Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കരിക്കിനേത്ത് മുതലാളി ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ല; വാഗ്ദാനങ്ങളും പ്രലോഭനങ്ങളും ഞങ്ങൾക്ക് പിറകേയുണ്ട്; സഹോദര ഭാര്യയെ പണം നൽകി സ്വാധീനിക്കാനും ശ്രമം തകൃതി; തൊഴിലാളിയെ തല്ലികൊന്ന കേസിൽ തുണിക്കട മുതലാളി രക്ഷപെടുമോ എന്ന ആശങ്ക മറച്ചു വെക്കാതെ കൊല്ലപ്പെട്ട ബിജുവിന്റെ സഹോദരൻ മറുനാടനോട്

കരിക്കിനേത്ത് മുതലാളി ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ല; വാഗ്ദാനങ്ങളും പ്രലോഭനങ്ങളും ഞങ്ങൾക്ക് പിറകേയുണ്ട്; സഹോദര ഭാര്യയെ പണം നൽകി സ്വാധീനിക്കാനും ശ്രമം തകൃതി; തൊഴിലാളിയെ തല്ലികൊന്ന കേസിൽ തുണിക്കട മുതലാളി രക്ഷപെടുമോ എന്ന ആശങ്ക മറച്ചു വെക്കാതെ കൊല്ലപ്പെട്ട ബിജുവിന്റെ സഹോദരൻ മറുനാടനോട്

അരുൺ ജയകുമാർ

പത്തനംതിട്ട: ലക്ഷങ്ങൾ പരസ്യം നൽകുന്ന മുതലാളിക്ക് മുമ്പിൽ മാദ്ധ്യമങ്ങൾക്ക് കണ്ണടച്ചാൽ ഈ നാട്ടിൽ ഏത് വലിയ കേസിൽ നിന്നും ഊരിപ്പോരാമെന്ന സംഭവത്തിന്റെ തെളിവാണ് കരിക്കിനേത്ത് വസ്ത്രശാലാ മുതലാളി ജോസ് കരിക്കിനേത്ത് ജീവനക്കാരനിൽ മോഷണ കുറ്റം ആരോപിച്ച് മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം. പൊലീസിലെ ഉന്നതരിലുള്ള പിടിയും രാഷ്ട്രീയ സ്വാധീനവും മാദ്ധ്യമങ്ങളെ പരസ്യം നൽകി കൈയിലെടുക്കാനുള്ള ശ്രമവും തകൃതിയായി നടന്ന കരിക്കിനേത്തുകൊലപാതക കേസിന്റെ വിചാരണ ആരംഭിക്കാൻ ഇരിക്കയാണ്. പൊലീസ് ദുർബലമാക്കി സഹായിക്കുകയും ഉന്നത ഇടപെടൽ ഉണ്ടാകുകയും ചെയ്ത ബിജു പി ജോസഫിന്റെ കൊലപാതക കേസിൽ പ്രതിസ്ഥാനത്തുള്ള ജോസ കരിക്കിനേത്ത് ശിക്ഷിക്കപ്പെടില്ലെന്നാണ് ബഹുഭൂരിപക്ഷവും കരുതുന്നത്. അത്രമേൽ അട്ടിമറികൾ ഈ കേസിൽ നടന്നു കഴിഞ്ഞു. ഇതേ ആശങ്ക തന്നെയാണ് ബിജുവിന്റെ സഹോദരൻ സാബുവും മറുനാടൻ മലയാളിയോട് പങ്കുവച്ചത്.

പണത്തിന്റെ ബലത്തിൽ തന്റെ സഹോദരന്റെ കൊലപാതക കുറ്റത്തിൽ നിന്നും കരിക്കിനേത്ത് ഉടമ ജോസ് രക്ഷപെട്ടേക്കാം എന്നാണ് സാബുവിന്റെ ആശങ്ക. ഈ ആശങ്കയ്ക്ക് അടിസ്ഥാനം കേസിന്മേൽ ഉണ്ടായ രാഷ്ട്രീയ-പൊലീസ് ഇടപെടൽ തന്നെയാണ്. കരിക്കിനേത്ത് സിൽക്‌സിലെ ക്യാഷ്യർ ആയിരുന്ന ബിജു പി ജോസഫിന്റെ കടയുടമ മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയും തുടർന്ന് കേസ് അട്ടിമറിക്കാൻ നടന്ന സംഭവങ്ങളുംനിരന്തരമായി റിപ്പോർട്ട് ചെയ്തിരുന്നത് മറുനാടൻ മലയാളിയായിരുന്നു. അതുകൊണ്ട് തന്നെ സഹോദരന്റെ കൊലപാതക കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് സാബു മറുനാടനോട് വിശദീകരിച്ചു.

ബിജുവിന്റെ കൊലപാതകവാർത്ത കുടുംബം അറിയുന്നത് അടുത്ത ദിവസം മാത്രമാണെന്നാണ് സാബു വ്യക്തമാക്കുന്നത്. സംഭവത്തിൽ തുടക്കം മുതൽതന്നെ മുഴുവൻ ദുരൂഹതകളാണെന്നും തങ്ങൾക്ക് നീതി നിഷേധിക്കാനുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നതെന്നും ബിജുവിന്റെ സഹോദരൻ ആരോപിക്കുന്നു. കേസുമായി മുന്നോട്ട് പോകാതിരിക്കാനും പരാതി പിൻവലിക്കാനുമായി വലിയ വാഗ്ദാനങ്ങളും പ്രലോഭനങ്ങളുമായി പലപ്പോഴും തങ്ങളെ പലരും സമീപിച്ചു. ബിജുവിന്റെ ഭാര്യ വീട്ടുകാരെ കാശ് നൽകി ഒതുക്കിയെന്ന സംശയം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിന്റെ ആദ്യ ഘട്ടത്തിൽ നീതി ലഭിക്കുന്നതിനായി രംഗത്തുണ്ടായിരുന്ന ബിജുവിന്റെ ഭാര്യ ഷാന്റി പക്ഷേ ഇപ്പോൾ ബിജുവിന്റെ സഹോദരങ്ങളുമായിപ്പോലും ഒരു അടുപ്പവും കാണിക്കാറില്ല. ഇതിന് കാരണം മറ്റെന്തെങ്കിലുമാണോ എന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. ബിജുവിനെ കൊലപ്പെടുത്തിയ ശേഷം ഉടൻ തന്നെ രക്ഷപ്പെടുന്നതിനായി പ്രതികൾ തങ്ങളുടെ ഉന്നത സ്വാധീനം ഉപയോഗിച്ചിരുന്നുവെന്നും സാബു പറയുന്നു. മരണ വിവരമറിഞ്ഞ ശേഷം ഇത് സിപിഐ(എം) ജില്ലാ നേതൃത്വത്തെ അറിയിക്കുന്നതിനായി ഒരു ഏര്യാ സെക്രട്ടറി വഴി ജില്ലയിലെ മുതിർന്ന് സിപിഐ(എം) നേതാവിനെ വിളിച്ചിരുന്നുവെങ്കിലും അത് ഒരു സ്വാഭാവിക മരണമെന്നാണ് താൻ അറിഞ്ഞതെന്നായിരുന്നു അനന്തഗോപൻ പ്രതികരിച്ചത്. അതായത് എല്ലാ തലങ്ങളിലും രക്ഷപ്പെടുന്നതിനുള്ള നീക്കങ്ങൾ പ്രതികൾ ആദ്യം മുതൽ തന്നെ നടത്തിയിരുന്നുവെന്നും സാബു പറയുന്നു.

അതേസമയം പിന്നീട് പ്രതികൾ പിന്നീട് ബിജുവിന്റെ സഹോദരനെ വിളിക്കുകയും കൈയബദ്ധം പറ്റിയതാണ് എന്ത് വേണമെങ്കിലും ചെയ്യാം എന്ന രീതിയിൽ അനുനയത്തിന് ശ്രമവു നടത്തി. ഇതേക്കുറിച്ചുള്ള വാർത്തകൾ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. ഉന്നത തലത്തിൽ തന്നെ സ്വാധീനിക്കാൻ പ്രതികൾ ശ്രമം നടത്തിയിരുന്നു. ബിജുവിന്റെ മരണത്തെ തുടർന്ന് ഇവരിൽ നിന്നും ഒരു സഹായവും സ്വീകരിക്കാൻ കുടുംബം തയ്യാറാവാത്തതിനെ തുടർന്ന് മറ്റ് മാർഗങ്ങളിലൂടെയും പണം നൽകാൻ ഇവർ ശ്രമിച്ചിരുന്നുവെന്നും സാബു വ്യക്തമാക്കി.

പ്രദേശത്തെ പരിവർത്തന കോർപ്പറേഷൻ ചെയർമാനും കോൺഗ്രസ് അനുഭാവിയുമായ ഷിൻസ് പീറ്റർ തങ്ങളെ സമീപിച്ചു. ചേരമർ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി കുടുംബത്തിന് ധനസഹായം നൽകാൻ തീരുമാനിച്ചെന്ന് അറിയുക്കുകയും ചെയ്തു. എന്നാൽ, ഈ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെട്ടപ്പോഴാണ് അവർ അങ്ങനെയൊരു തീരുമാനം എടുത്തിരുന്നില്ലെന്ന് അറിയുന്നത്. തുടർന്ന് ഇതേ കുറിച്ച് അന്വേഷിച്ചപ്പോഴാണ് പ്രതികളും സഭയും പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ മധ്യസ്ഥതയിൽ എടുത്ത തീരുമാനമാണ് മറ്റൊരു സംഘടനയുടെ പേരിൽ പണം നൽകുക എന്നതെന്നാണ് അറിഞ്ഞത്.

ആദ്യം ഇത്തരമൊരു പ്രൊപോസൽ വന്നപ്പോൾ കുടുംബത്തിന് സംശയമൊന്നു തോന്നിയില്ലെങ്കിലും പിന്നീട് മരണത്തിൽ പ്രതിഷേധിച്ച് പല സ്ഥലങ്ങളിൽ വച്ചിരുന്ന ഫ്ളാ്‌സുകളും മറ്റും മാറ്റണമെന്ന് ഷിൻസ് പീറ്റർ ആവഷ്യപ്പെട്ടപ്പോഴാണ് ഇതിന് പിന്നിലെ കളികളെ കുറിച്ച് ബോധ്യമായതെന്നും അദ്ദേഹം പറയുന്നു. സംഭവം നടന്ന ശേഷം അന്വേഷണം കൃത്യമായി നടക്കുന്നില്ലെന്നും തങ്ങൾക്ക് നീതി കിട്ടുന്നതിനായി സഹായിക്കണമെന്ന ആവശ്യവുമായ് പലരേയും സമീപിച്ചിരുന്നു. എന്നാൽ ഇപ്പോൾ കേസിന്റെ വാദം തുടങ്ങാനിരിക്കെയും കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് പല ഉന്നതരെന്നുമാണ് കുടുംബത്ിന്റെ ആരോപണം.

കൊലപാതകം അട്ടിമറിക്കാൻ ശ്രമിച്ചത് ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്നതും വ്യക്തമായിരുന്നു. ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നും ഉന്നതർ കേസിൽ ഇടപെട്ടു. കേസിന്റെ ആദ്യഘട്ടത്തിൽ കൊലപാതക ആരോപണം ഉന്നയിച്ചു വന്ന ബിജുവിന്റെ ഭാര്യ പിന്നോക്കം പോയതും പണത്തിന്റെ ബലത്തിൽ സാക്ഷിപറയാൻ പോലും ആരുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ കേസിൽ ജോസ് കരിക്കിനേത്ത് ശിക്ഷിക്കപ്പെടുമോ എന്ന കാര്യം ഉറപ്പില്ലെന്നും സഹോദരൻ സാബു ആശങ്കപ്പെടുന്നു.

2013 നവംബർ ഏഴിന് അർധരാത്രിയിലാണ് അടൂർ കരിക്കിനേത്ത് ഉടമ ജോസ്, പത്തനംതിട്ട കരിക്കിനേത്ത് ഉടമയും സഹോദരനുമായ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അതീഭീകരമായി പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്റ്റയിൽസിലെ കാഷ്യർ ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ മർദിച്ചു കൊന്നത്. കടയ്ക്കുള്ളിൽ ബിജു മരിച്ചു നിമിഷങ്ങൾ കഴിയുന്നതിന് മുൻപ് പത്തനംതിട്ട എസ്.ഐയ്ക്ക് ഒരു ഫോൺ വന്നു. പത്തനംതിട്ട കരിക്കിനേത്തിലെ കാഷ്യർ ബിജുവിനെതിരേ മോഷണക്കുറ്റത്തിന് കേസ് എടുക്കണമെന്ന് പറഞ്ഞ് എസ്.ഐയെ വിളിച്ചത് കോട്ടയത്തുള്ള ഒരു ഡിവൈ.എസ്‌പിയായിരുന്നു.

അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെ വിശ്വസ്തനായിരുന്നു ഈ ഡിവൈ.എസ്‌പി. മിനിസ്റ്റർക്ക് താൽപര്യമുള്ള കേസാണെന്നു കൂടി ഡിവൈ.എസ്‌പി പറഞ്ഞെങ്കിലും മാന്യനായ എസ്.ഐ നേരായ വഴിയിലൂടെയാണ് അന്വേഷണം നടത്തിയത്. പിറ്റേന്നു രാവിലെ സംഭവം പുറംലോകമറിഞ്ഞത്. എന്നാൽ, പിന്നീട് കുറ്റക്കാരനെ അറസ്റ്റു ചെയ്യാത്ത നിലപാടായിരുന്നു ആദ്യ അന്വേഷണ സംഘം സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP