Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വർണ്ണക്കടത്തുകാരുടെ 'ക്രൈംപോർട്ടായി' കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം; പ്രവർത്തന സജ്ജമായി ഒരു മാസം പൂർത്തീകരിക്കും മുമ്പ് പിടികൂടിയത് രണ്ട് സ്വർണ്ണക്കടത്തുകാരെ; പിടിക്കപ്പെടാതെ രക്ഷപെട്ടവരും നിരവധിയെന്ന് സൂചന; മംഗളൂരു എയർപോർട്ടിൽ അടുത്ത കാലത്തായി സ്വർണ്ണക്കടത്തിന്റെ പതിവ് കുറഞ്ഞത് കണ്ണൂരിലേക്ക് താവളം മാറ്റാനെന്ന് സംശയം; ഹവാല ഇടപാടുകാരും താവളം മാറ്റുന്നു

സ്വർണ്ണക്കടത്തുകാരുടെ 'ക്രൈംപോർട്ടായി' കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം; പ്രവർത്തന സജ്ജമായി ഒരു മാസം പൂർത്തീകരിക്കും മുമ്പ് പിടികൂടിയത് രണ്ട് സ്വർണ്ണക്കടത്തുകാരെ; പിടിക്കപ്പെടാതെ രക്ഷപെട്ടവരും നിരവധിയെന്ന് സൂചന; മംഗളൂരു എയർപോർട്ടിൽ അടുത്ത കാലത്തായി സ്വർണ്ണക്കടത്തിന്റെ പതിവ് കുറഞ്ഞത് കണ്ണൂരിലേക്ക് താവളം മാറ്റാനെന്ന് സംശയം; ഹവാല ഇടപാടുകാരും താവളം മാറ്റുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: സ്വർണ്ണക്കടത്തുകാരുടെ 'ക്രൈംപോർട്ടായി' മാറുകയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളം സജ്ജമായി ഒരു മാസം പൂർത്തീകരിക്കും മുമ്പ് രണ്ട് സ്വർണ്ണക്കടത്ത് കാരെയാണ് കണ്ണൂരിൽ വെച്ച് പിടികൂടിയത്. എയർ ഇന്ത്യാ എക്സ് പ്രസ്സിൽ റിയാദിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ താമരശ്ശേരി സ്വദേശി നടുക്കുന്നുമ്മൽ ജംഷീറാണ് ഇന്നലെ പിടിയിലായത്. റോളർ സ്‌കേറ്റിങിനുപയോഗിക്കുന്ന ഷൂവിന്റെ ചക്രങ്ങളിൽ ഒളിപ്പിച്ചു വച്ചാണ് ഇയാൾ സ്വർണം കടത്തിയത്. 829 ഗ്രാം സ്വർണ്ണമാണ് ജംഷീറിൽ നിന്നും പിടികൂടപ്പെട്ടത്. വിമാനത്താവളത്തിന്റെ ഉത്ഘാടനം കഴിഞ്ഞ് പത്ത് ദിവസത്തിനകം തന്നെ പിണറായി സ്വദേശിയിൽ നിന്നും രണ്ട് കിലോ ഗ്രാം സ്വർണം ഡയരക്ടറേറ്റ് റവന്യൂ ഇൻന്റലിജൻസ് വിഭാഗം പിടികൂടിയിരുന്നു.

മംഗളൂരു എയർപോർട്ടിൽ അടുത്ത കാലത്തായി സ്വർണ്ണക്കടത്തിന്റെ പതിവ് കുറഞ്ഞത് കണ്ണൂരിലേക്ക് താവളം മാറ്റാനാണോ എന്ന സംശയവും അധികൃതർക്കുണ്ട്. ഇപ്പോൾ കടത്തി പിടികൂടപ്പെടുന്നത് വൻ കടത്തുകാരുടെ തന്ത്രത്തിന്റെ ഫലമാണോ എന്ന സൂചനയുമുണ്ട്. വിമാനത്താവളം വരും മുമ്പ് തന്നെ സാമ്പത്തിക ഇടപാട് മുന്നിൽ കണ്ട് ഇത്തരം സംഘങ്ങൾ തയ്യാറെടുപ്പ് നടത്തി കഴിഞ്ഞിരുന്നു. അത്തരത്തിലുള്ള സൂചനകൾ പൊലീസിനും ലഭിക്കുകയുണ്ടായി. ജില്ലയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് നേതൃത്വം നൽകിയ ക്രിമിനൽ സംഘങ്ങൾ നേരത്തെ തന്നെ ക്വട്ടേഷൻ സംഘങ്ങളായും മാഫിയാ സംഘങ്ങളായും മറ്റും പ്രവർത്തിച്ചു തുടങ്ങിയിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ ക്രിമനലുകൾ കൊടിയുടേയും പ്രത്യയ ശാസ്ത്രത്തിന്റേയും വേർതിരിവില്ലാതെ കർണ്ണാടമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ സാമ്പത്തിക -ഗുണ്ടാ ഇടുപാടുകളിൽ സജീവ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

കുപ്രസിദ്ധമായ കാസർഗോട്ടെ സ്വർണ്ണകടത്ത് സംഘങ്ങളും മംഗളൂരുവിലെ ലഹരിമരുന്നു മാഫിയകളും ഹവാല പണമിടപാരുകാരും ഒരുമിച്ച് ചേരുന്നതിന്റെ സൂചനകളും കണ്ടു വരുന്നുണ്ട്. കേരളത്തിലെ കുറ്റ കൃത്യങ്ങളുടെ കേന്ദ്രമായ കൊച്ചി ഇനി കണ്ണൂരിന് വഴിമാറികൊടുക്കേണ്ട അവസ്ഥയും വന്നേക്കാം. കാസർഗോട്ടെ സ്വർണ്ണകടത്ത് സംഘങ്ങൾ കണ്ണൂർ വിമാനത്താവളത്തെ ലക്ഷ്യമാക്കി കഴിഞ്ഞു. ദിനം പ്രതി മംഗലൂരു വിമാനത്താവളത്തിൽ നിന്നും പിടികൂടപ്പെടുന്ന കടത്തുകാരുടെ എണ്ണം അടുത്ത ദിവസങ്ങളിലായി കാണുന്നില്ല. ഇത് കണ്ണൂരിലേക്ക് ചേക്കേറാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ എന്നും സംശയമുണ്ട്.

കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ പാർട്ടികൾ വളർത്തിയെടുത്ത അക്രമി സംഘങ്ങൾ പാർട്ടി നേതൃത്വങ്ങൾക്ക് വഴങ്ങാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്. പാനൂർ തലശ്ശേരി, ഇരിട്ടി മേഖലകളിലെ ഇത്തരം സംഘങ്ങൾ എതിരാളികളുടെ താവളങ്ങളിൽ അക്രമം നടത്തുന്നതിന് വേണ്ടി ഓരോ പാർട്ടിയും വളർത്തിയെടുത്തവയാണ്. അതനുസരിച്ചുള്ള ആയുധ പരിശീലനവും അവർക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ കായിക ശക്തിയും ആയുധ ബലവും ഇപ്പോൾ സ്വന്തം സാമ്പത്തിക ശക്തിക്കുവേണ്ടി ഉപയോഗിച്ച് വരികയാണ്. നേരത്തെ മുഖാമുഖം നിന്ന് പോരടിച്ച് കൊല്ലും കൊലയും നടത്തിയവർ സാമ്പത്തിക ശക്തിയാകാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

രാഷ്ട്രീയ സ്ഥിരം കുറ്റവാളികൾ ഇപ്പോൾ പാർട്ടി പണി ഏറ്റെടുക്കുന്നതിൽ വിമുഖരാണ്. കവർച്ച, ഹവാല കൊള്ള തുടങ്ങിയ കാര്യങ്ങളിൽ ഒരു കാലത്ത് പരസ്പരം പോരാടിയവർ ഇപ്പോൾ ഒരുമിച്ച് നിൽക്കുകയാണ്. ഹവാല സംഘങ്ങൾ പണവുമായി വരുന്ന സമയത്ത് അവരുടെ വാഹനം തടഞ്ഞു നിർത്തി ആയുധങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. ഇത്തരത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയയിൽ സംഘങ്ങൾ കോടികൾ തട്ടിയെടുത്തിട്ടുണ്ട്. കർണ്ണാടക-കോഴിക്കോട് ഭാഗങ്ങളിൽ നിന്നും എത്തുന്ന പണം വഴി തിരിച്ച് വിട്ട് കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെത്തിച്ച് പണം തട്ടുകയാണ് പതിവ്,. വിമാനത്താവളം യാഥാർത്ഥ്യമായതോടെ കാസർഗോട്ടെ സ്വർണ്ണകടത്ത് സംഘങ്ങളുമായി ഇത്തരം ക്രിമിനൽ സംഘങ്ങൾ ബന്ധപ്പെട്ടു കഴിഞ്ഞുവെന്നാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP