Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫറോഖിലെ ഡിടിപി സെന്ററിൽ ഒസ്യത്ത് തയ്യാറാക്കി; മറ്റൊരു രേഖയിലെ ഒപ്പിന്റെ ഭാഗം ചേർത്ത് വച്ച് പകർപ്പെടുത്തു; തൊട്ടുമുകളിൽ ടൈപ്പ് റൈറ്റർ ഉപയോഗിച്ച് ടോം തോമസ് എന്ന് എഴുതി ചേർത്തു; ഉപയോഗിച്ചത് വിരമിച്ച ശേഷം കൺസൾട്ടൻസി തുടങ്ങാൻ ടോം തോമസ് വാങ്ങിയ ടൈപ്പ് റൈറ്ററും; എൻഐടിയിലെ പ്രഫസർ കാർഡുണ്ടാക്കിയത് 2005ലും; വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയത് എൻഐടി പരിസരത്തും; കൂടത്തായിയിൽ ജോളിയുടെ ഗൂഢാലോചനക്കഥയിൽ കൂടുതൽ വ്യക്തതയുമായി പൊലീസ്

ഫറോഖിലെ ഡിടിപി സെന്ററിൽ ഒസ്യത്ത് തയ്യാറാക്കി; മറ്റൊരു രേഖയിലെ ഒപ്പിന്റെ ഭാഗം ചേർത്ത് വച്ച് പകർപ്പെടുത്തു; തൊട്ടുമുകളിൽ ടൈപ്പ് റൈറ്റർ ഉപയോഗിച്ച് ടോം തോമസ് എന്ന് എഴുതി ചേർത്തു; ഉപയോഗിച്ചത് വിരമിച്ച ശേഷം കൺസൾട്ടൻസി തുടങ്ങാൻ ടോം തോമസ് വാങ്ങിയ ടൈപ്പ് റൈറ്ററും; എൻഐടിയിലെ പ്രഫസർ കാർഡുണ്ടാക്കിയത് 2005ലും; വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയത് എൻഐടി പരിസരത്തും; കൂടത്തായിയിൽ ജോളിയുടെ ഗൂഢാലോചനക്കഥയിൽ കൂടുതൽ വ്യക്തതയുമായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചത് എൻഐടി പരിസരത്തെ കടയിൽനിന്ന്. ടോം തോമസ് വധക്കേസുമായി ബന്ധപ്പെട്ട് എൻഐടി പരിസരത്ത് നടത്തിയ തെളിവെടുപ്പിനിടെയാണ് ജോളി തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കട വെളിപ്പെടുത്തിയത്. 2005-06 കാലത്താണ് കാർഡ് നിർമ്മിച്ചതെന്ന് ജോളി സമ്മതിച്ചു. തന്റെ കളർഫോട്ടോയും വിവരങ്ങളും നൽകി. കടയിലെ ജീവനക്കാർ എൻഐടിയുടെ ലോഗോയടക്കം കൂട്ടിച്ചേർത്ത് കാർഡ് നിർമ്മിച്ചെന്നും മൊഴിയിലുണ്ട്.

കടയിലെത്തിയ പൊലീസ് ജീവനക്കാരിൽനിന്ന് വിവരം ശേഖരിച്ചു. കാർഡ് നിർമ്മിച്ചകാലത്തെ ജീവനക്കാരല്ല ഇപ്പോൾ കടയിലുള്ളത്. അന്ന് ഉണ്ടായിരുന്നവരെ കണ്ടെത്തി ചോദ്യംചെയ്യും. കുറ്റ്യാടി സിഐ എൻ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോളിയെ എൻഐടി പരിസരത്ത് തെളിവെടുപ്പിനെത്തിച്ചത്. ജോളി സ്ഥിരമായി എത്തിയിരുന്ന എൻഐടി പരിസരത്ത് സാമ്പത്തിക ഇടപാടുകൾ നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. കുന്നമംഗലത്തെ പുതുതലമുറ ബാങ്കിൽ ജോളി അക്കൗണ്ട് തുടങ്ങിയിരുന്നു. ഈ അക്കൗണ്ടിന്റെ വിശദമായ സ്റ്റേറ്റ്‌മെന്റ് പരിശോധിക്കും.

കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വ്യാജ ഒസ്യത്തുയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കൂടാതെ വ്യാജ ഒസ്യത്ത് തയ്യാറാക്കാനെന്ന് കരുതുന്ന ടൈപ്പ്‌റൈറ്ററും പെന്നാമറ്റത്തെ വീട്ടിൽനിന്ന് അന്വേഷണസംഘം കണ്ടെത്തി. കൂടത്തായിയിലെ വീടിന്റെ സ്റ്റോർമുറിയിൽ ഒളിപ്പിച്ച ടൈപ്പ് റൈറ്റർ ടോം തോമസ് വധം അന്വേഷിക്കുന്ന പൊലീസ് സംഘം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. സ്വത്തുക്കൾ തട്ടിയെടുക്കാനാണു ടോം തോമസിനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ടോം തോമസിന്റെ പേരിലുള്ള വീടും 38 സെന്റ് പുരയിടവും മരണശേഷം മകൻ റോയ് തോമസിനും മരുമകൾ ജോളിക്കും അവകാശപ്പെട്ടതാണെന്ന വ്യാജ ഒസ്യത്തുകൊലപാതകത്തിനു മുൻപു ജോളി തയാറാക്കിയിരുന്നു. ഫറോക്കിലെ ഡിടിപി സെന്ററിലാണ് ഒസ്യത്ത് തയാറാക്കിയത്. ടോം തോമസ് നേരത്തേ ഒപ്പിട്ട മറ്റൊരു രേഖയിലെ ഒപ്പിന്റെ ഭാഗം മാത്രം വ്യാജ ഒസ്യത്തിൽ ചേർത്തുവച്ച് ഇതിന്റെ പകർപ്പെടുത്തു. ഈ പകർപ്പിൽ ഒപ്പിന്റെ തൊട്ടുമുകളിൽ ടോം തോമസിന്റെ പേര് ടൈപ്പ് റൈറ്റർ ഉപയോഗിച്ച് രേഖപ്പെടുത്തുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആയി വിരമിച്ച ടോം തോമസിന് ടൈപ്പ് റൈറ്റിങ് അറിയാമായിരുന്നു.

വിരമിച്ച ശേഷം താമരശ്ശേരിയിയിൽ തുടങ്ങിയ സർവീസ് കൺസൽറ്റൻസി സ്ഥാപനത്തിൽ ഉപയോഗിക്കാനാണ് ടോം സ്വന്തമായി ടൈപ്പ് റൈറ്റർ വാങ്ങിയത്. ടൈപ്പ് റൈറ്റർ സ്ഥിരമായി ഉപയോഗിക്കുന്ന ടോം തോമസ് തന്നെയാണ് ഒസ്യത്ത് തയാറാക്കിയതു മറ്റുള്ളവരെ വിശ്വസിപ്പിക്കാനാണു ജോളി ടൈപ്പ് റൈറ്റർ ഉപയോഗിച്ച് ടോമിന്റെ പേര് രേഖപ്പെടുത്തിയതെന്നു പൊലീസ് കരുതുന്നു. ഈ ടൈപ്പ് റൈറ്റർ ഉപയോഗിച്ച് ജോളി മറ്റെന്തെങ്കിലും വ്യാജരേഖകൾ തയാറാക്കിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അതിനിടെ അന്നമ്മ വധക്കേസിലും ജോളി ജോസഫിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യം കൊല്ലപ്പെട്ടത് പൊന്നാമറ്റം അന്നമ്മയാണ്. 2002ലാണ് ആദ്യ കൊലപാതകം റിപ്പോർട്ട് ചെയ്യുന്നത്. ആട്ടിൻ സൂപ്പിൽ കലർത്തിയ വിഷം ഉള്ളിൽ ചെന്നായിരുന്നു അന്നമ്മ കൊല്ലപ്പെട്ടത്. അന്നമ്മയുടെ മകൻ ടോം തോമസ് വധക്കേസിൽ കസ്റ്റഡി കാലാവധി കഴിഞ്ഞ് റിമാന്റിലാണ് പ്രതിയായ ജോളി ജോസഫ്. ജോളിയുടെ അറസ്റ്റ് കോഴിക്കോട് ജില്ല ജയിലിൽ എത്തിയായിരിക്കും രേഖപ്പെടുത്തുക. പേരമ്പ്ര സിഐക്കാണ് അന്നമ്മ വധക്കേസിലെ അന്വേഷണ ചുമതല.

അതിനിടെ റോയ് തോമസ് വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. താമശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു മേൽ കോടതിയിൽ ഹർജി നൽകിയത്. ഇതും കോടതി തള്ളുകയായിരുന്നു. കൂടത്തായി കൊലപാതക പരമ്പയിലെ ആറ് മരണങ്ങളും വിഷം ഉള്ളിൽ ചെന്ന്തന്നെയാണെന്നാണ് പൊലീസ് നിഗമനം. കേസന്വേഷണത്തിനായി രൂപീകരിച്ച മെഡിക്കൽ ബോർഡാണ് ഈ നിഗമനത്തിൽ എത്തിയത്. റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് നേരത്തെ വ്യക്തമായിരിക്കുന്നു. മറ്റ് അഞ്ചു പേരുടെയും ചികിൽസാ റിപ്പോർട്ടുകൾ, കഴിച്ച മരുന്നുകളുടെ പട്ടിക തുടങ്ങിയവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരുടെയും മരണം വിഷം ഉള്ളിൽ ചെന്ന് തന്നെയാണെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്.

കൊല്ലപ്പെട്ട സിലി, മകൾ ആൽഫൈൻ എന്നിവർക്ക് അപസ്മാരം ഉണ്ടായിരുന്നതായി ഭർത്താവ് ഷാജുവും ബന്ധുക്കളും പറഞ്ഞിരുന്നു. എന്നാൽ അപസ്മാരം മൂലം മരിക്കുന്ന സംഭവങ്ങൾ അപൂർവ്വമാണെന്ന് മെഡിക്കൽ ബോർഡ് പൊലീസിനെ അറിയിച്ചിരുന്നു. സിലിയെ നേരത്തേ സമാനലക്ഷണങ്ങളുമായി കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രക്തത്തിൽ വിഷത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ഇത് തെളിയിക്കുന്ന ചികിത്സ രേഖകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുമുണ്ട്.

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളി, മാത്യു, പ്രജികുമാർ എന്നി മൂന്ന് പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. എല്ലാ കൊലപാതകങ്ങളും ജോളി തന്നെ നേരിട്ട് വിഷം നൽകി നടത്തുകയായിരുന്നെന്നാണ് പൊലീസിന്റെ ഇതുവരേയുള്ള കണ്ടെത്തൽ. ഇതിനുള്ള തെളിവുകളുടെ ശേഖരണത്തിലാണ് പൊലീസ്. സയനൈഡ് എത്തിച്ച് നൽകി എന്ന കുറ്റമാണ് രണ്ടാംപ്രതി എംഎസ് മാത്യുവിന് നേരെ ചുമത്തിയിരിക്കുന്നത്. ഇയാൾക്ക് നേരിട്ട് കൊലപാതകവുമായി ബന്ധമില്ലെന്നാണ് ഇതുവരെയുള്ള പൊലീസ് അന്വേഷണങ്ങളിൽ വ്യക്തമാകുന്നതെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP