Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജിത്തു ജോബിന്റെ കൊലയ്ക്ക് പിന്നിലും 'ദൃശ്യം' മോഡൽ; അബദ്ധത്തിനിടെ കൊല്ലപ്പെട്ട പതിനാലുകാരന്റെ മൃതദേഹം കത്തിച്ചത് തെളിവ് നശിപ്പിക്കാൻ; അമ്മ പൊലീസിനോട് പറഞ്ഞത് ആരോ പറഞ്ഞു പഠിപ്പിച്ച മൊഴിയും; ട്യൂട്ടോറിയിൽ അദ്ധ്യാപകന് സംഭവത്തിൽ പങ്കില്ലെന്നും പൊലീസ്; മകന്റെ കൊലയിലെ ചുരുളഴിക്കാൻ അച്ഛനെ വിശദമായി ചോദ്യം ചെയ്യാനുറച്ച് അന്വേഷണ സംഘം; ജയമോൾക്ക് പുറത്തു നിന്ന് 'ഒരു കൈ സഹായം' കിട്ടിയെന്ന് ഉറപ്പിച്ച് നീക്കങ്ങൾ

ജിത്തു ജോബിന്റെ കൊലയ്ക്ക് പിന്നിലും 'ദൃശ്യം' മോഡൽ; അബദ്ധത്തിനിടെ കൊല്ലപ്പെട്ട പതിനാലുകാരന്റെ മൃതദേഹം കത്തിച്ചത് തെളിവ് നശിപ്പിക്കാൻ; അമ്മ പൊലീസിനോട് പറഞ്ഞത് ആരോ പറഞ്ഞു പഠിപ്പിച്ച മൊഴിയും; ട്യൂട്ടോറിയിൽ അദ്ധ്യാപകന് സംഭവത്തിൽ പങ്കില്ലെന്നും പൊലീസ്; മകന്റെ കൊലയിലെ ചുരുളഴിക്കാൻ അച്ഛനെ വിശദമായി ചോദ്യം ചെയ്യാനുറച്ച് അന്വേഷണ സംഘം; ജയമോൾക്ക് പുറത്തു നിന്ന് 'ഒരു കൈ സഹായം' കിട്ടിയെന്ന് ഉറപ്പിച്ച് നീക്കങ്ങൾ

അരുൺ ജയകുമാർ

കൊല്ലം: നെടുമ്പന കുരീപ്പള്ളി കാട്ടൂർ മേലേഭാഗം സെബീദിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജിത്തു ജോബിന്റെ കൊലയിൽ അമ്മയുടെ മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. ദൃശ്യം മോഡൽ കൊലയാണ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പയ്യനെ അബദ്ധത്തിൽ ആരോ കൊന്നു. അതിന് ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹം ഒളിപ്പിച്ചു. കുട്ടിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയതും പത്ര പരസ്യം നൽകിയും മോഹൻലാൽ ചിത്രത്തിൽ നിന്ന് ആശയം ഉൾക്കൊണ്ടാണ്. പറഞ്ഞു പഠിപ്പിച്ചതു പോലെയാണ് ജയമോൾ മൊഴി നൽകുന്നത്. മറ്റാരും കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് അമ്മ പറയുന്നതിനാൽ തുടർ നടപടികളും അസാധ്യമാകുന്നു. ശാസ്ത്രീയ തെളിവ് കിട്ടിയാൽ കാര്യങ്ങളെല്ലാം വ്യക്തമാകുമെന്നാണ് വിലയിരുത്തൽ.

ജയമോൾ പറയുന്നതൊന്നും വിശ്വസനീയമല്ലെന്ന് പൊലീസും പറയുന്നു. ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്നതല്ല ഈ കുറ്റകൃത്യം. പൊലീസ് ചോദ്യം ചെയ്ത ട്യൂട്ടോറിയൽ അദ്ധ്യാപകൻ നിരപരാധിയാണ്. അതുകൊണ്ട് തന്നെ മറ്റൊരാളുടെ ഇടപെടലും സംശയിക്കുന്നു. മകനെ വാക്കുതർക്കത്തിനിടെ പെട്ടെന്നുള്ള പ്രകോപനത്തിൽ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അമ്മ ജയമോൾ പൊലീസിന് മൊഴി മാത്രമാണ് വിശ്വസനീയം. വീട്ടിൽ കൊല നടന്നത് രാത്രി ഏഴ് മണി കഴിഞ്ഞ ശേഷമാണ്. അച്ഛനായ ജോബ് 9 മണിയോടെ വീട്ടിലെത്തി. അതുകൊണ്ട് തന്നെ ഇത്രയും ദാരുണമായ കൊല അച്ഛൻ അറിഞ്ഞില്ലെന്ന് പറയുന്നതും പൊലീസിന് വിശ്വസിക്കാനാകുന്നില്ല. ഈ സാഹചര്യത്തിൽ ജോബിനെ വിശദമായി പൊലീസ് ചോദ്യം ചെയ്‌തേക്കും. കള്ളക്കഥകളുണ്ടാക്കാൻ ജോബ് കുട്ടുനിന്നോ എന്നാകും പരിശോധിക്കുക.

അച്ഛൻ കാട്ടൂർ മേലേഭാഗം സെബീദിയിൽ ജോബ് ജി. ജോണിന്റെ കുടുംബവുമായി ജിത്തു അടുപ്പത്തിലായിരുന്നു. ഇടയ്ക്കിടെ കുടുംബവീട്ടിൽ പോവുകയും ചെയ്തിരുന്നു. ജോബിന്റെ സഹോദരിയുമായി ജയമോൾ കടുത്ത വിരോധത്തിലായിരുന്നു. കഴിഞ്ഞദിവസം അവിടെ പോയി വന്നതിനുശേഷം ചില കാര്യങ്ങൾ ജിത്തു സംസാരിച്ചിരുന്നതായും ഇതു തന്നെ പ്രകോപിതയാക്കിയെന്നും തുടർന്നു മകനെ അടുക്കളയിൽവച്ച് കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും ജയമോൾ പൊലീസിനോട് പറഞ്ഞു. മകനെ കൊന്നു കത്തിച്ചത് ഒറ്റയ്ക്കായിരുന്നുവെന്നും പറയുന്നു. ഇത് തീർത്തും അവിശ്വസനീയമാണ്. പറഞ്ഞു പഠിപ്പിച്ചതു പോലെ കാര്യങ്ങൾ വിശദീകരിച്ചു. ആരെയോ രക്ഷിക്കാനുള്ള നീക്കമാണ് മൊഴിയെന്നും പൊലീസ് സംശയിക്കുന്നു. അവിഹിതവുമായി ബന്ധപ്പെട്ട് ജയമോൾക്കെതിരെ തെളിവൊന്നും പൊലീസിന് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വീട്ടുകാരെ ആകെ പൊലീസ് സംശയിക്കുന്നത്.

കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്നു ഭാവഭേദമില്ലാതെ പൊലീസിന് കാട്ടികൊടുക്കുകയും ചെയ്തു. ആരും കളിയാക്കുന്നതു ഭാര്യക്ക് ഇഷ്ടമല്ലായിരുന്നുവെന്നു ജിത്തുവിന്റെ അച്ഛൻ ജോബ് പറഞ്ഞു. ജയമോൾക്കു മാനസിക പ്രശ്നങ്ങളുണ്ടായിരുന്നെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെയാണു ഭാര്യയുടെ സ്വഭാവത്തിൽ ഇത്തരത്തിൽ മാറ്റം വന്നതെന്നും ജോബ് പറയുന്നു. ഇതു തടയാൻ പല തവണ ജോബ് ശ്രമിച്ചിരുന്നു. മകനെ താക്കീത് ചെയ്യുകയും ചെയ്തു. പക്ഷേ ഫലം കണ്ടില്ല. അമ്മയ്ക്കു വട്ടാണെന്നു പറഞ്ഞു മകൻ കളിയാക്കാറുണ്ടായിരുന്നുവെന്നും കളിയാക്കുമ്പോൾ ഭാര്യ അക്രമാസക്തയാകുമെന്നും മകനും അമ്മയും തമ്മിൽ എപ്പോഴും വഴക്കുണ്ടാക്കിയിരുന്നുവെന്നും ജോബ് പറഞ്ഞു. ദേഷ്യം വന്നപ്പോൾ മകനെ തീയിലേക്കു വലിച്ചിട്ടുവെന്നാണു ജയമോൾ തന്നോടു പറഞ്ഞതെന്നും ജോബ് പറയുന്നു.

ജയമോളെ വൈദ്യപരിശോധനക്കു വിധേയമാക്കിയ ഡോക്ടർമാർ ഇവർക്കു മാനസികാസ്വാസ്ഥ്യം ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല. മകനെ ഷാൾ ഉപയോഗിച്ചു കൊലപ്പെടുത്തിയതിനുശേഷം തീയിലിട്ടുവെന്നും കൊന്നത് ഒറ്റയ്ക്കാണെന്നുമുള്ള ജയമോളുടെ മൊഴിയും പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ഇത്രയും ദൂരത്തേക്ക് ഇവർക്ക് ഒറ്റയ്ക്ക് മൃതദേഹം എത്തിക്കാൻ സാധിക്കില്ലെന്നും മറ്റൊരാളുടെ സഹായം ജയമോൾക്ക് കിട്ടിയിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഇതിനിടെ കസ്റ്റഡിയിലെടുത്ത ജയമോളുടെ സുഹൃത്തിനേയും പൊലീസ് ചോദ്യം ചെയ്തു. തനിക്കൊന്നും അറിയില്ലെന്ന മൊഴിയാണു സുഹൃത്തു നൽകിയത്. മൃതദേഹം കത്തിക്കാൻ പെട്രോൾ ഉപയോഗിച്ചുവെന്നാണു നിഗമനം. ഈ പെട്രോൾ എങ്ങനെ കിട്ടിയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ജിത്തുവിന്റെ വീട്ടിൽ നിന്നും 200 മീറ്റർ അകലെ പിതാവ് ജോബിന്റെ കുടുംബവീടിനടുത്ത് ആളൊഴിഞ്ഞ മരച്ചീനി കൃഷിത്തോട്ടത്തിലാണു ബുധനാഴ്ച വൈകിട്ട് ജിത്തുവിന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കുളിമുറിക്കു സമീപമാണു മൃതദേഹം കിടന്നിരുന്നത്. വീടിനു പിന്നിലെ നടവഴിയിൽനിന്നു കുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ വഴിയിൽ വീണതാകാമെന്നാണു നിഗമനം.

തിങ്കളാഴ്ച രാത്രിയാണു ജിത്തുവിനെ കാണാതായത്. സ്‌കെയിൽ വാങ്ങാൻ 50 രൂപയുമായി കടയിൽ പോയ ജിത്തു രാത്രി വൈകിയും വീട്ടിലെത്തിയില്ലെന്നുകാട്ടി ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. പൊലീസ് പിറ്റേന്നുതന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ബന്ധുക്കൾ പത്രത്തിൽ പരസ്യവും നൽകി.അന്വേഷണത്തിനിടെ ജിത്തുവിന്റെ വീട്ടിലെത്തിയ സിഐ അജയ്നാഥും സംഘവും വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ജയമോളുടെ മൊഴിയിൽ െവെരുധ്യം തോന്നുകയും വിശദമായി ചോദ്യം ചെയ്തപ്പോൾ കൊലപാതകം സംബന്ധിച്ചു സൂചന ലഭിച്ചത്. മൊഴിയെത്തുടർന്ന് ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു തുടരന്വേഷണം ആരംഭിച്ചതാണ് നിർണ്ണായകമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP