Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

''നമ്മുടെ മോള് പോയി, ജയശ്രീച്ചേച്ചീ''! വലം കൈയായ ഡെപ്യൂട്ടി തഹസിൽദാർക്ക് വർഷങ്ങൾ നോമ്പ് നൊറ്റുണ്ടായ കുട്ടിയെ കൊല്ലാൻ ശ്രമിച്ചത് രണ്ട് തവണ; കുട്ടി തളർന്ന് വീണ രണ്ടു തവണയും വീട്ടിലുണ്ടായിരുന്നത് കൂടത്തായിയിലെ കൊലപാതകി തന്നെ; അമ്മയെ വിവരം അറിയിച്ചതും വിഷം കൊടുത്ത അതേ വ്യക്തി; ചോദ്യം ചെയ്യലിൽ ജോളി പറഞ്ഞത് കേട്ട് ഞെട്ടി അന്വേഷണ സംഘം; റിയൽ എസ്റ്റേറ്റിലെ ചതിയിലും സിപിഎം നേതാവ് സംശയ നിഴലിൽ

''നമ്മുടെ മോള് പോയി, ജയശ്രീച്ചേച്ചീ''! വലം കൈയായ ഡെപ്യൂട്ടി തഹസിൽദാർക്ക് വർഷങ്ങൾ നോമ്പ് നൊറ്റുണ്ടായ കുട്ടിയെ കൊല്ലാൻ ശ്രമിച്ചത് രണ്ട് തവണ; കുട്ടി തളർന്ന് വീണ രണ്ടു തവണയും വീട്ടിലുണ്ടായിരുന്നത് കൂടത്തായിയിലെ കൊലപാതകി തന്നെ; അമ്മയെ വിവരം അറിയിച്ചതും വിഷം കൊടുത്ത അതേ വ്യക്തി; ചോദ്യം ചെയ്യലിൽ ജോളി പറഞ്ഞത് കേട്ട് ഞെട്ടി അന്വേഷണ സംഘം; റിയൽ എസ്റ്റേറ്റിലെ ചതിയിലും സിപിഎം നേതാവ് സംശയ നിഴലിൽ

മറുനാടൻ മലയാളി ബ്യൂറോ

പയ്യോളി: കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായം നൽകിയതിന്റെ പേരിൽ അന്വേഷണം നേരിടുന്ന ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീ വാരിയരുടെ മകളെ കൊല്ലാൻ ജോളി ശ്രമിച്ചതും സ്വത്ത് മോഹിച്ച്. ജയശ്രീയ്ക്ക് ഒരു കുട്ടിയാണ് ഉണ്ടായിരുന്നത്. ഏറെ വർഷങ്ങൾക്കുശേഷം പിറന്ന കുഞ്ഞായിരുന്നു ഇത്. ജയശ്രീയുടെ കുട്ടിയെ കൊന്ന് തന്ത്രത്തിൽ ജയശ്രീയുടെ സ്വത്തുക്കൾ കൈക്കലാക്കാനായിരുന്നു ജോളി ആഗ്രഹിച്ചിരുന്നു. ഇതിന് വേണ്ടിയായിരുന്നു ജയശ്രീയുമായി ജോളി കൂടുതൽ അടുത്തതും, ജയശ്രീയുടെ കുട്ടിയെ കൊല്ലാൻ രണ്ട് തവണയാണ് ജോളി ശ്രമിച്ചത്.

ജയശ്രീയുടെ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതായി നേരത്തേ അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു. ജോളിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടുതവണ ശ്രമിച്ചുവെന്ന് മൊഴി കിട്ടിയത്. മൂന്നുമാസത്തെ ഇടവേളയിലാണ് രണ്ടു ശ്രമങ്ങളും നടന്നത്. എന്നാൽ, കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതിനാൽ കുഞ്ഞ് രക്ഷപ്പെട്ടു. ഒരുതവണ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോൾ പരിശോധിച്ച ഡോക്ടർ വിഷാംശം ശരീരത്തിൽ കടന്നതിന്റെ ലക്ഷണങ്ങളുണ്ടല്ലോ എന്നു പറയുകയും ചെയ്തു. എന്നാൽ ജയശ്രീ ഇത് കാര്യമായെടുത്തില്ല. കുഞ്ഞ് വിഷമേറ്റ് ബോധമില്ലാതെ വീണ രണ്ടുതവണയും ജോളി തന്നെയാണ് വിവരം ജയശ്രീയെ അറിയിച്ചത്. കൂടത്തായിയിൽ വാടകയ്ക്ക് താമസിക്കുന്ന കാലത്തായിരുന്നു അത്. ഇതിലൊരിക്കൽ ''നമ്മുടെ മോള് പോയി, ജയശ്രീച്ചേച്ചീ'' എന്ന് ജോളി വിളിച്ചുകരയുകയും ചെയ്തിരുന്നു. എൻ.ഐ.ടി. അദ്ധ്യാപികയെന്ന നിലയിൽ സ്ഥാപിച്ചെടുത്ത ബന്ധമാണ് ജോളിക്ക് ജയശ്രീയുമായി ഉണ്ടായിരുന്നത്. കൂടെക്കൂടെയുള്ള കൂടിക്കാഴ്ചകൾ വീട്ടിൽ പോകുന്നതിലേക്കും മകളെ പരിചരിക്കുന്നതിലേക്കും വളർന്നു.

രണ്ടുതവണ കുട്ടി തളർന്നുവീഴുമ്പോഴും ജോളി വീട്ടിലുണ്ടായിരുന്നു. കുട്ടിയെ ഒരുതവണ മെഡിക്കൽ കോളേജിലും ഒരുതവണ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമാണു കൊണ്ടുപോയത്. രണ്ടിടത്തുനിന്നും ചികിത്സാരേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഏറെ വർഷങ്ങൾക്കുശേഷം പിറന്ന കുഞ്ഞായതിനാൽ കുട്ടിയെ ശ്രദ്ധിക്കാൻ ഏപ്പോഴും ഒരാൾ വേണമെന്നതിൽ ജയശ്രീയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ജയശ്രീയുടെ വീട്ടിൽ കുട്ടിയെ പരിചരിക്കാൻ ജോളി എത്തിയത്. ജോളിയുടെ പെരുമാറ്റത്തിൽ ജയശ്രീക്കോ വീട്ടിലുള്ള മറ്റുള്ളവർക്കോ പൊലീസ് പറയുന്നതുവരെ സംശയം തോന്നിയിരുന്നില്ല. ഇതാണ് രണ്ടാമതും കുറ്റംചെയ്യാനുള്ള ധൈര്യം ജോളിക്കു നൽകിയത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ജയശ്രീക്കൊപ്പം ജോളിയുമുണ്ടായിരുന്നു.

ജോളി റിയൽ എസ്റ്റേറ്റിനെന്ന പേരിൽ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെന്ന വിവരവും പുറത്തുവരികയാണ്. പണംനൽകിയ തിരുവമ്പാടിയിലെ വ്യാപാരി കിടപ്പാടം വരെ വിറ്റ് ഒരുകോടിയിലധികം രൂപ നൽകിയാണ് ബാധ്യത തീർത്തത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനും പണമിടപാടിൽ പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളോട് വല്ലാത്ത ഭ്രമമുണ്ടായിരുന്ന ജോളി പലപ്പോഴും സുഹൃത്തുക്കളുടെ വിലകൂടിയ കാറുകളാണ് സ്വന്തമെന്ന് പറഞ്ഞ് ഓടിച്ചിരുന്നത്. നിരവധിയാളുകളിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് ജോളിയുടെ മൊഴിയുണ്ട്. തിരുവമ്പാടിയിലെ വ്യാപാരി, കോടഞ്ചേരിയിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം, കൂടത്തായിയിലെ വാഹന ഇടപാടുകാരൻ എന്നിവരുമായി ലക്ഷങ്ങളുടെ കൈമാറ്റമുണ്ടായി. റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് പണം ഉപയോഗിച്ചിരുന്നതിനൊപ്പം ജോളി ചില ബിസിനസ് ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു.

പണം തിരികെ കിട്ടുന്നതിന് പലപ്പോഴായി ഇടനിലക്കാർ വഴി സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരു കോടിയോടടുത്ത് മൂല്യമുള്ള വസ്തുവും, വീടും, കടമുറികളും വിറ്റാണ് തിരുവമ്പാടിയിലെ വ്യവസായി ജോളിക്ക് നൽകിയ പണത്തിന്റെ ബാധ്യത തീർത്തത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം പലരിൽ നിന്നായി പണം വാങ്ങി ജോളിക്ക് കൈമാറിയിയിട്ടുണ്ടെന്നും വ്യക്തമായി. പണം നഷ്ടപ്പെട്ട പലരെയും ഉദ്യോഗസ്ഥർ ബന്ധപ്പെട്ടെങ്കിലും മാനഹാനി ഭയന്ന് പരാതിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കുടുംബത്തിന്റെ ദൈനംദിന ചെലവുകൾക്ക് വേണ്ടിയാണ് കൂടുതൽ പണം ഉപയോഗിച്ചതെന്ന ജോളിയുടെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

നേരത്തെ ജോളി ്, എം.എസ്. മാത്യു, കെ. പ്രജികുമാർ എന്നിവരുടെ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. ഇവരുടെ റിമാൻഡ് കാലാവധി നവംബർ 2 വരെ നീട്ടി. മൂന്നു പ്രതികളുടെയും ജാമ്യാപേക്ഷ ഇന്നലെ കോടതി പരിഗണിച്ചിരുന്നു. സിലിയുടെ വിധത്തിൽ ജോളിയുടെ അറസ്റ്റു രേഖപ്പെടുത്തിയ വിവരം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സമാനമായ മറ്റു കൊലപാതക കേസുകളിൽ തെളിവു ശേഖരിക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും പൊലീസ് കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും പ്രതികൾ പുറത്തിറങ്ങിയാൽ തെളിവു നശിപ്പിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയതോടെ കോടതി ജാമ്യാപേക്ഷ തള്ളി. ജോളി ജോസഫ്, കെ.പ്രജികുമാർ എന്നിവരെ കോഴിക്കോട് ജില്ലാ ജയിലിലേക്കും എം.എസ്.മാത്യുവിനെ സ്‌പെഷൽ സബ് ജയിലിലേക്കും മാറ്റി.

ജോളിയുടെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കേണ്ടതില്ലെന്ന് അഭിഭാഷകൻ അഭ്യർത്ഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ജോളിയുടെ വക്കാലത്തിനെച്ചൊല്ലി അഭിഭാഷകർ തമ്മിലുള്ള തർക്കത്തിനും കോടതിമുറി വേദിയായി. വക്കാലത്ത് ഏറ്റെടുത്ത അഡ്വ. ബി.എ. ആളൂർ അസോസിയേറ്റ്സിലെ അഭിഭാഷകരും താമരശേരി ബാർ അസോസിയേഷൻ അംഗങ്ങളും തമ്മിലായിരുന്നു തർക്കം. ജോളിയെ കബളിപ്പിച്ചാണ് ആളൂർ വക്കാലത്ത് ഏറ്റെടുത്തതെന്ന് ബാർ അസോസിയേഷൻ അംഗങ്ങൾ ആരോപിച്ചു. ഇതു ധാർമികതയ്ക്കു നിരക്കുന്നതല്ല. ആളൂർ സ്വന്തം പ്രചാരണത്തിനായി ജോളിയെ ഉപയോഗപ്പെടുത്തുകയാണ്. പ്രതികൾക്കു സൗജന്യമായി നിയമസഹായം നൽകേണ്ടത് ബാർ അസോസിയേഷൻ നൽകുന്ന പട്ടികയിൽ നിന്നാണ്. പുറത്തുനിന്നുള്ള ഒരാൾക്ക് സൗജന്യ സേവനം നൽകാനാകില്ലെന്നും അതിനാൽ ആളൂരിന്റെ വക്കാലത്ത് പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

തർക്കം മറുകിയപ്പോൾ കോടതി ഇടപെട്ടു. ജോളി വിദ്യാഭ്യാസമുള്ള ആളാണെന്നും അവർ പരാതിപ്പെട്ടാൽ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ ബി.എ. ആളൂരിനെ തന്റെ അഭിഭാഷകനായി വേണ്ടെന്നു ജോളി കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു. തന്റെ സഹോദരൻ ഏർപ്പാടാക്കിയതാണെന്നാണ് അഭിഭാഷകൻ പറഞ്ഞതെങ്കിലും അതു വിശ്വസിക്കുന്നില്ലെന്നും ജോളി പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP