Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശ്രീലങ്കൻ സ്‌ഫോടന കേസിൽ സൗദിയിൽ അറസ്റ്റിലായവർക്കും കേരളാ ബന്ധം; കസ്റ്റഡിയിൽ ഉള്ളവരെ ചോദ്യം ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസി സൗദിയിലേക്ക് തിരിക്കും; തൗഹീദ് ജമാഅത്തുമായി അടുത്ത ബന്ധമുള്ള 60 മലയാളികളും നിരീക്ഷണത്തിൽ; ലങ്കൻ സ്ഫോടനങ്ങളിൽ പങ്കാളികളാകാൻ ഇവരിൽ ചിലർ സന്നദ്ധത അറിയിച്ചിരുന്നതായി ഞെട്ടിക്കുന്ന വിവരം; 253 പേരെ കൂട്ടുക്കുരുതി ചെയ്തവരുടെ കേരളബന്ധം പുറത്തുവന്നതോടെ കേരളത്തിലെ സലഫി സംഘടനകളിലേക്ക് സമഗ്ര അന്വേഷണം വന്നേക്കും

ശ്രീലങ്കൻ സ്‌ഫോടന കേസിൽ സൗദിയിൽ അറസ്റ്റിലായവർക്കും കേരളാ ബന്ധം; കസ്റ്റഡിയിൽ ഉള്ളവരെ ചോദ്യം ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസി സൗദിയിലേക്ക് തിരിക്കും; തൗഹീദ് ജമാഅത്തുമായി അടുത്ത ബന്ധമുള്ള 60 മലയാളികളും നിരീക്ഷണത്തിൽ; ലങ്കൻ സ്ഫോടനങ്ങളിൽ പങ്കാളികളാകാൻ ഇവരിൽ ചിലർ സന്നദ്ധത അറിയിച്ചിരുന്നതായി ഞെട്ടിക്കുന്ന വിവരം; 253 പേരെ കൂട്ടുക്കുരുതി ചെയ്തവരുടെ കേരളബന്ധം പുറത്തുവന്നതോടെ കേരളത്തിലെ സലഫി സംഘടനകളിലേക്ക് സമഗ്ര അന്വേഷണം വന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശ്രീലങ്കയിൽ പള്ളിയിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനം നടത്തിയവർക്കുള്ള കേരള ബന്ധം പുറത്തുവന്നതോടെ സംസ്ഥാനത്തെ സലഫി സംഘടനകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വന്നേക്കും. സംശയത്തിന്റെ നിഴലിലുള്ള സംഘടനകളെ കുറിച്ചുള്ള വിവരങ്ങൾ തേടുകയാണ് ദേശീയ അന്വേഷണ ഏജൻസി. ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ടു സൗദി അറേബ്യയിൽ കഴിഞ്ഞദിവസം അറസ്റ്റിലായ രണ്ടുപേർക്കു കേരളവുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതും ഞെട്ടിക്കുന്നതാണ്. കൂടാതെ 253 പേരെ കൂട്ടക്കുരുതി ചെയ്യാൻ മലയാളികളായ ചിലരും സന്നദ്ധരായെന്ന വിധത്തിലുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ഇത് കേരളത്തിന്റെ സുരക്ഷയെ കുറിച്ചു വരെ ഞെട്ടിക്കുന്നതായിരുന്നു.

ശ്രീലങ്കൻ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ സഹ്റാൻ ഹാഷിമിന്റെ അടുത്ത ബന്ധു മൗലാനാ റില, അയാളുടെ സുഹൃത്ത് ഷഹ്നഹ്നാവ്ജ് എന്നിവരെയാണ് ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൗദി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവരെ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) സൗദിയിലെത്തി ഇവരെ ചോദ്യംചെയ്യും. ഇവർക്ക് കാസർഗോഡ്, കോയമ്പത്തൂർ മേഖലയിൽനിന്നുള്ള ഐ.എസ്. അനുഭാവികളുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നു. സലഫി ഗ്രൂപ്പുമായി ഇവർക്കുള്ള അടുത്ത ബന്ധം സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണു സൂചന.

2014 കേരളത്തിൽ നടന്ന ഐ.എസ്. റിക്രൂട്ട്മെന്റുമായി ബന്ധമുണ്ടെന്നു കരുതുന്നവർക്കു സൗദിയിൽ പിടിയിലായവരുമായി അടുപ്പമുള്ളതായി സൂചനയുണ്ട്. പ്രതികളായ അബു ഹുറയ്റ (ഷാഫി അർമർ), ഷമീർ അലി (ഷാജി മംഗലശേരി), ഗോൾഡ് ദിനാർ (അബ്ദുൾ റാഷീദ് അബ്ദുള്ള, കാസർഗോഡ്) ബേബി ബോയ് എന്ന പേരിൽ സൈബർ അക്കൗണ്ടുള്ള കാസർഗോഡ് സ്വദേശി ആഷ്ഫാഖ് മജീദ് എന്നിവരുടെ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തിയുള്ള ആശയപ്രചരണത്തിൽ ആകൃഷ്ടരായാണ് ഈ മേഖലയിൽ പലരും ഐ.എസുമായി അടുത്തത്.

കേരളത്തിൽനിന്നു യുവാക്കളെ കടത്തിയ സംഭവത്തിൽ 19 പേരെയാണു പ്രതി ചേർത്തിട്ടുള്ളത്. കാസർഗോഡ് സ്വദേശി അബ്ദുൽ റഷീദ്, ബീഹാർ സ്വദേശിനി യാസ്മിൻ അഹമ്മദ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. പാലക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബെക്സൻ(ഈസ) ഒന്നാം പ്രതിയാണ്.

അതേസമയം, ശ്രീലങ്കയിലുള്ള മൂന്ന് താജ് ഗ്രൂപ്പ് ഹോട്ടലിന്റെ മാനേജർമാരെയും ഇന്റലിജൻസ് ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി. അവിടത്തെ സ്‌കാനർ, സി.സി.ടിവി എന്നിവയുടെ സഹായത്തോടെ ലഭിച്ച വിവരങ്ങൾ കൈമാറണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 21 ന് സ്ഫോടനത്തിൽ തലനാരിഴയ്ക്കാണു താജ് സമുദ്ര ഹോട്ടൽ രക്ഷപ്പെട്ടത്. യു.കെയിൽ പഠിച്ച അബ്ദുൾ ലത്തീഫ് മുഹമ്മദ് ജമീൽ എന്ന ചാവേർ ഹോട്ടലിലെത്തി ബോംബ് പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും സ്ഫോടനം നടന്നില്ല.

ഈസ്റ്റർ ദിവസം ഷാങ്ഗ്രിലാ ഹോട്ടലിൽ ചാവേർ സ്ഫോടനം നടത്തിയ എൻ.ടി.ജെ. തലവൻ മൗലവി സഹ്റാൻ ബിൻ ഹാഷിമടക്കം രണ്ടു ചാവേറുകൾ 2017-ൽ ഇന്ത്യയിലെത്തിയിരുന്നെന്ന് എൻ.ഐ.എ. സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ആരൊക്കെയുമായി ബന്ധപ്പെട്ടിരുന്നെന്നു വ്യക്തമല്ല. കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമായാണു സ്ഫോടകവസ്തുക്കൾ ശേഖരിച്ചതെന്നു കണ്ടെത്തിയിരുന്നു. കശ്മീർ ബന്ധത്തിന് ഇതുവരെ സൂചനയില്ലെങ്കിലും അക്കാര്യം എൻ.ഐ.എ. പാടേ തള്ളിയിട്ടില്ല.

തൗഹീദ് ജമാ അത്തുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന തമിഴ്‌നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 60 മലയാളികളെക്കുറിച്ച് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, റോ എന്നിവയുടെ സഹായത്തോടെ എൻ.ഐ.എ. അന്വേഷണം നടത്തുന്നുണ്ട്. പാലക്കാട് മുതലമടയിലും തൃശൂരിന്റെ തീരദേശ മേഖലയിലും ഇവർക്ക് അനുഭാവികളുണ്ടെന്നും എൻ.ഐ.എ. കണ്ടെത്തിയിരുന്നു. ലങ്കൻ സ്ഫോടനങ്ങളിൽ പങ്കാളികളാകാൻ ഇവരിൽ ചിലർ സന്നദ്ധത അറിയിച്ചെങ്കിലും ഐ.എസ്. നേതൃത്വം വിലക്കുകയായിരുന്നു.

സ്ഫോടനപരമ്പരയുടെ മുഖ്യആസൂത്രകനായ സഹ്റാൻ ഹാഷിമിന്റെ വീഡിയോ സന്ദേശങ്ങൾ ഇവർക്കിടയിൽ പ്രചരിച്ചിരുന്നു. മൂന്നു വർഷത്തോളമായി കേരളം, തമിഴ്‌നാട് സ്വദേശികളായ ചിലർ ഐ.എസ്. നേതൃത്വവുമായി യൂട്യൂബ്, ഫേസ്‌ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾവഴി ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. ഇവരെ ഐ.എസ്. നേതൃത്വവുമായി ബന്ധപ്പെടുത്തിയത് ഹാഷിമാണെന്നാണ് കരുതുന്നത്. സംഭവത്തിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്ത പാലക്കാട് മുതലമട സ്വദേശി റിയാസ് അബൂബക്കർ നേരത്തെ ജോലി ചെയ്തിരുന്ന കോയമ്പത്തൂരിലെ ജൂവലറി അടക്കമുള്ള സ്ഥാപനങ്ങളിൽ പരിശോധനയ്ക്കൊരുങ്ങുകയാണ് എൻ.ഐ.എ. സംഘം.

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ.എസ്. ഏറ്റെടുത്തത് ഇന്ത്യയിലും ശ്രീലങ്കയിലുമുള്ള യഥാർഥ കുറ്റവാളികളിലേക്ക് അന്വേഷണമെത്താതിരിക്കാനാണെന്നാണു കരുതുന്നത്. ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധമുള്ള മലയാളികളടക്കം മറ്റു ചിലരും എൻ.ഐ.എ. കസ്റ്റഡിയിലുണ്ടെങ്കിലും പേരുകൾ പുറത്തുവിടാറായിട്ടില്ലെന്ന് എൻ.ഐ.എയുടെയും ഐ.ബിയുടെയും മേധാവികൾ അറിയിച്ചു.

അതിനിടെ ശ്രീലങ്കയിലെ സ്ഫോടനപരമ്പരയുടെ കേരള ബന്ധം കൂടുതൽ വ്യക്തമാകുന്നിനിടെ, ശ്രീലങ്കക്കാരനായ യുവാവ് ദുരൂഹസാഹചര്യത്തിൽ തിരുവനന്തപുരത്തു പിടിയിലായിരുന്നു. മാലൂക്ക് യഹൂദ്ത് മിൽക്കൻ എന്ന യുവാവിനെ തിരുവനന്തപുരം ബസ് സ്റ്റാൻഡിൽനിന്നാണു രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. തിരിച്ചറിയൽ രേഖകളോ യാത്രാരേഖകളോ കൈവശമുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം 20 മുതൽ കേരളത്തിലുണ്ടായിരുന്നെന്ന് ഇയാൾ വെളിപ്പെടുത്തി.

തിരുവനന്തപുരം വിമാനത്താവളം വഴിയാണ് എത്തിയതെന്നു പറഞ്ഞെങ്കിലും രേഖകൾ പരിശോധിച്ചപ്പോൾ അതു കളവാണെന്നു വ്യക്തമായി. വർക്കലയിൽനിന്നു നാഗർകോവിലിലേക്കുള്ള ട്രെയിനിൽ ടിക്കറ്റ് ഇയാളുടെ പക്കലുണ്ടായിരുന്നു. ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തുന്ന ചോദ്യംചെയ്യലിൽ പരസ്പരവിരുദ്ധമായ മൊഴികളാണു ലഭിക്കുന്നത്.

അതേസമയം ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ കുരുതിക്കളമാക്കിയ ചാവേറുകളിൽ ചിലർ മുമ്പു കേരളത്തിലെത്തിയിരുന്നെന്നു ശ്രീലങ്കൻ സൈനിക മേധാവി ലഫ്. ജനറൽ മഹേഷ് സേനാനായകെ നേര്‌ത്തെ വെളിപ്പെടുത്തുകയുണ്ടായി. ഇതു പരിശീലനത്തിനോ മറ്റു സംഘടനകളുമായി ബന്ധപ്പെടാൻ വേണ്ടിയോ ആകാമെന്നും ചാവേറുകളുടെ നീക്കങ്ങളെക്കുറിച്ചും രാജ്യാന്തര ബന്ധത്തെക്കുറിച്ചും ബി.ബി.ബിസിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. മൂന്നു ക്രിസ്ത്യൻ പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും ഒൻപതു ചാവേറുകൾ നടത്തിയ സ്ഫോടനങ്ങളിൽ 253 പേരാണു കൊല്ലപ്പെട്ടത്.

അതേസമയം, ഇന്ത്യാ ബന്ധം സംബന്ധിച്ച വിവരങ്ങളൊന്നും ശ്രീലങ്ക കൈമാറിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
സ്ഫോടനത്തിൽ സംശയിക്കപ്പെടുന്നവരിൽ ചിലർ ഇന്ത്യയിലേക്കു പോയിരുന്നു. അവർ കശ്മീരിലും ബംഗളുരുവിലും കേരളത്തിലുമെത്തിയെന്നാണ് തങ്ങളുടെ പക്കലുള്ള വിവരമെന്നു സേനാനായകെ പറഞ്ഞു. കശ്മീരിലും കേരളത്തിലും അവർ എന്താണു ചെയ്തതെന്നു കൃത്യമായി അറിയില്ല. ഏതെങ്കിലും തരത്തിലുള്ള പരിശീലനത്തിനോ രാജ്യത്തിനു പുറത്തുള്ള സംഘടനകളുമായി ബന്ധപ്പെടാനോ ആയിരിക്കുമെന്ന് ഉറപ്പാണ്. സ്ഫോടനത്തിൽ രാജ്യാന്തര പങ്കാളിത്തമോ നിർദേശങ്ങളോ ഉണ്ടെന്ന് ഇവരുടെ യാത്രകളും ആക്രമണത്തിന്റെ സ്വഭാവവും പരിശോധിച്ചാൽ വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആഗോള ഭീകര സംഘടനയായ ഐ.എസ്. അവകാശപ്പെട്ടെങ്കിലും അവരുമായി ബന്ധമുള്ള നാഷണൽ തൗഹീദ് ജമാഅത്തിനെ (എൻ.ടി.ജെ) കേന്ദ്രീകരിച്ചാണു ശ്രീലങ്കയുടെ അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP