Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുദ്ധഭടനെ പോക്സോയിൽ കുടുക്കിയത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ; യുഡിഎഫ് കാലത്ത് ആഭ്യന്തര വകുപ്പിൽ സ്ഥലം മാറ്റം പോലും നടത്തുന്ന ഉന്നതൻ; കോൺഗ്രസ് നേതാവിനെ പിണക്കാൻ കഴിയാതെ പൊലീസ് ഉദ്യോഗസ്ഥർ; കർശന നടപടിക്ക് ശിപാർശ ചെയ്ത് പിണറായിയും

യുദ്ധഭടനെ പോക്സോയിൽ കുടുക്കിയത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ; യുഡിഎഫ് കാലത്ത് ആഭ്യന്തര വകുപ്പിൽ സ്ഥലം മാറ്റം പോലും നടത്തുന്ന ഉന്നതൻ; കോൺഗ്രസ് നേതാവിനെ പിണക്കാൻ കഴിയാതെ പൊലീസ് ഉദ്യോഗസ്ഥർ; കർശന നടപടിക്ക് ശിപാർശ ചെയ്ത് പിണറായിയും

ശ്രീലാൽ വാസുദേവൻ

മാവേലിക്കര: വ്യക്തിവിരോധത്തിന്റെ പേരിൽ കാർഗിൽ യുദ്ധഭടനെ പീഡനക്കേസിൽ കുടുക്കി 55 ദിവസം ജയിലിൽ അടച്ച സംഭവത്തിൽ ഗൂഢാലോചന പുറത്തായിട്ടും അന്വേഷിക്കാൻ പൊലീസിന് ഭയം. കേസ് വേറെ ഏതെങ്കിലും ഏജൻസി അന്വേഷിക്കട്ടെ എന്ന നിലപാടാണ് പൊലീസിന്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കറ്റാനം ഷാജി എന്ന കോൺഗ്രസ് നേതാവ് പ്രതിപ്പട്ടികയിൽ വന്നതാണ് പൊലീസുകാരെ ഭയപ്പെടുത്തുന്നത്. യുഡിഎഫ് ഭരണത്തിലുള്ളപ്പോൾ പൊലീസുകാരുടെ സ്ഥലം മാറ്റത്തിൽ ഇടപെടുന്നയാളാണ് ഷാജി. ഇതാണിപ്പോൾ ഉദ്യോഗസ്ഥർക്കുള്ള ഭയത്തിന് കാരണം.

നൂറനാട് പടനിലം നടുവിലേമുറി ഷാജി ഭവനത്തിൽ ഷാജി(45)യാണ് സമീപവാസിയുടെ ഗൂഢാലോചയിൽ പോക്സോ കേസിൽ പ്രതിയായത്. പൊലീസും രാഷ്ട്രീയ നേതാക്കളും ചേർന്ന് നടത്തിയ ആസൂത്രിത നീക്കത്തിനൊടുവിൽ ഷാജിക്ക് 55 ദിവസം ജയിൽ വാസം അനുഭവിക്കേണ്ടി വന്നതും പിന്നീട് ഷാജിയുടെ ഭാര്യ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതും ഇന്നലെ പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നു.

പൊലീസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഷാജി നൽകിയ പരാതിയിൽ 15 പേരെ പ്രതിയാക്കി നൂറനാട് പൊലീസ് കേസെടുത്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, പോക്സോ നിയമം ദുരുപയോഗം ചെയ്യൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതിലെ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയെങ്കിലും അന്വേഷണം ഇഴയുകയാണ്. ക്രിമിനൽ ഗൂഢാലോചനയ്ക്ക് തെളിവുണ്ടാക്കാൻ പാടാണെന്നാണ് പൊലീസിന്റെ വാദം. എന്നാൽ, കറ്റാനം ഷാജിയെന്ന കോൺഗ്രസ് നേതാവിനെ ഭയന്നാണ് പൊലീസ് മടിച്ചു നിൽക്കുന്നത് എന്നാണ് ആരോപണം. യുഡിഎഫ് ഭരണത്തിൽ വന്നാൽ കറ്റാനം ഷാജി വീണ്ടും സമാന്തര അധികാര കേന്ദ്രമാകുമെന്നും ആ സമയത്ത് തങ്ങൾ പണി വാങ്ങിക്കുമെന്നുമാണ് പൊലീസിന്റെ ഭയം.

കാർഗിൽ ഭടനായ ഷാജി നൽകിയ പരാതിയിൽ തന്നെ കേസിൽ കുടുക്കിയ പൊലീസ് ഉദ്യോഗസ്ഥരുടെ പേര് പരാമർശിച്ചിട്ടില്ല. എന്നാൽ, ഇവർക്കെതിരേയും അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി ഉത്തരവ് ഇട്ടിട്ടുണ്ട്. അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് ഒന്നാം പ്രതി പള്ളത്തറയിൽ സണ്ണി ജോർജ്, കെപിസിസി എക്സി. അംഗംകറ്റാനം ഷാജി എന്നിവർ അടക്കമുള്ളവർ ഒളിവിലാണെന്ന് പറയുന്നു. ഷാജി പരാതിയിൽ പരാമർശിച്ചിരിക്കുന്ന സാക്ഷികളുടെ മൊഴി എടുത്തു കൊണ്ടിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ, ഡിസിആർബി ഡിവൈ.എസ്‌പി അന്വേഷിച്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളുടെ അനുബന്ധ തെളിവുകളിൽ തന്നെ ഗൂഢാലോചന തെളിയിക്കാനാവശ്യമായ കണ്ടെത്തലുകൾ ഉണ്ടെന്നാണ് ഷാജി പറയുന്നത്. ഈ പരാതി ഇപ്പോൾ കേസ് അന്വേഷിക്കുന്ന മാവേലിക്കര സിഐ പരിശോധിക്കുന്നില്ല. പുതുതായി മൊഴി എടുക്കുകയാണ് ചെയ്യുന്നത്. ഷാജിയെ കള്ളക്കേസിൽ കുടുക്കാൻ ചില സിപിഐഎം പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു. ഇവർക്കെതിരേ ശക്തമായ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവ സമയത്ത് ഷാജിക്കെതിരേ പ്രകടനം നടത്തിയതും സമരം നയിച്ചതും ഇവരായിരുന്നു. ഒത്താശ ചെയ്തത് കറ്റാനം ഷാജിയും.

അന്നത്തെ നൂറനാട് എസ്ഐ, മാവേലിക്കര സിഐ, പൂജപ്പുര എസ്ഐ എന്നിവർ കറ്റാനം ഷാജിക്ക് വേണ്ടി പ്രവർത്തിച്ചുവെന്നും ആരോപണം ഉണ്ട്. അതേസമയം, കറ്റാനം ഷാജിക്ക് എതിരേ സിപിഐഎമ്മിലെ ഒരു വിഭാഗം ഇപ്പോൾ രംഗത്തുണ്ട്. നിരപരാധിയെ കള്ളക്കേസിൽ കുടുക്കിയ ഷാജിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇയാളുടെ വീടിന് സമീപം പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രി മുഖം നോക്കാതെ നടപടി എടുക്കാൻ നിർദ്ദേശം നൽകിയതോടെയാണ് ഷാജിയും മറ്റുള്ളവരും മുങ്ങിയെന്ന് ആരോപണം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP