Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജി നെഹ്റു ഗ്രൂപ്പിന്റെ അതിഥിയായി എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ജിഷ്ണുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും; കേസ് ജസ്റ്റീസ് എബ്രഹാം മാത്യു പരിഗണിക്കരുതെന്നും അപേക്ഷ; ആരോപണം ഉയർന്നത് കൃഷ്ണദാസിന്റെ അറസ്റ്റിൽ പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചതോടെ

കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജി നെഹ്റു ഗ്രൂപ്പിന്റെ അതിഥിയായി എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ജിഷ്ണുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും; കേസ് ജസ്റ്റീസ് എബ്രഹാം മാത്യു പരിഗണിക്കരുതെന്നും അപേക്ഷ;  ആരോപണം ഉയർന്നത് കൃഷ്ണദാസിന്റെ അറസ്റ്റിൽ പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പൊലീസിനെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് എബ്രഹാം മാത്യു കോളേജിന്റെ ആതിഥ്യം വഹിച്ചിരുന്നയാളാണെന്നും അതിനാൽ തന്നെ കൃഷ്ണദാസിന്റെയും മറ്റും ജാമ്യാപേക്ഷ പരിഗണിക്കാൻ പാടില്ലായിരുന്നെന്നും വ്യക്തമാക്കി ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളും സുഹൃത്തുക്കളും.

ജസ്റ്റിസ് എബ്രഹാം മാത്യു ലക്കിടി ലോകോളേജിന്റെ പഠനയാത്രയിൽ മുഖ്യാഥിതിയായി പങ്കെടുത്തിരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് പാമ്പാടി നെഹ്‌റു കോളേജിൽ ദുരൂഹനിലയിൽ മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിരിക്കുന്നത്.

ലക്കിടി നെഹ്റു ലോകോളേജ് പ്രിൻസിപ്പൽ, കൃഷ്ണദാസിനൊപ്പം അറസ്റ്റിലായ നിയമോപദേശക സുചിത്ര തുടങ്ങിയവർ സൗഹൃദം പങ്കിടുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് നൽകിയിട്ടുള്ളത്. മറ്റൊരു ദൃശ്യത്തിൽ ഇവരെ കൂടാതെ ഇപ്പോൾ കൃഷ്ണദാസ് അറസ്റ്റിലായ കേസിൽ കൃഷ്ണദാസിന്റെ മർദ്ദനമേറ്റതായി പരാതിപ്പെട്ട ഷഹീർ ഷൗക്കത്തും നിൽക്കുന്നുണ്ട്.

നെഹ്റു ഗ്രൂപ്പിന്റെകീഴിലുള്ള ലോ കോളേജ് കഴിഞ്ഞ വർഷം നെല്ലിയാമ്പതിയിലേയ്ക്ക് നടത്തിയ പഠനയാത്രയിലാണ് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിയായ എബ്രഹാം മാത്യു മുഖ്യാതിഥിയായി പങ്കെടുത്തത്. അടുത്ത സൗഹൃദമുള്ള കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ഈ ജഡ്ജി പരിഗണിക്കുന്നത് ശരിയെല്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

കോളേജ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ അടുത്ത സുഹൃത്താണെന്ന് ചടങ്ങിൽ പങ്കെടുത്ത എബ്രഹാം മാത്യു പറഞ്ഞതായി ചടങ്ങിൽ സന്നിഹിതരായ വിദ്യാർത്ഥികൾ ഓർമ്മിക്കുന്നുണ്ട്. ചെയർമാൻ കൃഷ്ണദാസുമായുള്ള സൗഹൃദവും ചടങ്ങിൽ എബ്രഹാം മാത്യു പങ്കുവച്ചിരുന്നതായും ്അവർ പറയുന്നു. കേസുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചപ്പോൾ വളരെ വേദനാജനകമായ അനുഭവമാണുണ്ടായതെന്ന് പറഞ്ഞുകൊണ്ടാണ് കുടുംബാംഗങ്ങളും രംഗത്തെത്തിയിരിക്കുന്നത്. വേട്ടക്കാരനായ കൃഷ്ണദാസിനൊപ്പം കോടതി പോലും കക്ഷി ചേരുന്ന അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും കോടതിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെയാണ് തങ്ങളിത് പറയുന്നതതെന്നും ഫോട്ടോ പുറത്തുവിട്ടുകൊണ്ട് ജിഷ്ണുവിന്റെ ബന്ധുക്കൾ പറയുന്നു.

കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയും അറസ്റ്റിലായ കേസിലെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കാനിരിക്കെയാണ് ജിഷ്ണുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇത്തരത്തിൽ ജഡ്ജിക്കും നെഹ്‌റു ഗ്രൂപ്പിനും അടുത്ത സൗഹൃദമുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും നിർഭാഗ്യകരമായ അവസ്ഥയിലേക്ക് നീതിന്യായം മാറിയോ എന്നതും സങ്കടകരമാണെന്നും ബന്ധുക്കൾ പറയുന്നു.

പാലക്കാട് ലക്കിടി ജവഹർ ലോ കോളെജിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ക്യാമ്പിലാണ് എബ്രഹാം മാത്യു മുഖ്യാതിഥിയായി പങ്കെടുത്തത്. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ രണ്ടു ദിവസമാണ് ലക്കിടി കോളജ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ സെബാസ്റ്റ്യൻ, കൃഷ്ണദാസിനൊപ്പം കേസിൽ പ്രതിയായി അറസ്റ്റു ചെയ്യപ്പെട്ട ലീഗൽ അഡൈ്വസർ സുചിത്ര., കൃഷ്ണദാസ് മർദ്ദിച്ചതായി പരാതി നൽകിയ ഷഹീർ ഷൗക്കത്ത്, എന്നിവർക്കൊപ്പം എബ്രഹാം മാത്യു നിൽക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

ഷഹീർ ഷൗക്കത്തിനെ മർദ്ദിച്ച സംഭവത്തിൽ പി കൃഷ്ണദാസിനെ ഇന്നലെ തൃശൂർ റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. അതേസമയം ജിഷ്ണു പ്രണോയി കേസിൽ കൃഷ്ണദാസിന് മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇന്നലെ ഷഹീറിനെ മർദ്ദിച്ചുവെന്ന കേസിൽ കോടതിയിൽ ഹാജരാക്കിയ കൃഷ്ണദാസിനെയും അറസ്റ്റിലായ മറ്റു പ്രതികളെയും റിമാൻഡ് ചെയ്തതോടെ പിന്നീട് വിയ്യൂർ സബ് ജയിലിലേക്ക് മാറ്റി.

കൃഷ്ണദാസിനൊപ്പം ലീഗൽ അഡ്വൈസർ സുചിത്ര, പിആർഒ വത്സലകുമാരൻ, അഡ്‌മിനിസ്ട്രേഷൻ മാനേജർ സുകുമാരൻ, കായിക അദ്ധ്യാപകൻ ഗോവിന്ദൻകുട്ടി, എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. തട്ടിക്കൊണ്ടുപോകൽ, ഭീഷണിമുഴക്കൽ എന്നിവയടക്കം ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇവരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതിയിൽ നിന്ന് പ്രതികരണമുണ്ടായത്. പരാതിക്കാരില്ലാത്ത കേസിൽ പൊലീസ് എന്തിനിടപെട്ടുവെന്ന് കോടതി ചോദിച്ചു. പരാതിക്കാരന്റെ ആദ്യ മൊഴിയിൽ ഇല്ലാതിരുന്ന വകുപ്പുകൾ പൊലീസ് പിന്നീട് കൂട്ടിച്ചേർത്തതാണെന്നും, ഇതിൽ ദുരുദ്ദേശ്യമുണ്ടെന്നും ആയിരുന്നു കോടതിയുടെ നിരീക്ഷണം. തെറ്റായ പ്രോസിക്യൂഷൻ നടപടികളാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെങ്കിൽ, ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ജസ്റ്റീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

കോടതിയെ വിഡ്ഢിയാക്കുന്ന പൊലീസുകാരെ എന്തു ചെയ്യണമെന്ന് കോടതിക്കറിയാം. അന്വേഷണ ഉദ്യോഗസ്ഥനും അന്വേഷണ സംഘത്തിലുമുള്ള ഉദ്യോഗസ്ഥർക്കുമെതിരെ കോടതി എഴുതിയാൽ, പിന്നെ ഒരു രാഷ്ട്രീയക്കാരനും രക്ഷിക്കാനാകില്ല. പൊതുജന താൽപര്യം നോക്കിയല്ല കേസ് അന്വേഷിക്കേണ്ടതെന്നും, ലഭ്യമാകുന്ന തെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിലായിരിക്കണം അന്വേഷിക്കേണ്ടതെന്നും ആയിരുന്നു ജസ്റ്റിസ് എബ്രാഹം മാത്യു മുന്നറിയിപ്പ് നൽകിയത്. പിന്നീട് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതിന് മുമ്പാണ് ജഡ്ജിക്ക് നെഹ്‌റു ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കി സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP