Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

നേതാക്കളെ രക്ഷിക്കാനുള്ള തത്രപ്പാടിൽ വിസ തട്ടിപ്പും പൊലീസ് മറന്നു; പ്രളയം രക്ഷപ്പെടുത്തിയവരിൽ പത്തനംതിട്ട ജില്ലയിലെ സിപിഎം നേതാക്കളും: വനിതാ നേതാവ് ജയസൂര്യ പ്രകാശിന്റെ ജോലി തട്ടിപ്പു കേസിൽ രണ്ടു പ്രതികൾ മാത്രം: സിപിഎം നേതാക്കളുടെ പങ്ക് ഒഴിവാക്കി കുറ്റപത്രം തയാറാക്കുന്നു: ജാമ്യം നൽകാതിരിക്കാനുള്ള ശ്രമം തുടരുന്നു

നേതാക്കളെ രക്ഷിക്കാനുള്ള തത്രപ്പാടിൽ വിസ തട്ടിപ്പും പൊലീസ് മറന്നു; പ്രളയം രക്ഷപ്പെടുത്തിയവരിൽ പത്തനംതിട്ട ജില്ലയിലെ സിപിഎം നേതാക്കളും: വനിതാ നേതാവ് ജയസൂര്യ പ്രകാശിന്റെ ജോലി തട്ടിപ്പു കേസിൽ രണ്ടു പ്രതികൾ മാത്രം: സിപിഎം നേതാക്കളുടെ പങ്ക് ഒഴിവാക്കി കുറ്റപത്രം തയാറാക്കുന്നു: ജാമ്യം നൽകാതിരിക്കാനുള്ള ശ്രമം തുടരുന്നു

ആർ കനകൻ

കൊല്ലം: ഓഗസ്റ്റ് 15 ലെ മഹാപ്രളയം രക്ഷപ്പെടുത്തി വിട്ടവരിൽ പത്തനംതിട്ട ജില്ലയിലെ മൂന്നു സിപിഎം നേതാക്കളും ഉൾപ്പെടുന്നു. പ്രളയ ദുരന്തവും അനുബന്ധ ചർച്ചകളും കൊഴുക്കുന്നതിനിടെ സിപിഎമ്മിന്റെ വനിതാ നേതാവും ഡിവൈഎഫ്‌ഐ നേതാവും ചേർന്ന് നടത്തിയ കോടികളുടെ ജോലി തട്ടിപ്പിന്റെ അന്വേഷണം പൊലീസ് അതിവേഗം പൂർത്തിയായി. ഒരു കാരണവശാലും പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാൻ പൊലീസ് ശ്രമിക്കുകയാണ്. 90 ദിവസത്തിനകം കുറ്റപത്രം നൽകി പ്രതികളെ അകത്തു തന്നെ ഇടാനാണ് നീക്കം. ഇതിനിടെ രണ്ടു തവണ കോടതിയിൽ വന്ന ജാമ്യാപേക്ഷ പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തതിനെ തുടർന്ന് തള്ളി.

കെടിഡിസി, വൈലോപ്പള്ളി സംസ്‌കൃതി ഭവൻ തുടങ്ങിയ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ കടമ്പനാട് പഞ്ചായത്തംഗം സതിയമ്മയുടെ മകളും സിപിഎം നേതാവുമായ ജയസൂര്യ പ്രകാശ്, തുവയൂർ സ്വദേശിയും സിപിഎം ലോക്കൽ കമ്മറ്റിയംഗവുമായിരുന്ന പ്രശാന്ത് പ്ലാന്തോട്ടം എന്നിവരെ ജൂലൈയിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് ഇവർ തട്ടിയത്. വ്യാജലെറ്റർ പാഡിൽ സ്ഥാപനങ്ങളുടെയും മേധാവികളുടെയും സീൽ അടക്കം നിയമന ഉത്തരവും ഇവർ നൽകി.

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിബി ഹർഷകുമാർ, അടൂർ ഏരിയാ സെക്രട്ടറി അഡ്വ എസ് മനോജ് എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരാണ് പ്രതികൾ. ഇവരുടെ ഫോൺ സംഭാഷണം സഹിതം പൊലീസിന് ലഭിച്ചിരുന്നു. കോൾ ഡീറ്റെയ്ൽസ് പരിശോധിച്ചപ്പോഴും ഈ നേതാക്കളുമായുള്ള അടുത്ത ബന്ധം വെളിവായി. ജയസൂര്യയും പ്രശാന്തും അറസ്റ്റിലായതോടെ സിപിഎം നേതാക്കൾ നെട്ടോട്ടം തുടങ്ങിയിരുന്നു. തങ്ങളുടെ പങ്ക് ഒരിക്കലും വെളിച്ചത്തു വരാനായിരുന്നു ശ്രമം. ഇതിന്റെ ഭാഗമായി അടൂരിൽ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുന്നത് ഇവർ തടഞ്ഞു.

കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് തെളിവെടുപ്പിന് എത്തിച്ചത്. ഇതിനിടെ അടൂരിൽ നിന്നും 20 ലക്ഷം രൂപയുടെ തട്ടിപ്പ് പരാതി കൊല്ലം ഈസ്റ്റ് പൊലീസിൽ എത്തിയിരുന്നു. പ്രതികൾ കസ്റ്റഡിയിലുള്ള ദിവസമാണ് ഈ പരാതി ചെന്നത്. അതുമായി ബന്ധപ്പെട്ട് അടൂരിൽ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരേണ്ടിയിരുന്നതാണ്. എന്നാൽ, അത് ഒഴിവാക്കാൻ കൊല്ലം ഈസ്റ്റ് പൊലീസ് ആ പരാതി അടൂർ പൊലീസിന് കൈമാറുകയാണുണ്ടായത്. ഈ പരാതിയിൽ തെളിവെടുപ്പിന് അടൂർ പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അറിയിച്ചിരുന്നു. അതുണ്ടായില്ല. അതിനി ഉണ്ടാവുകയുമില്ല എന്നാണ് അറിയുന്നത്. കുറ്റപത്രമെല്ലാം ഒന്നായി കൊടുക്കാനാണ് നീക്കം നടക്കുന്നത്. ഇതിനിടെ മൂന്നുലക്ഷം രൂപയുടെ തട്ടിപ്പ് പരാതിയിൽ ശക്തികുളങ്ങര പൊലീസ് ജയസൂര്യയെ മാത്രം അഞ്ചു ദിവസം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. അന്വേഷണം പൂർത്തിയാക്കി പ്രതിയെ തിരികെ കോടതിയിൽ ഹാജരാക്കി.

എന്നിട്ടും അടൂർ പൊലീസിന് അനക്കമില്ല. പ്രതികൾ നിർമ്മിച്ച വ്യാജരേഖകൾ, സീലുകൾ, ലെറ്റർ പാഡുകൾ എന്നിവ കെടിഡിസി ഉദ്യോഗസ്ഥർക്ക് പൊലീസ് പരിശോധനയ്ക്ക് നൽകിയിരുന്നു. കൊല്ലം ഡിവൈഎസ്‌പി ഓഫീസിൽ വച്ചായിരുന്നു പരിശോധന. ഇതൊന്നും ഔദ്യോഗികമല്ലെന്നും വ്യാജമാണെന്നും അവർ സ്ഥിരീകരിച്ചു. ഇനി 90 ദിവസത്തിനകം കുറ്റപത്രം നൽകാനുള്ള ശ്രമമാണ്. അതിനിടെ വന്ന ജാമ്യാപേക്ഷയെ സർക്കാർ അഭിഭാഷകൻ എതിർത്തതും സിപിഎം നേതാക്കൾക്ക് വേണ്ടിയാണെന്ന് പറയുന്നു. പ്രതികൾ പുറംലോകം കണ്ടാൽ തങ്ങളുടെ പങ്ക് വെളിച്ചത്തു വരുമെന്ന് സിപിഎം നേതാക്കൾ ഭയക്കുന്നു. തട്ടിപ്പു കേസ് ചൂടുപിടിച്ച് നിൽക്കുന്ന സമയത്താണ് കാലവർഷം ശക്തമായത്. ഇതോടെ ആ കേസും ഒലിച്ചു പോയി. പരാതിക്കാരാണ് ശരിക്കും കഷ്ടത്തിലായത്.

വിസ തട്ടിപ്പ് അടക്കമുണ്ടായിരുന്നു പ്രതികൾക്ക്. ഇതിന് പിന്നിൽ ഒരു ഉന്നതൻ പ്രവർത്തിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള തത്രപ്പാടിൽ അത്തരം കാര്യങ്ങളൊക്കെ പൊലീസ് അവഗണിച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP