Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വായ മൂടിക്കെട്ടിയും രണ്ടു കൈകളും ശരീരത്തോട് ചേർത്തുകെട്ടിയും ഒരാൾ ആത്മഹത്യ ചെയ്യുമോ? ജോഷിന്റെ മൃതദേഹം കണ്ടത് മേൽത്തട്ടിലെ ഹുക്കിൽ നിന്ന് കയർ വലിച്ച് ജനാലക്കമ്പിയിൽ കെട്ടിയിട്ട നിലയിൽ; ചായക്കച്ചവടം നടത്തി കഠിനാധ്വാനിയായി ജീവിക്കുന്നതിനിടെ ജയിൽ വാർഡനായി ജോലികിട്ടി; വിവാഹ സ്വപ്‌നം കൂട്ടുകാരുമായി പങ്കുവച്ച് പുതിയ വീട് നിർമ്മിക്കാനും തുടങ്ങി; തൂങ്ങിമരിച്ച നിലയിൽ കണ്ട പൂജപ്പുര ജയിലിലെ വാർഡനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ഉറപ്പിച്ചുപറഞ്ഞ് നാട്ടുകാരും ബന്ധുക്കളും

വായ മൂടിക്കെട്ടിയും രണ്ടു കൈകളും ശരീരത്തോട് ചേർത്തുകെട്ടിയും ഒരാൾ ആത്മഹത്യ ചെയ്യുമോ? ജോഷിന്റെ മൃതദേഹം കണ്ടത് മേൽത്തട്ടിലെ ഹുക്കിൽ നിന്ന് കയർ വലിച്ച് ജനാലക്കമ്പിയിൽ കെട്ടിയിട്ട നിലയിൽ; ചായക്കച്ചവടം നടത്തി കഠിനാധ്വാനിയായി ജീവിക്കുന്നതിനിടെ ജയിൽ വാർഡനായി ജോലികിട്ടി; വിവാഹ സ്വപ്‌നം കൂട്ടുകാരുമായി പങ്കുവച്ച് പുതിയ വീട് നിർമ്മിക്കാനും തുടങ്ങി; തൂങ്ങിമരിച്ച നിലയിൽ കണ്ട പൂജപ്പുര ജയിലിലെ വാർഡനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ഉറപ്പിച്ചുപറഞ്ഞ് നാട്ടുകാരും ബന്ധുക്കളും

ആർ പീയൂഷ്

തിരുവനന്തപുരം: നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന പുതിയ വീടിനുള്ളിൽ തൂങ്ങി മരിച്ച പൂജപ്പുര സെൻട്രൽ ജയിൽ വാർഡൻ പെരുങ്കടവിള ആലത്തൂർ തെക്കെ കുഴിവിള വീട്ടിൽ ക്രിസ്തുദാസിന്റെയും ശോഭനയുടെയും മകൻ ജോഷിൻദാസി(27)ന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത. യാതൊരു വിധമായ പ്രശ്നങ്ങളും ഇല്ലാതിരുന്ന ജോഷിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബക്കാരും സുഹൃത്തുക്കളും പറയുന്നത്. ഏറെ സ്വപ്നങ്ങളുണ്ടായിരുന്ന ചെറുപ്പക്കാരനായിരുന്നു ഇയാൾ.

പഴയ കുടുംബ വീട് പൊളിച്ചു പുതിയ വീട് നിർമ്മിച്ചതിന് ശേഷം വിവാഹം കഴിക്കാനായി തീരുമാനമെടുത്തിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. ജോലിയിൽ പ്രവേശിച്ചിട്ട് അധിക നാളായിട്ടില്ല. നിരവധി ടെസ്റ്റുകൾ എഴുതിയതിന് ശേഷം ലഭിച്ച ജോലിയായിരുന്നു ജയിൽ വാർഡന്റെത്. പൂജപ്പുര സെൻട്രൽ ജയിലിലെ ജയിൽ വാർഡൻ. നാട്ടിൽ തന്നെ ജോലിക്ക് അവസരം ലഭിച്ചതോടെ വലിയ സന്തോഷത്തിലായിരുന്നു ജോഷിൻ. ജോലി ലഭിച്ചതോടെയാണ് വീട് പണി ആരംഭിച്ചത്. വീടുപണി തീർന്നാൽ ഉടൻ വിവാഹം കഴിക്കുമെന്നും ബന്ധുക്കളോടും കൂട്ടുകാരോടുമെല്ലാം പറഞ്ഞിരുന്നു.

ഏറെ കഠിനാധ്വാനിയായ ചെറുപ്പക്കാരനായിരുന്നു ജോഷിൻ. വീട്ടിലെ ദാരിദ്രത്തിനിടയിലും മിടുക്കനായി പഠിച്ചു വന്നു. പിതാവ് ക്രിസ്തുദാസ് മരിച്ചതിന് ശേഷം അമ്മ ശോഭനയുടെ ഒപ്പം ചായക്കട നടത്തിയായിരുന്നു ജീവിതം മുന്നോട്ട് നയിച്ചിരുന്നത്. ഇതിനിടയിൽ പി.എസ്.സി കോച്ചിങ്ങിനും പോയി. അമ്മയ്ക്ക് ചെറിയൊരു ജോലി ലഭിച്ചതോടെപിന്നെ ഒറ്റയ്ക്കായി ചായക്കച്ചവടം. ഇങ്ങനെ ജീവിക്കുന്നതിനിടയിലാണ് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം നേടുന്നതും പിന്നീട് ജോലി ലഭിക്കുന്നതും.

രണ്ട് ദിവസം മുൻപാണ് ജോഷിന്റെ മൃതദേഹം നിർമ്മാണം നടക്കുന്ന വീടിന്റെ ഉള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. വായ് തുണികൊണ്ടു മൂടിക്കെട്ടി ഇരുകൈകളും ബന്ധിച്ച നിലയിലായിരുന്നു. രാത്രി വൈകിയും വീട്ടിൽ എത്താത്തതിനാൽ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ജോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തെ പറ്റി ജോഷിന്റെ മാതാവ് ഉഷ പറയുന്നത് ഇങ്ങനെ:

18 ന് വൈകിട്ട് ഞാനും ജോഷിനും വീടുപണിക്കു വന്ന ജോലിക്കാരെ ശമ്പളം നൽകി മടക്കി അയച്ചിട്ടു വീട്ടിലേക്ക് വന്നു. അപ്പോൾ ഏകദേശം ആറുമണിയോടടുത്തിട്ടുണ്ടാവണം. വരുന്ന വഴി രാത്രിയിൽ കഴിക്കാനായി മുട്ടയും വാങ്ങിയിരുന്നു. രാത്രി ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ യൂണിഫോം തയ്ക്കാൻ കൊടുക്കാൻ പോവുകയാണ് എന്ന് പറഞ്ഞ് അവൻ വീട്ടിൽ നിന്നും ഇറങ്ങി. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ മൊബൈലിൽ വിളിച്ചു. പക്ഷേ ഫോൺ അറ്റൻഡ് ചോയ്തില്ല. കുറേ തവണ വിളിച്ചതിന് ശേഷം എന്റെ സഹോദരനെ വിളിച്ചു മോനെ കാണുന്നില്ല എന്ന് പറയുകയായിരുന്നു. അവസാനം അറിയുന്നത് അവൻ എന്നെ വിട്ടുപോയി എന്നാണ്.- ആ അമ്മ പറയുന്നു.

ഉഷ സഹോദരൻ വിജയനെയായിരുന്നു വിവരം വിളിച്ചു പറഞ്ഞത്. ഇതനുസരിച്ച് പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും ജോഷിനെ കണ്ടെത്താനായില്ല. ഒടുവിലാണ് നിർമ്മാണം നടക്കുന്ന വീടിന് മുന്നിൽ ജോഷിന്റെ ടൂ വീലർ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഇതോടെ വീടിനുള്ളിൽ പരിശോധിച്ചപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പ്രാഥമിക പരിശോധനയിൽ ആത്മഹത്യ എന്ന് പറഞ്ഞു. എന്നാൽ ബന്ധുക്കൾ ഇത് നിഷേധിച്ചു.

വാമൂടിക്കെട്ടിയും കൈശരീരത്തോട് ചേർത്ത് കൂട്ടിക്കെട്ടിയും എങ്ങനെയാണ് തൂങ്ങിമരിക്കാൻ കഴിയുന്നത് എന്നാണ് ഇവർ ഉന്നയിക്കുന്ന ചോദ്യം. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ പൊലീസിനു മൊഴിനൽകി. ഫോറൻസിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി തെളിവു ശേഖരിച്ചു. ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയാറാക്കി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കുടുംബ വീട് പൊളിച്ചുമാറ്റി അവിടെ പുതിയ വീട് നിർമ്മിക്കുന്ന തിരക്കിലായിരുന്നു ജോഷിൻ. ഈ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

വീടുപണി നടക്കുന്നതിനാൽ കുറെ മാസങ്ങളായി അമ്മയോടൊപ്പം വാടക വീട്ടിലായിരുന്നു താമസം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മറ്റേതെങ്കിലും തരത്തിലാണോ മരിച്ചത് എന്ന് സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. മുൻപു സമീപത്തെ ഒരു കരിങ്കൽ ക്വാറിയിലെ ജീവനക്കാരനായിരുന്നു. അവിടെ ഒരു അടിപിടി സംഭവത്തിൽ ജോഷിൻദാസും ഉൾപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ജോഷിൻദാസ് അവിവാഹിതനാണ്. സഹോദരി ജിഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP