Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുവാവ് ബൈക്കിൽ നിന്ന് തെറിച്ച് ഓടയിലേക്ക് വീഴുന്നത് കണ്ടവർ നിരവധി; ആരും സഹായിക്കാൻ പോയില്ല; വീണത് മദ്യലഹരിയിൽ ആയതിനാൽ തനിയെ എണീൽക്കാനും കഴിഞ്ഞില്ല; നിറഞ്ഞൊഴുകിയ ഓടയിൽ നിന്ന് കരകയറാൻ കഴിയാതെ സംഭവിച്ചത് ദാരുണാന്ത്യം; വെള്ളപ്പാച്ചിലിൽ മൃതദേഹം ഓടയ്ക്കുള്ളിലൂടെ ഒഴുകിപ്പോയത് 300 മീറ്റർ: തിരുവല്ലയിലെ ജ്യോതിഷ് മോഹന്റെ മരണത്തിൽ ദുരൂഹതയില്ല

യുവാവ് ബൈക്കിൽ നിന്ന് തെറിച്ച് ഓടയിലേക്ക് വീഴുന്നത് കണ്ടവർ നിരവധി; ആരും സഹായിക്കാൻ പോയില്ല; വീണത് മദ്യലഹരിയിൽ ആയതിനാൽ തനിയെ എണീൽക്കാനും കഴിഞ്ഞില്ല; നിറഞ്ഞൊഴുകിയ ഓടയിൽ നിന്ന് കരകയറാൻ കഴിയാതെ സംഭവിച്ചത് ദാരുണാന്ത്യം; വെള്ളപ്പാച്ചിലിൽ മൃതദേഹം ഓടയ്ക്കുള്ളിലൂടെ ഒഴുകിപ്പോയത് 300 മീറ്റർ: തിരുവല്ലയിലെ ജ്യോതിഷ് മോഹന്റെ മരണത്തിൽ ദുരൂഹതയില്ല

ആർ കനകൻ

തിരുവല്ല: തുകലശേരി വാര്യത്ത് താഴ്ചയിൽ മോഹനചന്ദ്രന്റെ മകൻ ജ്യോതിഷ്മോഹ (24) ന്റെ ഓടയിൽ വീണുള്ള മരണത്തിൽ ദൂരൂഹതയില്ല. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വെള്ളംകുടിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ മദ്യപിച്ചിരുന്നതായും റിപ്പോർട്ടിൽ സൂചനയുണ്ട്. മദ്യലഹരിയിൽ ബൈക്ക് മറിഞ്ഞ് ഓടയിൽ വീണ ജ്യോതിഷ് മലവെള്ളപ്പാച്ചിലിൽ ശ്വാസം മുട്ടി മരിക്കുകയായിരുന്നു.

കനത്തമഴയെ തുടർന്നുണ്ടായശക്തമായ മഴവെള്ളപ്പാച്ചിലിൽ മൃതദേഹം ഓടയ്ക്കുള്ളിലൂടെ 300 മീറ്ററോളം ഒഴുകിപ്പോയി. രണ്ടു ദിവസത്തിന് ശേഷം പുറത്തേക്ക് തള്ളി നിന്ന കാൽ കണ്ടാണ് മൃതദേഹം പുറത്തെടുത്തത്. ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. സംഭവത്തിലെ ദുരൂഹത നീക്കുന്നതിനായി പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം തെളിവായി ലഭിച്ചത് സിസിടിവി ദൃശ്യങ്ങളായിരുന്നു.

യുവാവ് ബുള്ളറ്റിൽ വരുന്നതും നില തെറ്റി ഓടയിലേക്ക് തെറിച്ചു വീഴുന്നതും സമീപത്തെ കടകളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇതിന് നിരവധി പേർ ദൃക്സാക്ഷികളുമായിരുന്നു. യുവാവ് വീഴുന്നത് കണ്ടു നിൽക്കുകയാണ് അവർ ചെയ്തത്. അതിന് ശേഷം മിണ്ടാതെ പോയി. പിന്നാലെ വന്ന ചിലർ ബുള്ളറ്റ് മറിഞ്ഞു കിടക്കുന്നത് കണ്ടു. ഇവരാണ് വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. പൊലീസ് വന്ന് ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. അതിൽ വന്നയാളെ കുറിച്ച് അന്വേഷിക്കാനൊന്നും അവർ മെനക്കെട്ടില്ല. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം.

പാലിയേക്കര റോഡ് തുടങ്ങുന്ന ഭാഗത്താണ് ബൈക്ക് മറിഞ്ഞു കിടന്നിരുന്നത്. രണ്ടു ദിവസത്തിന് ശേഷം മാർക്കറ്റ് ജങ്ഷനിലെ ഒരു ഹോട്ടലുടമയും മകനും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. ബൈക്ക് മറിഞ്ഞു കിടന്നുവെന്നും അതിൽ വന്നയാളെ കാണാനില്ലെന്നുമുള്ള വാർത്ത കേട്ട് ഹോട്ടലുടമയുടെ മകനായ ഏഴാം ക്ലാസുകാരൻ മേൽമൂടിയുടെ വിടവിലൂടെ ഓടയ്ക്കുള്ളിൽ പരിശോധന നടത്തി. ഇങ്ങനെ നടന്നു നോക്കി വന്നപ്പോഴാണ് മാർക്കറ്റ് ജങ്ഷന് സമീപം വച്ച് ഒരു കാൽമാത്രം കാണാനായത്. വിവരം പൊലീസിൽ അറിയിച്ചു. അതിന് മുൻപ് നാട്ടുകാർ ചേർന്ന് സ്ലാബ് പൊക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

ഞായറാഴ്ച രാത്രി മുതൽ ജ്യോതിഷിനെ കാണാനില്ലെന്ന് തിങ്കളാഴ്ച വീട്ടുകാർ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഞായറാഴ്ച ജ്യോതിഷിന്റെ സഹോദരന് വൈദ്യുതാഘാതമേറ്റിരുന്നു. ഇയാളുമായി ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളജിൽ പോയിരിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന വിഷ്ണു എന്ന സുഹൃത്തിനെ വീട്ടിലാക്കാനെന്ന് പറഞ്ഞാണ് യുവാവ് ഞായറാഴ്ച രാത്രി വീട്ടിൽ നിന്നും ഇറങ്ങിയത്. ഓട പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ധരിച്ചിരുന്ന മഴക്കോട്ടും ഹെൽമറ്റും വാച്ചും യഥാസ്ഥാനത്തുണ്ടായിരുന്നു. അപകടത്തിൽപ്പട്ട ബൈക്കിന്റെ താക്കോലും യുവാവിന്റെ മൊബൈലും ഒഴുകിപ്പോവുകയും ചെയ്തു. സുഹൃത്തുമൊത്ത് നന്നായി ജ്യോതിഷ് മദ്യപിച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP