Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജെസ്നയുടെ തിരോധാനത്തിന്റെ പേരിലും രാഷ്ട്രീയ ചേരിതിരിവ് കനക്കുന്നു; ഡിസിസിയുടെ നിയമസഭാ മാർച്ചോടെ വിഷയത്തിൽ ചേരിതിരിഞ്ഞ് നേതാക്കൾ; ഒരു മുഴം മുൻപേ നീട്ടിയെറിഞ്ഞ് റാന്നി എംഎൽഎ; ബന്ധുക്കൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഭാരവാഹികളുമായി രാജു ഏബ്രഹാം ഡിജിപിയെ കണ്ട് പരാതി നൽകി; വ്യാജമെന്ന് പറയുമ്പോഴും പൊലീസ് അന്വേഷണം ചുറ്റിത്തിരിയുന്നത് ആൺ സുഹൃത്തിനെയും വീട്ടിൽ കണ്ട രക്തം പുരണ്ട തുണിയെയും ചുറ്റിപ്പറ്റി

ജെസ്നയുടെ തിരോധാനത്തിന്റെ പേരിലും രാഷ്ട്രീയ ചേരിതിരിവ് കനക്കുന്നു; ഡിസിസിയുടെ നിയമസഭാ മാർച്ചോടെ വിഷയത്തിൽ ചേരിതിരിഞ്ഞ് നേതാക്കൾ; ഒരു മുഴം മുൻപേ നീട്ടിയെറിഞ്ഞ് റാന്നി എംഎൽഎ;  ബന്ധുക്കൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഭാരവാഹികളുമായി രാജു ഏബ്രഹാം ഡിജിപിയെ കണ്ട് പരാതി നൽകി; വ്യാജമെന്ന് പറയുമ്പോഴും പൊലീസ് അന്വേഷണം ചുറ്റിത്തിരിയുന്നത് ആൺ സുഹൃത്തിനെയും വീട്ടിൽ കണ്ട രക്തം പുരണ്ട തുണിയെയും ചുറ്റിപ്പറ്റി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വെച്ചൂച്ചിറ കൊല്ലമുളയിലെ ബിരുദ വിദ്യാർത്ഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനം രാഷ്ട്രീയ പകപോക്കലിനുള്ള വേദിയാകുന്നു. അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് ഇന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റി നിയമസഭാ കവാടത്തിലേക്ക് ജെസ്നയുടെ ബന്ധുക്കളെ അടക്കം പങ്കെടുപ്പിച്ച് മാർച്ച് നടത്തി. ഒരു മുഴം മുന്നേ നീട്ടി എറിഞ്ഞ് റാന്നി എംഎൽഎ രാജു ഏബ്രഹാം, ആക്ഷൻ കൗൺസിൽ ഭാരവാഹികളെയും കൂട്ടി ഇന്നലെ ഡിജിപിയെ നേരിട്ട് കണ്ട് പരാതി നൽകി.

ജെസ്നയുടെ തിരോധാനത്തിന് പിന്നിൽ ബന്ധുക്കളുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം. ഇതോടെ ജെസ്നയുടെ ബന്ധുക്കൾ യുഡിഎഫിന്റെയും ആക്ഷൻ കൗൺസിലുകാർ എൽഡിഎഫിന്റെയും ചേരികളിൽ ചെന്ന് എത്തിയിരിക്കുകയാണ്. ജെസ്നയെ കാണാതായി 92 ദിവസം പിന്നിട്ടിട്ടും അന്വേഷണം ഊർജിതമാകാത്തതിൽ പ്രതിഷേധിച്ചാണ് ബന്ധുക്കൾ കോൺഗ്രസുകാരുടെ സമരത്തിൽ പങ്കെടുത്തത്. തുടക്കം മുതൽ ഇക്കാര്യത്തിൽ സമരവുമായി മുന്നോട്ട് വന്നത് കോൺഗ്രസാണ്.

പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തിൽ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലേക്കും ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്കും മാർച്ചും ധർണയും നടത്തിയിരുന്നു. ഈ സമയമൊന്നും സ്വന്തം മണ്ഡലമായിട്ടു കൂടി സിപിഐഎമ്മുകാരനായ രാജു ഏബ്രഹാം എംഎൽഎ ജെസ്നയുടെ വീട്ടുകാരെ കാണാനോ ആശ്വസിപ്പിക്കാനോ അന്വേഷണം ഊർജിതമാക്കാനോ ശ്രമിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ സംഘത്തെ പ്രഖ്യാപിച്ച് അന്വേഷണം ഊർജിതമാക്കിയത്. എന്നിട്ടും, അന്വേഷണത്തിൽ പുരോഗതിയൊന്നും കിട്ടാതെ വന്നപ്പോഴാണ് ഡിസിസി വീണ്ടും ശക്തമായ സമരവുമായി മുന്നോട്ടു വന്നത്. ഡിസിസിയുടെ സമരം കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടായാൽ തനിക്ക് അത് പണിയാകുമെന്ന് കണ്ടാണ് രാജു ഏബ്രഹാം എംഎൽഎ നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കൗൺസിലിനെ കൈയിലെടുത്തത്. അവരെ അണിനിരത്തി ഡിജിപിയെ കണ്ടതും ബന്ധുക്കൾക്കെതിരേ രൂക്ഷമായ ആരോപണം ഉന്നയിക്കുന്നതും.

ഇതിനിടെ, അന്വേഷണ സംഘത്തെ വലച്ച് വ്യാജവാർത്തകൾ പ്രചരിക്കുകയാണ്. അന്വേഷണസംഘം നേരത്തേ പരിശോധിച്ച് മടക്കിയ കാര്യങ്ങൾ ഏറ്റവും പുതിയ കണ്ടെത്തൽ എന്ന രീതിയിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണ്. ഇതു കാരണം വലയുന്നത് അന്വേഷണ സംഘത്തേക്കാളുപരി നാട്ടുകാരും ബന്ധുക്കളുമാണ്. തങ്ങൾക്ക് അറിവില്ലാത്ത കാര്യങ്ങളാണ് മിക്കപ്പോഴും തങ്ങളുടെ പേരിൽ വരുന്നത് എന്ന് അന്വേഷണസംഘം സാക്ഷ്യപ്പെടുത്തുന്നു. ജെസ്നയുടെ വീട്ടിൽ നിന്ന് രക്തം പുരണ്ട വസ്ത്രം കണ്ടെടുത്തുവെന്നാണ് ഏറ്റവും അവസാനമായി പ്രചരിക്കുന്ന വാർത്ത. പക്ഷേ, അന്വേഷണസംഘം ഇത് സ്ഥിരീകരിക്കുന്നില്ല.

പത്തനംതിട്ട എസ്‌പിയോട് മനോരമ ലേഖകന്റെ ചോദ്യങ്ങളോട് എല്ലാ സാധ്യതയും അന്വേഷിക്കുമെന്ന് നല്കിയ മറുപടിയുടെ ചുവടുപിടിച്ചാണ് വാർത്ത പ്രചരിക്കുന്നത്. ജെസ്‌നയുടെ വീടിനു സമീപമാണ് ആൺസുഹൃത്തു താമസിക്കുന്നത്. ഇരുവരും സഹപാഠികളുമാണ്. ആയിരത്തിലേറെ തവണ ഇരുവരും സംസാരിച്ചിരുന്നതായാണു വിവരം. 'അയാം ഗോയിങ് ടു ഡൈ' എന്ന തന്റെ അവസാന സന്ദേശം ജെസ്‌ന അയച്ചതും ആൺസുഹൃത്തിനാണെന്നു കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ഇപ്പോഴും ചുറ്റിത്തിരിയുന്നത് ഈ കാര്യത്തിൽ തന്നെയാണ്്.

അതിനൊപ്പം തന്നെ ജെസ്നയുടെ സഹപാഠിയായ യുവാവിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുമെന്നും പറയുന്നുണ്ട്. അങ്ങനെ ഒരു തീരുമാനം ഇതു വരെ എടുത്തിട്ടില്ലെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു. ജെസ്നയെ സംബന്ധിച്ച സൂചനകൾ നൽകുന്നതിനായി മൂന്നു ജില്ലകളിലായി 12 പെട്ടികൾ വച്ചതിൽ നിന്ന് കിട്ടിയ കുറിപ്പുകളിൽ അഞ്ചെണ്ണത്തിൽ നിർണായക തെളിവുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങൾ തട്ടിവിട്ടിരുന്നു. അവർ തന്നെ ഇന്ന് ഇക്കാര്യം നിഷേധിച്ചിട്ടുമുണ്ട്. പെട്ടികളിൽ നിന്ന് കിട്ടിയ കുറിപ്പടികളിൽ ഒന്നിൽപ്പോലും അന്വേഷണത്തെ സഹായിക്കുന്ന യാതൊന്നുമില്ലെന്ന് അന്വേഷണ സംഘത്തലവൻ പറയുന്നു. നിലവിൽ സംഘം ഇരുട്ടിൽതപ്പുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP