Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജെസ്‌നയെ കണാതായതിന്റെ തൊട്ട് മുമ്പ് പോലും സുഹൃത്തിന് എസ് എം എസ് സന്ദേശങ്ങൾ അയച്ചു; ഇയാളുടെ ഫോണിലേക്ക് നിരവധി തവണ ജെസ്‌ന വിളിച്ചതായും രേഖകൾ; പലതവണ ചോദ്യം ചെയ്തിട്ടും ഒന്നും അറിയില്ലെന്ന് തറപ്പിച്ച് പറഞ്ഞ് യുവ സുഹൃത്ത്; ജെസ്‌നയെ കാണാതെ പോയതിന്റെ പിറ്റേന്ന് പരുന്തുംപാറയിലേക്ക് എന്തിന് പോയെന്ന ചോദ്യത്തിനും ഉത്തരമില്ല; യുവാവിനെ നുണ പരിശോധനയ്ക്ക് ഹാജരാക്കാൻ ഉറച്ച് പൊലീസ്

ജെസ്‌നയെ കണാതായതിന്റെ തൊട്ട് മുമ്പ് പോലും സുഹൃത്തിന് എസ് എം എസ് സന്ദേശങ്ങൾ അയച്ചു; ഇയാളുടെ ഫോണിലേക്ക് നിരവധി തവണ ജെസ്‌ന വിളിച്ചതായും രേഖകൾ; പലതവണ ചോദ്യം ചെയ്തിട്ടും ഒന്നും അറിയില്ലെന്ന് തറപ്പിച്ച് പറഞ്ഞ് യുവ സുഹൃത്ത്; ജെസ്‌നയെ കാണാതെ പോയതിന്റെ പിറ്റേന്ന് പരുന്തുംപാറയിലേക്ക് എന്തിന് പോയെന്ന ചോദ്യത്തിനും ഉത്തരമില്ല; യുവാവിനെ നുണ പരിശോധനയ്ക്ക് ഹാജരാക്കാൻ ഉറച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ജെസ്‌നയുടെ തിരോധാനത്തിൽ ഇനിയും പൊലീസിന് ഒരു തുമ്പുമില്ല. ജെസ്‌ന ജീവിച്ചിരിക്കുന്നുവെന്ന് വീട്ടുകാർ കരുതുന്നു. അത് എവിടെയാണെന്ന് കണ്ടെത്താനുള്ള തുമ്പൊന്നും പൊലീസിന് ലഭിക്കുന്നുമില്ല. ഇതിനിടെ ജെസ്‌നയുടെ തിരോധാനത്തിൽ ചില സംശയങ്ങൾ പിസി ജോർജ് എംഎൽ എ ഉയർത്തി. അതിൽ കഴമ്പില്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ജെസ്‌ന നാടുവിട്ടുവെന്ന നിഗമനത്തിൽ അന്വേഷണം മുന്നോട്ട് പോവുകയാണ്. ജെസ്‌നയുടെ യുവ സുഹൃത്തിന് പലതും അറിയാമെന്ന് പൊലീസ് വിലയിരുത്തുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ കൃത്യമായ മറുപടി നൽകുന്നുമില്ല. ഈ സാഹചര്യത്തിൽ ശാസ്ത്രീയ അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസ്.

ജെസ്‌നയുമായി ഫോണിൽ സംസാരിച്ചിരുന്ന സുഹൃത്തിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ പൊലീസ് ആലോചിക്കുന്നു. ജെസ്‌നയെ കാണാതായതിനു തൊട്ടുമുൻപുപോലും ഇയാളുടെ ഫോണിലേക്ക് എസ്എംഎസ് സന്ദേശം പോയിട്ടുണ്ട്. അന്വേഷണ സംഘം പലതവണ ഇയാളെ ചോദ്യംചെയ്‌തെങ്കിലും ഇയാൾ ഒന്നും പറഞ്ഞില്ല. പെൺകുട്ടി എവിടെപ്പോയെന്ന് അറിയില്ലെന്നാണ് ആവർത്തിച്ചുള്ള മറുപടി. ജെസ്‌നയെ കാണാതായതിന്റെ പിറ്റേന്ന് ഇയാൾ പരുന്തുംപാറയിൽ പോയിരുന്നതായും പൊലീസ് സൂചന നൽകി. ജെസ്‌നയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്യും. ഈ സാഹചര്യത്തിലാണ് അന്വേഷണത്തെ പുതിയ തലത്തിലെത്തിക്കാൻ നുണ പരിശോധനയ്ക്ക് യുവാവിനെ വിധേയനാക്കാനുള്ള തീരുമാനം.

മുക്കൂട്ടുതറയിൽ നിന്ന് കുറച്ചു സമയം യാത്ര ചെയ്താൽ പരുന്തുംപാറയിലെത്താം. യുവാവുമായി മുമ്പും ജെസ്‌ന ഇവിടെ പോയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംശയങ്ങൾ ബലപ്പെടുന്നു. അഗാധ ഗർത്തങ്ങൾ ഇവിടെയുണ്ട്. ഇവിടെയെല്ലാം പൊലീസ് പരിശോധന നടത്തും. നുണ പരിശോധനയ്ക്ക് യുവാവ് വിധേയനാകുമോ എന്നതും സംശയമാണ്. സുപ്രീംകോടതി നിർദ്ദേശ പ്രകാരം യുവാവ് സമ്മതിച്ചാൽ മാത്രമേ ഇത്തരം പരിശോധനകൾ നടത്താനാകൂ. വിസമ്മതം അറിയിച്ചാൽ അത് സംശയിക്കാനുള്ള മറ്റൊരു കാരണവുമാകും. അങ്ങനെ വന്നാൽ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്ന അവസ്ഥയും വരും.

ജെസ്‌നയെ കാണാതായതിന്റെ അഞ്ചാം ദിവസം ചെന്നൈയിൽ കണ്ടതായി മലയാളിയുടെ വെളിപ്പെടുത്തൽ ചർച്ചയാവുകയാണ്. അയനാവരത്ത് വെള്ളല സ്ട്രീറ്റിലെ കടയിൽ ഫോൺ ചെയ്യുന്ന ജെസ്‌നയെ കണ്ടുവെന്ന് സമീപവാസിയായ അലക്‌സാണു പറഞ്ഞത്. ഇക്കാര്യം പിറ്റേദിവസം എരുമേലി പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇത്തരത്തിലൊരു ഫോൺ സന്ദേശം ലഭിച്ചില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇതും പൊലീസിനെ വിവാദത്തിലാക്കുന്നു. ജെസ്‌നയെയാണ് കണ്ടതെന്ന വാദത്തിൽ ഇയാൾ ഉറച്ചു നിൽക്കുകയാണ്. ''മാർച്ച് 26നു വൈകിട്ട് 7.45നും എട്ടിനുമിടയിൽ സാധനങ്ങൾ വാങ്ങാനായി കടയിലെത്തിയപ്പോഴാണു ജെസ്‌നയെ കണ്ടത്. കടയിലെ ടെലിഫോണിൽനിന്ന് ആരെയോ വിളിച്ചശേഷം റിസീവർ താഴെ വച്ചു. ജെസ്‌നയെ കാണാതായ വാർത്ത പിറ്റേദിവസം കണ്ടപ്പോഴാണ് തലേന്നു കണ്ട, കണ്ണടവച്ച, കമ്മലിടാത്ത പെൺകുട്ടിയുടെ ചിത്രം മനസ്സിലേക്കു വന്നത്.-അലക്‌സ് പറയുന്നു.

അതിനിടെ മൊബൈൽ ഫോൺ എടുത്തിരുന്നില്ലെന്നു വായിച്ചപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. ഉടൻ ഫോട്ടോയുമായി കടയുടമ ഷൺമുഖവേലനെ കണ്ടു. പെൺകുട്ടിയെ അദ്ദേഹവും തിരിച്ചറിഞ്ഞു. ഓട്ടോയിൽ വന്നിറങ്ങി ഫോൺ ചെയ്തശേഷം പെരിയാർ നഗർ അഞ്ചാം സ്ട്രീറ്റിലേക്കുള്ള വഴി ചോദിച്ചാണു പോയതെന്ന് അദ്ദേഹം ഓർമിച്ചു. തമിഴിൽത്തന്നെയാണു കുട്ടി സംസാരിച്ചത്. വെള്ളല സ്ട്രീറ്റിൽനിന്നു നടന്നെത്താവുന്ന ദൂരത്തിലാണു പെരിയാർ നഗർ അഞ്ചാം സ്ട്രീറ്റ്. പിറ്റേദിവസം പൊലീസിൽ അറിയിച്ചശേഷം സമീപപ്രദേശങ്ങളിൽ ഞാനും സുഹൃത്തുക്കളും തിരച്ചിൽ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.''

പാർപ്പിട മേഖലയായ വെള്ളല സ്ട്രീറ്റിൽ നാൽക്കവലയിലാണു കട. ഇവിടെ സിസി ടിവി ഇല്ല. എന്നാൽ, ഫോൺ ചെയ്തശേഷം പെൺകുട്ടി നടന്നുപോയ വഴിയിൽ ആറിടത്തെങ്കിലും സിസി ടിവിയുണ്ട്. പരമാവധി 16 ദിവസംവരെയാണ് ഇവർ സിസി ടിവി റിക്കോർഡുകൾ സൂക്ഷിക്കുന്നത്. പെൺകുട്ടിയെ കണ്ട ദിവസം അറിയാവുന്നതിനാൽ കടയിലെ ടെലിഫോൺ രേഖകൾ പരിശോധിച്ചാൽ തുമ്പു ലഭിക്കേണ്ടതാണ് - അലക്‌സ് പറഞ്ഞു.

പക്ഷേ ഇതിന് പൊലീസ് തയ്യാറാകുന്നുമില്ല. ഇവർ പറയുന്നത് വിശ്വസനീയമാണെങ്കിൽ പൊലീസ് അന്വേഷണം നടത്താതിരുന്നത് ഗുരുതര വീഴ്ചയാണ്. എന്നാൽ പാരിതോഷികം പ്രഖ്യാപിച്ച ശേഷമാണ് ഇവർ ഇത്തരത്തിൽ വരുന്നതെന്ന് പൊലീസ് പറഞ്ഞു. അതിനിടെ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. കേസന്വേഷണത്തിനു നിലവിലുള്ള തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം തികഞ്ഞ പരാജയമാണെന്ന് ആക്ഷൻ കൗൺസിൽ വിലയിരുത്തി.

ജെസ്നയെ കാണാതായിട്ട് 79 ദിവസം പിന്നിട്ടും ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് യാതൊരു തുമ്പും കണ്ടെത്താനായിട്ടില്ല. ഐജി മനോജ് ഏബ്രഹാം സംഘത്തിന്റെ മേൽനോട്ട ചുമതലയിലുണ്ടെങ്കിലും നേരിട്ടുള്ള ഇടപെടൽ ഉണ്ടായിട്ടില്ല. കേസന്വേഷണച്ചുമതലയിൽ നിന്നു ഡിവൈഎസ്‌പിയെ മാറ്റിനിർത്തുകയും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കുകയും ചെയ്യണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം കൈമാറും. നിരുത്തരവാദപരമായ അന്വേഷണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സമരപരിപാടികൾക്ക് രൂപം നൽകാനും തീരുമാനിച്ചിരുന്നു. അതിനിടെ ജെസ്‌നയെ കാണാതായതിന്റെ ദുഃഖത്തിൽ കഴിയുന്ന തങ്ങളെ തളർത്തുന്ന രീതിയിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിൽനിന്നു പിന്മാറണമെന്നു സഹോദരി ജെസിയും ഫേസ്‌ബുക്ക് ലൈവിലൂടെ ആവശ്യപ്പെട്ടിരുന്നു.

'അടിസ്ഥാനമില്ലാത്ത വിവരങ്ങൾ ചേർത്തു പലരും കഥകൾ മെനയുകയാണ്. വസ്തുത അന്വേഷിക്കാൻ തയാറാകുന്നില്ല. പപ്പയെക്കുറിച്ചു മോശമായ പലതും പറയുന്നുണ്ട്. തനിക്കും സഹോദരനും പപ്പയെ പൂർണവിശ്വാസമാണ്. അമ്മ മരിച്ച ശേഷം കരുതലോടെയാണു പപ്പ ഞങ്ങളെ ശ്രദ്ധിച്ചിരുന്നത്. ജെസ്ന തിരിച്ചുവരുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നത്. അപവാദപ്രചരണങ്ങൾ നടത്തുന്നവർ അവരവരുടെ കുടുംബത്തിൽ സമാനമായ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ഒന്നു ചിന്തിക്കുക.ഇത്തരത്തിൽ ആരോപണങ്ങൾ വരുമ്പോൾ ഞങ്ങൾ ആത്മഹത്യ ചെയ്യണോ? നിങ്ങൾ പറ. വെറുതെ കഥകൾ മെനയുന്നവർ ഞങ്ങളും മനുഷ്യരാണെന്ന് ഓർക്കുക. ഇത്തരം ആരോപണങ്ങൾ അന്വേഷണത്തെ വഴിതിരിച്ചുവിടും. '- ജെസി പറയുന്നു. സഹായിക്കാൻ ആരും ഇനി വീട്ടിലേക്കു വരേണ്ടതില്ല. കുടുംബത്തെ തളർത്തുന്ന വിധത്തിലുള്ള ആരോപണങ്ങൾ ഇനി ഉണ്ടാവരുതെന്നും ജെസി അഭ്യർത്ഥിച്ചിരുന്നു.

അതേസമയം, ജെസ്‌നയ്ക്കായുള്ള അന്വേഷണത്തിൽ ഒരു തുമ്പും ലഭിക്കാത്ത സാഹചര്യത്തിൽ വിവരശേഖരണ പെട്ടി സ്ഥാപിക്കുകയാണു പൊലീസ്. ജെസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ്, ജെസ്‌നയുടെ സ്ഥലമായ മുക്കൂട്ടുതറ, വെച്ചൂച്ചിറ തുടങ്ങിയിടങ്ങളിലാണു വിവരശേഖരണപ്പെട്ടി വയ്ക്കുന്നത്. തിരോധാനത്തെക്കുറിച്ചു പല അഭിപ്രായങ്ങളും നാട്ടിൽ പരക്കുന്നുണ്ടെങ്കിലും ആരും പൊലീസിനെ അറിയിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണിത്.

കഴിഞ്ഞ ദിവസം ജെസ്‌നയ്ക്കായി ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വനമേഖലകളിൽ പൊലീസ് സംഘമായി തിരച്ചിൽ നടത്തിയിരുന്നു. പരുന്തുംപാറ, മത്തായി കൊക്ക, കോലാഹലമേട്, വാഗമൺ, പൊന്തൻപുഴ, മുണ്ടക്കയം, വലിയകാവ്, എരുമേലി എന്നീ വനമേഖലകളിൽ 125 പൊലീസുകാർ 10 സംഘങ്ങളായി തിരിഞ്ഞാണു പരിശോധന നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP