Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാജ ഒസ്യത്തിൽ നികുതി അടച്ചതും വിവാദമായപ്പോൾ പിൻവലിച്ചതും ജയശ്രീയുടെ സഹായത്തിൽ; തഹസിൽദാരെ താലൂക്ക് ഓഫീസിലെത്തി പിക്ക് ചെയ്തിരുന്നത് പലപ്പോഴും ജോളി നേരിട്ട്; ബഹുമാനത്തോടെ ജയശ്രീ ജോളിയെ അഭിസംബോധന ചെയ്തിരുന്നത് `മാഡം` എന്ന്; റവന്യൂ വകുപ്പ് നടപടികളിൽ കളക്ടറോട് റിപ്പോർട്ട് തേടി റവന്യൂ മന്ത്രി; കൂടത്തായി കൂട്ടക്കൊലക്കേസിൽ ഔദ്യോഗിക പദവി ദുര്യുപയോഗം ചെയ്ത ജയശ്രീയെ സസ്‌പെൻഡ് ചെയ്‌തേക്കും?

വ്യാജ ഒസ്യത്തിൽ നികുതി അടച്ചതും വിവാദമായപ്പോൾ പിൻവലിച്ചതും ജയശ്രീയുടെ സഹായത്തിൽ; തഹസിൽദാരെ താലൂക്ക് ഓഫീസിലെത്തി പിക്ക് ചെയ്തിരുന്നത് പലപ്പോഴും ജോളി നേരിട്ട്; ബഹുമാനത്തോടെ ജയശ്രീ ജോളിയെ അഭിസംബോധന ചെയ്തിരുന്നത് `മാഡം` എന്ന്; റവന്യൂ വകുപ്പ് നടപടികളിൽ കളക്ടറോട് റിപ്പോർട്ട് തേടി റവന്യൂ മന്ത്രി; കൂടത്തായി കൂട്ടക്കൊലക്കേസിൽ ഔദ്യോഗിക പദവി ദുര്യുപയോഗം ചെയ്ത ജയശ്രീയെ സസ്‌പെൻഡ് ചെയ്‌തേക്കും?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളിക്ക് വഴിവിട്ട സഹായങ്ങൾ ചെയ്ത ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ അന്വേഷണസംഘത്തിന് വ്യക്തമായ തെളിവുകൾ. ജോളിയുടെ തട്ടിപ്പുകൾക്ക് ജയശ്രീ കൂട്ടുനിന്നുവെന്ന തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഭൂമിയിടപാടുകളിൽ മുഴുവൻ ക്രമക്കേടുകൾക്കും ജയശ്രീയുടെ ഒത്താശയുണ്ടായിരുന്നു. മുൻപ് മറ്റൊരു വില്ലേജിലെ വില്ലേജ് ഓഫീസറായി ജോലി ചെയ്യുന്ന കാലത്ത് ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്ത് പ്രകാരം നികുതി അടയ്ക്കാൻ ജയശ്രീ സഹായിച്ചിരുന്നു. 2012ൽ ഇത് വിവാദമായതോടെയാണ് ജോളിയുടെ പേരിൽ അടച്ച നികുതി പിൻവലിച്ച് യഥാർത്ഥ അവകാശികളുടെ പേരിൽ നികുതി അടച്ചത്. ഇവർ പിന്നീട് താമരശ്ശേരിയിൽ താലൂക്ക് ഓഫീസിൽ ഡെപ്യൂട്ടി തഹസിൽദാരായി എത്തിയപ്പോഴും ബന്ധം ശക്തമായി തുടരുകയായിരുന്നു

ഇത്തരത്തിൽ ജോളിയും ജയശ്രീയുമായി ചേർന്ന് വ്യാജ രേഖകൾ ഉണ്ടാക്കി വിൽപത്രമുണ്ടാക്കിയത് ഉൾപ്പടെ പുറത്ത് വന്നിരുന്നു. ഇതോടെയാണ് റിപ്പോർട്ട് തേടി റവന്യൂ മന്ത്രി രംഗത്തെത്തിയത്.ഡെപ്യൂട്ടി തഹസീൽദാരായിരുന്ന ജയശ്രീ വ്യാജവിൽപ്പത്രമുണ്ടാക്കാൻ സഹായിച്ചു എന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ജയശ്രീയെ ചോദ്യം ചെയ്യുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് റവന്യു വകുപ്പിൽ എന്തെങ്കിലും ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടറോട് റവന്യു മന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. കുറ്റം ചെയ്‌തെന്ന് കണ്ടെത്തുന്നവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം.

താമരശ്ശേരിയിൽ ജോലി ചെയ്യുന്ന കാലത്ത് പല ദിവസങ്ങളിലും ജോളിയാണ് നേരിട്ടെത്തി ജയശ്രീയെ ഓഫീസിൽ നിന്ന് പിക്ക് ചെയ്തിരുന്നത് എന്നും ജോളിയെ വലിയ ബഹുമാനത്തോടെ കണ്ടിരുന്ന ജയശ്രീ ഇവരെ മാഡം എന്നാണ് അഭിസംബോധന ചെയ്തിരുന്നത് എന്നും താലൂക്ക് ഓഫീസിലെ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.വ്യാജ വിൽപ്പത്രം തയ്യാറാക്കിയതിൽ താമരശ്ശേരി പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥർക്കും റവന്യുവകുപ്പിലെ ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, വിഷയം ഗൗരവതരമാണെന്ന വിലയിരുത്തലുണ്ടാവുകയും റവന്യുമന്ത്രി ചന്ദ്രശേഖരൻ അടിയന്തരമായി ഇടപെടുകയും ചെയ്തത്.

ജോളി ജയശ്രീക്ക് വേണ്ടി സയനൈഡ് ആവശ്യപ്പെട്ടിരുന്നുവെന്ന് ജൂവലറി ജീവനക്കാരനായ മാത്യു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.ജയശ്രീയുടെ വീട്ടിലെ പട്ടിയെ കൊല്ലാനാണ് സയനൈഡ് എന്നായിരുന്നു ജോളി തന്നോട് പറഞ്ഞത്. സയനൈഡ് വാങ്ങിതരണമെന്ന് ജയശ്രീയും ആവശ്യപ്പെട്ടിരുന്നു എന്നും ജോളി പറഞ്ഞതായി മാത്യു പറയുന്നു.എന്നാൽ ജോളിയുടെ വീട്ടിൽ വച്ച് ചില തവണ കണ്ടിട്ടുണ്ടെന്ന് അല്ലാതെ ജയശ്രീയെ വലിയ പരിചയമില്ലായിരുന്നു എന്നും മാത്യു പറയുന്നു. റോയ് മാത്യുവിന്റെ മരണത്തിന് മുൻപാണ് സയനൈഡ് നൽകിയത് എ്ന്നും അതുകൊണ്ട് തന്നെ ജയശ്രീയ്ക്ക് കൊടുക്കാനാണോ സാധനം വാങ്ങിയത് എന്ന് ഉറപ്പില്ലെന്നും മാത്യു പറയുന്നു. ഈ സയനൈഡ് തന്നെയാണ് റോയിയുടെ മരണത്തിന് കാരണമായതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

മാത്യുവിന്റെ നിർണ്ണായക മൊഴിയിൽ കൂടുതൽ പേരിലേക്ക് അന്വേഷണം എത്തിയേക്കും. ജയശ്രീക്ക് എന്തിനായിരുന്നു സയനൈഡ് തുടങ്ങിയ കാര്യങ്ങൾ പൊലീസ് വരും ദിവസങ്ങളിൽ അന്വേഷിക്കും. സയനൈഡ് ഉപയോഗിക്കുന്ന രീതിയും അവർക്ക് അറിയാമായിരുന്നു എന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞെന്നാണ് വിവരം. അതേസമയം ആറ് കൊലപാതകങ്ങൾ നടത്തിയ ജോളി കൂടുതൽ പേരെ ലക്ഷ്യമിട്ടിരുന്നു. ആദ്യ ഭർത്താവ് റോയ് തോമസിന്റെ സഹോദരി റഞ്ചിയുടെ മകളെയും ഒപ്പം തന്നെ അടുത്ത സുഹൃത്തായ ജയശ്രീയുടെ മകളേയും കൊലപ്പെടുത്താൻ ജോളി തീരുമാനിച്ചിരുന്നു.

ഇത്രയും വഴിവിട്ട സഹായങ്ങൾ ചെയ്തിട്ടും ജയശ്രീയുടെ മകളെ കൊല്ലാനുള്ള പദ്ധതിയിലേക്ക് ജോളി എന്തിന് എത്തി എന്നും അന്വേഷണസംഘം പരിശോധിക്കും. ജോളി നിരന്തരം ആവശ്യപ്പെട്ട സഹായങ്ങളിൽ ചിലത് നടത്തിക്കൊടുക്കാത്തതാണോ പകയ്ക്ക് കാരണം എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP