Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഘാതകൻ ചെരുപ്പ് ഊരിയിടില്ലെന്ന നിഗമനത്തിൽ സെൻകുമാറിന്റെ പൊലീസ് തള്ളിക്കളഞ്ഞ തെളിവ് ബെഹ്‌റയുടെ പൊലീസിന് മൂലക്കല്ലായി; കനാലിൽ ഇറങ്ങാൻ ഊരിയിട്ടതെന്ന തോന്നൽ ഉണ്ടായത് ബഹ്‌റയുടെ കൂർമ്മ ബുദ്ധിക്ക്; ഡിജിപിയെ മാറ്റിയതിന് വിമർശനം ഏറ്റ പിണറായിക്ക് ഇനി ധൈര്യമായി പൊലീസിനെ ഭരിക്കാം

ഘാതകൻ ചെരുപ്പ് ഊരിയിടില്ലെന്ന നിഗമനത്തിൽ സെൻകുമാറിന്റെ പൊലീസ് തള്ളിക്കളഞ്ഞ തെളിവ് ബെഹ്‌റയുടെ പൊലീസിന് മൂലക്കല്ലായി; കനാലിൽ ഇറങ്ങാൻ ഊരിയിട്ടതെന്ന തോന്നൽ ഉണ്ടായത് ബഹ്‌റയുടെ കൂർമ്മ ബുദ്ധിക്ക്; ഡിജിപിയെ മാറ്റിയതിന് വിമർശനം ഏറ്റ പിണറായിക്ക് ഇനി ധൈര്യമായി പൊലീസിനെ ഭരിക്കാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എത്ര ആസൂത്രിതമായി കുറ്റകൃത്യം നടത്തിയാലും പ്രതിയിലേക്ക് എത്താനുള്ള ഒരു തെളിവ് അവശേഷിക്കും. അതാണ് പൊതു നിയമം. ഇത് കണ്ടെത്തുകയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രധാന കടമ്പയും. ജിഷാ വധക്കേസ് അന്വേഷണം എങ്ങുമെത്താതെ നീണ്ടതും ഇതുകൊണ്ട് മാത്രമാണ്. യഥാർത്ഥ തെളിവ് കണ്ടെത്താൻ പൊലീസിനായില്ല. പല്ലിലെ വിടവും വിരലടയാളവും എല്ലാമായി അന്വേഷണ സംഘം കുറേ കാലം നടന്നു. പെരുമ്പാവൂരെ എല്ലാവരുടേയും വിരൽ അടയാള പരിശോന പോലുള്ളവ നടത്തി പരിഹാസരുമായി. എന്നാൽ കൈയിലുണ്ടായിരുന്ന യഥാർത്ഥ തെളിവ് ആരും കാര്യമായെടുത്തില്ല. ഇവിടെയാണ് പുതിയ അന്വേഷണ സംഘത്തിന് വഴികാട്ടിയായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയെത്തി.

ഡിജിപിയായി ചുമതലേറ്റെടുത്ത ശേഷം പെരുമ്പാവൂരിലെത്തിയ ലോക്‌നാഥ് ബെഹ്‌റ ജിഷ കൊല്ലപ്പെട്ട വീടും പരിസരവും പരിശോധിച്ചിരുന്നു. ആരേയും അറിയിക്കാതെ ഒറ്റക്കെത്തിയായിരുന്നു പരിശോധന. വീടും പരിസരവും അരിച്ചു പറക്കി. എല്ലാം ക്യാമറയിൽ പകർത്തി. പരിസരത്തിന്റെ പ്രത്യേക സ്വഭാവം മനസ്സിലാക്കി തെളിവുകൾ വിശകലനം ചെയ്യുകയായിരുന്നു ലോക്‌നാഥ് ബെഹ്‌റ ചെയ്തത്. സിബിഐയിലെ പ്രവർത്തന പരിചയം മുതലാക്കി നിർണ്ണായകമായ തെളിവ് ചെരുപ്പാണെന്ന് ഡിജിപി തിരിച്ചറിഞ്ഞു. ജിഷ കൊല്ലപ്പെട്ടത് വിവാദമാകുന്നത് ഏതാണ്ട് എട്ട് ദിവസം കഴിഞ്ഞാണ്. അതിന് ശേഷമായിരുന്നു പരിസരവും മറ്റും പൊലീസ് അരിച്ചു പറക്കിയത്. രണ്ട് ദിവസത്തെ പരിശോധനയ്ക്ക് ശേഷമാണ് കറുത്ത ഒരു ജോഡി ചെരുപ്പ് പൊലീസിന് കിട്ടിയത്. എന്നാൽ ചെരുപ്പിനെ ഗൗരവത്തോടെ കാണാൻ അദ്യ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.

രണ്ട് ചെരുപ്പുകൾ കിട്ടിയതാണ് ഇതിന് കാരണം. ചെരുപ്പ് മനപ്പൂർവ്വം അഴിച്ചു വച്ചതാണെന്ന് ഇതിലൂടെ മനസ്സിലായി. ഓട്ടത്തിനിടയിൽ നഷ്ടപ്പെതാണെങ്കിൽ രണ്ട് ചെരുപ്പും ഒരിടത്ത് കാണില്ലായിരുന്നു. എന്നതായിരുന്നു ന്യായം. അതുകൊണ്ട് തന്നെ അന്വേഷണത്തെ വഴിതിരിച്ചു വിടാൻ ആരോ കൊണ്ടിട്ടതാണെന്ന വാദമുയർത്തി. ഈ ചെരുപ്പിനെ ആരും ഗൗനിച്ചില്ല. എന്നാൽ ലോക്‌നാഥ് ബെഹ്‌റയാണ് കാരണം കണ്ടെത്തിയത്. ചെരുപ്പ് മനപ്പൂർവ്വം കൊലയാളി തന്നെയാണ് അഴിച്ചു വച്ചതെന്ന് ബെഹ്‌റ കണ്ടെത്തി. കൊലയ്ക്ക് ശേഷം കനാലിലൂടെയാണ് പ്രതി രക്ഷപ്പെടതെന്നായിരുന്നു പൊലീസ് നിഗമനം. അത് തന്നെയാണ് ബെഹ്‌റയും നിരീക്ഷണ വിധേയമാക്കിയത്. കനാൽ വഴി രക്ഷപ്പടുമ്പോൾ ചെരുപ്പ് തടസ്സമായി മാറും. അതുകാരണം പ്രതി തന്നെയാകും ചെരുപ്പ് മനപ്പൂർവ്വം അഴിച്ചു വച്ചതെന്ന് ബെഹ്‌റ വിലയിരുത്തി.

ഈ നിരീക്ഷണം അദ്ദേഹം അന്വേഷണ സംഘത്തിന് കൈമാറി. ചെരുപ്പിൽ പിടിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു. ഇതിനിടെയാണ് കറുത്ത ചെരുപ്പിന്റെ ഉറവിടം തേടി പൊലീസെത്തുന്നത്. ഇതോടെ രേഖാ ചിത്രവും മറ്റുമെത്തി. ഇതോടെ കടയുടമ എല്ലാം ഓർത്തെടുത്തു. ബ്യൂട്ടീഷന്റെ വെളിപ്പെടുത്തിലൂടെ ജിഷയും കൊലയാളിയും തമ്മിലെ ബന്ധവും ഉറപ്പിച്ചു. ഫോൺ കോളുകളുടെ പരിശോധനയും നിർണ്ണായകമായി. എങ്കിലും യഥാർത്ഥ ഹീറോയായത് ചെരുപ്പ് തന്നെയാണ്. ഈ തിരിച്ചറിവിൽ ബെഹ്‌റയെത്തിയപ്പോൾ ചെരുപ്പ് വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ നിന്ന് ജിഷയുടെ രക്ത കോശവും കണ്ടെത്തി. ഇതോടെ ഈ ചെരുപ്പ് കൊലയാളിയുടേതാണെന്ന് സ്ഥിരീകരിച്ചു.

ഡിജിപിയായിരിക്കെ ടിപി സെൻകുമാർ നിയോഗിച്ച പൊലീസാണ് ചെരുപ്പ് കണ്ടെത്തിയത്. എന്നാൽ അവർക്ക് അത് വെറുമൊരു ചെരുപ്പായിരുന്നു. അതിന് തെളിവാണ് ചെരുപ്പ് ഫോറൻസിക് പരിശോധനയ്ക്ക് പൊലീസ് അയയ്ക്കാത്തത്. ബെഹ്‌റ എത്തിയപ്പോൾ ചെരുപ്പിന്റെ പ്രസക്തി പൊലീസ് തിരിച്ചറിഞ്ഞു. ഫോറൻസിക് പരിശോധന നടക്കുകയും ചെയ്തു. സംഭവ സ്ഥലം പരിശോധിക്കാൻ ബെഹ്‌റ എത്തിയപ്പോൾ തന്നെ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷണം മാജിക്കല്ലെന്ന്. ഈ വാക്കുകൾ അന്വർത്ഥമാക്കുന്ന തരത്തിൽ ബെഹ്‌റ അന്വേഷണ സംഘത്തിന് വഴികാട്ടിയുമായി.

സെൻകുമാറിന്റെ കാലത്ത് ഊർജ്ജിതമായ അന്വേഷണം നടത്തി. തെളിവുകൾ പലതും വിശകലനം ചെയ്തു. മൊഴികളും കിട്ടി. കൊലയാളിയെ കണ്ടുവെന്ന സാക്ഷി മൊഴികളും ഇതിൽ ഉണ്ടായിരുന്നു. എന്നാൽ രേഖാ ചിത്രം പോലും തയ്യാറാക്കിയില്ല. പ്രതിയുടെ വ്യക്തമായ രേഖാ ചിത്രം പുറത്തുവന്നത് പോലും എഡിജിപി സന്ധ്യയ്ക്ക് അന്വേഷണം കിട്ടയതിന് ശേഷമാണ്. ദക്ഷിണമേഖലാ എഡിജിപിയായി സന്ധ്യയെ നിയമിച്ച് കേസ് അന്വേഷണം ഏൽപ്പിക്കാൻ മുഖ്യമന്ത്രി എടുത്ത തീരുമാനം പോലും സെൻകുമാർ അംഗീകരിച്ചില്ല. ഇതിന് തുടർന്നാണ് സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത്.

ബെഹ്‌റ-സന്ധ്യ കൂട്ടുകെട്ട് എത്തിയതോടെ എല്ലാം വേഗത്തിലായി. സിബിഐ മോഡലിൽ രേഖാ ചിത്രം തയ്യാറാക്കി. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കള്ളറിൽ തന്നെ രേഖാ ചിത്രം എത്തി. സോഷ്യൽ മീഡിയയുടെ സാഹയത്തോടെ അതിവേഗം പ്രചരിപ്പിച്ചു. ഇതോടെ അന്വേഷണത്തിന് പുതിയ വേഗമായി. മൊബൈൽ നമ്പറുകളുടെ വിശകലനം കൂടി പൂർത്തിയായതോടെ എല്ലാം ലക്ഷ്യത്തിലേക്ക് എത്തി. ബെഹ്‌റയും സന്ധ്യും ചേർന്ന് നടത്തിയ ഏകോപനം തന്നെയാണ് ഇതിന് കാരണം. ഇതോടെ അന്വേഷണ സംഘവും കർമ്മ നിരതമായി. കൃത്യമായ സാധ്യതകളിലേക്ക് കണ്ണും കാതുമെത്തി.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് കണ്ടെത്തിയ തെളിവാണ് നിർണ്ണായകമായതെന്ന് മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അവകാശപ്പെടുന്നു. അത് ശരിയാണ്. എന്നാൽ ചെരുപ്പിന്റെ സാധ്യതകൾ കണ്ടെത്താൻ സെൻകുമാറിന്റെ പൊലീസിന് കഴിഞ്ഞില്ല. ഇവിടെയാണ് ബഹ്‌റ ശ്രദ്ധിക്കപ്പെടുന്നത്. ബെഹ്‌റയെ എന്തിന് സീനിയോറിട്ടി മറികടന്ന് ഡിജിപിയാക്കിയെന്നതിന് തെളിവാണ് പ്രതിയെ കണ്ടെത്തൽ. പൊലീസിന് അപമാനമായി ജിഷ വധക്കേസ് അന്വേഷണം മാറിയതു കൊണ്ട കൂടിയാണ് സ്ഥലമാറ്റമെന്ന് സെൻകുമാറിന് നൽകിയ ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ആ വാദവും ഇനി നിലനിൽക്കും.

അതുകൊണ്ട് കൂടിയാണ് ജിഷാക്കേസിലെ പ്രതിയെ പിടിച്ച പൊലീസിനെ എല്ലാ അർത്ഥത്തിലും പിണറായി വിജയൻ അഭിനന്ദിക്കുന്നത്. ഇടത് സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിലെ ആദ്യ പൊൻതൂവലാണ് ജിഷക്കേസ് അന്വേഷണം. ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെന്ന അന്താരാഷ്ട്ര ഭീകരനെ ചോദ്യം ചെയ്ത് വിലയിരത്തലുകൾ നടത്തിയ ബെഹ്‌റയെന്ന അന്വേഷകന്റെ മികവ് തന്നെയാണ് ഇതിന് സാഹചര്യമൊരുക്കിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP