻപു തന്നെ, 8 മണിയോടെ, വാട്ടർഫാൾ പൊലീസ് കാർ തടഞ്ഞു. പരിശോധനയിൽ, കാറിൽ പെൺകുട്ടിയെ കണ്ടെത്തിയില്ല. കാറിൽ രക്തക്കറ കണ്ടെത്തിയതോടെ അവർ സഫറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP