Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

12 ലക്ഷം രൂപയും മക്കളുടെ സ്വർണ്ണമാലയുമായും തട്ടിയെടുത്തു; എതിർത്ത നിസാറിന് കർണപുടവും തകരാറിലായി; അന്വേഷണത്തിൽ വാദി പ്രതിയായി; ബാഗ് വ്യവസായിയുടെ പരാതിയിൽ കറുകപ്പള്ളി സിദ്ദീഖിനെ കൊച്ചി പൊലീസ് രക്ഷിച്ചത് ആടിനെ പട്ടിയാക്കും വിധം

12 ലക്ഷം രൂപയും മക്കളുടെ സ്വർണ്ണമാലയുമായും തട്ടിയെടുത്തു; എതിർത്ത നിസാറിന് കർണപുടവും തകരാറിലായി; അന്വേഷണത്തിൽ വാദി പ്രതിയായി; ബാഗ് വ്യവസായിയുടെ പരാതിയിൽ കറുകപ്പള്ളി സിദ്ദീഖിനെ കൊച്ചി പൊലീസ് രക്ഷിച്ചത് ആടിനെ പട്ടിയാക്കും വിധം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : മുൻ ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പള്ളി സിദ്ദീഖിനെതിരെ ബാഗ് വ്യവസായി നിസാർ അഹമ്മദ് 2012ൽ നൽകിയ പരാതിയിൽ പൊലീസ് കേസെഴുതിത്ത്ത്തള്ളിയതു കള്ളക്കളികളിലൂടെ. സിദ്ദീഖിന് പൊലീസിലുള്ള സ്വാധീനത്തിനും തെളിവാണ് ഈ കേസ്. വാദിയെ പ്രതിയാക്കിയാണ് കേസ് പൊലീസ് എഴുതി തള്ളിയത്. പരാതി കളവാണെന്നും പരാതിക്കാരൻ വ്യാജരേഖ ചമച്ചുവെന്നും കാണിച്ചു റിപ്പോർട്ട് നൽകിയായിരുന്നു പൊലീസ് സിദ്ദിഖിനെ രക്ഷിച്ചത്.

അതിനിടെ നിസാർ അഹമ്മദ് കഴിഞ്ഞദിവസം നൽകിയ പുതിയ പരാതിയിൽ കേസ് വീണ്ടും അന്വേഷിക്കാൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണു പൊലീസ്. നിസാർ അഹമ്മദ് 2012 സെപ്റ്റംബറിൽ ഡപ്യൂട്ടി കമ്മിഷണർക്കു നൽകിയ പരാതിയിൽ ഡിസിആർബി അസി. കമ്മിഷണറായിരുന്ന ആമോസ് മാമ്മനാണു പ്രാഥമികാന്വേഷണം നടത്തിയത്. സിദ്ദീഖ് ഗുരുതരമായ കുറ്റകൃത്യം ചെയ്‌തെന്ന ഡിസിആർബി അസി. കമ്മിഷണറുടെ റിപ്പോർട്ട് നിലനിൽക്കുമ്പോഴായിരുന്നു ഇത്. വനിതാസംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി സിദ്ദീഖ്, സിപിഐ(എം) ജില്ലാ കമ്മിറ്റിയംഗം സക്കീർ ഹുസൈൻ പ്രതിയായ തട്ടിക്കൊണ്ടുപോകൽ കേസിൽ കൂട്ടുപ്രതിയുമാണ്.

2012 ഫെബ്രുവരിയിൽ നിസാറും സിദ്ദീഖും ചേർന്ന് എറണാകുളം നോർത്തിൽ ബാഗ് നിർമ്മാണ യൂണിറ്റ് തുടങ്ങി. നിസാറിന്റെ സ്ഥാപനത്തിലുണ്ടായിരുന്ന ഉപകരണങ്ങളടക്കം 12 ലക്ഷം രൂപയുടെ മുതൽ തന്ത്രത്തിൽ സിദ്ദീഖ് പുതിയ സ്ഥാപനത്തിലേക്കു മാറ്റി. 2012 മാർച്ചിൽ നിസാറിന്റെ വീട്ടിലെത്തിയ സിദ്ദീഖ് മകളുടെ കഴുത്തിൽ കിടന്ന സ്വർണമാലയും മറ്റു സ്വർണാഭരണങ്ങളും ബലമായി കൈവശപ്പെടുത്തിയെന്നും ആഭരണങ്ങൾ സ്വകാര്യ ബാങ്കിൽ പണയംവച്ച് 1.3 ലക്ഷം രൂപ കൈക്കലാക്കിയെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. നിസാറിനെ സിദ്ദീഖ് കാറിൽവച്ച് മർദിച്ചു. ബോധം കെട്ടുവീണ നിസാറിനെ ആശുപത്രിയിലാക്കി. കർണപുടം തകരാറിലായി. നിസാറിന്റെ പേരിലുണ്ടായിരുന്ന രണ്ടു ചിട്ടികൾ സിദ്ദീഖിന്റെ പേരിലേക്കു മാറ്റി. ഭീഷണിപ്പെടുത്തി ചെക്കുകളും ഒപ്പിട്ട മുദ്രപ്പത്രങ്ങളും വാങ്ങി. നിർബന്ധിച്ചു കരാർ എഴുതിവാങ്ങിയെന്നുമായിരുന്നു പരാതി. ഇത് പ്രാഥമിക അന്വേഷണത്തിൽ ശരിവയ്ക്കുകയും ചെയ്തു.

സിദ്ദീഖ് ഗുരുതരകുറ്റകൃത്യം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നതിനാൽ കേസെടുത്തു നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്നു നോർത്ത് എസ്‌ഐ ആയിരുന്ന എസ്.വിജയശങ്കറാണ് അന്വേഷണം നടത്തിയത്. കേസ് എഴുതിത്ത്ത്തള്ളാൻ അഭ്യർത്ഥിച്ചു സെൻട്രൽ അസി. കമ്മിഷണറായിരുന്ന സുനിൽ ജേക്കബ് വഴി 2012 നവംബറിൽ വിജയശങ്കർ കോടതിക്കു നൽകിയ റിപ്പോർട്ടിൽ നിസാർ പ്രതിസ്ഥാനത്തായി. ബിസിനസ് നടത്തി പരാജയപ്പെട്ട നിസാർ ബാങ്കിൽനിന്നു വായ്പയെടുത്തു കടക്കാരനായി. വായ്പയെടുക്കുന്നതിനായി രണ്ടു പാൻ കാർഡുകൾ വ്യാജമായി സമ്പാദിച്ചു. പുതിയ ബാഗ് നിർമ്മാണ യൂണിറ്റ് തുടങ്ങാൻ സാമ്പത്തികസഹായം നൽകാനാണു സിദ്ദീഖ് മുന്നോട്ടുവന്നത്. സിദ്ദീഖിന്റെ പേരിൽ പുതിയ യൂണിറ്റ് രജിസ്റ്റർ ചെയ്യിച്ചതു നിസാറെന്നും പറയുന്നു.

നിസാർ സിദ്ദീഖിനു കൊടുക്കാനുണ്ടായിരുന്നത് ആറു ലക്ഷം രൂപ. ബാഗ് നിർമ്മാണ യൂണിറ്റിലെ സാമഗ്രികൾ നിസാർ സിദ്ദീഖിനു കൈമാറിയതു കരാറെഴുതി വില നിശ്ചയിച്ചാണെന്നും ലക്ഷങ്ങളുടെ ചിട്ടി സിദ്ദീഖിനെ ഏൽപിച്ചതു നിസാറിനു ചിട്ടി നടത്തിക്കൊണ്ടുപോകാൻ കഴിയാത്തതിനാലാണെന്നും പറയുന്നു. നല്ലരീതിയിൽ ബിസിനസ് നടത്തിയിരുന്ന സിദ്ദീഖിൽനിന്നു പണം തട്ടിയെടുക്കാനാണു കമ്മിഷണർക്കു കള്ളപ്പരാതി നൽകിയതെന്നും വിശദീകരിച്ചു. അന്വേഷണോദ്യോഗസ്ഥന്റെ റിപ്പോർട്ട് പരിഗണിച്ചു കോടതി കേസ് എഴുതിത്ത്ത്തള്ളി.

അസി. കമ്മിഷണറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പാടേ തള്ളുന്നതാണ് എസ്‌ഐയുടെ റിപ്പോർട്ട്. എസ്‌ഐ തന്റെ മൊഴിയെടുത്തില്ലെന്നും സിദ്ദീഖിന്റെയും, സാക്ഷികൾ എന്ന നിലയ്ക്ക് സിദ്ദീഖിന്റെ കൂട്ടുകാരുടെയും മൊഴിയെടുത്താണു റിപ്പോർട്ട് തയാറാക്കിയതെന്നും നിസാർ അഹമ്മദ് ആരോപിക്കുന്നു. എന്നാൽ, നിസാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നെന്നും തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണു റിപ്പോർട്ട് നൽകിയതെന്നും ഇപ്പോൾ സെൻട്രൽ എസ്‌ഐ ആയ വിജയശങ്കർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP