Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎം നേതാക്കളുടെ ജോലി തട്ടിപ്പ്; പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും; തെളിവെടുപ്പിന് അടൂരിൽ എത്തിക്കാതിരിക്കാൻ സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ സമ്മർദ്ദം; പ്രതികളെ സംരക്ഷിക്കുന്നില്ലെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയും: കൊല്ലത്ത് പൊലീസ് ഉന്നതതല യോഗം

സിപിഎം നേതാക്കളുടെ ജോലി തട്ടിപ്പ്; പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും; തെളിവെടുപ്പിന് അടൂരിൽ എത്തിക്കാതിരിക്കാൻ സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ സമ്മർദ്ദം; പ്രതികളെ സംരക്ഷിക്കുന്നില്ലെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയും: കൊല്ലത്ത് പൊലീസ് ഉന്നതതല യോഗം

ആർ കനകൻ

കൊല്ലം: കെടിഡിസി അടക്കം പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജരേഖ ചമച്ച് പണം തട്ടിയ കേസിൽ പ്രതികളായ സിപിഎം തുവയൂർ ലോക്കൽ കമ്മറ്റിയംഗം പ്രശാന്ത് പ്ലാന്തോട്ടം, എസ്എഫ്ഐ മുൻ സംസ്ഥാന കമ്മറ്റിയംഗവും സിപിഎം പ്രവർത്തകയും സൈബർ സഖാവുമായ ജയസൂര്യ പ്രകാശ് എന്നിവരെ ഇന്ന് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും.

തട്ടിപ്പു നടത്തിയതായി പരാതി ലഭിച്ചിട്ടുള്ള സ്റ്റേഷനുകൾ, ഇവർ തട്ടിപ്പു പണം കൊണ്ട് വാഹനവും ഭൂമിയും വാങ്ങിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം, പൊലീസിന്റെ ഉന്നത തല യോഗം ഇന്ന് രാവിലെ സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർബി കൃഷ്ണയുടെ നേതൃത്വത്തിൽ കൊല്ലത്ത് ചേരുകയാണ്. കസ്റ്റഡിയിൽ വാങ്ങുന്ന പ്രതികളെ തെളിവെടുപ്പിനായി അടൂരിൽ കൊണ്ടുവരുന്നത് ഒഴിവാക്കുന്നതിനുള്ള നീക്കം നടക്കുകയാണ്.

സിപിഎം ജില്ലാ സെക്രട്ടറി, രണ്ടു ജില്ലാ സെക്രട്ടറിറ്റേ് അംഗങ്ങൾ, അടൂർ ഏരിയ സെക്രട്ടറി എന്നിവർക്ക് പ്രതികളുമായുള്ള അടുത്ത ബന്ധം പുറത്തു വരുമെന്ന ഭയത്താലാണ് ഇത്. പ്രതികളെ അടൂരിൽ കൊണ്ടുവന്നാൽ എതിർ പാർട്ടികൾ ഏറ്റെടുത്ത് സമരം ശക്തമാക്കുമെന്നും സിപിഎം ഭയക്കുന്നു. സിപിഎമ്മിന്റെ അടൂരിലെ പ്രബല എതിരാളികൾ സിപിഐയും എസ്ഡിപിഐയുമാണ്. ഇതിൽ എസ്ഡിപിഐ ഇതിനോടകം എതിരേ രംഗത്തു വന്നു കഴിഞ്ഞു.

പ്രശാന്ത് പ്ലാന്തോട്ടം കസ്റ്റഡിയിൽ ആയതിന് ശേഷം ഇയാളുടെ ഫോണിലേക്ക് ഉന്നത സിപിഎം നേതാക്കളുടെ വിളി എത്തിയിരുന്നു. ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ ചാവേർ ആയിട്ടാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ജയസൂര്യയുടെ ഉന്നതതല ബന്ധങ്ങളും ഫോൺ സംഭാഷണങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. മറ്റൊരു സോളാർ തട്ടിപ്പായിട്ടാണ് ഇത് പൊലീസ് കണക്കാക്കുന്നത്.

മറുനാടൻ വാർത്തയെ തുടർന്ന് സംഭവം വിവാദമായതോടെ ഇതാദ്യമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു വായ തുറന്നു. പ്രതികൾ സിപിഎമ്മുകാരല്ല എന്ന് പറയാതെ പ്രതികളെ രക്ഷിക്കുന്നില്ല എന്ന് മാത്രമാണ് ഉദയഭാനു പറഞ്ഞത്. പ്രസ്താവന ഇങ്ങനെ:

പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ കുറ്റക്കാരെ സിപി.എം സംരക്ഷിക്കുകയാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. കുറ്റക്കാർക്കെതിരെ സർക്കാർ കൈക്കൊള്ളുന്ന ഏത് നടപടിക്കും പാർട്ടി പിന്തുണ ഉണ്ടാകും. തട്ടിപ്പിന് ഇരയായവർക്ക് അവരുടെ നഷ്ടം തിരിച്ചു കിട്ടാൻ വേണ്ട സഹായം ചെയ്യും. (ഇതാണ് ഇന്നലെ മറുനാടൻ വാർത്തയിൽ പരാമർശിച്ചിരുന്നത്. പണം തിരികെ നൽകി പരാതി പിൻവലിപ്പിക്കാനുള്ള ശ്രമമാണ് പാർട്ടി തലത്തിൽ നടക്കുന്നത്).

പ്രശാന്ത് പ്ലാത്തോട്ടത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കോൺഗ്രസുകാരനായിരുന്ന ഇയാൾ പാർട്ടിയിൽ വന്നിട്ട് കുറച്ചു കാലമേ ആയുള്ള. മറ്റൊരു പ്രതിയായ ജയസൂര്യ പണ്ട് എസ്എഫ്ഐ പ്രവർത്തകയായിരുന്നു. എന്നാൽ, ഇപ്പോൾ ഇവർക്ക് പാർട്ടിയുമായോ മറ്റ് ബഹുജന സംഘടനകളുമായോ ഒരു ബന്ധവും ഇല്ല. സ്ഥിരമായി തിരുവനന്തപുരത്തു താമസിക്കുന്ന ഇവർ വല്ലപ്പോഴും അമ്മയെ കാണാൻ മാത്രമേ നാട്ടിലെത്തിയിരുന്നുള്ളു.

ഇത്തരം ഇടപാടുകൾ ഇവർ വളരെ രഹസ്യമായാണ് നടത്തിയിരുന്നതെന്നത് വ്യക്തമാണ്. പാർട്ടിയുമായി ബന്ധമുള്ള ആരുമായും ഇവർ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നില്ല. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ഒരിക്കലും ഒരു സഹായവും ഉണ്ടായിരിക്കില്ലെന്നും ഉദയഭാനു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP