Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിഷയെ കീഴ്‌പ്പെടുത്താനെത്തി, എതിർത്തപ്പോൾ ആയുധം പ്രയോഗിച്ചു, രഹസ്യഭാഗത്തു കുത്തിയത് സ്വഭാവവൈകൃതം മൂലം; ജിഷയുടെ വീട്ടിൽ കാണപ്പെട്ട മൂന്നാമന്റെ വിരലടയാളത്തെ കുറിച്ച് കുറ്റപത്രത്തിൽ പരാമർശമില്ല; അമീറിന്റെ സുഹൃത്ത് അനാറുളിന്റെ തിരോധാനം പ്രതിഭാഗത്തിനുള്ള പഴുതായി മാറുമെന്ന് ആശങ്ക: സൗമ്യ വധക്കേസിലെ വീഴ്‌ച്ച ജിഷ വധക്കേസിലും ആവർത്തിക്കുമോ?

ജിഷയെ കീഴ്‌പ്പെടുത്താനെത്തി, എതിർത്തപ്പോൾ ആയുധം പ്രയോഗിച്ചു, രഹസ്യഭാഗത്തു കുത്തിയത് സ്വഭാവവൈകൃതം മൂലം; ജിഷയുടെ വീട്ടിൽ കാണപ്പെട്ട മൂന്നാമന്റെ വിരലടയാളത്തെ കുറിച്ച് കുറ്റപത്രത്തിൽ പരാമർശമില്ല; അമീറിന്റെ സുഹൃത്ത് അനാറുളിന്റെ തിരോധാനം പ്രതിഭാഗത്തിനുള്ള പഴുതായി മാറുമെന്ന് ആശങ്ക:  സൗമ്യ വധക്കേസിലെ വീഴ്‌ച്ച ജിഷ വധക്കേസിലും ആവർത്തിക്കുമോ?

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സൗമ്യവധക്കേസിന്റെ ദുരന്തം തന്നെ ജിഷ വധക്കേസിലും ആവർത്തിക്കുമെന്ന ആശങ്ക ഉയർത്തുന്നതാണ് ജിഷക്കേസിൽ പൊലീസ് ഇന്നു സമർപ്പിച്ച കുറ്റപത്രം സംബന്ധിച്ചു പുറത്തുവന്ന സൂചനകൾ. പഴുതടച്ചൊരു കുറ്റപത്രമാണ് സമർപ്പിച്ചതെന്ന് അന്വേഷണ സംഘം വാദിക്കുമ്പോൾ തന്നെയും പല കാര്യങ്ങളിലും കടുത് ആശങ്കയാണ് നിലനിൽക്കുന്നത്. 1500 പേജുള്ള കുറ്റപത്രം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സമർപ്പിച്ചത്.

സംഭവത്തിൽ പിടിയിലായ പ്രതി അമിറുൾ സംഭവദിവസം ജിഷയെ കീഴ്‌പ്പെടുത്താൻ ലക്ഷ്യമിട്ടാണ് വീട്ടിലെത്തിയതെന്നും എതിർപ്പ് ശക്തമായപ്പോൾ ആയുധപ്രയോഗം നടത്തിയതു മൂലമാണ് മരണപ്പെട്ടതെന്നും മരണശേഷം രഹസ്യഭാഗത്ത് കത്തി കുത്തിയിറക്കിയത് പ്രതിയുടെ സ്വഭാവവൈകൃതം മൂലമാണെന്നുമാണ് കുറ്റപത്രത്തിലെ പ്രധാന പരാമർശമെന്നാണ് ലഭ്യമായ വിവരം. പൂർണമായും അമിറുൾ എന്ന പ്രതിയിൽ മാത്രം കേന്ദ്രീകരിച്ചാണ് കുറ്റപത്രം തയാറാക്കപ്പെട്ടിരിക്കുന്നത്.

എന്നാൽ, കൊല നടന്ന മുറിയിൽ കണ്ടെത്തിയ അപരിചിത വിരലടയാളം ആരുടേതെന്നു തെളിയിക്കാൻ കഴിയാത്തതും പ്രതി അമിറുൾ ഇസ്ലാമിന്റെ സുഹൃത്ത് അനാറുൾ ഇസ്ലാമിനെ കണ്ടെത്താൻ കഴിയാത്തതും ജിഷ കൊലക്കേസ്സിൽ പ്രോസിക്യൂഷന് തിരിച്ചടിയാവാൻ സാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി അഭിഭാഷകൻ ജോൺസൺ വരിക്കാപ്പിള്ളി അഭിഭാഷകൻ അഭിപ്രായപ്പെട്ടു. ഈ വിഷയങ്ങൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ പോലും ഇത് കേസ്സിൽ നിർണ്ണായക വസ്തുതകളാണെന്ന് പ്രതിഭാഗത്തിന് സ്ഥാപിക്കാനായാൽ അത് പ്രോസിക്യൂഷന് തിരിച്ചടിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗമ്യകേസ്സിലെ പ്രതിഭാഗം അഭിഭാഷകൻ ബി എ ആളൂർ ഈ കേസ്സിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരാവാൻ തയ്യാറെടുക്കുന്നതായി വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ അഡ്വ ജോൺസന്റെ ഈ വെളിപ്പെടുത്തലിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വിരലടയാളം സംസാരിക്കുന്ന തെളിവാണെന്നാണ് പൊതുവേ അംഗീകരിക്കപ്പെടുന്നതെന്നും താൻ ലൈംഗിക ചൂഷണത്തിന് മാത്രമേ മുതിർന്നുള്ളുവെന്നും കൊലപ്പെടുത്തിയത് മറ്റൊരാളാണെന്നും(അനാറുൾ) പ്രതി അമിറുൾ വിചാരണ ഘട്ടത്തിൽ വെളിപ്പെടുത്തിയാൽ അത് കേസ്സിന്റെ ഗതി തന്നെ മാറ്റുമെന്നാണ് നിയമവിദഗ്ദ്ധരുടെ നിഗമനം.

അന്വേഷണത്തിന് നേതൃത്വം നൽകിയ എ ഡി ജി പി, ബി സന്ധ്യയുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചയോടെയാണ് രാജ്യത്തെ ഞെട്ടിച്ച പെരുമ്പാവൂർ ജിഷകൊലക്കേസ്സിൽ കുറ്റപത്രം തയ്യാറാക്കൽ പൂർത്തിയാക്കിയത്. ഇതിനായി ഇന്നലെ രാവിലെ തന്നെ ഇവർ പെരുമ്പാവൂരിൽ എത്തിയിരുന്നു. ഇന്നുരാവിലെ എറണാകുളം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നാണ് ലഭ്യമായ വിവരം.മജിസ്‌ട്രേറ്റ് അവധിയായതിനാൽ മുദ്രവച്ച കവറിൽ കുറ്റപത്രം കോടതിയിലെത്തിക്കുന്നതിനാണ് അന്വേഷകസംഘത്തിന്റെ നീക്കം.

ജിഷയുടെ ജഡം കണ്ടെത്തിയ മുറിയിൽ കണ്ടെത്തിയ, അമിറുളിന്റെയും ജിഷയുടെയും അല്ലാത്ത വിരലടയാളം, അമിറുളിന്റെ സുഹൃത്ത് അനാറുൾ ഇസ്ലാമിന്റെ തിരോധാനം എന്നിവയ്ക്ക് ഇപ്പോഴും ഉത്തരം കണ്ടെത്താൻ അന്വേഷകസംഘത്തിനായിട്ടില്ല. ഇതു സംബന്ധിച്ചുള്ള പരാമർശം കുറ്റപത്രത്തിലുൾപ്പെടുത്തിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം. സൗമ്യകേസിലെ വിധി കണക്കിലെടുത്ത് കുറ്റപത്രത്തിൽ ഏതാനും കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും നടത്തിയതായും അറിയുന്നു. ഈ കേസിലെ ഏക പ്രതി അമിറുൾ ഇസ്ലാമിന് അർഹമായ ശിക്ഷ ലഭിക്കുന്നതിനുള്ള തെളിവുകളും സാക്ഷിമൊഴികളും ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളതെന്നും സൗമ്യക്കേസിന്റെ ദുർവ്വിധി ഈ കേസ്സിൽ ഉണ്ടാവില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ അവകാശവാദം.

ആക്രമണത്തിനുപയോഗിച്ച കത്തി, മദ്യക്കുപ്പി തുടങ്ങിയവ സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയ തെളിവുകളിൽ ഉൾപ്പെടും. കൃത്യം നടത്തിയത് അമിറുൾ തന്നെയെന്ന് സ്ഥാപിക്കാൻ അന്വേഷകസംഘം പ്രധാനമായും മുന്നോട്ടുവയ്ക്കുന്നതു ഡി എൻ എ പരിശോധനാഫലമാണ്. ജിഷയുടെ നഖത്തിനിടയിൽ നിന്നും കണ്ടെടുത്ത തൊലി, കൊല നടന്ന മുറിയിലെ വാതിലിന്റെ കൊളുത്തിൽ കാണപ്പെട്ട രക്തക്കറ എന്നിവയിൽ നിന്നും തിരിച്ചറിഞ്ഞ ഡി എൻ എ അമിറുളിന്റേതാണെന്ന് സ്ഥിരീകരിക്കാനായത് കേസ്സിൽ പ്രോസിക്യൂഷന് ഏറെ അനുകൂലഘടകമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ .

പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിൽ അമ്മ രാജേശ്വരിക്കൊപ്പം പുറംപോക്കിൽ താമസിച്ചിരുന്ന നിയമവിദ്യാർത്ഥിനിയായ ജിഷയുടെ ജഡം വികൃതമാക്കിയ നിലയിൽ ഈ വർഷം ഏപ്രിൽ 28-ന് വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും ആദ്യഘട്ട അന്വേഷണത്തിലെ പാളിച്ചകൾ മൂലം പ്രതി അനാറുൾ ഇസ്ലാം നാടുവിട്ടിരുന്നു.പിന്നീട് സംസ്ഥാന പൊലീസിലെ സർവ്വ സന്നാഹങ്ങളും പ്രയോജനപ്പെടുത്തി, മാസങ്ങളോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഏ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാലക്കാട് -തമിഴ്‌നാട് അതിർത്തിക്കടുത്തുള്ള തമിഴ്ഗ്രാമത്തിൽ നിന്നാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പശ്ചിമബംഗാൾ സ്വദേശി അമിറുൾ ഇസ്ലാമിനെ കസ്റ്റഡിയിലെടുത്തത്.

ദിവസങ്ങളോളം അന്വേഷണ ഉദ്യോഗസ്ഥർ വിവിധ മാർഗ്ഗങ്ങളിൽ നടത്തിയ ചോദ്യം ചെയ്യലിൽ അമിറുൾ കുറ്റം സമ്മതിക്കുകയും പിന്നീട് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി ഇയാളുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.ഈ സംഭവത്തിൽ അസ്വഭാവിക മരണത്തിനാണ് കുറുപ്പംപടി പൊലീസ് കേസ്സ് ചാർജ്ജ് ചെയ്തിരുന്നത്. അനാറുൾ കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പിന്നീട് ഈ കേസ്സിൽ സുപ്രധാനമാറ്റങ്ങളുണ്ടായി. കൊലപാതകവും അനുബന്ധ സംഭവങ്ങളും ചേർത്ത് പിന്നീട് ചാർജ് ചെയ്ത കേസ്സിലെ കുറ്റപത്രമാണ് ഇപ്പോൾ വിചാരണ കോടതിയിൽ സമർപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP