Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗമ്യമായ പെരുമാറ്റത്തിലും സ്‌നേഹത്തിലൂന്നയ സംസാരത്തിലും തങ്കച്ചനെ കറക്കിയെടുത്തു; കരാറുകാരൻ ഉറക്കമെണീക്കും മുമ്പ് താക്കോലും പണവുമായി കടന്നു; സ്ഥരം ഡ്രൈവറെ വിളിച്ചപ്പോൾ വിട്ടത് അനീഷിനേയും; കവിതാ പിള്ളയുടെ ഒളിവ് ജീവിതം അവസാനിപ്പിച്ചത് മൊബൈൽ

സൗമ്യമായ പെരുമാറ്റത്തിലും സ്‌നേഹത്തിലൂന്നയ സംസാരത്തിലും തങ്കച്ചനെ കറക്കിയെടുത്തു; കരാറുകാരൻ ഉറക്കമെണീക്കും മുമ്പ് താക്കോലും പണവുമായി കടന്നു; സ്ഥരം ഡ്രൈവറെ വിളിച്ചപ്പോൾ വിട്ടത് അനീഷിനേയും; കവിതാ പിള്ളയുടെ ഒളിവ് ജീവിതം അവസാനിപ്പിച്ചത് മൊബൈൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കരാറുകാരന്റെ കാറും പണവും തട്ടിച്ച കവിതാ പിള്ളയെ പൊലീസ് കുടുക്കിയത് മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ. മൂന്ന് വർഷമായി ഒളിവിലായിരുന്നു മെഡിൽക്കൽ സീറ്റ് തട്ടിപ്പ് കേസിലെ പ്രതികൂടിയായിരുന്ന കവിതാ പിള്ള. എന്നാൽ എളുപ്പത്തിൽ പിടികൂടാമായിരുന്ന ഈ പ്രതിയെ കുടുക്കാൻ പൊലീസിലെ ഉന്നതർ താൽപ്പര്യം കാണിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. കരാറുകാരനായ തങ്കച്ചന്റെ കാറിൽ നിന്ന് തട്ടിയെടുത്ത തുക കവിതയും സഹായിയും ആർഭാട ജീവതത്തിനായി ഉപയോഗിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഒളിവുകാലം അങ്ങനെ കവിതാ പള്ള ആഘോഷകരമാക്കി. സൗമ്യമായ പെരുമാറ്റത്തിലും സ്‌നേഹത്തോടെയുള്ള സംസാരത്തിലൂടെയുമാണ് കരാറുകാരനെ കവിതാ പിള്ള ചതിക്കുഴിയിൽ വീഴ്‌ത്തിയത്.

2013ലാണ് ഒരു മുറിയിൽ ഒന്നിച്ച് താമസിച്ച ശേഷം പണവും കാറും തട്ടിയെടുത്ത സംഭവത്തിൽ ആലപ്പുഴ പഴവീട് സ്വദേശി കവിതാ പിള്ളയെന്ന് അറിയപ്പെടുന്ന കവിതയെയും (35), സഹായി കണ്ണൂർ നുച്ചാട് മണിപ്പാറ സ്വദേശി അനീഷിനെയും പ്രതി ചേർത്ത് തങ്കച്ചൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതി നൽകി വർഷം മൂന്ന് പിന്നിട്ടെങ്കിലും പണവും വാഹനവും തട്ടിയെടുത്ത കവിതയെയും സഹായിയേയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിന് കാരണം കവിതാ പിള്ളയുടെ ഉന്നത തല സ്വാധീനമായിരുന്നു. പഴയ കുറ്റവാളികളെ കണ്ടെത്തി പിടികൂടുന്നതിനായി എസ്‌പി കെ. ലാൽജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഇടപെടൽ കാര്യക്ഷമമാക്കിയപ്പോൾ കവിതാ പിള്ള കുടുങ്ങി.

സംഭവ ദിവസം രാവിലെ ഉറക്കമുണർന്ന തങ്കച്ചൻ ഒപ്പമുണ്ടായിരുന്ന കവിതെ കണ്ടില്ല. എല്ലായിടത്തും അന്വേഷിച്ചു. ഫോണിൽ ബന്ധപ്പെടാൻ ഒരുങ്ങിയപ്പോഴാണ് തന്റെ ഫോണിനോടൊപ്പം വിലപിടിപ്പുള്ള കാറും നഷ്ടമായെന്ന് തങ്കച്ചൻ തിരിച്ചറിയുന്നത്. എറണാകുളം കലൂർ ഐ.എം.എ ഹാളിലാണ് തങ്കച്ചനും കവിതയും ഒന്നിച്ച് മുറിയെടുത്തത്. തങ്കച്ചൻ ഉണരുന്നതിന് മുമ്പ് ഫോണും കാറിന്റെ താക്കോലും കവിത സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷം തന്റെ യാത്രകൾക്ക് കൂട്ടുവരുന്ന ഡ്രൈവറോട് കവിത ഐ.എം.എ ഹാളിൽ എത്താൻ ആവശയപ്പെട്ടു. എന്നാൽ അസൗകര്യം മൂലം അയാൾ അനീഷിനെ പറഞ്ഞു വിടുകയായിരുന്നു. ഇതിനിടയിൽ കവിത അനീഷിനെ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ ഉറപ്പുവരുത്തിയിരുന്നു.

കവിത വിളിച്ചുവരുത്തിയതനുസരിച്ച് എത്തിയ അനീഷ് കാറും അതിലുണ്ടായിരുന്ന 80,000 രൂപയുമായി കവിതയ്‌ക്കൊപ്പം മുങ്ങി. പിന്നീട് പ്രതികൾ കാർ കലൂർ സ്റ്റേഡിയത്തിന് സമീപം ഉപേക്ഷിച്ചു. രണ്ട് ദിവസത്തിനുശേഷം നോർത്ത് എസ്. ഐയ്ക്ക് തപാലിൽ കാറിന്റെ താക്കോൽ അയച്ചുകൊടുത്തു. വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞിരുന്ന കവിതയെയും അനീഷിനെയും കുടുക്കിയത് ഫോൺകാൾ രേഖകളായിരുന്നു. തങ്കച്ചനിൽ നിന്ന് തട്ടിയെടുത്ത ഫോൺ തമിഴ്‌നാട് സ്വദേശിക്ക് ഇവർ മറിച്ചു വിറ്റിരുന്നു. ഫോണിന്റെ ഐ.എം.ഇ നമ്പർ ഉപയോഗിച്ച് പൊലീസ് ഇത് കണ്ടെടുത്തു. തങ്കച്ചന്റെ ഫോണിൽ നിന്ന് ലഭിച്ച കവിതയുടെ ഫോൺ നമ്പറാണ് കവിത എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് സഹായകരമായത്. അതേസമയം, ഡ്രൈവർമാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ അനീഷിലേക്ക് എത്തിച്ചത്.

എന്നാൽ കേസ് രജിസ്റ്റർ ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഫോൺ കാൾ സംബന്ധിച്ച അന്വേഷണം വൈകിയത് പ്രതികൾക്കായി ഉന്നതർ ഇടപെട്ടു എന്നതിന് തെളിവാണെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. കരാറുകാരനായ തങ്കച്ചന്റെ കാറിൽ നിന്ന് തട്ടിയെടുത്ത തുക കവിതയും സഹായിയും ആർഭാട ജീവതത്തിനായി ഉപയോഗിച്ചുവെന്ന് പൊലീസ് പറഞ്ഞു. വിവിധ ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതിനും ഇതിൽ നിന്ന് പണം ചെലവാക്കിയിട്ടുണ്ട്. അതേസമയം, കാറിൽ നിന്ന് 30,000 മാത്രമേ കിട്ടിയുള്ളു എന്നാണ് ഇരുവരും ചോദ്യം ചെയ്യലിൽ മൊഴി നൽകിയിട്ടുള്ളത്. ഇത് അനീഷിന് നൽകിയെന്നാണ് കവിത പറയുന്നത്.

പൊലീസിലെ ഉന്നതരുമായുള്ള ബന്ധമാണ് കവിതാ പിള്ളയെ സഹായിച്ചതെന്നാണ് വിലയിരുത്തുന്നത്. പൊലീസുമായി കവിതാ പിള്ളയ്ക്കുള്ള ബന്ധം പുറത്താകുന്ന കഞ്ചാവ് ഒതുക്കൽ കേസുമായി ബന്ധപ്പെട്ടാണ്. മെഡിക്കൽ തട്ടിപ്പ് പുറത്താകുന്നത് വരെ പുറം ലോകം ചർച്ച ചെയ്യാത്ത പേരായിരുന്നു കവിതയുടേത്. എന്നാൽ ഒരിക്കൽ പിടിയിലായതോടെ കവിത താരമായി. മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിൽ അറസ്റ്റിലായി പൊലീസ് സ്‌റ്റേഷനുകൾ കയറിയിറങ്ങിയ പരിചയവും ബന്ധവുമാണ് പൊലീസിന്റെ ഇടനിലക്കാരിയെന്ന റോളിൽ കവിതയെ എത്തിച്ചത്. മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിൽ ജാമ്യ വ്യവസ്ഥ പ്രകാരം നഗരത്തിലെ മൂന്ന് സ്റ്റേഷനുകളിൽ ആഴ്ചയിലൊരിക്കൽ കവിതപിള്ള ഹാജരാകണം. ഇത് പുതിയ ബന്ധങ്ങളുണ്ടാക്കി. ഇങ്ങനെ പലകുറി കയറിയിറങ്ങി പൊലീസുകാരുമായി അടുത്ത ബന്ധം സ്ഥാപിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. പൊലീസുകാരുടെ വഴിവിട്ട ബന്ധങ്ങളും ഇടപാടുകളും കവിത മനസിലാക്കി. അതോടെ പണം തട്ടിയെടുക്കാൻ ഒരു അവസരം വന്നപ്പോൾ കവിതാ പിള്ള പൊലീസുകാരുടെ ഇടനിലക്കാരി ചമഞ്ഞു. ഇതായിരുന്നു കഞ്ചാവ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്.

സ്വകാര്യ മെഡിക്കൽ കോളജുകളിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിലെ പ്രതിയാണു കവിതാ പിള്ള. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടന്നുവരുന്നതിനിടെയാണു കഞ്ചാവ് കേസിലെ ശബ്ദരേഖ പുറത്തായത്. ശബ്ദരേഖ വിവാദമായതോടെ ഐജി എം.ആർ. അജിത്കുമാർ അന്വേഷണം പ്രഖ്യാപിച്ചു. കഞ്ചാവ് കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി ആദിത്യന്റെ അമ്മയും അദ്ധ്യാപികയുമായ ഗീതയോട് കേസിൽ കൂടുതൽ നടപടികൾ ഒഴിവാക്കാൻ രണ്ടു ലക്ഷം രൂപയാണ് കവിത ആവശ്യപ്പെട്ടത്. കഞ്ചാവ് വലിക്കുക മാത്രം ചെയ്തതിനാൽ ആദിത്യനെയും സുഹൃത്തുക്കളെയും കവിത രംഗത്തെത്തുന്നതിന് മുമ്പേ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഗീതയുടെ സുഹൃത്തുക്കളായ ചന്ദബോസ്, അഡ്വ. അഭിലാഷ് എന്നിവരാണ് ജാമ്യമെടുക്കാൻ സ്റ്റേഷനിലെത്തിയത്. ഈ സമയം, കേസ് രജിസ്റ്റർ ചെയ്ത കളമശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പൗലോസിന് 4,000 രൂപ കൈക്കൂലി നൽകി. പിന്നീടാണ് കൂടുതൽ പണം ആവശ്യപ്പെട്ട് കവിത ഫോണിൽ ഗീതയോട് ഭീഷണി മുഴക്കിയത്.

ജാമ്യം ലഭിച്ചെങ്കിലും, ചോദിക്കുന്ന പണം പൊലീസുകാർക്ക് നൽകിയില്ലെങ്കിൽ മറ്റ് കേസുകളിൽ കുടുക്കുമെന്നായിരുന്നു ഭീഷണി. കഞ്ചാവ് വിൽപന നടത്തുകയും കൈവശം വയ്ക്കുകയും ചെയ്ത കേസിൽ 11 പേരെയാണു പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നത്. തമിഴ്‌നാട്ടിലെ കമ്പത്തുനിന്നു കഞ്ചാവ് കൊച്ചിയിലെത്തിച്ചു വിദ്യാർത്ഥികൾക്കു വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവർ എന്നാണു പൊലീസ് അറിയിച്ചത്. എന്നാൽ, പിന്നീട് ഇവരിൽ ചിലരിൽ നിന്ന് 18,000 രൂപ വീതം വാങ്ങിയശേഷം ഇവർക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തുകയായിരുന്നു. വീണ്ടും രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഇവരിൽ ഒരാളുടെ മാതാവും മലപ്പുറം കാടാമ്പുഴയിലെ അദ്ധ്യാപികയുമായ ഗീതയെ കവിത ഫോണിൽ ബന്ധപ്പെട്ടത്.

സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ചാണു വിളിക്കുന്നതെന്നും പണം കൊടുത്തില്ലെങ്കിൽ മകനെ പൊലീസ് അകത്താക്കുമെന്നും കവിത ഗീതയെ ഭീഷണിപ്പെടുത്തി. എസ്‌ഐ പൗലോസ് പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് കവിതാ പിള്ളയുടെ വാദം. ഒടുവിൽ പണം ശരിയായിട്ടുണ്ടെന്നും പിറ്റേന്നു പണവുമായി വരാമെന്നു ഫോൺ സംഭാഷണത്തിൽ ഗീത ഉറപ്പുകൊടുത്തു. എന്നാൽ താൻ ഇതിൽനിന്ന് ഒഴിയുകയാണെന്നും തന്നെ കാണാൻ വരേണ്ടെന്നും പറഞ്ഞ് കവിത സംഭാഷണം അവസാനിപ്പിക്കുന്നു. പറഞ്ഞ സമയത്ത് ഗീത പണം എത്തിക്കാത്തതാണു കവിതയെ പ്രകോപിപ്പിച്ചത്. കൈക്കൂലി ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുന്നതായി ഗീത കൊച്ചി വിജിലൻസ് എസ്‌പിക്കു നൽകിയ പരാതിയിലാണ് അന്വേഷണം നടന്നതും. കള്ളക്കളി പുറത്തായതും. ഈ കേസിലും പൊലീസുമായി കവിതാ പിള്ളയ്ക്കുള്ള ബന്ധത്തെ കുറിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം നടന്നില്ല. ഈ കൂട്ടുകെട്ടുകൾ തന്നെയാണ് കാർ തട്ടിയെത്ത കേസിലും കവിതാ പിള്ളയെ സഹായിച്ചത്. കഞ്ചാവ് കേസ് അട്ടിമറിച്ച സംഭവത്തിൽ കവിതാ പിള്ളയെ സഹായിച്ചവരെ പൊലീസിൽ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

കൊച്ചി അമൃത മെഡിക്കൽ കോളേജ്, കോലഞ്ചേരി മെഡിക്കൽ മിഷൻ, തിരുവല്ല പുഷ്പഗിരി, തൃശൂർ അമല തുടങ്ങിയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകാമെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയ കേസിലാണ് കവിതാ പിള്ള ആദ്യം പൊലീസ് പിടിയിലായത്. മുപ്പതിലധികം രക്ഷിതാക്കളിൽ നിന്നായി 6 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 5 ലക്ഷം രൂപ മുതൽ 50 ലക്ഷം വരെ പലരിൽ നിന്നായി വാങ്ങിയതായാണ് പരാതി. തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരിൽ നിന്ന് അമൃത കോളേജിൽ അഡ്‌മിഷൻ നൽകാമെന്ന് പറഞ്ഞ് 27 ലക്ഷം രൂപ കൈപ്പറ്റി. എം.ഡി.ക്ക് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞാണ് ഇവർ പണം തട്ടിയിരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് അധികവും തട്ടിപ്പിനിരയായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഇവർ പണം വാങ്ങിയത്. എന്നാൽ മെഡിക്കൽ കോളജുകളിൽ പ്രവേശനം പൂർത്തിയായിട്ടും സീറ്റ് ലഭിക്കാതായതോടെയാണ് രക്ഷിതാക്കൾ പരാതിയുമായി രംഗത്തുവന്നത്.

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ നടത്തിപ്പുകാരുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ പലരിൽനിന്നും പണം വാങ്ങിയത്. മെഡിക്കൽ കോളജുകളിലെ ഉന്നതരെന്ന് പറഞ്ഞ് പലരേയും രക്ഷിതാക്കളുമായി ഫോണിൽ ബന്ധപ്പെടുത്തി കൊടുക്കുകയും ചെയ്തു. ഇവർ പറഞ്ഞ പ്രകാരമാണ് പണം കൈമാറിയതെന്നാണ് രക്ഷിതാക്കൾ പരാതി നൽകിയത്. ഈ സമയവും കവിതാ പിള്ളയെ രക്ഷിക്കാൻ പൊലീസ് കരുനീക്കം നടത്തിയതായി ആരോപണമുയർന്നിരുന്നു. തട്ടിപ്പിനിരയായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പരാതിയിൽ ഒരുമാസം മുമ്പ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. ഇവർ ഒളിവിലാണെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എറണാകുളം കാരിക്കാമുറിയിലെ സ്ഥാപനത്തിന്റെ ഉടമയായിരുന്നു കവിതാ പിള്ള.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP