Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മരണ ദിവസം വിവാഹത്തിന് പോയത് ആഭരണങ്ങൾ എല്ലാം അണിഞ്ഞ്; മരണം സ്ഥിരീകരിച്ചപ്പോൾ ഈ ആഭരണങ്ങൾ നേഴ്‌സുമാർ ഏൽപ്പിച്ചത് ജോളിയെ; എന്നിട്ടും മരണത്തിന് മുമ്പ് 40 പവനും ധ്യാനവേദിയിലെ കാണിക്ക വഞ്ചിയിൽ ഭാര്യ തന്നെ സമർപ്പിച്ചുവെന്ന് ഷാജു കള്ളം പറഞ്ഞത് എന്തിന്? വിവാഹ ആൽബത്തിൽ സിലിയുടെ ചിത്രങ്ങൾ അപ്രത്യക്ഷമായതിലും ദുരൂഹത; കൂടത്തായി കേസിൽ പരാതി പിൻവലിക്കാൻ ഉണ്ടായ സമ്മർദ്ദം തുറന്നു പറഞ്ഞ് റോജോ; സിലിയുടെ ജീവനെടുത്തത് സയനൈഡ് ജോളിയുടെ പണത്തോടുള്ള ആർത്തി തന്നെ

മരണ ദിവസം വിവാഹത്തിന് പോയത് ആഭരണങ്ങൾ എല്ലാം അണിഞ്ഞ്; മരണം സ്ഥിരീകരിച്ചപ്പോൾ ഈ ആഭരണങ്ങൾ നേഴ്‌സുമാർ ഏൽപ്പിച്ചത് ജോളിയെ; എന്നിട്ടും മരണത്തിന് മുമ്പ് 40 പവനും ധ്യാനവേദിയിലെ കാണിക്ക വഞ്ചിയിൽ ഭാര്യ തന്നെ സമർപ്പിച്ചുവെന്ന് ഷാജു കള്ളം പറഞ്ഞത് എന്തിന്? വിവാഹ ആൽബത്തിൽ സിലിയുടെ ചിത്രങ്ങൾ അപ്രത്യക്ഷമായതിലും ദുരൂഹത; കൂടത്തായി കേസിൽ പരാതി പിൻവലിക്കാൻ ഉണ്ടായ സമ്മർദ്ദം തുറന്നു പറഞ്ഞ് റോജോ; സിലിയുടെ ജീവനെടുത്തത് സയനൈഡ് ജോളിയുടെ പണത്തോടുള്ള ആർത്തി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലക്കേസിൽ, മരിച്ച സിലിയുടെ ആഭരണങ്ങൾ കാണാതായതിലെ ദുരൂഹത കേസ് അന്വേഷണത്തിൽന ിർണ്ണായകമാകും. വിവാഹ ആഭരങ്ങളുൾപ്പെടെ 40 പവനോളം സ്വർണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്നാണ് ഭർത്താവ് ഷാജു എല്ലാവരേയും അറിയിച്ചിരുന്നത്. ഇതു ശരിയല്ലെന്നു വ്യക്തമായിട്ടും അന്നു തർക്കത്തിനു പോയില്ലെന്നുമാണ് സിലിയുടെ ബന്ധുക്കൾ പറയുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഇവർ പരാതി നൽകാനൊരുങ്ങുകയാണ്.

ആഭരണങ്ങൾ കാണാതായതിൽ ജോളിക്കും പങ്കുണ്ടെന്നാണ് സൂചന. ഇത്തരത്തിലുള്ള മൊഴിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. നേരത്തേ, മകൾ ആൽഫൈൻ മരിച്ച ദുഃഖത്തിൽ കുഞ്ഞിന്റെ ആഭരണങ്ങൾ ഏതെങ്കിലും പള്ളിക്ക് നൽകാമെന്ന് സിലി പറഞ്ഞിരുന്നു. സിലി മരിച്ച ദിവസം ആഭരണങ്ങളണിഞ്ഞ് പൊന്നാമറ്റം കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് താമരശ്ശേരിയിലെ ദന്താശുപത്രിയിലെത്തിയത്. ഓമശ്ശേരി ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചുകഴിഞ്ഞ് നഴ്‌സുമാർ ഈ ആഭരണങ്ങൾ കവറിലാക്കി ഷാജുവിനെ ഏൽപ്പിച്ചിരുന്നു. ഈ കവർ ജോളി സിലിയുടെ ബന്ധുവിനെ ഏൽപ്പിച്ച് സൂക്ഷിക്കാൻ ആവശ്യപ്പെട്ടു. അന്നുതന്നെ ഷാജുവിനെ തിരിച്ചേൽപ്പിക്കുകയും ചെയ്തു.

ഒന്നര മാസത്തോളം കഴിഞ്ഞ് ഷാജു ഫോണിൽ വിളിച്ചു പറഞ്ഞത് സിലി ആഭരണങ്ങളിൽ ഒന്നുപോലും ബാക്കി വയ്ക്കാതെ കാണിക്കവഞ്ചിയിൽ ഇട്ടെന്നായിരുന്നു. സഹോദരിയുടെ ഒരു വള സിലിയുടെ കൈവശമുണ്ടായിരുന്നെന്നും അത് ഉറപ്പായും അങ്ങനെ ചെയ്യില്ലെന്നും അമ്മ മറുപടി നൽകി. പിന്നീട് ജോളിയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു ദിവസം ഷാജു വീട്ടിലെത്തി ഒരു പവന്റെ പുതിയ വള ഏൽപ്പിച്ചു മടങ്ങി. സിലി മരണദിവസം ഏതെല്ലാം ആഭരണം ധരിച്ചിരുന്നു എന്നറിയാൻ കുടുംബം അന്നത്തെ വിവാഹ ആൽബം പരിശോധിച്ചെങ്കിലും എവിടെയും ഫോട്ടോ കണ്ടെത്താനായില്ല. ഇതും ദുരൂഹമായി തുടരുകയാണ്. ആഭരണങ്ങൾ അടിച്ചു മാറ്റിയതെന്നാണ് സൂചന. ഇതിൽ ജോളിക്കൊപ്പം ഷാജുവും പങ്കാളിയായെന്ന സംശയം സിലിയുടെ ബന്ധുക്കൾക്കുണ്ട്.

അതിനിടെ പരാതി പിൻവലിക്കാൻ സമ്മർദ്ദമുണ്ടായിരുന്നുവെന്ന് കൂടത്തായിയിലെ കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ പൊലീസിന് മൊഴി നൽകി. പരാതി പിൻവലിക്കണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നു. വസ്തു ഇടപാടിലെ ധാരണയ്ക്ക് പകരം കേസ് പിൻവലിക്കാനായിരുന്നു ആവശ്യം. എന്നാൽ പരാതി പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നെന്നും റോജോ പറഞ്ഞു. ചോദ്യംചെയ്യലിനായി അമേരിക്കയിൽ നിന്നെത്തിയ റോജോയുടെ മൊഴി എടുക്കൽ ഒൻപത് മണിക്കൂർ നീണ്ടു. കേസിൽ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ല. ചില സംശയങ്ങളും സൂചനകളും അനുസരിച്ചാണ് പരാതി നൽകിയത്. തിരിച്ചടിക്കുമോ എന്നുപോലും ഭയപ്പെട്ടു. ഇപ്പോൾ സത്യങ്ങൾ ചുരുളഴിയുന്നു. അന്വേഷണത്തിൽ പൂർണതൃപ്തിയുണ്ട്. എസ്‌പി കെ.ജി. സൈമണിൽ വിശ്വസിക്കുന്നുവെന്നും റോജോ പറഞ്ഞു. സഹോദരി റെഞ്ചിക്കും ജോളിയുടെ മക്കൾക്കുമൊപ്പമാണ് റോജോ എത്തിയത്.

റോജോയുടേയും റെഞ്ചിയുടേയും സാന്നിധ്യത്തിൽ ജോളിയെ ചോദ്യം ചെയ്തതായാണ് സൂചന. ജോളിയുടെ രണ്ടു മക്കളുടെ മൊഴിയും രേഖപ്പെടുത്തി. പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽവച്ചായിരുന്നു ചോദ്യംചെയ്യൽ. ജോളിയടക്കമുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും. കസ്റ്റഡി കാലാവിധി നീട്ടി നൽകാൻ പൊലീസ് കോടതിയിൽ ആവശ്യപ്പെടും. കൊലപാതകങ്ങളിലെ നിർണായക തെളിവായ സയനൈഡെന്ന് സംശയിക്കുന്ന പൊടി അടങ്ങിയ കുപ്പി പൊലീസ് കണ്ടെത്തിയത് നിർണ്ണായകമാണെന്നാണ് പൊലീസ് വിലയിരുത്തൽ. തിങ്കളാഴ്ച രാത്രി പൊന്നാമറ്റത്തെ വീട്ടിൽ ജോളിയുമായെത്തി നടത്തിയ തെളിവെടുപ്പിലാണ് കുപ്പി കണ്ടെത്തിയത്. വിദഗ്ധ പരിശോധനക്കു ശേഷമേ പൊടി സയനൈഡാണോ എന്ന കാര്യം സ്ഥിരീകരിക്കാനാവൂയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

വീട്ടിൽ സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന ജോളിയുടെ വെളിപ്പെടുത്തലിനെ തുടർന്നു പൊന്നാമറ്റം വീട്ടിൽ അർധരാത്രിയിൽ ജോളിയുമായി പൊലീസിന്റെ തെളിവെടുപ്പ്. കുപ്പിയിലാക്കി സൂക്ഷിച്ചിരുന്ന വസ്തു പരിശോധനയിൽ കണ്ടെത്തി. ഇതു സയനൈഡാണെന്നു ഫൊറൻസിക് വിദഗ്ദ്ധർ പറഞ്ഞു. അടുക്കളയിൽ പഴയ പാത്രങ്ങൾക്കിടയിൽ കുപ്പിയിലാക്കി തുണിയിൽ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്. ജോളി തന്നെയാണ് അന്വേഷണ സംഘത്തിന് എടുത്തു നൽകിയത്. ഇത് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. സയനൈഡ് കഴിച്ചു മരിക്കാനായിരുന്നു തീരുമാനമെന്നു ജോളി പൊലീസിനോട് പറഞ്ഞിരുന്നു. ജോളിയുടെ ഭർത്താവ് ഷാജുവിനെയും ഷാജുവിന്റെ പിതാവ് സഖറിയാസിനെയും പൊലീസ് കഴിഞ്ഞ ദിവസം 10 മണിക്കൂർ ചോദ്യം ചെയ്തു. രാവിലെ 10.15ന് ആരംഭിച്ച ചോദ്യം ചെയ്യൽ അവസാനിച്ചത് രാത്രി 8.25ന്.

ജോളിയെയും സഖറിയാസിനെയും ജോളിയെയും ഷാജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് ഷാജുവിനെയും സഖറിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ഷാജുവിന്റെ ആദ്യഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടു മൂന്നു പേരുടെയും മൊഴികളിൽ വൈരുധ്യങ്ങളുണ്ടെന്നു കണ്ടെത്തിയ പൊലീസ് വീണ്ടും പലവട്ടം ഇതേ രീതിയിൽ ചോദ്യം ചെയ്യൽ തുടർന്നു. ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചു സഖറിയാസിനും റോയിയുടെ കൊലപാതകത്തെക്കുറിച്ചു ഷാജുവിനും നേരത്തേ അറിവുണ്ടായിരുന്നോ എന്നതും പൊലീസ് പരിശോധിച്ചു. ഇക്കാര്യത്തിൽ അന്തിമ നിഗമനത്തിൽ എത്താൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.

സയനൈഡ് എത്തിച്ചുകൊടുത്ത കുടുംബസുഹൃത്ത് മാത്യു, സ്വർണപ്പണിക്കാരൻ പ്രജികുമാർ എന്നിവരാണ് ഒപ്പം കസ്റ്റഡിയിലുള്ളകൂടുതൽദിവസം കസ്റ്റഡിയിൽ കിട്ടുന്നതിനു അന്വേഷണസംഘത്തിന് അനുകൂലനിയമോപദേശം ലഭിച്ചിട്ടുണ്ട്. പുതുതായി അഞ്ചു കൊലപാതകക്കേസുകൾകൂടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കസ്റ്റഡി നീട്ടിക്കിട്ടാനാണ് ശ്രമം. പൊന്നാമറ്റം ടോം തോമസിന്റെ മകൻ റോയി തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ജോളിയും ബന്ധുവായ മാത്യുവും സ്വർണപ്പണിക്കാരൻ പ്രജികുമാറും അറസ്റ്റിലായത്. 2002മുതൽ ഈ കുടുംബത്തിൽ നടന്ന ആറു കൊലപാതകങ്ങളിലും തനിക്കു പങ്കുണ്ടെന്ന് ജോളി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അത്രയുംവർഷം പഴക്കമുള്ള കേസായതിനാൽ തെളിവു കണ്ടെത്തുക പൊലീസിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്.

കുടത്തായിയിൽ നടന്ന മറ്റ് അഞ്ചു കൊലപാതകത്തിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്ന് താമരശേരി സ്റ്റേഷനിലും നാലെണ്ണം കോടഞ്ചേരി പൊലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിലും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും ഇനി തെളിവുകൾ ശേഖരിക്കാനുള്ള സാഹചര്യത്തിൽ കസ്റ്റഡി നീട്ടാനായിരിക്കും അന്വേഷണസംഘം ആവശ്യപ്പെടുക. ഇന്ന് വൈകിട്ട് അഞ്ചിനു മുമ്പാണ് കോടതിയിൽ ഹാജരാക്കേണ്ടത്. ഇതോടെ കസ്റ്റഡി കാലാവധി അവസാനിക്കും. ഇത് നീട്ടി കിട്ടിയില്ലെങ്കിൽ അതും അന്വേഷണത്തെ ബാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP